ഓരോ രാഷ്ട്രീയ പുനഃക്രമീകരണവും അന്തസിന്റെയും ശാക്തീകരണത്തിന്റെയും, ഭരണകൂടവും സമൂഹവും തമ്മിലുള്ള ഏറ്റവുമടുത്ത ബന്ധത്തിന്റെയും വാഗ്ദാനങ്ങളാണ് ഉൾക്കൊള്ളേണ്ടത്. 2019ല്‍ ലഡാക്കില്‍ ആ വാഗ്ദാനം സാക്ഷാത്കരിക്കുന്നതായി ഒരുവേള തോന്നിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള വിഭജനവും, കേന്ദ്രഭരണ പ്രദേശമായി ഉയർത്തപ്പെട്ടതും, ന്യൂഡൽഹിയുടെ നേരിട്ടുള്ള ആലിംഗനവും ദീർഘകാലമായി കാത്തിരുന്ന അംഗീകാരമായി വ്യാഖ്യാനിക്കപ്പെട്ടു. ലേയിലെ ബുദ്ധമത നേതൃത്വത്തിലെ ചില വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, അവരെ അരികുവല്‍ക്കരിച്ച രാഷ്ട്രീയ ഘടനയിൽ നിന്നുള്ള മോചനമായിരുന്നു അത്. എന്നാല്‍ സമകാലിക ഇന്ത്യയിലെ നിരവധി രാഷ്ട്രീയ വാഗ്ദാനങ്ങളെപ്പോലെ, ക്ഷണികമാണ് ആ ആഹ്ലാദവുമെന്ന് തെളിഞ്ഞു. ശാക്തീകരണത്തിന്റെ ആഘോഷ പ്രസംഗങ്ങൾ ഇപ്പോൾ ലഡാക്കിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വ്യാപകമായ അസ്വസ്ഥതയ്ക്ക് വഴിമാറിയിരിക്കുന്നു. അഞ്ച് വർഷത്തിന് ശേഷം, പ്രദേശം അധികാരത്തിന്റെയും പ്രതിഷേധശബ്ദത്തിന്റെയും പ്രതിസന്ധിയിലായിരിക്കുന്നു. നിയമസഭയുടെ അഭാവം, സ്വയംഭരണ സ്ഥാപനങ്ങളുടെ ദൗര്‍ബല്യം, ഭരണനിർവഹണത്തിനും ഭരണകർത്താക്കൾക്കുമിടയില്‍ വർധിച്ചുവരുന്ന അകലം എന്നിവ ആരംഭത്തിലുണ്ടായിരുന്ന ശുഭാപ്തിവിശ്വാസത്തെ തകർത്തു. ലേയിലെയും കാർഗിലിലെയും പ്രതിഷേധങ്ങൾ കേവലം, പ്രാദേശിക അസംതൃപ്തിയുടെ പ്രകടനങ്ങളല്ല. ഭരണഘടനാ പുനർരൂപകല്പനയില്‍, പ്രാതിനിധ്യത്തിന്റെ ആവശ്യങ്ങളെ അനിശ്ചിതമായി അകറ്റിനിര്‍ത്താൻ കഴിയില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്. ആയിരക്കണക്കിന് ബുദ്ധമതക്കാരും ഷിയ മുസ്ലിങ്ങളും ഒരുപോലെ സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിന്റെ സംരക്ഷണവും ആവശ്യപ്പെടുകയും റിപ്പബ്ലിക്കിന്റെ കേന്ദ്രീകരണത്തില്‍ വിമർശനം ഉന്നയിക്കുകയും ചെയ്യുന്നു. അവരുടെ സമരസന്നാഹം ജനാധിപത്യരീതിയിലും ഭരണഘടനാപരമായ അവകാശത്തോടെയുമാണ്. ദേശീയ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന വിഭാഗീയതയെ നിരാകരിക്കുന്നതിലാണ് അവരുടെ ധാർമ്മിക ശക്തി നിലകൊള്ളുന്നത്.
