Site iconSite icon Janayugom Online

ജനാധിപത്യ വിരുദ്ധതയുടെ വ്യാഴവട്ടം

വർ ജെന്നിങ്സ് എന്ന ബ്രിട്ടീഷ് ഭരണഘടന വിദഗ്ധനും ഗ്രാൻഡ് വില്യം ഓസ്റ്റിൻ എന്ന അമേരിക്കൻ ഭരണഘടന വിദഗ്ധനും ഇന്ത്യൻ ഭരണഘടനയ്ക്ക് 10 വർഷം മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രഖ്യാപിച്ചപ്പോൾ അംബേദ്കർ ഉൾപ്പെടെ ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങൾ തികച്ചും അവിശ്വസനീയതയോടെ ആണ് വീക്ഷിച്ചത്. ഇന്ന് 76 വർഷം കഴിഞ്ഞിട്ടും അതേ ഭരണഘടന നിലനിൽക്കുകയും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നിലനിർത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ടത് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ സങ്കല്പത്തിൽ ഊന്നി നിൽക്കുന്ന ഒരു സമൂഹമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ ജനങ്ങളെക്കാൾ പ്രാധാന്യം ഒന്നിനുമില്ല എന്നതാണ് വാസ്തവം. 21-ാം നൂറ്റാണ്ടിലെ ഇന്ത്യൻ ജനാധിപത്യം എങ്ങനെയാണ് മുന്നോട്ടുപോയത് എന്ന് പരിശോധിക്കേണ്ടത് ഈ അവസരത്തിൽ ഏറെ പ്രസക്തമാണ്. ഭരണഘടനാ തത്വങ്ങൾക്കും ധാർമ്മികതയ്ക്കും അനുസരിച്ച് പ്രവർത്തിച്ച ഭരണകൂടമായിരുന്നു 2005ല്‍ അധികാരത്തിൽ വന്ന ഒന്നാം യുപിഎ സർക്കാർ. കോൺഗ്രസ് നേതൃത്വം കൊടുത്ത, ഇടതുപക്ഷം പിന്താങ്ങിയ ആ സർക്കാർ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പുരോഗമനപരമായ ഭരണകൂടമായിരുന്നു. മതനിരപേക്ഷത, സാമൂഹിക ജനാധിപത്യം, സ്ഥിതിസമത്വ രാഷ്ട്രം, ഫെഡറൽ സ്വഭാവം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിയ നിയമങ്ങൾ രാജ്യത്തുണ്ടായത് ആ കാലയളവിലാണ്. എന്നാൽ ഇടതുപക്ഷ പിന്തുണയില്ലാതെ വന്ന രണ്ടാം യുപിഎ സർക്കാർ അതുവരെ രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട ഭരണമാണ് കാഴ്ചവച്ചത്. ഇടതുപക്ഷത്തിന്റെ അസാന്നിധ്യം തന്നെയാണ് ആ നിലയിൽ അവരെക്കൊണ്ടെത്തിച്ചത്. ഭരണഘടനാ ആശയങ്ങളിൽ നിന്നും വ്യതിചലിച്ച ആ സർക്കാർ ജനാധിപത്യത്തിനും ജനങ്ങൾക്കും ഒരു ബാധ്യതയായി മാറുകയായിരുന്നു. അഴിമതി, സ്വജനപക്ഷപാതം, വിവേചനങ്ങൾ, ചൂഷണം ഇവയെല്ലാം അതിന്റെ മുഖമുദ്രയായിരുന്നു. അതിന്റെ ഭാഗമായുണ്ടായ ജനരോഷത്തിന്റെ ബാക്കിപത്രമാണ് അന്നാ ഹസാരെ ഡൽഹിയിൽ നടത്തിയ അഴിമതിവിരുദ്ധ സമരം. രാജ്യത്തെ സാഹചര്യം നന്നായി പഠിച്ച ബിജെപിയും സംഘ്പരിവാർ ശക്തികളും അവർക്കനുകൂലമായി പ്രയോജനപ്പെടുത്തി എന്നതാണ് 2014 നരേന്ദ്ര മോഡി അധികാരത്തിൽ വരാനുണ്ടായ സാഹചര്യം.

