കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് കൈവരിച്ച നേട്ടങ്ങളിലൂടെ സംസ്ഥാനം ഇന്ത്യയിലെ തന്നെ ഏറ്റവും ഭക്ഷ്യസുരക്ഷയും സാമൂഹികക്ഷേമവും ഉറപ്പുവരുത്തുന്ന സംസ്ഥാനമായി മാറിയെന്നത് ഒരു യാഥാർത്ഥ്യമാണ്. ഡിജിറ്റലൈസേഷനിലൂടെ സുതാര്യത ഉറപ്പാക്കിയും ദാരിദ്ര്യ നിർമ്മാർജനത്തിലൂടെ ജനങ്ങളെ ശാക്തീകരിച്ചും, ഭക്ഷ്യസുരക്ഷയെ പോഷണ സുരക്ഷയാക്കി മാറ്റിയുമുള്ള കേരളത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഫലമായാണ് ഇത് സാധ്യമായത്. 2025 നവംബർ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ചരിത്രം തിരുത്തിയ നിമിഷമാണ്. ഈ വിജയം വെറും പ്രഖ്യാപനമല്ല; അത് 64,000ത്തിലധികം ദരിദ്ര കുടുംബങ്ങളെ ഭക്ഷണം, ഭവനം, ആരോഗ്യം, തൊഴിൽ എന്നിവയിലൂടെ അതിദാരിദ്ര്യമുക്തം എന്ന അവസ്ഥയിലേക്ക് ഉയർത്തിയ യാഥാർത്ഥ്യമാണ്. ഇത് ഒരു ദിവസം കൊണ്ടുണ്ടാക്കിയ നേട്ടമല്ല. നേരെമറിച്ച് കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ദീർഘവീക്ഷണത്തോടുകൂടിയുള്ള ആസൂത്രണത്തിന്റെയും പ്രവർത്തനങ്ങളുടെയും ഫലമാണ്. വകുപ്പിന്റെ ഡിജിറ്റൽ പരിവർത്തനം നേട്ടങ്ങളില്‍ വലിയ പങ്കാണ് വഹിച്ചത്. ഇതിലൂടെ ആധാർ സീഡിങ് 100% പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി, റേഷൻ വിതരണത്തിലെ ചോർച്ചകൾ പൂർണമായി ഇല്ലാതാക്കി. 17 റേഷൻ കാർഡ് സേവനങ്ങളും ഓൺലൈനാക്കി, ജനങ്ങൾക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാനുള്ള സൗകര്യമൊരുക്കി. ഇ‑പോസ് (e‑PoS) സംവിധാനം 99.95% റേഷൻ കടകളിൽ നടപ്പാക്കി, ബയോമെട്രിക് വെരിഫിക്കേഷൻ വഴി വിതരണം കൂടുതൽ കൃത്യമാക്കി. 101 ഓഫിസുകളിലും ഇ‑ഓഫിസ് സംവിധാനം ഏർപ്പെടുത്തി, ഫയലുകൾ ഡിജിറ്റലൈസ് ചെയ്തു.
