കഴിഞ്ഞ കുറച്ചുവർഷങ്ങളായി, ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ പൊതുവായ ഒരു വസ്തുത നിലനിൽക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായ വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവ ഒരു തരത്തിലും പരിഗണിക്കപ്പെടാതെ കിടക്കുന്നു എന്നതാണത്. കഴിഞ്ഞയാഴ്ച ഡൽഹി മദ്യനയ അഴിമതിക്കേസ് സംബന്ധിച്ച് സിബിഐ കോടതി പുറപ്പെടുവിച്ച വിധിയുടെ പ്രത്യേകത, മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാക്കളെ വെറുതെ വിട്ടു എന്നതു മാത്രമല്ല, പല തരത്തിലും അഭൂതപൂർവവും അപലപനീയവുമായ ഒരു ഉത്തരവായിരുന്നു ഇത്. നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു.
ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. തെളിവുകളുടെ അഭാവം മാത്രമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ പൂർണമായും കെട്ടിച്ചമച്ചതാണ് കേസ് എന്ന്. 598 പേജുള്ള ഉത്തരവിന്റെ ഖണ്ഡിക 1,077ൽ, സംശയം ഉന്നയിക്കുന്നതല്ലാതെ പ്രഥമദൃഷ്ട്യാ പോലും സംശയകരമായ സാഹചര്യം വ്യക്തമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന തെളിവുകൾ പോലും ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഖണ്ഡിക 1,078ൽ, കേസ് മുഴുവനായി പരിശോധിച്ചാൽ അന്വേഷണ ഏജൻസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ശക്തമായി ഉന്നയിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തം, നൽകിയിരിക്കുന്ന തെളിവ് രേഖകൾ പരിശോധിക്കുമ്പോൾ പൂർണമായും പൊളിച്ചുമാറ്റപ്പെടുന്നുവെന്നും കോടതി രേഖപ്പെടുത്തി.
സാക്ഷികളെ പരാമർശിച്ചുകൊണ്ട് കൂടുതൽ ഞെട്ടിപ്പിക്കുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. തുടക്കത്തിൽ സഹ‑ഗൂഢാലോചനക്കാരായി പ്രഖ്യാപിക്കപ്പെട്ട ഒന്നിലധികം വ്യക്തികളെ പിന്നീട് സാക്ഷികളായി വിസ്തരിച്ചതിനെ ഖണ്ഡിക 800ൽ ഞെട്ടിപ്പിക്കുന്നത് എന്നാണ് കോടതി വിലയിരുത്തുന്നത്. ഗൂഢാലോചനക്കാരനെന്ന് മുദ്രകുത്തിയ വ്യക്തിയുടെ മൊഴിയാണ് മറ്റ് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അടിസ്ഥാനമായി ഏജൻസികൾ പരിഗണിച്ചത് എന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഖണ്ഡിക 1,070ലും, പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായി കണ്ടെത്തിയ വ്യക്തിയെ മാപ്പ് സാക്ഷിയാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. ആദ്യം പ്രധാന കുറ്റവാളിയായി കണ്ടെത്തിയ വ്യക്തിയെ പെട്ടെന്ന് സാക്ഷിയാക്കി മാറ്റുന്നു. മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും കാര്യത്തിലും കോടതി ശക്തമായ പരാമർശങ്ങളാണ് നടത്തിയത്.
മനീഷ് സിസോദിയയുടെ കാര്യത്തിൽ, ഫണ്ട് കൈമാറ്റം ആരോപിക്കപ്പെട്ടതുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തലുകളോ രേഖകളോ സാമ്പത്തിക അന്വേഷണത്തിന്റെ തെളിവുകളോ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ കാര്യത്തിലുള്ള നിരീക്ഷണം “രേഖകളുടെ സൂക്ഷ്മപരിശോധനയിൽ, കെജ്‌രിവാളിനെ ആരോപിക്കപ്പെടുന്ന നയപരമായ കൃത്രിമത്വവുമായോ നിയമവിരുദ്ധ നടപടിയുമായോ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിക്കുന്ന ഒരു രേഖയോ, ഫയൽ കുറിപ്പോ, ഇലക്ട്രോണിക് ആശയവിനിമയമോ, സാമ്പത്തിക ഇടപാടോ, ഡിജിറ്റൽ തെളിവുകളോ ഹാജരാക്കിയിട്ടില്ലെന്നും ഏതെങ്കിലും ഗൂഢാലോചനാ യോഗത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കാണിക്കുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും നിയമവിരുദ്ധമായ നടപടികളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടെന്ന് സൂചിപ്പിക്കുന്നതിനോ ഒരു തെളിവുമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.
