Site iconSite icon Janayugom Online

ഇറാനും അഫ്ഗാനും രാഷ്ട്രീയ അട്ടിമറികളും

സ്വതന്ത്രവാദത്തിനും ജനാധിപത്യവാദത്തിനും മതവാദത്തിനുമിടയിൽ അതിശക്തമായൊരു രാഷ്ട്രീയത്തിന്റെ ഇടപെടലുണ്ട്. രാജ്യത്തെ ഊർജസമ്പത്തിന്റെയും ധാതുസമ്പത്തിന്റെയും അളവിനനുസരിച്ച്, കരാറുകൾ നിർമ്മിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നതിനനുസരിച്ച് മതപരവും രാഷ്ട്രീയപരവുമായ നിയമങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നു. സാമൂഹികമായ ക്രമസമാധാനം നീചമായി നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഇറാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് പുതിയൊരു കലാപമല്ല, പഴയതിന്റെ ആവർത്തനം മാത്രം. റിസ ഷാ പഹ്‍ലവിയും മൊസാദിഖും ചേർന്ന് നടത്തിയ ആധുനികവല്‍ക്കരണം ജനാധിപത്യപരമായി ഇറാനെ മുന്നോട്ട് നയിച്ചിരുന്നു. റെയിൽപ്പാതകളും റോഡുകളും സ്കൂളുകളും നിർമ്മിച്ചു, മതപരമായ വസ്ത്രങ്ങൾ വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും നിരോധിച്ചു, സ്ത്രീകൾക്ക് വോട്ടവകാശം, തൊഴിലാളികൾക്ക് നിശ്ചിതവേതനം എന്നിവ ഉറപ്പാക്കി, ഭൂപരിഷ്കരണനിയമങ്ങൾ കൊണ്ടുവന്നു. എന്നാൽ വൻതോതിലുള്ള എണ്ണനിക്ഷേപം ദേശസാല്‍ക്കരിക്കുകയെന്ന മൊസാദിഖിന്റെ ലക്ഷ്യത്തെ പതിറ്റാണ്ടുകളോളം ഇറാൻ എണ്ണനിക്ഷേപത്തെ സഹായിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തിരുന്ന ബ്രിട്ടൻ ഭയന്നു. അമേരിക്കയെ കൂട്ടുപിടിച്ച് രഹസ്യാന്വേഷണ ഏജൻസിയുമായി ചേർന്ന് മൊസാദിഖിന്റെ ഭരണകൂടത്തെ അട്ടിമറിച്ചത് വെറും നാല് ദിവസത്തിലായിരുന്നു. അമേരിക്കൻ പ്രസിഡന്റ് റൂസ്‍വെൽറ്റിന്റെ കൊച്ചുമകനും സിഐഎ വക്താവുമായിരുന്ന കെർമിറ്റ് റൂസ്‍വെൽറ്റായിരുന്നു അതിന് നേതൃത്വം നൽകിയത്.
മതവിശ്വാസങ്ങളെ മാറ്റിനിർത്തി ആധുനികതയെ പിന്തുടരുന്നതിനെതിരെ വലിയൊരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളുയർന്നിരുന്നു. രാജ്യത്തിന്റെ പൂർണാധികാരം ഷാ ഭരണകൂടത്തിനുമേൽ വന്നുചേർന്നതോടെ മൊസാദിഖ് രാഷ്ട്രീയത്തടവുകാരനായി. ജർമ്മനിക്ക് ഇറാനുമേലുള്ള സ്വാധീനം അവിടുത്തെ എണ്ണ സംഭരണമേഖലയ്ക്ക് അപകടമാണെന്ന കാരണത്താൽ ബ്രിട്ടനും സോവിയറ്റ് യൂണിയനും സിഐഎയും സംയുക്തമായുണ്ടാക്കിയെടുത്ത തന്ത്രമായിരുന്നു ഷായുടെ കൈകളിലേക്ക് സമ്പൂർണ അധികാരക്കൈമാറ്റമെന്നതും വസ്തുതയാണ്.

