Site iconSite icon Janayugom Online

ജനകീയ വികസനത്തിന്റെ കേരള മാതൃക

സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്പുകളുമായി നമ്മൾ മുന്നേറുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എല്‍ഡിഎഫ് സർക്കാരിന് സാധിച്ചു. വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്ന നിലയിൽ എത്താൻ കേരളത്തിന് കഴിഞ്ഞു. ‘കേരള മാതൃക’ ലോകശ്രദ്ധ തന്നെ ആകർഷിക്കുകയും നിരവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തുകയും ചെയ്തു. 

ജനക്ഷേമവും വികസനവും ഒരുപോലെ സാധ്യമാക്കുക എന്ന ഇടതു മുന്നണി സർക്കാരിന്റെ നയമാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയത്. നമ്മുടെ നാടിന്റെ പുരോഗതിയെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെ അംഗീകരിച്ച കണക്കുകളാണ് നമ്മോട് സംസാരിക്കുന്നത്. കേരളത്തിലെ ശിശുമരണ നിരക്ക് അഞ്ച് ആയി കുറഞ്ഞിരിക്കുകയാണ്. അമേരിക്കയിൽ പോലും നിരക്ക് 5.6 ആണെന്നിരിക്കെയാണ് നമ്മുടെ കൊച്ചു കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ശരാശരി 25 ആണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഈ നേട്ടം എത്രത്തോളം മികച്ചതെന്ന് നാം തിരിച്ചറിയുന്നത്. 

വികസനം എന്നാൽ വൻകിട നിർമ്മാണങ്ങൾ മാത്രമല്ല, പട്ടിണി കിടക്കുന്ന ഒരാൾ പോലും ഉണ്ടാവരുത് എന്ന നിർബന്ധം കൂടിയാണത്. നിതി ആയോഗിന്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. റിപ്പോർട്ട് പ്രകാരം 2022–23 ൽ ഇന്ത്യയുടെ ദാരിദ്ര്യ സൂചിക 11.28% ആണെങ്കിൽ, കേരളത്തിൽ അത് വെറും 0.55% മാത്രമാണ്. 2021ലെ റിപ്പോർട്ടിൽ 0.71% ആയിരുന്നതാണ് നാം കുറച്ചുകൊണ്ടുവന്നത്. ഭൂപരിഷ്കരണം, എല്ലാവർക്കും വിദ്യാഭ്യാസ — ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സ്ത്രീശാക്തീകരണം എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 

ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ 95.34 സ്കോറോടെ കേരളം രാജ്യത്ത് ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങൾ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളെക്കാൾ ജീവിത നിലവാരത്തിൽ മുന്നിലാണ്. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിലും 0.758 സ്കോറുമായി കേരളം ഒന്നാമതാണ്. ആഗോള ശരാശരിയായ 0.754 നെക്കാൾ മുകളിലാണ് നമ്മുടെ സ്ഥാനം എന്നത് നിസാര കാര്യമല്ല. സാമൂഹിക പുരോഗതി സൂചികയിൽ കേരളത്തിന്റെ സ്കോർ 65.2 ആണ്; ഇന്ത്യൻ ശരാശരി 58.3. ലിംഗസമത്വ മനോഭാവം, പൊതുസുരക്ഷ എന്നിവയിൽ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് തൊഴിൽ സേനയിലെ സ്ത്രീപങ്കാളിത്തം 2020–21 ലെ 32.3 ശതമാനത്തിൽ നിന്ന് 2023–24ൽ 36.4% ആയി ഉയർന്നത്. ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024 പ്രകാരം, തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് ജോലി ചെയ്യാൻ ഏറ്റവും മുൻഗണന നൽകുന്ന സംസ്ഥാനമായും കേരളം തെരഞ്ഞെടുക്കപ്പെട്ടു. 