രാജ്യത്തെ അഴിമതിയിൽ നിന്ന് രക്ഷിക്കുവാൻ നരേന്ദ്ര മോഡി എന്ന വ്യക്തിക്ക് മാത്രമേ സാധിക്കൂ എന്ന പ്രചരണം രാജ്യവ്യാപകമായി നടത്തുന്നതിൽ അവർ വിജയിച്ചു. അധികാരം കിട്ടിയപ്പോൾ എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് അവരുടെ വിശ്വരൂപം പുറത്തുവന്നു. അതിനെ എങ്ങനെ നേരിടണമെന്ന് കഴിഞ്ഞ 12 വർഷമായി രാജ്യത്തെ ജനങ്ങൾക്കോ പ്രതിപക്ഷത്തിനോ മനസിലാക്കാത്ത അവസ്ഥയാണ് കാണാൻ കഴിഞ്ഞത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ തകർക്കുകയാണ് അവർ ആദ്യം ചെയ്തത്.
തികച്ചും ജനാധിപത്യ വിരുദ്ധതയുടെ വഴിയിലൂടെ വന്നവരാണ് ബിജെപി എന്ന പാർട്ടി. അത് മനസിലാക്കണമെങ്കിൽ 1925 ആർഎസ്എസ് രൂപീകരണം മുതലുള്ള അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മതി. സ്വാതന്ത്ര്യസമര കാലത്ത് മുഖ്യധാരാ സമരങ്ങളിൽനിന്ന് മാറിനിന്ന് ഹിന്ദുരാഷ്ട്രത്തിന് വേണ്ടി മാത്രം വാദിച്ചവർ, ഭരണഘടനാ നിർമ്മാണ വേളയിൽ ജനാധിപത്യ വിരുദ്ധ ആശയങ്ങൾ തിരുകിക്കയറ്റുവാൻ ശ്രമിച്ചവർ, ഗാന്ധിയുടെ ജീവനുവേണ്ടി മുറവിളി കൂട്ടിയവർ, അംബേദ്കറെ അടച്ചാക്ഷേപിച്ചവർ, കമ്മ്യൂണിസ്റ്റുകാരെ ശത്രുക്കളായി കണ്ടവർ, കപട സോഷ്യലിസ്റ്റ് മുഖവുമായി ജയപ്രകാശ് നാരായണനോടൊപ്പം കൂടിയവർ, ജനാധിപത്യവാദികൾ എന്ന പരിവേഷത്തിന് വേണ്ടി ജനതാ പാർട്ടിയിൽ ലയിച്ചവർ, ഗാന്ധിയൻ സോഷ്യലിസം നടപ്പിലാക്കും എന്ന വ്യാജേനെ ബിജെപി എന്ന പാർട്ടി ഉണ്ടാക്കിയവർ, മണ്ഡൽ കമ്മിഷനെ എതിർത്തവർ, ബാബറി മസ്ജിദ് തകർത്തവർ…
രാജ്യത്തുണ്ടായ വർഗീയ ലഹളകൾക്ക് ആരാണ് ഉത്തരവാദികൾ? ഹിന്ദു മഹാസഭ, ഭാരതീയ ജനസംഘം, ബിജെപി… അവരുടെ ഉദ്ദേശ്യം ഗോൾവാൾക്കര്‍, സവർക്കർ, ശ്യാമപ്രസാദ് മുഖർജി, ദീൻ ദയാൽ ഉപാധ്യായ എന്നീ നേതാക്കൾ കൊണ്ടുവന്ന, ഭരണഘടനയുമായി ഒരു ബന്ധവുമില്ലാത്ത പ്രതിലോമ പ്രത്യയശാസ്ത്രം നടപ്പിലാക്കുക എന്നുള്ളതാണ്. ഇന്ത്യൻ സമൂഹത്തെ നീതിയിലും തുല്യതയിലും അധിഷ്ഠിതമായി പരിവർത്തനം ചെയ്യാൻ ഭരണഘടന ശ്രമിച്ചപ്പോൾ അധികാരം നിലനിർത്താൻ നാളിതുവരെ ഉണ്ടായ പുരോഗതികൾ എല്ലാം പിറകോട്ട് വലിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടാകുന്നത്. മതരാഷ്ട്ര സമീപനം, കോർപറേറ്റ്‌വൽക്കരണം, സ്ഥിതിസമത്വ രാഷ്ട്രം വേണ്ടെന്ന പിടിവാശി, ഫെഡറൽ ഭരണഘടനയോടുള്ള എതിർപ്പ് എന്നിവയെല്ലാം അധികാരം അവിശുദ്ധ മാർഗങ്ങളിലൂടെ നിലനിർത്തുവാനുള്ള അജണ്ടകളുടെ ഭാഗമാണ്. മത ന്യൂനപക്ഷങ്ങളും കർഷകരും തൊഴിലാളികളും പട്ടികജാതി പട്ടികവർഗ ജനവിഭാഗവും ആണ് ഇതിന്റെ ഇരകൾ.