‘ഓപ്പറേഷൻ യെല്ലോ’ വഴി 2022 മുതൽ 1,82,239 വ്യാജ റേഷൻ കാർഡുകൾ നീക്കം ചെയ്തു, 8.99 കോടി രൂപ പിഴ ഈടാക്കി. ‘തെളിമ’ പദ്ധതി വഴി 29,506 പരാതികൾ പരിഹരിച്ചു. കൂടാതെ, മുന്‍ഗണനാകാർഡുകളുടെ മസ്റ്റർ വെരിഫിക്കേഷനിൽ കേരളം ദേശീയമായി ഒന്നാമതെത്തി. ഈ നടപടികൾ അഴിമതിയില്ലാതാക്കുവാനും യഥാർത്ഥ ഗുണഭോക്താക്കളെ സംരക്ഷിക്കുവാനും സഹായിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (പിഎച്ച്എച്ച്/എഎവെെ) കുടുംബങ്ങൾക്കുള്ള റേഷൻ കാർഡുകളുടെ വിതരണത്തിൽ ചരിത്രം രചിച്ചു. ‘റേഷൻ കാർഡ് ഫോർ ഓൾ’ പദ്ധതിയില്‍ 5.20 ലക്ഷത്തിലധികം പുതിയ കാർഡുകൾ വിതരണം ചെയ്തു. ഇതിൽ 1.25 ലക്ഷത്തിലധികം മുന്‍ഗണനാ കാർഡുകൾ ഉൾപ്പെടുന്നു. ട്രാൻസ്ജെൻഡർ വിഭാഗം, ഭവനരഹിതർ, അതിഥിത്തൊഴിലാളികൾ എന്നിവർക്കായി റേഷൻ റൈറ്റ്സ് കാർഡുകൾ ആരംഭിച്ചു. ക്ഷേമ സ്ഥാപനങ്ങൾക്ക് 7,992 പുതിയ കാർഡുകളും അനുവദിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് പുറത്തുള്ള കുടുംബങ്ങളെപ്പോലും സംസ്ഥാന സബ്സിഡി പരിധിയിലേക്ക് കൊണ്ടുവന്നുകൊണ്ട് ‘ഭക്ഷ്യസുരക്ഷാ പരിധിക്ക് പുറത്ത് ആരുമില്ല’ എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. 98.58% മുന്‍ഗണനാ കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാക്കിയതിലൂടെ വ്യാജ കാർഡുകൾ നീക്കം ചെയ്തു. ഇപ്പോൾ സംസ്ഥാനത്ത് 94.92 ലക്ഷം കുടുംബങ്ങൾ (ഏകദേശം മൂന്ന് കോടി ഗുണഭോക്താക്കൾ) റേഷൻ സംവിധാനത്തിന് കീഴിലുണ്ട്. മുന്‍ഗണനാ വിഭാഗത്തിന് കിലോ ഒരു രൂപ നിരക്കിലോ സൗജന്യമായോ അരി ലഭ്യമാക്കി. ആദിവാസി, തീരപ്രദേശ, ദുരന്തബാധിത മേഖലകളിലേക്ക് 137 മൊബൈൽ റേഷൻ ഷോപ്പുകൾ വഴി വീട്ടുപടിക്കൽ വിതരണം ഉറപ്പാക്കി. ‘ഒപ്പം’ പദ്ധതി വഴി കിടപ്പ് രോഗികൾക്കും വയോജനങ്ങൾക്കും ഓട്ടോറിക്ഷ വഴി ഹോം ഡെലിവറി സാധ്യമാക്കി.
നൂതന പദ്ധതികൾ വഴി ഭക്ഷ്യസുരക്ഷയെ പോഷണ സുരക്ഷയാക്കി മാറ്റാന്‍ കഴിഞ്ഞു. ‘കെ-സ്റ്റോർ’ പദ്ധതി വഴി 2,500 റേഷൻ ഷോപ്പുകളെ മിനി-ബാങ്കിങ്, ബിൽ പെയ്‌മെന്റ്, പോഷക ഉല്പന്നങ്ങൾ (റാഗി ഫ്ലവർ, ശുദ്ധജലം) വിൽക്കുന്ന മൾട്ടി-സർവീസ് കേന്ദ്രങ്ങളാക്കി മാറ്റി. ‘സുഭിക്ഷ ഹോട്ടലുകൾ’ 50 എണ്ണം ആരംഭിച്ചു, ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് പോഷകസമൃദ്ധ ഭക്ഷണം ലഭ്യമാക്കി.
