Site iconSite icon Janayugom Online

ജയപ്രകാശ്, പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

രുത് ഭയമരുത്,
ആര് മഹത്തായ ലക്ഷ്യങ്ങൾക്കായി ജീവിതം ത്യജിക്കുന്നുവോ
അയാൾ മരിക്കുന്നില്ല ഒരിക്കലും,
അയാൾക്ക് മരണമില്ല ഒരിക്കലും.”
രക്ത സാക്ഷിയുടെ അമരത്വത്തെ വർണിച്ചുകൊണ്ടുള്ള വരികൾ മഹാകവി രബീന്ദ്ര നാഥ ടാഗോറിന്റേതാണ്. അതെ, ഒരു പോരാട്ടവും വൃഥാവാകുന്നില്ല, കാലം സാക്ഷി, ഒരു രക്ത സാക്ഷിയും മറവിയുടെ ഓരത്തേക്ക് തള്ളപ്പെടുന്നുമില്ല. വിദ്യാഭ്യാസത്തെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമെന്ന നിലയിൽ നിന്നും അകറ്റി നിർത്താനുള്ള വ്യഗ്രതയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നഗ്നമായ കച്ചവടവല്കരണവും ലക്ഷ്യം വച്ചുകൊണ്ടാണ് 1991ൽ അധികാരത്തിൽ വന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സ്വകാര്യമേഖലയിൽ മെഡിക്കൽ കോളജുകൾ ആരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.
കേവല കച്ചവട താല്പര്യം മാത്രം മുൻനിർത്തിക്കൊണ്ടുമുള്ള സർക്കാർ നയത്തിനെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കാണ് അക്കാലയളവിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 1991 ജൂലൈ മാസം ആരംഭം കുറിച്ച വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിദ്യാർത്ഥികൾക്കൊപ്പം യുവജനങ്ങൾ കൂടി അണി ചേർന്നു. എന്നാൽ വിദ്യാർത്ഥി യുവജന സമരങ്ങളെ കേരളത്തിലാകമാനം ചോരയിൽ മുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഇലക്ട്രിക് ലാത്തിയും ജലപീരങ്കിയും കണ്ണീർ വാതകഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിക്കുന്നതടക്കം അത്യന്തം ഹീനമായ നടപടികൾ അന്ന് പ്രബുദ്ധകേരളം കണ്ടു. വിദ്യാർത്ഥി സമരത്തിനു നേരെയുള്ള ലാത്തിച്ചാർജുകളും പീഡനങ്ങളും പൊലീസിന്റെ നരനായാട്ടായി കേരളം മുഴുവൻ വ്യാപിച്ചു. കേരളത്തിന്റെ തെരുവോരങ്ങളിൽ എഐഎസ്എഫുകാരും എഐവൈഎഫുകാരും രക്തംകൊണ്ട് ചരിത്രമെഴുതി, വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളുടെ തീവ്രഭാവം കേരളം കണ്ടറിഞ്ഞ ദിനങ്ങൾ. നൂറുകണക്കിന് വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് അന്ന് ലോക്കപ്പുകളിലും ജയിലറകളിലും ഭീകരമായ മർദനമുറകൾക്ക് ഇരയാവുകയും മാരകമായ പരിക്കുകളുമായി ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തത്. എല്ലാ മർദന മുറകളെയും ഭരണകൂട ഭീകരതകളെയും അതിജീവിച്ച് സമാനതകളില്ലാത്ത സമരത്തിന്റെയും സഹനത്തിന്റെയും ചരിത്രമെഴുതി കേരളത്തിന്റെ തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുക തന്നെ ചെയ്തു വിദ്യാർത്ഥി യുവജന സമൂഹം.