ആഗോള സൂചികകളില്‍ ഇന്ത്യയുടെ ജനാധിപത്യ പിന്നാക്കാവസ്ഥയെ വി-ഡെം, ഫ്രീഡം ഹൗസ് എന്നിവ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സൂചകങ്ങൾ എങ്ങനെ ഭൗതിക രൂപം പ്രാപിക്കുന്നു എന്നതിന്റെ വ്യക്തമായ ഒരു പ്രകടനം ലഡാക്ക് നൽകുന്നു. ഇന്ത്യയിലെ പുതിയ കേന്ദ്രീകൃത ഫെഡറലിസത്തിന്റെ പിഴവുകൾ പ്രത്യയശാസ്ത്രത്തിൽ മാത്രമല്ല, അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളിലും ദൃശ്യമാണ്. ഔദ്യോഗിക ഭാവനകള്‍, കേന്ദ്രീകരണത്തെ കാര്യക്ഷമതയായി ന്യായീകരിക്കുമ്പോള്‍, ഈ മിഥ്യാധാരണയുടെ പരിമിതികളെയാണ് ലഡാക്ക് തുറന്നുകാട്ടുന്നത്. മുമ്പൊരിക്കലും ഇത്രയേറെക്കാലം കേന്ദ്രം നേരിട്ട് ഭരിച്ചിട്ടില്ല, എന്നിട്ടും അധികാരത്തിൽ നിന്ന് ഇത്രയും രൂക്ഷമായ അകലം നേരത്തെ അനുഭവപ്പെട്ടിട്ടില്ല എന്ന വെെരുധ്യം മേഖല ഇന്ന് അഭിമുഖീകരിക്കുന്നു.
തൊഴിലില്ലായ്മ, ഇല്ലാതാകുന്ന അവസരങ്ങൾ, മേഖലയ്ക്ക് പുറത്തുനിന്ന് ഡെപ്യൂട്ടേഷനുകൾ വഴി കൂടുതൽ ജീവനക്കാരെ നിയമിക്കല്‍ എന്നീ യാഥാർത്ഥ്യങ്ങൾ ദ്രുതവികസനമെന്ന വാഗ്ദാനത്തെ പരാജയപ്പെടുത്തിയിരിക്കുന്നു. വിദ്യാസമ്പന്നരും വിദഗ്ധരും ഭാവിയില്‍ പ്രതീക്ഷപുലര്‍ത്തുന്നവരുമായ പ്രദേശത്തെ യുവാക്കൾക്ക് മാതൃരാജ്യത്ത് കുടിയിറക്കപ്പെട്ടതായി തോന്നുന്നു. ടൂറിസത്തിന്റെ തകർച്ച, പർവത പരിസ്ഥിതിയുടെ ദുർബലത, ത്വരിതഗതിയിലുള്ള ഹിമാനികളുടെ ഉരുക്കം എന്നിവ മൂലമുണ്ടായ മുറിവുകളെ, പ്രാദേശിക മുൻഗണനകളോട് പ്രതികരിക്കാത്ത ഭരണകൂടം കൂടുതൽ ആഴത്തിലാക്കിയിരിക്കുന്നു. ഒരിക്കൽ ആഘോഷിക്കപ്പെട്ടിരുന്ന സ്വയംഭരണ മലയോര വികസന കൗൺസിലുകൾ ഇപ്പോൾ ദുര്‍ബലമാണ്. അവയുടെ സാമ്പത്തിക, രാഷ്ട്രീയ അധികാരം നാമമാത്രമായിച്ചുരുങ്ങി. പ്രാദേശിക അഭിലാഷങ്ങളുമായുള്ള ചർച്ചയ്ക്ക് പകരം ഉദ്യോഗസ്ഥ മാർഗത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ഏകാത്മക ഭാഷയിലേക്ക് ഭരണം മാറിയിരിക്കുന്നു. ലഡാക്കിലെ ജനങ്ങൾ ആറാം ഷെഡ്യൂൾ ആവശ്യപ്പെടുന്നതില്‍ അതിശയിക്കാനില്ല. ഭൂതകാലത്തേക്ക് വേണ്ടിയുള്ള വാദമായല്ല, മറിച്ച് സാമ്പത്തിക കയ്യേറ്റത്തിനും പാരിസ്ഥിതിക ദുർബലതയ്ക്കും എതിരെ ലഭ്യമായ കവചമായാണവരതിനെ കാണുന്നത്.
ഈ പ്രതിസന്ധി ലഡാക്കിനപ്പുറത്തേക്കും പ്രതിധ്വനിക്കുന്നു. സംഘർഷത്തില്‍ മധ്യസ്ഥത വഹിക്കാനോ വിശ്വാസം പുനർനിർമ്മിക്കാനോ അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കാനോ ഉള്ള ഭരണകൂടത്തിന്റെ കഴിവില്ലായ്മയുടെ ഏറ്റവും ദാരുണമായ പ്രകടനമാണ് മണിപ്പൂർ കാണിച്ചുതരുന്നത്. അവിടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി കേവലം വ്യതിയാനമല്ല; അധികാരമുണ്ടായിട്ട് പോലും നിയമം ഉറപ്പാക്കാനുള്ള ഭരണഘടനാ സംവിധാനം ദുർബലമായതിന്റെ ലക്ഷണമാണ്.
