Site iconSite icon Janayugom Online

പുതിയ ധവളവിപ്ലവത്തിന് ക്ഷീരശ്രീ

ഇന്ത്യ ക്ഷീരോല്പാദനത്തിന്റെ നെറുകയിൽ എത്തിനില്‍ക്കുകയാണ്. ഈ ധവളപ്രയാണത്തിൽ കേരളത്തിന്റെ പങ്കും ചെറുതല്ല. നമ്മുടെ പാലുല്പാദനം ക്രമമായി വർധിച്ച്, ഇന്ന് സ്വയംപര്യാപ്തതയുടെ വക്കിൽ എത്തിയിരിക്കുന്നു. ഉല്പാദിപ്പിക്കുന്ന ഏതാണ്ട് 26 ലക്ഷം മെട്രിക് ടൺ പാലിൽ 93.25 ശതമാനവും സങ്കരവർഗ പശുക്കളില്‍ നിന്നാണ് എന്നതാണ് എടുത്തുപറയേണ്ട ഒരു നേട്ടം. സംസ്ഥാന സർക്കാർ ക്ഷീരവൃത്തിക്ക് മുന്തിയ പരിഗണന നല്‍കിവരുന്നുണ്ട്. തികച്ചും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുകൂടി പാലിന് ഉറച്ച വിപണിയും ഭേദപ്പെട്ട വിലയും നല്‍കുന്നതിന് നമുക്കു സാധിക്കുന്നു. ക്ഷീരമേഖലയുടെ മുഖം മാറിക്കൊണ്ടിരിക്കുന്നു. രണ്ടും മൂന്നും പശുക്കളെ വളർത്തി ഉപജീവനം കഴിച്ചുപോന്നിരുന്ന ചെറുകിട‑നാമമാത്ര ക്ഷീരകർഷകർ വഴിമാറി അഞ്ചും, പത്തും അതിനു മുകളിലും പശുക്കളെ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തുന്ന ഫാമുകൾ ഉയർന്നുവരികയാണ്. ഈ പരിണാമം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്. സംരംഭകത്വ വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സർക്കാര്‍നയത്തിന്റെ ഭാഗമാണ്. വിവര സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രയോഗത്തിലൂടെ ക്ഷീരവൃത്തി ആയാസരഹിതമാക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അതിനുതകുന്ന സ്മാർട്ട് ഡയറി പോലുള്ള നൂതന പദ്ധതികൾക്ക് പ്രാധാന്യം നല്‍കി വരുന്നു.

സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലൂടെ എന്ന ആശയം സാക്ഷാത്കരിക്കുന്നതിനുള്ള നൂതന പദ്ധതിയാണ് ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ. ഓഫിസുകൾ പലതും കയറിയിറങ്ങാതെ, സർക്കാർ ധനസഹായങ്ങൾക്കായി വീട്ടിലിരുന്നു തന്നെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ ആകർഷണീയത. തികച്ചും സത്യസന്ധമായും സുതാര്യമായും, കാര്യക്ഷമമായും അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരം അർഹരായവരെ കണ്ടെത്തി ധനസഹായങ്ങൾ നല്‍കാന്‍ കഴിയുന്നു. സമർപ്പിക്കുന്ന അപേക്ഷയുടെ പുരോഗതി ഓരോ ഘട്ടത്തിലും കർഷകർക്ക് അറിയാനും കഴിയും.
ക്ഷീരവികസന വകുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ ക്ഷീരകർഷകര്‍ക്കും, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ എന്നിവയ്ക്കും വേഗത്തിലുള്ളതും സുതാര്യവുമായ സേവനങ്ങൾ നല്‍കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്ന വെബ് പോർട്ടൽ ആണ് ക്ഷീരശ്രീ. കേരള സർക്കാരിന്റെ പദ്ധതി പ്രകാരം വകുപ്പിലൂടെ നല്‍കുന്ന വിവിധ സേവനങ്ങൾ, ക്ഷീരകർഷകർക്കുള്ള ധനസഹായ പദ്ധതി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതിയിൽ നടപ്പിലാക്കുക, ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള വകുപ്പുതല സേവനങ്ങൾ കടലാസുരഹിതമായി നല്‍കുക, വകുപ്പിന്റെ പദ്ധതി രൂപീകരണത്തിനുള്ള ഡാറ്റാ കളക്ഷൻ എന്നിവ ക്ഷീരശ്രീയിലൂടെ നടപ്പിലാക്കി വരുന്നു.
ക്ഷീരസംഘങ്ങളുടെ പാൽ സംഭരണത്തിന്റെ ഗുണനിലവാരം, പാൽ വില നൽകൽ എന്നിവ ഡിജിറ്റലൈസ് ചെയ്ത് പ്രവർത്തനം മെച്ചപ്പെടുത്തുക, ക്ഷീരസംഘങ്ങൾക്ക് ആവശ്യമായ യൂണിഫൈഡ് സോഫ്റ്റ്‌വേർ എന്നിവയും ട്രയൽ അടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നു. 2023ൽ ക്ഷീരശ്രീ പോർട്ടലിന്, അടിസ്ഥാനതലത്തിൽ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ഇന്ത്യയിലെ മികച്ച ഡിജിറ്റൽ ഇനിഷ്യേറ്റീവിനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു ലഭിക്കുകയുണ്ടായി. ക്ഷീരകർഷകർക്കുള്ള പതാകാവാഹക പദ്ധതികളായ മിൽക്ക് ഷെഡ് ഡെവലപ്മെന്റ്, തീറ്റപ്പുൽ വികസനം എന്നിവ ഇപ്പോൾ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതു മുതൽ ധനസഹായം വിതരണം ചെയ്യുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ക്ഷീരശ്രീയിലൂടെ സുതാര്യമായും അർഹതയുടെ അടിസ്ഥാനത്തിലുമാണ്. 

Exit mobile version