Site iconSite icon Janayugom Online

മനുഷ്യ വികസന സൂചിക നല്‍കുന്ന സൂചനകള്‍

മനുഷ്യ വികസന സൂചികയിലെ ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന വിവരമനുസരിച്ചുള്ള ഇന്ത്യയുടെ റാങ്കിങ് ആശ്വാസകരമല്ല. 2023നും 24നും ഇടയ്ക്ക് സൂചികയിലുണ്ടായിരിക്കുന്ന വര്‍ധന നാമമാത്രമാണ്. 133ല്‍ നിന്ന് 130ലേക്കുള്ള മാറ്റമാണിത്. ആഗോളതലത്തില്‍ 193രാജ്യങ്ങളുടെ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന മാറ്റം മാത്രമാണിത്. ഇന്ത്യ ഇന്നും ഇടത്തരം വിഭാഗം രാജ്യങ്ങളുടെ പട്ടികയിലാണ് തുടരുന്നത്. 2022–23കാലയളവില്‍ സൂചികയില്‍ ഉണ്ടായിരിക്കുന്ന മൂല്യാധിഷ്ഠിത പുരോഗതി 0.676ല്‍ നിന്നും 0.685ലേക്കുള്ളതാണ്.
എച്ച്ഡിഐയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യതയോടെയുള്ളതായിരിക്കണമെന്നില്ല. ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമായും ഈ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകാം. അതുകൊണ്ടുതന്നെയാണ് ഉയര്‍ന്ന മനുഷ്യവികസനത്തിലേക്കുള്ള പാതയിലൂടെയുള്ള മുന്നേറ്റത്തില്‍ ഇന്നും ഇന്ത്യ തുടക്കം കുറിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് വിവരമുള്ളവര്‍ പറയുന്നത്. അതേയവസരത്തില്‍ നാം കാണേണ്ട പ്രസക്തമായൊരു കാര്യം, 1990കള്‍ക്കുശേഷമുള്ള മൂന്നര ദശകത്തില്‍, ഇന്ത്യയുടെ എച്ച്ഡിഐ മൂല്യവര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത് 53ശതമാനം മാത്രമാണ് എന്നതാണ്. ഇന്ത്യയുടെ ശരാശരി വളര്‍ച്ച ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടേതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലവാരത്തില്‍തന്നെയാണ്. അതായത്, ഇന്ത്യക്ക് എച്ച്ഡിഐ മൂല്യത്തിന്റെ പുതിയ ഉയരങ്ങളിലെത്തുക ഏറെ ദുഷ്കരമായ കാര്യമല്ല. രാജ്യത്തെ 140കോടിയിലേറെ വരുന്ന ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യസുരക്ഷാ പദ്ധതിയും ജീവിതനിലവാരത്തിലെത്തുകയും അപ്രായോഗികമല്ല എന്ന് കരുതുന്നതിലും തെറ്റില്ല. 

രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകജനതയ്ക്ക് മുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നൊരു നേട്ടം, ആയുര്‍ദൈര്‍ഘ്യത്തില്‍ കൈവരിച്ച റെക്കോഡ് തന്നെയാണ്. ഇതിലുണ്ടായിരിക്കുന്ന വര്‍ധന 1990നും 23നും ഇടയ്ക്കുള്ള കാലയളവില്‍ 58.6ല്‍ നിന്ന് 72വര്‍ഷത്തിലേക്കാണ്. അഭിമാനാര്‍ഹമായ ഈ നേട്ടത്തിലേക്ക് നയിച്ചത്, സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ആരോഗ്യ സുരക്ഷാ പോഷകാഹാര പദ്ധതികള്‍തന്നെയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ വഴി ഇതേകാലയളവില്‍ അധ്യയന കാലാവധി 8.2വര്‍ഷങ്ങള്‍ എന്നത് 13വര്‍ഷങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ബഹുമുഖ സ്വഭാവത്തോടുകൂടിയ ദാരിദ്ര്യം എന്ന ഗുരുതരമായ പ്രശ്നത്തിനും ഗണ്യമായതോതില്‍ പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധ്യമായിട്ടുണ്ട്. 2015–16നും 2019–21നും ഇടയ്ക്ക് 400 ദശലക്ഷം ജനങ്ങളില്‍‍ 135ദശലക്ഷം പേര്‍ക്ക് പരമദാരിദ്ര്യത്തില്‍ നിന്നും മോചനം ലഭ്യമായി. ഇത്രയെല്ലാം നേട്ടങ്ങള്‍ നിരത്തുമ്പോഴും മനുഷ്യ വികസന സൂചിക(എച്ച്ഡിഐ)യില്‍ ഇന്ത്യ ചൈനയോടൊപ്പമെത്തിയിട്ടില്ലെന്നതും പ്രസക്തമായി കാണണം. ചൈനയുടെ റാങ്ക് 127, ബംഗ്ലാദേശിന്റേത് 130എന്നിങ്ങനെയാണ്. ഇതില്‍ ശ്രീലങ്കയും ഭൂട്ടാനും ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട നിലവാരത്തിലുമാണ്. ഇന്ത്യയിലും താഴെ റാങ്കുള്ള രാജ്യങ്ങള്‍ 145-ാം സ്ഥാനത്തുള്ള നേപ്പാളും 146-ാം സ്ഥാനത്തുള്ള മ്യാന്‍മറും 168-ാം സ്ഥാനത്തുള്ള പാകിസ്ഥാനുമാണ്. ഏറ്റവും താഴേത്തട്ടിലുള്ള രാജ്യങ്ങളിലെല്ലാം ഗുരുതരമായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കലാപങ്ങളും വ്യാപകമാണെന്നതും ശ്രദ്ധേയമാണ്. ഈ പ്രവണത ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ക്ക് നല്‍കുന്ന നല്ലൊരു പാഠം കൂടിയാണ്. 

