ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ശ്രീനാരായണഗുരുവിനെപ്പോലെ പഠനത്തിനും ആരാധനയ്ക്കും പാത്രമായ മറ്റൊരു മഹദ്‌വ്യക്തി ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ഗുരുവിനെപ്പറ്റി 1916 മുതൽ ഇന്നുവരെ മലയാളത്തിലും ഇംഗ്ലീഷുള്‍പ്പെടെ ഭാഷകളിലുമായി ഇരുന്നൂറിലേറെ കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളുടെ വിവർത്തനങ്ങളോ വ്യാഖ്യാനങ്ങളോ പഠനങ്ങളോ ആയി നൂറുകണക്കിന് ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. എങ്കിലും ഗുരുവിനെ ശരിയായി അറിഞ്ഞ് അനുഭവിക്കുന്നതിന് കേരളീയ സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് വാസ്തവമാണ്. ഗുരു സമൂഹത്തിന് സംഭാവന ചെയ്ത പ്രധാനപ്പെട്ട സങ്കല്പനങ്ങളിലൊന്നാണ് സംവാദ സംസ്കാരം. സംവാദവേദികളായാണ് ക്ഷേത്രങ്ങളെപ്പോലും അദ്ദേഹം കണ്ടിരുന്നത്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് സംവാദം. എന്നാൽ ഗുരുവിനെക്കുറിച്ചു നടക്കുന്നത് പോലും ഏകപക്ഷ വാദങ്ങളാണെന്നത് ഖേദകരമാണ്. ദൈവസ്തുതിയുടെ ലോകത്തുനിന്ന് ആധുനിക സാമൂഹിക മനുഷ്യനെ നൈതികമായി വിഭാവനം ചെയ്തുറപ്പിക്കാനാണ് ഗുരു ശ്രമിച്ചത്. ജാതിവിവേചനത്തില്‍ ഉൗന്നിക്കൊണ്ടുള്ള ഭേദാധികാരം നിലനിൽക്കുന്നത് തിരിച്ചറിഞ്ഞ ഗുരു, അത് ഏതൊക്കെ രൂപത്തിലാണ് പ്രതിനിധീകരിക്കപ്പെടുന്നതെന്ന് വിശകലനം ചെയ്തു. അധികാരം, ജ്ഞാനം, ആരാധന, ശുദ്ധി, തൊഴിൽ, ധനം എന്നീ മേഖലകളിലാണെന്ന ബോധ്യത്തോടെ അവയോരാന്നിനെയും അഭിമുഖീകരിക്കുകയായിരുന്നു. ജ്ഞാനസമ്പത്തിൽ അവർണവിഭാഗത്തിനുണ്ടായിരുന്ന അതിദാരിദ്ര്യം തിരിച്ചറിഞ്ഞ ഗുരു, അവര്‍ക്ക് ജ്ഞാനമൂലധനം നിർമ്മിച്ചു നല്‍കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് അദ്ദേഹത്തിന്റെ രചനകൾ. അവർണരുടേതായി അന്നുവരെയില്ലായിരുന്ന കാവ്യമൂലധനം തുടങ്ങിവയ്ക്കാൻ ഗുരുവിന് കഴിഞ്ഞു. കാവ്യലോകത്തും ഭക്തിലോകത്തും സവർണ സമത്വം നേടാനായി, അവരുടെ ഭാഷയായിരുന്ന സംസ്‌കൃതത്തെത്തന്നെ രചനാമാധ്യമമാക്കി.
