Site iconSite icon Janayugom Online

സെക്കുലർ കുടുംബസംഗമത്തിന്റെ പ്രസക്തി

ന്ത്യയിലെ ജനാധിപത്യ ജീവിതം വലിയ ഭീഷണി നേരിടുന്ന സന്ദർഭമാണിത്. അതിന്റെ വിശദാംശങ്ങൾ ആരോടും, ഏറെ വിവരിക്കേണ്ട ആവശ്യമില്ല. പ്രശ്നത്തിന്റെ സങ്കീർണതയും സംഘർഷപൂരിതാവസ്ഥയും പകൽപോലെ സുവ്യക്തമാണ്. ചുരുക്കിപ്പറഞ്ഞാൽ അതിന്റെ വസ്തുത ഇതാണ് — ഏറെ ഭദ്രമെന്ന് കരുതുന്ന കേരളത്തിലും സെക്കുലർ സാംസ്കാരിക വ്യവഹാരങ്ങൾ ദുർബലമാണ്. അതിന്റെ ചില സൂചനകൾ ഇവിടെ നൽകാം. ഒന്ന് — കുംഭമേള പോലുള്ള ഉത്തരേന്ത്യൻ മൂഢാചാരങ്ങൾ കേരളത്തിൽ കുത്തിച്ചെലുത്തി ഇവിടത്തെ സെക്കുലർ ഘടന തകർക്കാനുള്ള നീക്കം നടത്തുന്നു. രണ്ട് — രാം നാരായണനുണ്ടായതുപോലെയുള്ള ആൾക്കൂട്ട വിചാരണയും കൊലപാതകവും കേരളത്തിൽ ഇനിയും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാകില്ല. വിദ്വേഷരാഷ്ട്രീയ പ്രത്യയശാസ്ത്രാധിനിവേശം ഇവിടെ നാനാവിധത്തിൽ ശക്തിപ്പെടുകയാണ്. മൂന്ന് — സ്ത്രീകൾക്ക് തുല്യനീതി നൽകാൻ വിവിധമത — ജാതി സംഘടനകൾ ഇപ്പോഴും ഒരുക്കമല്ല. അവർ സ്ത്രീകളെ കളങ്കിതരും അശുദ്ധരും അപകടകാരികളുമായി കാണുന്നു. അതുകൊണ്ട് സെക്കുലറിസ്റ്റുകൾ അത്യന്തം ജാഗ്രത്താവേണ്ട സന്ദർഭമാണിത്. 

21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ വിളഭൂമിയാക്കി മാറ്റാൻ ജനാധിപത്യവാദികൾ ഐക്യപ്പെടേണ്ട സന്ദർഭമാണിത്. കേന്ദ്രസർക്കാർ ഭരണകൂടസ്ഥാപനങ്ങളിലെ ജനാധിപത്യ സംവിധാനത്തെ അത്യന്തം ദുർബലമാക്കുന്ന സ്ഥിതിയുണ്ട്. ഹിന്ദുത്വ വർഗീയവാദികളുടെ നേതൃത്വത്തിൽ ദളിതുകളും ന്യൂനപക്ഷങ്ങളും ആൾക്കൂട്ടവിചാരണകൾക്കും മാരകമായ മർദനങ്ങൾക്കും വിധേയമാകുന്നത് നാൾതോറും വർധിച്ചുവരുന്നു. ചുരുക്കത്തിൽ ഇന്ത്യൻ ജനത ബീഭത്സമായ അർധഫാസിസ്റ്റ് വ്യവഹാരങ്ങൾക്ക് കീഴിൽ ഭയന്നുകഴിയുന്ന സ്ഥിതി ഇന്ന് സാർവത്രികമാണ്. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക‑സാംസ്കാരികമനസ് വളരെ ദുർബലവും വിഷലിപ്തവും വിദ്വേഷപൂരിതവും ആക്കി മാറ്റാനുള്ള ഭരണകൂടശ്രമങ്ങൾ തുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടു. 1980കളുടെ ഒടുക്കം മുതൽ അത്തരം ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പക്ഷേ, ഭരണകൂടസ്ഥാപനങ്ങൾ തന്നെ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത് കഴിഞ്ഞ ദശകത്തെപ്പോലെ മുമ്പുണ്ടായിട്ടില്ല. സാർവത്രിക മാനവികതയുടെ നൈതികമായ മാനങ്ങൾ എവിടെയും എന്തിലും പരിഗണനാവിഷയം പോലും അല്ലാതായിത്തീരുമ്പോൾ മാധ്യമസമൂഹവും നീതിദായക സ്ഥാപനങ്ങളും അഭിപ്രായ നിർമ്മാതാക്കളും മൗനം ഭജിക്കുന്നു. അതായത്, ജനാധിപത്യ ഇന്ത്യ ദുർബലമാകുകയും ഹിന്ദുത്വ ഇന്ത്യ ഹീനമായ വിധം അധീശത്വം നേടുകയും ചെയ്തിരിക്കുന്നു. ഈ കൊടിയ വിപത്തിന്റെ പ്രവണതകൾ 1958ലെ കുപ്രസിദ്ധമായ വിമോചന സമരകാലം മുതലേ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും സാമുദായിക പ്രീണനവാദ ശക്തികൾക്ക് വേണ്ടത്ര വളക്കൂറ് തുടർന്നു ലഭിച്ചില്ല. ജനാധിപത്യപരമായി വികസിച്ചു വന്ന പൊതുമണ്ഡലത്തിൽ സമ്മർദ രാഷ്ട്രീയ തന്ത്രങ്ങൾക്ക് അധീശത്വം നേടാൻ അന്ന് ആയില്ലെങ്കിലും സാമുദായിക പ്രീണന രാഷ്ട്രീയത്തിന് അത് വഴിതുറന്നു. അതിന്റെ പ്രതിഫലനങ്ങളാണ് പതുക്കെപ്പതുക്കെ 1960കൾ മുതൽ ഇവിടെ തിടംവച്ചു വന്നത്.