പൊതുജന താല്പര്യത്തെക്കാൾ രാഷ്ട്രീയ താല്പര്യങ്ങളും മത സ്ഥാപനങ്ങളുടെ താല്പര്യങ്ങളും ആണ് രാജ്യത്തെ ഭരണകേന്ദ്രങ്ങൾ സംരക്ഷിക്കുന്നത്. ഇതിലൂടെ അധികാരം നിലനിർത്തുക മാത്രമാണ് ഉദ്ദേശലക്ഷ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭരണാധികാരികൾ രാജ്യത്ത് കൊണ്ടുവന്നിട്ടുള്ള നിയമങ്ങളുടെ യഥാർത്ഥ ഉപഭോക്താക്കൾ ജനങ്ങളല്ല, എന്നുമാത്രമല്ല ഇത്തരം നിയമങ്ങൾ കൊണ്ടുവന്നത് ഭരണവും അധികാരവും നിർത്തുന്നതിന് വേണ്ടിയുള്ള സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി മാത്രവുമാണ്. ഇലക്ടറൽ ബോണ്ട്, നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയത്, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, മണി ലോണ്ടറിങ് ആക്ട്, തീവ്രവാദവുമായി ബന്ധപ്പെട്ട നിയമങ്ങൾ, രാജ്യദ്രോഹക്കുറ്റം തിരിച്ചുവന്നത്, മത ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അമിത അധികാരങ്ങൾ, എസ്ഐആർ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങൾക്ക് വേണ്ടിയല്ല. ഭരിക്കുന്ന പാർട്ടിക്ക് അധികാരം നിലനിർത്തുവാനുള്ള ചില അവിശുദ്ധ മാർഗങ്ങൾ മാത്രമാണിവ. ഭരണഘടനാവിരുദ്ധവും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന ജാലവിദ്യയും. അതുകൊണ്ടുതന്നെ ഇതിനെതിരായി പ്രവർത്തിക്കുവാൻ ഭരണഘടനാ ധാർമ്മികതയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്.
ഭരണകർത്താക്കളെ ദൈവത്തെപ്പോലെ ഒരുവിഭാഗം പൂജിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഭരണഘടനാ സാക്ഷരതയും ഭരണഘടനാ മൂല്യങ്ങളും പൂർണമായി ഉൾക്കൊള്ളുന്ന ഒരു സമൂഹമായി രാജ്യം മാറേണ്ടതുണ്ട്. ജനങ്ങളിൽ ജനാധിപത്യബോധം ഉണ്ടാക്കുക എന്നത് മാത്രമാണ് പ്രതിരോധം. ജനാധിപത്യബോധം ഉണ്ടാകാതിരിക്കാനാണ് തീവ്ര ദേശീയതയും സവർണാധിപത്യവും മനുസ്മൃതിയും ഹിന്ദു — മുസ്ലിം വിരോധവും എല്ലാം പറയുന്നത്. ഇതെല്ലാം തിരിച്ചറിയേണ്ടതുണ്ട്. രാജ്യം 77-ാം റിപ്പബ്ലിക് ദിനം പിന്നിട്ടിരിക്കുന്ന വേളയില്‍ അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പ്രതിജ്ഞയോടെ നീങ്ങുകയാണ് വേണ്ടത്.

Exit mobile version