തികഞ്ഞ സന്യാസിവര്യനായിത്തന്നെ ജീവിക്കുകയും സമാധിയടയുകയും ചെയ്തുവെങ്കിലും സാധാരണ സന്യാസിമാരെപ്പോലെ ബാഹ്യമായ വേഷഭൂഷകളിൽ അദ്ദേഹത്തിന് നിഷ്കര്‍ഷയില്ലായിരുന്നു. ‘ദശനാമ സന്യാസ സമ്പ്രദായപ്രകാരം’ മറ്റൊരു പേര് സ്വീകരിക്കാതെ സ്വന്തം പേരിനോടാപ്പം ഗുരു എന്നു സ്വയം ചേര്‍ക്കുക മാത്രമാണ് ചെയ്തത്. സന്യാസിയായൊരാള്‍ എങ്ങനെ ജീവിക്കണം, എന്തൊക്കെ ചെയ്യാം, ചെയ്യരുത് തുടങ്ങിയ കാര്യങ്ങള്‍ ശ്രീ നാരായണധർമ്മം എന്ന കൃതിയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പരമ്പരാഗത ഭാരതീയ സങ്കല്പങ്ങള്‍ക്കു ചേരുന്നതാണ് ഇതിലെ പ്രതിപാദ്യങ്ങളെങ്കിലും വ്യവസ്ഥാപിത സന്യാസ സങ്കല്പങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു തിരുത്തായിരുന്നു ശ്രീ നാരായണ ഗുരുവിന്റെ പല പ്രവൃത്തികളും വാക്കുകളും എന്ന് ആ ജീവിതം നിരീക്ഷിച്ചാൽ ബോധ്യമാകും. ശരിയായി പഠനവിധേയമാക്കിയാൽ ഗുരുവിന്റേത് വിമതസന്യാസമാണെന്ന വിലയിരുത്തലിനും സാധ്യതയുണ്ട്.
ആത്മീയോപദേശം വഴി സമൂഹത്തെ വിമലീകരിക്കാന്‍ ശ്രമം നടത്തുമ്പോഴും സാമൂഹ്യ‑സാംസ്കാരിക വിഷയങ്ങളോട് ഗുരു ഒരിക്കലും മുഖം തിരിച്ചിരുന്നില്ല. അദ്ദേഹം സ്വമേധയാ വിമതസന്യാസത്തിന് നല്‍കിയ സംഭാവനകളോളം വലുതാണ് വിമതശിഷ്യരുടെ ചരിത്രവും. നാരായണ ഗുരുവിന്റെ വിമതശിഷ്യന്മാരില്‍ എടുത്തുകാണിക്കാവുന്ന നാലുപേരാണ് സ്വാമി ഏണസ്റ്റ് കിര്‍ക്ക്, സ്വാമി ആനന്ദതീര്‍ത്ഥന്‍, സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍, നടരാജഗുരു എന്നിവര്‍. ഇവരെല്ലാം ഉന്നത അക്കാദമിക യോഗ്യത നേടിയവരും തികച്ചും വ്യത്യസ്തമായ ജീവിതപശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഗുരുവിന്റെ ജീവിതത്തിലും ദര്‍ശനത്തിലും പ്രവൃത്തികളിലും ആകൃഷ്ടരായി, തങ്ങളുടെ സാമൂഹികനിലയും വിദ്യാഭ്യാസയോഗ്യതയും കൊണ്ട് നേടാമായിരുന്ന സൗഭാഗ്യങ്ങള്‍ ത്യജിച്ച് ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു ഇവര്‍.
1927ലെ വിജയദശമി ദിനത്തിലാണ് ഏണസ്റ്റ് കിര്‍ക്ക് (Ernest Kirk) എന്ന ഒരു ബ്രിട്ടീഷുകാരന്‍ സന്യാസം സ്വീകരിക്കുന്നത്. ഏണസ്റ്റിന്റെ പ്രത്യേകത കണ്ടറിഞ്ഞ ഗുരു അദ്ദേഹത്തിനു സന്യാസം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിജയദശമിദിനത്തിൽ ശിവഗിരിയിലെ ശാരദാമഠത്തിൽ വച്ചാണ് ബ്രഹ്മചാരികള്‍ക്ക് സന്യാസദീക്ഷ നൽകാറുള്ളത്. ദീക്ഷ സ്വീകരിക്കുന്നവര്‍ക്ക് കാവിവസ്ത്രത്തോടൊപ്പം സന്യാസനാമവും ഗുരു നൽകാറുണ്ട്. വ്രതം, ഉപവാസം, തല മുണ്ഡനം, സത്യപ്രതിജ്ഞ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ അവര്‍ നടത്താറുണ്ട്. കിര്‍ക്കിനോട് തല മുണ്ഡനംചെയ്യാന്‍ ഗുരു നിര്‍ദേശിക്കുമെന്നും ചടങ്ങിൽവച്ച് കാഷായവും സന്യാസനാമവും നൽകുമെന്നുമായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അങ്ങനെയൊരു നിര്‍ദേശവും അദ്ദേഹത്തിന് ഗുരു നൽകിയില്ല.