ഇന്ന് എല്ലാ സാമുദായികശക്തികളും പ്രത്യക്ഷമായും പരോക്ഷമായും മതരാഷ്ട്രവാദ ശക്തികൾക്കുള്ള ഊർജമായി മാറുകയാണ്. ഇതിൽ ഭൂരിപക്ഷ — ന്യൂനപക്ഷഭേദം ഇല്ലതാനും. കേരളത്തിൽ സമ്മർദ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന സാമുദായിക സംഘടനകൾ സേവനമേഖലയിൽ വളരെയധികം സംഘടിതമാണ്. ഇവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഭൂരിപക്ഷ — ന്യൂനപക്ഷഭേദമില്ലാതെ വർഗീയ — വിദ്വേഷവികാരങ്ങൾക്ക് വളമേകുന്നു എന്ന വസ്തുത സൂചിപ്പിച്ചുവല്ലോ. മറ്റൊന്ന്, ഇത്തരം ഒട്ടുമിക്ക സംഘടനകളുടെയും നേതൃത്വം അതത് സമുദായത്തിലെ നിക്ഷിപ്തതാല്പര്യക്കാരുടെ കയ്യിലാണ്. കേരളത്തിന്റെ സെക്കുലർഘടനയെ ദുർബലപ്പെടുത്തുകയാണ് ആത്യന്തികമായി ജാതി — മതസമുദായനേതൃത്വം ചെയ്യുന്നത്. ഭൂതകാല മർദനത്തിന്റേതായ പ്രാകൃതമായ ആചാരവ്യവസ്ഥകളെ പുരോഹിത ദുഷ്പ്രഭുത്വം പ്രത്യാനയിക്കാൻ ശ്രമിക്കുമ്പോൾ ഉല്പതിഷ്ണുക്കളുടെ ശബ്ദം ദുർബലമാണ്. ഈയൊരു ദുരവസ്ഥയെ മറികടക്കാൻ സെക്കുലർ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമേ കഴിയൂ. സെക്കുലർ ജനാധിപത്യ സംസ്കാരത്തിന്റെ പരിപാലനം സാധ്യമാക്കണമെങ്കിൽ ചരിത്രബോധവും ശാസ്ത്രബോധവും വളർത്തിയെടുക്കാൻ ജാഗ്രത്തായി പ്രവർത്തിക്കാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളും സന്നദ്ധമാകണം. വിശ്വാസിസമൂഹം എന്ന രീതിയിൽ ഉയർത്തിക്കൊണ്ടുവരുന്ന പൗരോഹിത്യാധിപത്യ പ്രവണതകളെ ചെറുക്കാനും സാംസ്കാരിക ലോകം സന്നദ്ധമാകണം. സെക്കുലറിസം എന്നു കേൾക്കുമ്പോൾ വാളെടുക്കുന്നവർ ഇവിടെ ഏറെയുണ്ട്. അത് അജ്ഞത കൊണ്ടല്ല, നിക്ഷിപ്ത താല്പര്യങ്ങളാലുള്ള അവജ്ഞ കൊണ്ടാണ്. ആരുടെയെങ്കിലും മതവിശ്വാസത്തെ നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന പദ്ധതിയല്ല സെക്കുലറിസം. സാമൂഹികജീവിതത്തെ അരക്ഷിതമാക്കുന്ന വർഗീയ പ്രവണതകളോട് സന്ധിയില്ലാ സമരം അത് പ്രഖ്യാപിക്കുന്നു എന്നത് മാത്രമാണ് വസ്തുത. സാമൂഹികനീതിയെ എതു സന്ദർഭത്തിലും അത് ഉയർത്തിപ്പിടിക്കുന്നു. സാർവത്രികമായ മാനവികതയ്ക്ക് ഊർജമേകുന്ന ആധുനികമായ ജീവിതനിലപാടുകളെ മുന്നോട്ട് കൊണ്ടുപോകലാണ് ഇന്ന് ആവശ്യമെന്ന് സെക്കുലറിസ്റ്റുകൾ കരുതുന്നു. 

