Site icon Janayugom Online

ഇപ്റ്റ @ 80

IPTA

തിയേറ്റര്‍ കലാകാരന്മാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകേണ്ടതിന്റെ ആവശ്യകതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഐപിടിഎ) സ്ഥാപിതമാകുന്നത്. 1943 മേയ് 25ന് ബോംബെയിലെ മാര്‍വാരി സ്കൂളില്‍ നടന്ന കലാകാരന്മാരുടെ ദേശീയ സമ്മേളനത്തില്‍ ഇപ്റ്റ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഒട്ടനവധി പ്രാദേശിക സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. 1936ല്‍ നടന്ന പുരോഗമന സാഹിത്യകാരന്മാരുടെ സമ്മേളനം, 1940ല്‍ കല്‍ക്കത്തയില്‍ സ്ഥാപിതമായ യൂത്ത് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 1941ല്‍ അനില്‍ ഡി സില്‍വ ബാംഗ്ലൂരില്‍ സ്ഥാപിച്ച പീപ്പിള്‍സ് തിയേറ്റര്‍ എന്നിവ കലാകാരന്മാരുടെ ദേശീയ സംഘടന എന്ന നിലയ്ക്ക് ഐപിടിഎയുടെ രൂപീകരണത്തിലേക്ക് നയിച്ചു. ഫ്രഞ്ച് ദാര്‍ശനികനായ റൊമെയ്‌ന്‍ റൊളണ്ടിന്റെ പീപ്പിള്‍സ് തിയേറ്റര്‍ എന്ന പുസ്തകത്തിലെ ആശയങ്ങളില്‍ ആകൃഷ്ടനായ മഹാനായ ഇന്ത്യന്‍ ശാസ്ത്രകാരന്‍ ഹോമി ജെ ഭാഭയാണ് പീപ്പിള്‍സ് തിയേറ്റര്‍ എന്ന പേര് നിര്‍ദേശിച്ചത്. 1942ല്‍ ബംഗാളിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ക്ഷാമത്തെക്കുറിച്ച് അറിവ് നല്‍കുന്നതിനുവേണ്ടി ബംഗാള്‍ സാംസ്കാരിക സമിതിയുടെ നേതാവായ ബിനോയ് റോയിയുടെ നേതൃത്വത്തില്‍ തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഐപിടിഎ അതിന്റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ബിനോയ് റോയിയുടെ കലാസംഘത്തില്‍ സംഗീതജ്ഞന്‍ പ്രേം ധവാന്‍, ഡ്രം വിദഗ്ധന്‍ ദശരഥ് ലാല്‍, ഗായകന്‍ രേവ റോയ്, അഭിനേത്രിയായ ഉഷ ദത്ത് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഈ കലാസമിതിയില്‍ പ്രേരിതരായവര്‍ ചേര്‍ന്ന് ആഗ്ര കള്‍ച്ചറല്‍ സ്ക്വാഡ് ഉള്‍പ്പെടെയുള്ള നിരവധി കലാസമിതികള്‍ രൂപീകരിച്ചു.