 


ഇതുകൂടി വായിക്കു;  ഇറാന്‍ ഒരു സൂചനയാണ്


പുരോഗമനപരമായി മുന്നേറിയെങ്കിലും എണ്ണനിക്ഷേപം ദേശസാല്‍ക്കരിക്കുന്നതിനെ അവർ രഹസ്യമായി പിൻതുടർന്നതോടൊപ്പം യുറേനിയം സമ്പത്തിലൂടെ ആണവശക്തിയെ പരിപോഷിപ്പിക്കാനും ശ്രമിച്ചു. ഇറാൻ ആണവശക്തിയാകുന്നതിനെ ഇറാഖും സൗദിയും ഇസ്രായേലുമടങ്ങുന്ന പല രാജ്യങ്ങളും ഭയപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ ധൂർത്തും ആധുനികവല്‍ക്കരണവും ഷാ ഭരണം രാജ്യത്തുനിന്നും പുറത്താക്കിയ ഖൊമേനിയുടെ സന്ദേശങ്ങളും ഇറാൻ ജനതയെ കലാപത്തിലേക്ക് നയിച്ചു. ഉയർന്ന വിലയിലേക്ക് എണ്ണവ്യാപാരത്തെ എത്തിപ്പിച്ചത് വിലക്കയറ്റം രൂക്ഷമാകുന്നതിനും കാരണമായി. തുടർന്ന് പൊട്ടിപ്പുറപ്പെട്ട 1979ലെ ഇറാൻ വിപ്ലവത്തിൽ വിദ്യാർത്ഥികളും കുട്ടികളും അണിനിരന്നത് സ്ത്രീകൾക്ക് വോട്ടവകാശവും വിദ്യാഭ്യാസ അവകാശവും വസ്ത്രസ്വാതന്ത്ര്യവും പ്രഖ്യാപിച്ച അതേ ഷാ ഭരണകൂടത്തിനെതിരെയാണെന്നത് ശ്രദ്ധേയമാണ്. ഒരു ഭരണാധികാരിയെ ചെറുക്കുമ്പോൾത്തന്നെ എതിർപക്ഷത്തിന്റെ ഗൂഢലക്ഷ്യങ്ങളും അറിയേണ്ടതുണ്ട്. ഇറാന് പുറത്തേക്ക് ഷാ പലായനം ചെയ്യപ്പെട്ട സമയത്തുതന്നെ ഖൊമേനി രാജ്യത്ത് തിരിച്ചെത്തുകയും വൈകാതെ അധികാരം പിടിച്ചെടുത്ത് ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാലയങ്ങളിൽ മതപഠനം നിർബന്ധമാക്കിയും സ്ത്രീകളുടെ ശിരോവസ്ത്രങ്ങളടക്കമുള്ള മതനിയമങ്ങൾ കർശനമായി നടപ്പിലാക്കിയും അനുസരിക്കാത്തവരെ മൃഗീയമായി ശിക്ഷിച്ചും പുരോഗമനത്തിന്റെ പാതയിൽ നിന്നും ഇറാൻ കുത്തനെ പിന്നോട്ട് നീങ്ങി. ധ്രുവീകരിക്കപ്പെട്ട ഇറാൻ ജനതയ്ക്കിടയിൽ പ്രതിഷേധപ്രകടനങ്ങൾ സ്വാഭാവികമായും ഉടലെടുത്തു. യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള തർക്കങ്ങൾ നിരന്തരമായി തുടർന്നു.  2015ൽ സംയുക്ത ആണവകരാറിൽ ഒപ്പുവച്ചതോടെ, മരവിപ്പിക്കപ്പെട്ട കോടിക്കണക്കിന് സ്വത്തുക്കൾ ഇറാന് തിരികെ ലഭിച്ചു.