കിര്‍ക്കിനോട് പാശ്ചാത്യ മട്ടിലുള്ള സ്യൂട്ടും ടൈയും ഷൂസും തയ്യാറാക്കിവയ്ക്കാന്‍ ഗുരു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ദീക്ഷാദാനച്ചടങ്ങിന് ആ വസ്ത്രങ്ങള്‍ കൊണ്ടുവരാന്‍ ഗുരു ആവശ്യപ്പെട്ടു. തന്റെ കാൽക്കൽ കൊണ്ടുവച്ച വസ്ത്രമെടുത്ത് നൽകിക്കൊണ്ടാണ് അദ്ദേഹത്തെ സന്യാസത്തിലേക്ക് ആനയിച്ചത്. പ്രത്യേക സന്യാസനാമമൊന്നും നൽകാതെ കിര്‍ക്ക് സ്വാമി എന്നു വിളിക്കുകയും ചെയ്തു. കിര്‍ക്ക് സ്വാമി പിന്നീട് ശ്രീ നാരായണ ധര്‍മ്മസംഘത്തിലെ അംഗമായിത്തീര്‍ന്നു. ശിവഗിരി ആശ്രമത്തിന്റെ ഭൂസ്വത്ത് ഗുണപരമായി ഉപയോഗപ്പെടുത്തുന്നതിനുവേണ്ട വിദ്യാഭ്യാസ‑വ്യവസായ പദ്ധതികളുടെ രൂപരേഖ ശിവഗിരി ഫ്രീ ഇന്റസ്ട്രിയൽ ആന്റ് അഗ്രിക്കള്‍ച്ചറൽ ഗുരുകുലം എന്ന പേരിൽ തയ്യാറാക്കിയത് കിര്‍ക്ക് സ്വാമിയാണ്.
1922ൽ എംഎ, എല്‍ടി ബിരുദങ്ങള്‍ സമ്പാദിച്ചതിനുശേഷമാണ് ഡോ. പല്പുവിന്റെ ദ്വിതീയ പുത്രന്‍ പി നടരാജന്‍ ഗുരുവിനോടൊപ്പം ചേര്‍ന്നത്. 1926ൽ സിലോണ്‍ സന്ദര്‍ശനവേളിയിൽ തന്നോടൊപ്പമുണ്ടായിരുന്ന നടരാജന് സന്യാസദീക്ഷ നൽകുന്നതിന്റെ പ്രതീകമായി ഒരു മഞ്ഞ ഷാള്‍ മാത്രമാണ് ഗുരു നൽകിയത്. അങ്ങനെ നടരാജന്‍ നടരാജഗുരുവായി. ഗുരുവായൂരിനടുത്ത് വടക്കാഞ്ചേരിയിലെ ചാത്തനാട്ട് എന്ന കുടുംബത്തിൽ 1893ൽ ജനിച്ച അഡ്വ. സി പരമേശ്വരമേനോനാണ് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരായിത്തീര്‍ന്നത്. ബിഎ, എൽഎൽബി. ബിരുദധാരിയായിരുന്ന ഇദ്ദേഹം നാരായണ ഗുരുവിൽ നിന്ന് 1926ൽ സന്യാസം സ്വീകരിച്ച് സ്വാമി ധര്‍മ്മതീര്‍ത്ഥരും, 1949ൽ ക്രിസ്തുമതം സ്വയം സ്വീകരിച്ചതിനെത്തുടര്‍ന്ന് സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥരുമായിത്തീര്‍ന്നു.