സമരത്തിന്റെ രണ്ടാംഘട്ടത്തിൽ വിദ്യാർത്ഥി നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടുകൂടി പൊലീസ് ഭീകരത അതിന്റെ മൂർധന്യാവസ്ഥയിലെത്തി. നിരാഹാര സമരപന്തലിനുള്ളിൽ അതിക്രമിച്ചു കയറി പാ­ർട്ടി നേതാക്കൾക്കും പ്രവർ­ത്തകർക്കുമെതിരെയുള്ള കയ്യേറ്റവും കള്ളക്കേസ് ചുമത്തലും പാർട്ടി ഓഫീസുകൾക്കു നേ­രെയുള്ള അതിക്രമവും വ്യാപകമായി. 1991 ഡിസംബർ എട്ടിന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചത് സർക്കാരിന്റെ ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളം ഒന്നടങ്കം പ്രക്ഷുബ്ധമായി. ഡിസംബർ ഒമ്പതിന് കേരളത്തിൽ ബന്ദ് പ്രഖ്യാപിക്കുകയും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് കൂടുതലായി ആളിപ്പടരുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു.
വിദ്യാർത്ഥിയായിരുന്ന ജയപ്രകാശ് അന്ന് എഐവൈഎഫിന്റെ തിരുവനന്തപുരം സിറ്റി കമ്മിറ്റി സെക്രട്ടറിയായിരുന്നു. അനന്തപുരിയിലെ വിദ്യാർത്ഥി യുവജന സമരമുഖങ്ങളിലെ നിറസാന്നിധ്യം. ബന്ദ് ദിനത്തിൽ പൊലീസ് നിരോധനാജ്ഞ ലംഘിച്ച എഐവൈഎഫ്. എഐഎസ്എഫ് പ്രവർത്തകരുടെ പ്രതികരണശേഷി തിരുവനന്തപുരത്ത് കുടപ്പനക്കുന്നിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ നിരായുധരായ സമരക്കാർക്ക് നേരെ കരുണാകരന്റെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉതിർത്ത വെടിയുണ്ട സഖാവ് ജയപ്രകാശിന്റെ ഇടനെഞ്ചിലാണ് പതിച്ചത്. നെഞ്ചും ശിരസും ഭേദിച്ച് വെടിയുണ്ട കടന്നുപോയപ്പോഴും പതറാതെ നിന്ന് എഐവൈഎഫിന്റെ സമര പതാക ഉയർത്തിപ്പിടിച്ച് ഇന്‍ക്വിലാബ് വിളികളോടെയാണ് അനന്തപുരിയുടെ പ്രിയപുത്രൻ ധീര സഖാവ് ജയപ്രകാശ് പിടഞ്ഞുവീണത്. ഐതിഹാസികമായ പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ സഖാവ് ജയപ്രകാശിന്റെ ഓർമ്മകൾക്ക് ഇന്ന് 33 വയസ്.
പകരം വയ്ക്കാനില്ലാത്ത അനുഭവ തീക്ഷ്ണതകളായിരുന്നു ആ വിപ്ലവകാരിയായ ചെറുപ്പക്കാരന്റെ ജീവിതം. കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് യഥേഷ്ടം കയറിയിറങ്ങാൻ വാതിൽ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോൾ ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ പകച്ചുനിൽക്കാതെ പൊരുതിയ സമരേതിഹാസം, മിടുക്കും മെറിറ്റും മാനദണ്ഡമാക്കാതെ പ്രവേശനത്തിനായി ലക്ഷങ്ങൾ കോഴ നൽകി കമ്പോളത്തിൽ ലഭിക്കുന്ന വസ്തുക്കളും സേവനങ്ങളുംപോലെ കാശു കൊടുത്തു നേടാവുന്നതും കാശുള്ളവർക്ക് മാത്രം വാങ്ങാവുന്നതുമായ ചരക്കായി വിദ്യാഭ്യാസവും മാറിയപ്പോൾ നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കിയ ക്ഷുഭിത യൗവനം.
സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളോടും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമുള്ള എഐവൈഎഫിന്റെ നിലപാടുകൾ സുശക്തവും സമാനതകളില്ലാത്തതുമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സൃഷ്ടിക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ കേരള ജനതയോട് എഐവൈഎഫ് പതിറ്റാണ്ടുകൾക്ക് മുമ്പേ വിളിച്ചുപറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെ തങ്ങളുടെ അപ്രമാദിത്വത്തിനു കീഴടക്കും വിധം കച്ചവടത്തിന്റെ സകല അസ്തിവാരങ്ങളും കേരളത്തിൽ അരക്കിട്ടുറപ്പിക്കുന്ന സ്വാശ്രയ മുതലാളിമാരോട് അനുരഞ്ജനപ്പെടാനുള്ള ഏത് നീക്കങ്ങളെയും ചെറുത്തുതോല്പിക്കാൻ എഐവൈഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് ഓർമ്മിപ്പിക്കുന്നു.

വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ എഐവൈഎഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാരാകട്ടെ ഭരണഘടന മുന്നോട്ടുവക്കുന്ന സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുന്ന വിദ്യാഭ്യാസ നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഇന്നലെകളിൽ നാം ആർജ്ജിച്ചെടുത്തതും പൊരുതി നേടിയതുമായ മൂല്യങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന നയങ്ങൾ വാണിജ്യവൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയവൽക്കരണത്തിനും ഊന്നൽ നൽകുന്നതാണ്.
പൗരന്മാർക്കിടയിലെ ശത്രുതാപരമായ വിഭജനത്തിലൂടെ മനുഷ്യന്റെ ജീവൽ പ്രശ്നങ്ങൾക്കെതിരായുള്ള പോരാട്ടങ്ങളിലെ പൊതു ഐക്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കവും അവർ നടത്തുന്നു. നവലിബറൽ നയത്തിന്റെ ചുവടു പിടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും വ്യാപകമാക്കിയിരിക്കുന്നു. വിദ്യാഭ്യാസ രംഗവും തൊഴിൽമേഖലയും തകർക്കുന്ന കേന്ദ്ര ഭരണകൂടം കടുത്ത യുവജന വിരുദ്ധത മുഖ മുദ്രയാക്കിക്കൊണ്ടാണ് കടന്നുപോകുന്നത്. ഇന്നലെകളിലെ സമാനതകളില്ലാത്ത പോരാട്ടങ്ങളും സഹനങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായ ഒരു സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തിലാണ് ജയപ്രകാശ് ദിനം ആചരിക്കുന്നത്. സമകാലിക വിഷയ മുദ്രാവാക്യങ്ങളിലൂടെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി തെരുവുകളിലേക്ക് ഇറങ്ങേണ്ട വർത്തമാനകാല സാഹചര്യത്തിൽ അത്തരം പോരാട്ടങ്ങളിൽ നമുക്ക് എന്നും ആവേശവും ഊർജവുമാണ് അനശ്വര രക്തസാക്ഷി ജയപ്രകാശ്.

Exit mobile version