അധികാരം ജനങ്ങളുടെ കൈകളിലെത്തുമ്പോൾ മാത്രമേ ജനാധിപത്യം അർത്ഥവത്താകൂ എന്ന ആശയമാണ് കേരളത്തിലെ ഇടതുപക്ഷം എക്കാലവും ഉയർത്തിപ്പിടിച്ചത്. എന്നാൽ, വലതുപക്ഷം എക്കാലത്തും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. 2011-12 മുതൽ 2015–16 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ നൽകിയ പദ്ധതി വിഹിതം 29,500 കോടി രൂപയായിരുന്നു. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ വിഹിതം 52,648.39 കോടിയായി വർധിച്ചു. ഈ സർക്കാരിന്റെ കാലയളവിൽ 70,526.77 കോടി രൂപയായി വീണ്ടും ഉയർത്തി.
‘എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്’ എന്നത് എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ഇതുവരെ 4,71,442 കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലൈഫ് മിഷനിലൂടെ സാധിച്ചു. 2026 ഫെബ്രുവരിയോടെ അഞ്ച് ലക്ഷം വീടുകൾ എന്ന ചരിത്രപരമായ ലക്ഷ്യം കൈവരിക്കാൻ പോവുകയാണ്. 5,98,102 വീടുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഇതിനകം ഏർപ്പെട്ടുകഴിഞ്ഞു. 

ഇവിടെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ കാപട്യങ്ങളെ നാം തിരിച്ചറിയേണ്ടത്. ലൈഫ് മിഷൻ വീടുകൾക്ക് പേര് മാറ്റിയാൽ അത് കേന്ദ്ര പദ്ധതിയാകില്ല എന്ന് കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഒരു വീടിന് കേന്ദ്രം നൽകുന്ന വിഹിതം 72,000 രൂപയും നഗരങ്ങളിൽ 1.5 ലക്ഷം രൂപയുമാണ്. എന്നാൽ കേരളം ലൈഫ് പദ്ധതിയിൽ നൽകുന്നത് നാല് ലക്ഷം രൂപയാണ്. പട്ടികവർഗക്കാർക്ക് ഇത് ആറ് ലക്ഷം വരെയാണ്. ഭൂമി വാങ്ങാൻ നഗരസഭകളിൽ 5.25 ലക്ഷം രൂപ വരെയും, എസ്‌സി / എസ്‌ടി വിഭാഗങ്ങൾക്ക് ആറ് ലക്ഷം വരെയും നൽകുന്നു.
2017 മുതൽ ലൈഫ് പദ്ധതിക്കായി 18,573 കോടി രൂപ ചെലവഴിച്ചതിൽ, കേന്ദ്ര വിഹിതം വെറും 2,301 കോടി മാത്രമാണ്. ‘മനസോടിത്തിരി മണ്ണ്’ എന്ന കാമ്പയിനിലൂടെ 26.14 ഏക്കർ ഭൂമി സംഭാവനയായി ലഭിച്ചത് ഈ നാടിന്റെ നന്മയുടെ തെളിവാണ്. പാവപ്പെട്ടവന്റെ വീട് മുടക്കാൻ സിബിഐയെയും ഇഡിയെയും വിളിച്ചുവരുത്തിയവരാണ് കോൺഗ്രസും ബിജെപിയും എന്ന് കേരളം മറക്കരുത്. 

സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കെ-സ്മാർട്ട് ഇന്ത്യയിലെ തന്നെ ഭരണനിർവഹണ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്. 2024 ജനുവരി ഒന്ന് മുതൽ നഗരസഭകളിലും, തുടർന്ന് പഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചു. മാലിന്യ സംസ്കരണത്തിൽ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുകയാണ് നമ്മള്‍. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി 2026 മാർച്ചോടെ കേരളത്തിലെ 1,027 തദ്ദേശ സ്ഥാപനങ്ങളും സമ്പൂർണ ഖരമാലിന്യമുക്തമായി മാറും. ബ്രഹ്മപുരം പോലുള്ള പഴയ മാലിന്യമലകൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ബയോ-മൈനിങ് നടപ്പാക്കുന്നുവെന്നത് ചെറിയ കാര്യമല്ല. 37,000ത്തിലധികം വരുന്ന ഹരിതകർമ്മ സേനാംഗങ്ങൾ ഇന്ന് നാടിന്റെ ശുചിത്വ കാവലാളുകളാണ്. 