ഇത് കൂടി വായിക്കൂ; ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


1943ല്‍ ഇത്തരം പ്രാദേശിക കലാസമിതികളെയെല്ലാം സംയോജിപ്പിച്ചുകൊണ്ട് ദേശീയതലത്തില്‍ ഐപിടിഎ സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധാനന്തര ക്ഷാമത്തെത്തുടര്‍ന്നുണ്ടായ പട്ടിണിമരണങ്ങള്‍ ഒരു വശത്തും; ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ ഭരണകൂട ഭീകരതയും ഫാസിസ്റ്റ് ശക്തികള്‍ സോവിയറ്റ് യൂണിയന് നേരെ നടത്തിയ ആക്രമണവും മറുവശത്തും സൃഷ്ടിച്ച അരാജകത്വത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജ് കപൂര്‍, ബല്‍രാജ് സാഹ്നി, ബിജോണ്‍ ഭട്ടാചാര്യ, ഋഥ്വിക് ഘട്ടക്, ഉല്പല്‍ ദത്ത്, അഹമ്മദ് അബ്ബാസ്, സലില്‍ ചൗധരി, പണ്ഡിറ്റ് രവിശങ്കര്‍, ജ്യോതിരിന്ദ്ര മെയ്ത്ര നിരഞ്ജന്‍ സിങ് മാന്‍, തെരാസിങ് ചാന്‍, ജഗദീഷ് ഫര്യാദി, ഘലില്‍ ഫല്യാദി, രാജേന്ദ്ര രഘുവന്‍ശി, സഫ്ദര്‍ മിര്‍, ഹസന്‍ പ്രേമാനി, അമിയ ബോസ്, സുധീര്‍ ദാസ് ഗുപ്ത എന്നിവര്‍ ഒത്തുചേര്‍ന്നു. പ്രത്യയശാസ്ത്രപരമായി ഇവരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറുപുലര്‍ത്തിയവരായിരുന്നു. പാര്‍ട്ടിയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി പി സി ജോഷി, പുരോഗമന സാഹിത്യ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി സജ്ജാത് സഹീര്‍ എന്നിവരാലും ഈ ഉ‍ല്പതിഷ്ണുക്കളായ കലാകാരന്മാര്‍ പ്രേരിതരായിരുന്നു. നവോത്ഥാനന്തര കാലം മുതല്‍‍ സാഹിത്യത്തിലും കലയിലും നിലനിന്നുപോന്ന ഒരു സൈദ്ധാന്തിക നിലപാട് ഇവയ്ക്ക് രണ്ടിനും സമൂഹം, മനുഷ്യന്‍, ധാര്‍മ്മികത, നൈതികത, രാഷ്ട്രീയം എന്നിവയോട് പ്രതിബദ്ധതയുണ്ട് എന്നതായിരുന്നു. കലാകാരന് ചരിത്രപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്തം നിറവേറ്റാനുണ്ട് എന്ന് കല മനുഷ്യനുവേണ്ടി എന്ന സൈദ്ധാന്തിക നിലപാട് അടിവരയിട്ടു. ഒരു കലാസൃഷ്ടിക്ക് അതിന്റെ പുറംകാഴ്ചകള്‍ക്കപ്പുറം അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്ന് കല മനുഷ്യന് അല്ലെങ്കില്‍ ജീവിതത്തിനു വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തിയ കലാകാരന്മാര്‍ ഓര്‍മ്മപ്പെടുത്തി. നവോത്ഥാനന്തര കലാവീക്ഷണത്തിലും ആസ്വാദനത്തിലും ‘റിയലിസം’, വൈകാരികത മുതലായ അംശങ്ങള്‍ നിറഞ്ഞുനിന്നപ്പോള്‍ കലാകാരന്റെ പൂര്‍ണസ്വാതന്ത്ര്യം ഉദ്ഘോഷിച്ചവര്‍ സൗന്ദര്യത്തിലും നിറങ്ങളുടെ ആര്‍ഭാടത്തിലും അഭിരമിച്ചു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഫ്രഞ്ച് കലാകാരന്മാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം, യഥാര്‍ത്ഥകല എല്ലാതരത്തിലുള്ള സാമൂഹ്യമൂല്യങ്ങള്‍ക്കും ഉപയുക്തതാ ധര്‍മ്മങ്ങള്‍ക്കും അതീതമാണ് എന്നതായിരുന്നു. ഇത്തരത്തിലുള്ള മൂല്യങ്ങള്‍ നൈതികമോ, ധാര്‍മ്മികമോ, രാഷ്ട്രീയമോ ആയിരുന്നാലും കലയും കലാകാരനും അവയ്ക്കെല്ലാം അതീതവും അനിയന്ത്രിതവും ആണെന്ന് അവര്‍ വാദിച്ചു. പാരിസിലെ കലാകാരന്മാരായ തിയോഫില്‍ ഗോടിയര്‍, ചാള്‍സ് ബോഥലീര്‍ തുടങ്ങിയവര്‍ ഈ ആശയത്തിന്റെ പ്രചാരകരായി. നവോത്ഥാനന്തര കലാപരിസരത്തില്‍ നിന്ന് വ്യതിരിക്തമായി നിന്ന, പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് കുതറിമാറിയ ഒരു സുപ്രധാന മാറ്റത്തെയാണ് ‘കല കലയ്ക്കുവേണ്ടി’ എന്ന മുദ്രാവാക്യം പ്രതിനിധീകരിക്കുന്നത്. വര്‍ത്തമാനകാലത്തിലെ ധാര്‍മ്മികനിലവാര നിര്‍ണയത്തെ തിരസ്കരിച്ചു എന്നതുകൊണ്ട് ഈ മുദ്രാവാക്യം തികച്ചും വിപ്ലവാത്മകമായ ഒരു നിലപാടിനെ വിളംബരം ചെയ്തു. ഓബറി ബേഡ്സ്‍ലിയെപ്പോലുള്ള കലാകാരന്മാര്‍ അമിതമായ ലൈംഗികതയും വൈകൃതവും നിറഞ്ഞ ബിംബങ്ങളിലൂടെ പദസ്ഥമായ ആസ്വാദനശീലത്തെ അമ്പരപ്പിക്കുന്നതില്‍ ആനന്ദംകൊള്ളുകയായിരുന്നു. കലയുടെ ദൗത്യം സൗന്ദര്യസൃഷ്ടിയാണ്; ഏത് കലയും ആസ്വാദകന് ആനന്ദദായകമാവണം. പ്രീ റാഫേലൈറ്റ് കലാകാരന്മാര്‍ എന്നറിയപ്പെട്ട ഈ വിഭാഗക്കാര്‍ ഇത്തരത്തിലുള്ള സൗന്ദര്യസംസ്കാരത്തെ ആയിരുന്നു സ്വീകരിച്ചത്.


