Site iconSite icon Janayugom Online

ഇന്തോ — യുഎസ് കരാര്‍, കര്‍ഷകര്‍ക്ക് മരണക്കെണി

ന്ത്യയിലെ കർഷകരെ ശത്രുതാ മനോഭാവത്തോടെ പരിഗണിക്കുന്ന സമീപനമാണ് കാലാകാലങ്ങളിൽ എൻഡിഎ നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പലഭാഗത്തും കർഷകർ നിലനില്പിന് വേണ്ടി സമരത്തിലാണ്. കൃഷിയിടങ്ങളിൽ അന്നം വിളയിക്കേണ്ട കർഷകരെ തെരുവുകളിലേക്കിറക്കിവിടുന്ന കേന്ദ്രം, രാജ്യത്തെ നെൽക്കർഷകരെയും ഗോതമ്പുകർഷകരെയും ഇരുട്ടിലാക്കുന്ന പുതിയ തീരുമാനം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ തുനിയുകയാണ്. നെല്ലിനും ഗോതമ്പിനും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ താങ്ങുവില (എംഎസ്‌പി) കൂടാതെ സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസ് നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഗോതമ്പിന്റെയും നെല്ലിന്റെയും ഉയർന്ന ഉല്പാദനംമൂലം പൊതുവിതരണ സംവിധാനം (പിഡിഎസ്) വഴി കൂടുതൽ ഗോതമ്പും അരിയും രാജ്യത്ത് സംഭരിക്കപ്പെടുന്ന അവസ്ഥയുണ്ടായെന്നും ഈ വർധനവ് വർഷംതോറും ഉയരുന്നത് പൊതുഖജനാവിനുള്ള ബാധ്യത വർധിപ്പിക്കുന്നുവെന്നും അതിനാൽ കേരളം ഉൾപ്പെടെ സംസ്ഥാന സർക്കാരുകൾ, നെല്ലിനും ഗോതമ്പിനും അധിക പ്രോത്സാഹന ബോണസ് നൽകുന്നത് ഈ ധാന്യങ്ങൾ കൂടുതൽ കൃഷി ചെയ്യുന്നതിനും ഉല്പാദന വർധനയ്ക്കും ഇടയാക്കുമെന്നുമാണ് കേന്ദ്ര ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തില്‍ വിലയിരുത്തിയിരിക്കുന്നത്. ഉല്പാദനം വർധിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ ബാധ്യതയായി ചിത്രീകരിക്കുന്ന സമീപനം അത്യന്തം അപകടകരവും കർഷകവിരുദ്ധവുമാണ്.

നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നത് നെല്ലുല്പാദനം വർധിപ്പിക്കാനുള്ള ഇടപെടലായി മാത്രം ചുരുക്കിക്കാണുന്നത് കേരളത്തെപ്പോലെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു സംസ്ഥാനത്തിന്റെ യാഥാർത്ഥ്യങ്ങളെ പൂർണമായി അവഗണിക്കുന്ന സമീപനമാണ്. കേരളത്തിലെ നെൽക്കൃഷി എന്നത് ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനവും കർഷകരുടെ ഉപജീവനവും മാത്രമല്ല ജലസംരക്ഷണത്തിന്റെയും പാരിസ്ഥിതിക സമതുലിതാവസ്ഥയുടെയും കാലാവസ്ഥാ പ്രതിരോധത്തിന്റെയും അവിഭാജ്യ ഘടകവുമാണ്. വയലുകളിൽ പണിയെടുക്കുന്ന കർഷകന് മാന്യമായ വരുമാനം ലഭിച്ചെങ്കിൽ മാത്രമേ നെൽവയലുകളെ നമുക്ക് നിലനിർത്താനാവുകയുള്ളൂ. അതുകൊണ്ട് അന്തസാർന്ന ജീവിതം കർഷകർക്ക് ഉറപ്പാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തവും ബാധ്യതയുമാണ്. കേരളത്തിൽ ഇന്ന് നെല്ലിന്റെ ശരാശരി ഉല്പാദനക്ഷമത ഹെക്ടറിന് 4,575 കിലോഗ്രാമാണ്. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് കർഷകരെ കേന്ദ്രബിന്ദുവാക്കി സർക്കാർ സ്വീകരിച്ച നയപരമായ ഇടപെടലുകളിലൂടെയാണ്. വിത്ത് മുതൽ സംഭരണം വരെ ഉല്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും സർക്കാർ കർഷകർക്കൊപ്പം നിന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഉല്പാദനോപാധികൾക്കായി മാത്രം 297.23 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, ആര്‍ഐഡിഎഫ് പദ്ധതികൾ വഴി 666.61 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നെൽക്കൃഷിക്കുള്ള സർക്കാർ ചെലവ് ഒരു സാമ്പത്തിക ബാധ്യതയെയല്ല, അത് പരിസ്ഥിതിക സുരക്ഷയിലേയ്ക്കും ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കുമുള്ള ദീർഘകാല നിക്ഷേപമാണ് എന്നതാണ് എല്‍ഡിഎഫ് സർക്കാരിന്റെ നയം.