ധര്‍മ്മസംഘത്തിന്റെ നിയമാവലി എഴുതിയുണ്ടാക്കുന്നതിലും ശ്രീനാരായണ ധര്‍മ്മസംഘം എന്ന പേരിൽ അതു രജിസ്റ്റര്‍ ചെയ്യുന്നതിലും നിര്‍ണായക പങ്ക് വഹിച്ച സ്വാമിയായിരുന്നു സന്യാസിസംഘത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി. ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ മുഖപത്രമായി ‘ധർമ്മം’ എന്ന പ്രതിവാരപത്രിക ശിവഗിരിയിൽ നിന്ന് സ്വാമിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പലതായി ചിതറിക്കിടന്നിരുന്ന ഗുരുദേവകൃതികള്‍ കണ്ടെടുത്തു സമാഹരിച്ചതും പലയിടങ്ങളിലായി സ്ഥിതിചെയ്തിരുന്ന ഗുരുവിന്റെ പേരിലുള്ള ഭൗതികസ്വത്തുക്കള്‍ വേണ്ടവിധത്തിൽ പരിപാലിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതും ഇദ്ദേഹമാണ്.
സ്വാമി ആനന്ദതീർത്ഥർക്ക് ഗുരു സന്യാസദീക്ഷ നൽകിയതും സവിശേഷമായ രീതിയിലാണ്. മദ്രാസ് പ്രസിഡന്‍സി കോളജിൽ നിന്ന് രണ്ടാം റാങ്കോടെ ഭൗതികശാസ്ത്രത്തിൽ ബിഎ ഓണേഴ്സ് ബിരുദം നേടിയ തലശേരിക്കാരനായ അനന്തഷേണായിയാണ് സ്വാമി ആനന്ദതീര്‍ത്ഥരായി മാറിയത്. സന്യാസം സ്വീകരിക്കാനായി, നേരത്തെ പരിചയമുണ്ടായിരുന്ന ധര്‍മ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ധര്‍മ്മതീര്‍ത്ഥരുമൊത്ത് ഗുരുവിനെ സമീപിച്ചു. ശിവഗിരിമഠം അധികൃതരുമായി ആലോചിച്ച് വരുവാന്‍ നിര്‍ദേശിക്കുകയാണ് ഗുരു ചെയ്തത്. ഒരു വര്‍ഷം അവിടെ താമസിച്ചതിനുശേഷം മാത്രമേ സന്യാസം കൊടുക്കാന്‍ പാടുള്ളുവെന്നാണ് അവരുടെ അഭിപ്രായമെന്നറിഞ്ഞ ഗുരു: “അത്രയേ ഉള്ളൂ? ആളെ നമുക്കറിയാം. നാളെ 10 മണിയോടെ കാഷായം കൊടുക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണം” എന്നു കല്പിക്കുകയും അദ്ദേഹത്തിന് സന്യാസദീക്ഷ നൽകുകയുമായിരുന്നു. പിൽക്കാലത്ത് ധര്‍മ്മസംഘം പ്രസിഡന്റ് പദവിയിൽ വരെ എത്തിയ സ്വാമി ആനന്ദതീര്‍ത്ഥര്‍ 1974ൽ സംഘത്തിൽ നിന്ന് രാജിവച്ചു. അയിത്തോച്ചാടനത്തിനും സാമൂഹ്യതിന്മകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിനുമായി സമര്‍പ്പിച്ചതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം.
ഇത്രയേറെ ബഹുമുഖങ്ങളുള്ള ഗുരുസാന്നിധ്യത്തെയാണ് ‘അന്ധന്‍ ആനയെയെന്ന പോലെ’ കേരളം ഉൾക്കൊണ്ടിരിക്കുന്നത്. ചിലർക്ക് ഹിന്ദുസന്യാസി, ചിലർക്ക് സമുദായ പരിഷ്കർത്താവ്. എന്നാല്‍ ഏതു ചട്ടക്കൂടിലൊതുക്കിയാലും ഒതുങ്ങാത്ത ലോകമാനവികതയുടെ കേരള ദാർശനിക മാതൃകയാണ് ഗുരു.