ഇത് കൂടി വായിക്കൂ;കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


ഈ കലാവീക്ഷണത്തിന് ഏറ്റവും നല്ല ഉദാഹരണം റോസെറ്റിയുടെ ഒരു ചിത്രമാണ്. അതീവ സുന്ദരിയായ ഒരു യുവതി വര്‍ണപ്പകിട്ടാര്‍ന്ന ഉടയാടകളണിഞ്ഞ് വീണമീട്ടിക്കൊണ്ടിരിക്കുന്നു. അവളുടെ തലയ്ക്ക് ഇരുവശങ്ങളിലായി രണ്ടു മാലാഖമാര്‍. അവരുടെ മുടിയഴക് വിവരണാതീതം. നിറക്കൂട്ടുകള്‍, യുവത്വം, ആര്‍ഭാടം, സൗന്ദര്യത്തിന്റെ ആധിക്യം എന്നിവയെല്ലാം ഈ പ്രസ്ഥാനക്കാര്‍ ഉയര്‍ത്തിപ്പിടിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ശക്തമായി നിലനിന്നിരുന്ന സ്വതന്ത്രമായ കല എന്ന ആശയത്തെ വിമര്‍ശിച്ചുകൊണ്ട്, നവോത്ഥാനന്തര യുഗത്തില്‍ നിലവിലിരുന്ന കലാവീക്ഷണത്തെ പുനരവതരിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്ന കലാദര്‍ശനമാണ് ‘കല മനുഷ്യന് വേണ്ടി’ അഥവാ ‘കല ജീവിതത്തിനു വേണ്ടി’ എന്ന മുദ്രാവാക്യം. ബംഗാളിലെ മനുഷ്യനിര്‍മ്മിത ക്ഷാമവും പട്ടിണിയും, ക്വിറ്റ് ഇന്ത്യാ സമരവും ഭരണകൂട ഭീകരതയും, ഫാസിസ്റ്റ് ശക്തികളുടെ ആക്രമണം തുടങ്ങിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാപിതമായ ഇപ്റ്റ ‘കല മനുഷ്യന് വേണ്ടി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ കലാസംഘടനയാണ്. 1943 മുതല്‍ പിന്നിട്ട എട്ടു പതിറ്റാണ്ടുകള്‍ മുഴുവനും ഇപ്റ്റയുടെ കലാകാരന്മാര്‍ അനേകായിരം വേദികളിലും തെരുവുകളിലും അവതരിപ്പിച്ച കലാപ്രകടനങ്ങളെല്ലാം മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ളതായിരുന്നു. അതില്‍ നിന്ദിതരും പീഡിതരും അവരുടെ രോദനങ്ങളും നിറഞ്ഞുനിന്നു. ശബ്ദം നഷ്ടപ്പെട്ടവരുടെ നാവായും പോരാട്ടവീര്യം ഇഷ്ടപ്പെട്ടവര്‍ക്ക് പടയാളികളായും തിരസ്കൃതര്‍ക്ക് അഭയമായും ഇപ്റ്റയും അതിന്റെ കലാകാരന്മാരും പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Exit mobile version