നേട്ടങ്ങൾ കൈവരിക്കുമ്പോഴും ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും, വായ്പാ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയും ശ്വാസം മുട്ടിക്കുന്ന സമീപനമാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഏകദേശം 57,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര സമീപനം മൂലം സംസ്ഥാനത്തിനുണ്ടായത്. കിഫ്ബിയെ തകർക്കാൻ ഇഡിയെയും മറ്റ് ഏജൻസികളെയും ഉപയോഗിക്കുന്നത് നാടിന്റെ വികസനം തടസപ്പെട്ടാലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാൽ മതി എന്ന ദുഷ്ടചിന്ത കൊണ്ടാണ്.
കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് നമ്മുടെ സാമ്പത്തിക വളർച്ചാ നിരക്കുകൾ. 2023–24 സാമ്പത്തിക വർഷത്തിൽ വാർഷിക വളർച്ചാനിരക്ക് 6.5% ആയി ഉയർന്നു. മുൻവർഷം ഇത് 4.2 ആയിരുന്നു. തനത് നികുതി വരുമാനത്തിൽ 3.3%, നികുതിയേതര വരുമാനത്തിൽ 8.1% വീതം വർധനവുണ്ടായി.
ചെലവ് ചുരുക്കിയും വരുമാനം വർധിപ്പിച്ചുമാണ് നാം ഈ സാമ്പത്തിക സുസ്ഥിരത കൈവരിച്ചത്. ഈ കുതിപ്പിന് തടയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റ്-ഇൻ-എയ്ഡിൽ 15,309.60 കോടി രൂപയുടെ കുറവാണ് ഒറ്റയടിക്ക് വരുത്തിയത്. അതായത് 56% കുറവ്. മുൻവർഷം 27,377.86 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 12,068.26 കോടി മാത്രം. ഇത്രയും ഭീമമായ തുക വെട്ടിക്കുറച്ചിട്ടും, ക്ഷേമ പെൻഷനുകളോ വികസന പദ്ധതികളോ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരിന് സാധിച്ചത് ധനകാര്യ മാനേജ്മെന്റിലെ മികവ് കൊണ്ടാണ്.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിനെതിരെ പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് എംപിമാർ തയ്യാറായിട്ടില്ല. മാത്രമല്ല, കേരളത്തിനെതിരെ കേന്ദ്രത്തിന് പരാതി നൽകി വികസനം മുടക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിച്ചത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്നവർക്കും, കേരളത്തിന്റെ വികസനത്തെ തടയിടുന്നവർക്കുമെതിരെയുള്ള ശക്തമായ ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറണം. 

2050ലെ കേരളത്തെ മുന്നിൽക്കണ്ട് രാജ്യത്താദ്യമായി ഒരു ‘നഗരനയ കമ്മിഷനെ’ നിയോഗിച്ചത് എൽഡിഎഫ് സർക്കാരാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ മെട്രോപൊളിറ്റൻ നഗരങ്ങളായി വികസിപ്പിക്കാനും ഗ്രാമങ്ങളിലെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സൗകര്യങ്ങൾ എത്തിക്കാനും വ്യക്തമായ പദ്ധതിയുണ്ട്.
ഈ തെരഞ്ഞെടുപ്പ്, വികസനവും വികസനവിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണ്. അഴിമതിയില്ലാത്ത, വേഗത്തിൽ സേവനം നൽകുന്ന കെ-സ്മാർട്ട് തുടരണോ, ഭവനരഹിതർക്ക് സ്വന്തം വീട് നൽകുന്ന ലൈഫ് മിഷൻ പൂർത്തിയാക്കണോ, സ്ത്രീകളെ ശാക്തീകരിക്കുന്ന കുടുംബശ്രീ കൂടുതൽ ഉയരങ്ങളിലെത്തണോ, നാടിന്റെ ശുചിത്വം ഉറപ്പാക്കുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിജയിക്കണോ എന്നതൊക്കെയാണ് നമ്മുടെ മുന്നിലുള്ള ചോദ്യങ്ങൾ. എല്ലാം നടപ്പിലാകണമെങ്കില്‍ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. വർഗീയത വളർത്താൻ ശ്രമിക്കുന്ന ബിജെപിക്കും, അവസരവാദ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനും കേരളത്തിന്റെ മണ്ണിൽ ഇടമില്ലെന്ന് തെരഞ്ഞെടുപ്പിലൂടെ നമുക്ക് തെളിയിക്കാം. 

Exit mobile version