വര്‍ധിച്ചുവരുന്ന ദാരിദ്ര്യം, അസമത്വങ്ങള്‍, സാമൂഹ്യ അസ്വസ്ഥതകള്‍, ലിംഗാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവയ്ക്ക് അറുതിവരുത്താതിരുന്നാല്‍ എച്ച്ഡിഐ റാങ്കിങ്ങില്‍ ഇന്ത്യ ഇനിയും താഴോട്ടുള്ള ഗതി തുടരുകതന്നെ ചെയ്യും. ഇതില്‍ വിവിധതരം അസമത്വങ്ങള്‍ മാത്രം റാങ്കിങ്ങില്‍ വരുത്തിയ ഇടിവ് 30.7ശതമാനത്തോളമാണെന്നതും പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്.
പുതിയ എച്ച്ഡിഐ റിപ്പോര്‍ട്ട് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പൊതു സാമൂഹ്യ ആന്തര ഘടനാ സൗകര്യവര്‍ധനവിലേക്ക് നിക്ഷേപം നടത്തുന്നയവസരത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസാമാന്യത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് സഹായകരമായ ഗുണമേന്മയേറിയതും ചെലവുകുറഞ്ഞതുമായ വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ രണ്ട് മേഖലകളിലും ഇപ്പോള്‍ നിലനില്‍ക്കുന്ന അന്തരങ്ങളും വിവേചനങ്ങളും നിസാരമായി കാണുന്നത് അപകടത്തിലേക്കായിരിക്കും സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും നയിക്കുക.
നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ ഇപ്പോള്‍തന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. സമാനമായ പ്രയോജനമായിരിക്കും ഭിന്നശേഷി വിഭാഗക്കാരുടെയും ആശാ വര്‍ക്കര്‍മാരുടെയും മറ്റ് അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുടെയും ക്ഷേമപദ്ധതികളും മറ്റും നടപ്പാക്കുന്നതിലൂടെ പൊതുജന സമൂഹത്തിന് മാത്രമല്ല ഭരണവര്‍ഗത്തിനുകൂടി കിട്ടുക. എന്നാല്‍, ഇതൊന്നും പ്രായോഗികമാക്കുക അത്ര എളുപ്പമാവില്ല. കാരണം ഇതിനാവശ്യം രാഷ്ട്രീയ ഇച്ഛാശാക്തിയാണ്. ഇന്നത്തെ നിലയില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കായി നീക്കിവയ്ക്കപ്പെടുന്ന തുക തുലോം നിസാരമാണ്. ഇതുകൊണ്ടൊന്നും എച്ച്ഡിഐയില്‍ അനുകൂലമായ നേരിയ മാറ്റം ‍പോലും വരുത്താനാവുകയില്ല.
ദക്ഷിണ – പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ടെഗര്‍ സമ്പദ് വ്യവസ്ഥകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയവയിലും ഈ മേഖലകളില്‍ കൈവരിക്കാനായിട്ടുള്ളത് നിസാരമായ നേട്ടങ്ങളല്ല എന്നതും മറന്നുപോകരുത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കായി മുടക്കുന്ന മൂലധനം എച്ച്ഡിഐയിലും സാമ്പത്തിക വളര്‍ച്ചയിലും നിസാരമായ മാറ്റങ്ങള്‍ക്ക് മാത്രമേ വഴിയൊരുക്കുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. 1966കാലഘട്ടത്തില്‍ തന്നെ കോത്താരി കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത് വിദ്യാഭ്യാസ മേഖലാ നിക്ഷേപം ജിഡിപിയുടെ അഞ്ച് ശതമാനമെങ്കിലുമായിരിക്കണമെന്നായിരുന്നു. എന്നാല്‍ ഉദ്ദേശം ആറ് ദശകങ്ങള്‍ക്ക് ശേഷവും ഈ ലക്ഷ്യത്തിനടുത്തുപോലും നമുക്കെത്താനായിട്ടില്ല. ആഗോളതലത്തില്‍ തന്നെ ആരോഗ്യമേഖലാ നിക്ഷേപം‍ ജിഡിപിയുടെ നാല് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ 3.7ശതമാനം എന്നിങ്ങനെയാണ്. ബഹുഭൂരിഭാഗം വരുന്ന രോഗാതുരത ബാധിച്ച ജനതയുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ബാധ്യതയില്‍ നിന്നും ഭരണകൂടം ക്രമേണ ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വലിയൊരു ജനവിഭാഗം യാതൊരുവിധ പൊതു നിയന്ത്രണവുമില്ലാത്ത സ്വകാര്യമേഖലയുടെ നഗ്നമായ ചൂഷണത്തിനാണ് ഇരയാക്കപ്പെട്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയ്ക്കായുള്ള പൊതു നിക്ഷേപമാണെങ്കില്‍ ജിഡിപിയുടെ മൂന്ന് മുതല്‍ നാല് ശതമാനത്തിലൊതുക്കപ്പെടുകയും ചെയ്തിരിക്കുന്നു. ജനസംഖ്യയില്‍ ചൈനയെ കടത്തിവെട്ടിയെന്ന് അവകാശപ്പെടുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ സ്വന്തം ദയനീയാവസ്ഥ ചൈനയുടെ 6.13ശതമാനം നിക്ഷേപവുമായി ഒരുവട്ടമെങ്കിലും തുലനം ചെയ്യുന്നത് നന്നായിരിക്കും. സംസ്ഥാന സര്‍ക്കാരുകളും സാമൂഹ്യ – സാമ്പത്തിക മേഖലകളിലെ വികസനത്തില്‍ തെളിഞ്ഞുവരുന്ന ഈ അന്തരം നികത്താന്‍ നടപടിയെടുത്തേ മതിയാകൂ. 

Exit mobile version