നെല്പാടങ്ങൾ കേരളത്തിന്റെ പ്രകൃതിദത്ത ജലസംഭരണികളാണ്. മഴവെള്ളം പിടിച്ചുനിർത്തി ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിലും വെള്ളപ്പൊക്ക ആഘാതം കുറയ്ക്കുന്നതിലും നെല്പാടങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. പാടങ്ങൾ ഇല്ലാതാകുമ്പോൾ നദികളും കനാലുകളും ഉണങ്ങുകയും നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ ജലക്ഷാമത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. അതിനാൽ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ മറ്റൊരു പേരാണ് നെൽക്കൃഷി സംരക്ഷണമെന്ന് നിസംശയം പറയാനാകും. കേന്ദ്രസർക്കാരിന്റെ തന്നെ കാർഷിക വില നിർണയ കമ്മിഷന്റെ (സിഎസിപി) കണക്കുകൾ പ്രകാരം കേരളത്തിൽ നെല്ലുല്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണ്. ഇതിന്റെ ഒന്നര മടങ്ങ് കണക്കാക്കിയാണ് എംഎസ്‌പി നിശ്ചയിക്കേണ്ടത്. അങ്ങനെ വരുമ്പോൾ കേരളത്തിൽ നെല്ല് കിലോഗ്രാമിന് കുറഞ്ഞത് 32.19 രൂപ ലഭിക്കണം. ഈ സാഹചര്യത്തിലാണ് സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്. ഈ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുന്ന കേന്ദ്രസർക്കാർ നെല്ല് സംഭരണത്തിന് നിശ്ചയിച്ചിട്ടുള്ള തുക 23.69 രൂപയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നെൽക്കർഷകരെ ചേർത്തുപിടിച്ച് കേന്ദ്രം നിശ്ചയിച്ച എംഎസ്‌പിക്ക് പുറമേ 6.31 രൂപ സംസ്ഥാനം പ്രോത്സാഹന വിഹിതമായി കൂടി നൽകുന്നതുകൊണ്ടാണ് കർഷകർക്ക് ഒരു കിലോ നെല്ലിന് 30 രൂപ ലഭിക്കുന്നത്. എംഎസ്‌പിക്ക് പുറമേ നൽകുന്ന 6.31 രൂപ നിർത്തലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കർഷകരുടെ യഥാർത്ഥ ഉല്പാദനച്ചെലവ് അംഗീകരിക്കാതെ, ഉല്പാദനം വർധിക്കുന്നു എന്ന പേരിൽ സഹായം വെട്ടിക്കുറയ്ക്കുന്നത് സാമൂഹികനീതിക്കെതിരായ സമീപനമാണ്. നെൽക്കർഷകരെ ദുരിതത്തിലാഴ്ത്താനുള്ള കേന്ദ്ര തിട്ടൂരത്തെ തികഞ്ഞ അവജ്ഞയോടെ സംസ്ഥാന സർക്കാർ തള്ളിക്കളയും. സാധാരണ കർഷകരെ നെൽ — ഗോതമ്പ് കൃഷിയിൽ നിന്നകറ്റി ഈ മേഖല കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എല്ലാ ഭിന്നതകൾക്കുമപ്പുറം നമ്മൾ ഒന്നിച്ച് നിൽക്കേണ്ടുന്ന സമയത്ത് നെൽക്കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിയമസഭയിൽ നൽകി, അതിനുത്തരം കേൾക്കുന്നതിനോ നെൽക്കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനോ തയ്യാറാകാതെ ബഹളമുണ്ടാക്കി കേന്ദ്രസർക്കാരിനെ സഹായിക്കുന്ന നയമാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. 

എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള കർഷകവിരുദ്ധ നിലപാടുകൾ തുടർച്ചയായി സ്വീകരിക്കുന്നതെന്ന ആശങ്കകൾക്കുള്ള മറുപടിയാണ് ഇന്തോ – യുഎസ് വ്യാപാര ധാരണകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് അഗ്രികൾച്ചർ സെക്രട്ടറി ബ്രൂക്ക് റോളിൻസും ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ കാർഷികോല്പന്നങ്ങൾ വാങ്ങുമെന്നും ഇന്ത്യൻ ആഭ്യന്തര കാർഷിക വിപണി യുഎസ് ഉല്പന്നങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും പരസ്യമായി അവകാശപ്പെട്ടിട്ടുണ്ട്. ഈ പ്രസ്താവനകൾ കേന്ദ്രസർക്കാർ വ്യക്തമായി നിഷേധിച്ചിട്ടില്ലെന്നതും, കരാറിന്റെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കുന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രാജ്യത്തെയൊന്നാകെ ഇരുട്ടിൽ നിർത്തി ഒരു ഫോൺ സംഭാഷണത്തിലൂടെ സാമ്രാജ്യത്വത്തിന് മുമ്പിൽ രാജ്യത്തിന്റെ അധികാരത്തെ പണയപ്പെടുത്തിയവർ പറയുന്ന ദേശസ്നേഹവും ദേശീയതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഇന്ത്യൻ ഭരണഘടന പ്രകാരം കൃഷി ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ കാർഷിക മേഖലയെ നേരിട്ട് ബാധിക്കുന്ന ഏതൊരു അന്താരാഷ്ട്ര വ്യാപാര കരാറിനും സംസ്ഥാന സർക്കാരുകളുമായി സമഗ്രമായ കൂടിയാലോചന അനിവാര്യമാണ്. എന്നാൽ അത്തരം ഒരു കൂടിയാലോചന പോലും നടത്താതെയാണ് ഭരണഘടനാ ഫെഡറലിസത്തിന്റെ ആത്മാവിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള വ്യാപാര ധാരണകളിൽ ഏർപ്പെട്ടിരിക്കുന്നത്.
വൻ സബ്സിഡിയോടെ അമേരിക്കയിൽ ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചാൽ, ആഭ്യന്തര കർഷകർക്ക് അതുമായി മത്സരിക്കുക അസാധ്യമായിരിക്കും. 80% വരെ സബ്സിഡിയോടെ ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സോയാബീൻ എണ്ണ കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ നാളികേര കൃഷിയെ ഗുരുതരമായി ബാധിക്കും. ഇതിനകം തന്നെ ഉയർന്ന ഉല്പാദനച്ചെലവ് നേരിടുന്ന ലക്ഷക്കണക്കിന് നാളികേര കർഷകർക്ക് ഇത് വിനാശകരമായ സാഹചര്യം സൃഷ്ടിക്കും. 

അതുപോലെ തന്നെ വിലകുറഞ്ഞ സിന്തറ്റിക് റബ്ബർ ഇറക്കുമതി വർധിക്കുന്നത് കേരളത്തിലെ പ്രകൃതിദത്ത റബ്ബർ കർഷകർക്ക് ഗുരുതരമായ തിരിച്ചടിയാകും. ഇറക്കുമതി വർധിച്ചാൽ റബ്ബറിന്റെ ആവശ്യകതയും വിലയും കുറയുകയും കാർഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ചെയ്യും. റബ്ബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം അവഗണിക്കുന്ന കേന്ദ്രസർക്കാർ ഈ നടപടിയിലൂടെ കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ഗ്രാമീണ സാമൂഹിക ഘടനയെത്തന്നെ ദുർബലപ്പെടുത്തുകയാണ്. കാർഷിക മേഖലയെ ബാധിക്കുന്ന ഇന്തോ – യുഎസ് വ്യാപാര ധാരണകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമാണ് സംസ്ഥാനം ശക്തമായി ആവശ്യപ്പെടുന്നത്. ഭക്ഷ്യ സ്വയംപര്യാപ്തതയും പരിസ്ഥിതി സുരക്ഷയും കർഷകന്റെ അവകാശങ്ങളും സംരക്ഷിക്കുന്ന നയങ്ങളിൽ നിന്ന് കേരള സർക്കാർ ഒരിക്കലും പിന്മാറില്ലെന്നും എത്ര പ്രതിസന്ധികളുണ്ടായാലും നെല്പാടങ്ങളെയും കർഷകരെയും സംരക്ഷിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും ഉറപ്പ് നൽകുന്നു. 

Exit mobile version