വ്യാപാരക്കരാറുകൾക്കും എണ്ണ കയറ്റുമതിക്കും ഇറാന് നൽകിവന്നിരുന്ന ഔപചാരികമായ അനുമതി സുഗമമായ രാജ്യാന്തര കച്ചവടങ്ങൾക്ക് ഉപകാരമാവുകയും സാമ്പത്തികമേഖല പുരോഗതി കൈവരിക്കുകയും ചെയ്തു. എന്നാല്‍ അമിതമായ യുറേനിയം ഉല്പാദനം കരാർലംഘനമായതോടെ ഇറാനുമേൽ വിലക്കുകൾ വീണു. 2018ൽ ട്രംപ് ഭരണകൂടം ആണവകരാറിൽ നിന്നും ഏകപക്ഷീയമായി പിന്മാറുകയും നയതന്ത്രബന്ധങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു. അതിനോടൊപ്പം അഫ്ഗാനിലെ സൈനിക പിന്മാറ്റത്തെ മന്ദഗതിയിലാക്കുകയും ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ പെട്ടെന്നുള്ള പിൻമാറ്റം സൃഷ്ടിക്കുന്ന വലിയ വിടവിലേക്ക് താലിബാനും മറ്റു സംഘടനകളും ശക്തിയോടെ എത്തുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകുകയും സൈന്യത്തെ പിൻവിളിക്കുന്നത് മാറ്റിവയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് വന്ന ബൈഡൻ ഭരണകൂടം അഫ്ഗാനിൽ നിന്നും സൈന്യത്തെ പൂർണമായും പിൻവലിക്കുകയും അഫ്ഗാൻ ഭരണാധികാരി ദിവസങ്ങൾക്കകം രാജ്യം വിടുകയും ആ രാജ്യം താലിബാൻ റിപ്പബ്ലിക്കാവുകയും ചെയ്തു. ഇറാനെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം കൂടുതൽ ഉപകാരപ്രദമായിരുന്നു. സിറിയ, ലെബനൻ, യെമൻ തുടങ്ങി പല രാജ്യങ്ങളിലുള്ള ഇറാന്റെ ഇടപെടലുകള്‍ അതോടുകൂടി ലളിതമാക്കപ്പെട്ടു. ഇറാന്റെ ആയുധസമ്പത്ത് മോസ്കോയിലേക്ക് പോകുന്നുവെന്ന സംശയം ഉക്രെനെയും ഭയപ്പെടുത്തിയിരുന്നു.


ഇതുകൂടി വായിക്കു;അഫ്ഗാന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് നാണക്കേടെന്ന് യുഎന്‍  