സാമ്പ്രദായിക വിശ്വാസധാരകളിൽ ജീവിക്കുന്നവരോട് അനുഭാവപൂർവം പെരുമാറുന്നതുപോലെത്തന്നെ, ബദൽ ജീവിതരീതികളെയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് സെക്കുലറിസ്റ്റുകൾ. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയും അതുയർത്തിപ്പിടിക്കുന്നു. ഇന്ന് സെക്കുലർ ജനാധിപത്യ പ്രവണതകളെ വിഴുങ്ങുന്നതിലാണ് സ്വത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ അടക്കം നിലകൊള്ളുന്നത്. പ്രതിലോമകരമായ പ്രവണതകളിൽ നിന്ന് മുക്തമാകാൻ അവർക്ക് അജണ്ടയുണ്ടോ? 

സെക്കുലർ ഇന്ത്യയെ സംരക്ഷിക്കുന്നതിന് ജനാധിപത്യവാദികളുടെ, തികച്ചും മാനവികമായ ഐക്യപ്പെടലാണ് ആദ്യം വേണ്ടത്. അതിന് കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള സാമ്പ്രദായിക നിലപാടുകളും സംഘടനാപദ്ധതികളും മാത്രം പോരാ. മതരാഷ്ട്രവാദങ്ങൾ ശക്തമായി ഉയരുന്നിടത്ത് ഏതെങ്കിലും ഒന്നിന്റെ പക്ഷത്തുചേരലല്ല വേണ്ടത്. അവയെ പരിപൂർണമായി തള്ളിക്കളഞ്ഞ്, ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള സംസ്കാരത്തിലുള്ള ഇടപെടലുകളാണ് ആവശ്യം. ഈയൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തൃശൂരിൽ മാർച്ച് ഏഴിന് സെക്കുലർ ജീവിതസംഗമം സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ ജനാധിപത്യവാദികളെയും ഉൾക്കൊള്ളുന്ന സാംസ്കാരിക വിനിമയ — പ്രതിരോധ പരിപാടിയായി ഇത് വളരേണ്ടതുണ്ട്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ആണയിട്ടുപറയുന്ന ആർഎസ്എസ് തലവനെ വണങ്ങാൻ കേന്ദ്ര സർക്കാരിന് കഴിയുന്നു. ഭരണകൂടത്തെ ഹിന്ദുത്വത്തിന്റെ ചട്ടുകമാക്കി മാറ്റുന്നതിന്റെ പേരാണ് മോഡിത്തം. 2015ലെ റിപ്പബ്ലിക് ദിനത്തിൽ സെക്കുലറിസം, സോഷ്യലിസം എന്നീ രണ്ടു വാക്കുകൾ ഭരണഘടനയിൽ നിന്ന് മാറ്റണമെന്ന ആഹ്വാനമുണ്ടായതോർക്കുക. ഭരണഘടനാപരമായി ജനാധിപത്യ അട്ടിമറികൾ നടത്താനുള്ള ഹിന്ദുത്വ ഏജന്റുമാരായി കേന്ദ്രസർക്കാർ തരംതാണിരിക്കുന്നു. സെക്കുലർ ഭരണഘടനാ മാനദണ്ഡങ്ങൾ നിരന്തരമായി ലംഘിക്കപ്പെടുമ്പോൾ പ്രതിരോധം തീർക്കാൻ ജനാധിപത്യവാദികൾ സജ്ജമാണെന്ന് പ്രഖ്യാപിക്കാൻ തൃശൂർ സംഗമത്തിനു കഴിയണം. അകാരണമായ ഒരു ഭയം നാടുവാഴുന്ന സന്ദർഭത്തിൽ ധീരമായ സെക്കുലർ നിലപാടുകൾ സ്വീകരിക്കാൻ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഭയക്കുന്നുണ്ടോ? ആയതിനാൽ ഞാനൊരു സെക്കുലറിസ്റ്റ് എന്ന് ധീരമായി പ്രഖ്യാപിക്കാൻ ഓരോ പൗരന്മാർക്കും കഴിയണം. ഈയൊരു ഉല്പതിഷ്ണുപരമായ തലത്തിലേക്ക് പൗരന്മാരെ ഉയർത്തലാണ് സംഗമത്തിന്റെ ലക്ഷ്യം. 

Exit mobile version