അദ്ദേഹത്തെ കുറ്റക്കാരനാക്കാനുള്ള ശ്രമം വിശ്വസനീയമല്ലാത്ത അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് രാഷ്ട്രീയ സ്വാധീനമുണ്ടോ എന്ന ചോദ്യവും ഉന്നയിക്കുകയുണ്ടായി. കേസ് വളരെ ദുർബലമായിരുന്നതിനാൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന അപൂർവ ഉത്തരവുകളിൽ ഒന്നായി ഒന്നിലധികം രാഷ്ട്രീയ നിരീക്ഷകർ വിധിയെ വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രാഥമിക ഘട്ടത്തിൽത്തന്നെ തെളിവുകളില്ലാത്ത കേസായതിനാൽ വെറുതെ വിടുക എന്ന് പോലും പറയേണ്ടതില്ല. ഈ പശ്ചാത്തലത്തിൽ ഉയരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്.
നമ്മുടെ സ്ഥാപനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെട്ടത് എന്തുകൊണ്ട്? ഇതിന് ആരാണ് ഉത്തരവാദി? കെജ്‌രിവാൾ, സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ എന്നിവർ ജയിലിൽ കഴിയേണ്ടിവന്ന വർഷങ്ങൾക്ക് ആരാണ് ഉത്തരവാദി? കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, തെരഞ്ഞെടുപ്പിലും രാഷ്ട്രീയമായും ആം ആദ്മി പാർട്ടി നേരിട്ട തിരിച്ചടികൾക്ക് ആരാണ് ഉത്തരവാദി? മൂന്ന് വർഷമായി ഡൽഹി നേരിട്ട ഭരണം സ്തംഭിച്ചതിന് ആരാണ് ഉത്തരവാദി? നാം ചോദിക്കേണ്ട ചോദ്യങ്ങളാണിത്. ഇന്ത്യൻ ഭരണഘടനാ — അന്വേഷണ സ്ഥാപനങ്ങളിൽ വിശ്വാസവും ഉത്തരവാദിത്തവും നഷ്ടപ്പെട്ടത് എന്തുകൊണ്ട്? ജനാധിപത്യം എന്നാൽ അഞ്ച് വർഷത്തിലൊരിക്കൽ വോട്ട് ചെയ്ത് എല്ലാവരെയും അവരുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ നടത്താൻ അനുവദിക്കുക എന്നല്ല. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിർത്തുക എന്നും ഇതിനർത്ഥമുണ്ട്.
രാഷ്ട്രീയ പാർട്ടികളായാലും അന്വേഷണ ഏജൻസികളായാലും തെരഞ്ഞെടുപ്പ് കമ്മിഷനായാലും നീതിന്യായ സംവിധാനമായാലും പൊലീസായാലും മാധ്യമങ്ങളായാലും അറിവില്ലായ്മ, ധാർഷ്ട്യം, അധികാര ദുർവിനിയോഗം എന്നിവ സ്ഥാപനവൽക്കരിച്ച് പ്രസക്തി നിലനിർത്താൻ ശ്രമിച്ചേക്കാം. അത് ആശങ്കാജനകമാണ്. അധികാര രാഷ്ട്രീയം അമിതമായി കൈകടത്തുകയും നിയന്ത്രിക്കുകയും വഴി ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഉത്തരവാദിത്തബോധവും നഷ്ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവുകൂടിയാണ് ഡൽഹി മദ്യനയ അഴിമതിയെന്ന പേരിൽ കെട്ടിച്ചമച്ച കേസ്. (ദ പ്രിന്റ്)