അഫ്ഗാനിലെയും ഇറാനിലെയും രാഷ്ട്രീയസാഹചര്യങ്ങൾക്ക് ഏറെ സാമ്യമുണ്ട്. 9/11 സൂത്രധാരനെ വധിച്ചതിനുശേഷവും അമേരിക്കൻ സൈനത്തിന് അഫ്ഗാൻ വിട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. യുഎസ് സൈന്യത്തിന്റെ പിൻബലത്തിലായിരുന്നു അഫ്ഗാൻ ഭരണകൂടത്തിന്റെ നിലനില്പ്. ഒറ്റയ്ക്ക് ഭരിക്കാനുള്ള രാഷ്ട്രീയവും നയതന്ത്രപരവുമായ ദുർബലത അഫ്ഗാനെ പ്രതിസന്ധിയിലാക്കി. ഇറാനിലും അഫ്ഗാനിലും നടന്ന ഭരണകൂട അട്ടിമറികൾ രണ്ട് രാജ്യങ്ങളിലെയും വിദ്യാഭ്യാസ തകർച്ചക്കും, തൊഴിലില്ലായ്മയ്ക്കും കാരണമായി. സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിക്കുന്നതിലേയ്ക്കും മതനിയമങ്ങൾ അവർക്കുമേൽ അടിച്ചേല്പിക്കുന്നതിലേക്കും ഇറാനും അഫ്ഗാനും മത്സരിച്ചു. സ്ത്രീസംരക്ഷണനിയമങ്ങളും അതിവിപുലമായ വിദ്യാഭ്യാസനയങ്ങളുമായി മുന്നേറിയ ഒരു ഭരണകൂടത്തിനെതിരെ ആ രാജ്യത്തെ വലിയൊരു വിഭാഗം അണിനിരന്നത് സ്വാഭാവികമായ പ്രതിഷേധമായിരുന്നില്ല. ഒരു ജനതയുടെ മനഃപൂർവമായ അബദ്ധം മാത്രമായിരുന്നു. ജനാധിപത്യപരമായും രാഷ്ട്രീയപരമായും മുന്നേറുന്ന ഭരണത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായിറങ്ങുന്നതിന് മുമ്പ് മറുഭാഗത്ത് അധികാരം കിട്ടാൻ കാത്തിരിക്കുന്നത് ആരാണെന്നുകൂടി മനസിലാക്കേണ്ടിയിരുന്നു. ഷാ ഭരണകാലം ഇറാന്റെ സുവർണകാലമായിരുന്നു, കുറവുകളുണ്ടായിരുന്നെങ്കിലും.

ഇറാനുമേൽ അങ്ങേയറ്റം സമ്മർദമേർപ്പെടുത്തുക എന്ന നയമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എണ്ണവ്യാപാരത്തിൽ നിന്നും വലിയതോതിൽ ലാഭമുണ്ടാക്കിയിട്ടും വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും കാര്യമായൊന്നും ചെയ്യാത്ത ഭരണകൂടത്തിനെതിരെ യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു. മതനിയമങ്ങൾ അനുസരിച്ചില്ലെന്ന പേരിലും രാജ്യത്തിനെതിരെ പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്തെന്ന പേരിലും കൊല്ലപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനക്കൂട്ടം നിരത്തിലിറങ്ങുമ്പോൾ അതൊരു രണ്ടാം ഇറാൻ വിപ്ലവം തന്നെയെന്ന് പറയാം. ജനാധിപത്യത്തിനും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രതിഷേധിക്കുന്നവർക്ക് എല്ലാവിധ സഹായങ്ങളും ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചതിനു പുറമേ ഇറാനുമായുള്ള കച്ചവടസംരംഭങ്ങളിൽ നിന്നും ജർമ്മനി ഏറെക്കുറെ പിന്മാറുകയും ചെയ്തു. പുരോഗമന പാതയിലേക്ക് അതിവേഗം എത്തിയിട്ടും വിദ്യാഭ്യാസം, തൊഴിൽ, നവോത്ഥാനപ്രവർത്തനങ്ങൾ, സാംസ്കാരികമായ ഉന്നതി എന്നിവയിലേക്ക് ഇറാനും അഫ്ഗാനും എത്തിപ്പെടാതിരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. മതതീവ്രവാദം ഇല്ലാതാവുക എന്നതിനോടൊപ്പം തന്നെ സാംസ്കാരിക മൂല്യങ്ങളെ വളർത്തിയെടുക്കുന്നതിലെ പരാജയമായിരുന്നു എന്ന് വർത്തമാനകാലം കാണിച്ചുതരുന്നു. തീവ്രമായ യാഥാസ്ഥിതിക മത വിശ്വാസങ്ങളെ നേർപ്പിച്ചെടുക്കലല്ല നവോത്ഥാനമുന്നേറ്റം, മറിച്ച് മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും മുകളിലല്ല മതമെന്ന തിരിച്ചറിവാണ്. ഇറാനും അഫ്ഗാനിസ്ഥാനും പൂർണമായും ഭീതിദമായ ഇന്നലെകളുടെ ആവർത്തനങ്ങളാണ്.

Exit mobile version