കോവിഡ് കാലത്ത് 17 അടിസ്ഥാന വസ്തുക്കളടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. 70 പുതിയ ഔട്ട്‌ലെറ്റുകൾ തുറന്നു, 97 എണ്ണം ആധുനികവൽക്കരിച്ചു. സപ്ലൈകോയുടെ 1,634 ഔട്ട്‌ലെറ്റുകൾ (915 മാവേലി സ്റ്റോറുകൾ, 588 സൂപ്പർമാർക്കറ്റുകൾ, ആറ് ഹൈപ്പർമാർക്കറ്റുകൾ) വഴി 13 അവശ്യവസ്തുക്കൾ 35–50% സബ്സിഡിയോടെ വിൽക്കുന്നു. സംസ്ഥാന ബോണസ് നൽകി ദേശീയതലത്തിലെ ഏറ്റവും ഉയർന്ന വിലയോടെ വർഷത്തിൽ ആറ് ലക്ഷം മെട്രിക് ടൺ നെല്ല് സംഭരണം നടത്തി. ഉപഭോക്തൃ സംരക്ഷണത്തിൽ ‘ഇ‑ദാഖിൽ’ ഓൺലൈൻ ഫയലിങ്, ജില്ലാ മീഡിയേഷൻ സെല്ലുകൾ, ‘ദർപ്പണം’ മൊബൈൽ എക്സിബിഷനുകൾ, സ്കൂൾ ക്ലബ്ബുകൾ എന്നിവ ആരംഭിച്ചു. ലീഗൽ മെട്രോളജിയിൽ ‘സുതാര്യം’ ആപ്പും അഡ്വാൻസ്ഡ് കാലിബ്രേഷൻ ലാബുകളും ഡയറക്ട് സെല്ലിങ് മാർക്കറ്റിങ് ഗൈഡ്‌ലൈനുകളും ഓൺലൈൻ പോർട്ടലും ആരംഭിച്ചു. 2026–27 ബജറ്റിൽ വകുപ്പിന് 2,333.64 കോടി രൂപ അനുവദിച്ചു—മുൻവർഷത്തെക്കാൾ 267 കോടി കൂടുതൽ. 100 സപ്ലൈകോ ഔട്ട്‌ലെറ്റുകൾ ആധുനികവല്‍ക്കരിക്കാന്‍ 7.80 കോടി, സിവിൽ സപ്ലൈസിന് 95.55 കോടിയും അനുവദിച്ചു. 2024 ഡിസംബറിൽ കേന്ദ്രസർക്കാരിന്റെ ഉയർന്ന നിലവാരമുള്ള പൊതുവിതരണ സംവിധാനത്തിനുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് വകുപ്പിന് ലഭിച്ചു.
ഭക്ഷ്യ വകുപ്പിന്റെ ഇത്തരം കൃത്യതയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായിക്കൂടിയാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന നേട്ടത്തിലേക്ക് കേരളം കുതിച്ചത്. ഈ നേട്ടങ്ങൾ കേരളത്തിന്റെ സാമൂഹിക നീതി മാതൃകയെ ശക്തിപ്പെടുത്തുന്നുവെന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായി വർത്തിക്കുകയും ചെയ്യുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം, വിലവർധന, ജനസംഖ്യാ വർധന എന്നീ വെല്ലുവിളികൾ നേരിടാൻ കൂടുതൽ നൂതനത്വം ആവശ്യമാണ് എന്ന് വകുപ്പ് തിരിച്ചറിയുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വിഷൻ 2031’ പോലുള്ള കാമ്പയിനുകളുമായി മുന്നോട്ടുപോകുന്നത്. റേഷൻ കടകളെ സ്മാർട്ട് ഔട്ട്‌ലെറ്റുകളാക്കി മാറ്റുവാൻ കൂടി ഇത് ലക്ഷ്യം വയ്ക്കുന്നു. സംസ്ഥാനത്തിന്റെ പൊതുവിതരണ സംവിധാനം അഴിമതിരഹിതവും ജനകേന്ദ്രീകൃതവുമായി മാറി. ‘ആരും പട്ടിണി കിടക്കരുത്’ എന്ന നയം പ്രാവർത്തികമാക്കി, ഭക്ഷ്യസുരക്ഷയെ അടിസ്ഥാന അവകാശമാക്കി മാറ്റി. ഇത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെയും മന്ത്രി ജി ആർ അനിലിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും പ്രവർത്തന മികവിന്റെയും പ്രതിബദ്ധതയുടെയും കൂടി നേട്ടമാണ് എന്ന് പറയാതെ വയ്യ.