ഈ പ്രദേശങ്ങളുടെ കഥകള്‍ അസാധാരണമാംവിധം സമാനമാണ്. ഭരണകൂടത്തിനും പൗരനുമിടയിലുള്ള സ്ഥാപനപരമായ മധ്യസ്ഥതയുടെ ശോഷണം, സ്ഥാപനങ്ങളുടെ അരികുവൽക്കരണം, എക്സിക്യൂട്ടീവിന്റെ അമിതാധികാരം, അധികാരം വിശ്വാസത്തിന് പകരമാകാമെന്ന അപകടകരമായ ധാരണ. ലഡാക്കിലെയും മണിപ്പൂരിലെയും പ്രതിസന്ധികൾ ഒറ്റപ്പെട്ടവയല്ല; അവ റിപ്പബ്ലിക്കിനുനേരെ ഉയർത്തിപ്പിടിച്ച കണ്ണാടികളാണ്. ഇന്ത്യയുടെ ഫെഡറലിസം പരമാധികാരം പങ്കിടുന്നതിന്റെ ധാരണയായല്ല, മറിച്ച് കേന്ദ്രീകൃത നിയന്ത്രണത്തിന്റെ ഒരു ഉപകരണമായി പുനർനിർമ്മിക്കപ്പെടുന്നു എന്ന അസ്വസ്ഥമായ സത്യത്തെ നേരിടാൻ അവ നമ്മെ നിർബന്ധിതരാക്കുന്നു. ഈ പരിവർത്തനം ഒരു ബഹുസ്വര സമൂഹത്തില്‍ വലിയ അപകടസാധ്യതകളാണ് പേറുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വാഭാവിക ക്രമം ധ്രുവീകരണമാണ് എന്ന ദേശീയ വാദത്തിനെതിരെ നിശബ്ദവും എന്നാൽ ശക്തവുമായ ഒരു കുറ്റാരോപണമാണ് ലഡാക്കിലെ ബുദ്ധമതക്കാരുടെയും മുസ്ലിങ്ങളുടെയും ഭരണഘടനാ സംരക്ഷണ ആവശ്യം. ജനാധിപത്യ സ്ഥാപനങ്ങൾ നിഷ്ക്രിയമാകുമ്പോൾ, ഭരണകൂടം അവഗണിക്കുന്ന ഐക്യത്തെ സമൂഹങ്ങൾ കണ്ടെത്തുന്നുവെന്ന് ‘ലഡാക്ക് പ്രസ്ഥാനം’ തെളിയിക്കുന്നു. ഭിന്നമായ വർഗീയ സ്വഭാവങ്ങളടങ്ങിയ ‘പ്രസ്ഥാനം’, ഭരണഘടനാപരമായ ഒരു ഭാഷയാണ് മുന്നോട്ടുവയ്ക്കുന്നത്.
അപകടത്തിലായിരിക്കുന്നത് ഒരു വിദൂര പ്രദേശത്തിന്റെ ഭരണ സംവിധാനം മാത്രമല്ല; റിപ്പബ്ലിക്കിന്റെ ആശയം തന്നെയാണ്. ഒരുകാലത്ത് സ്വന്തം ചുറ്റുപാടുകളിലുള്ളവരെ ശ്രദ്ധിക്കുന്നതിലും, വിയോജിപ്പുകളെ ചർച്ചകളിൽ ഉൾപ്പെടുത്തുന്നതിലും, അധികാരത്തിന്റെ നിയമസാധുത ഭരിക്കപ്പെടുന്നവരുടെ സമ്മതത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അംഗീകരിക്കുന്നതിലും അഭിമാനിച്ചിരുന്ന ഒരു റിപ്പബ്ലിക്. ലഡാക്കിന്റെ ആവശ്യങ്ങളെ അവഗണിക്കുന്നതിനര്‍ത്ഥം 2019ന് ശേഷമുള്ള പുനഃക്രമീകരണത്തില്‍ ഒരിക്കൽ ആഹ്ലാദിച്ചവരിൽ വഞ്ചനയ്ക്കെതിരെയുള്ള വികാരം വർധിപ്പിക്കുക എന്നാണ്. മണിപ്പൂരിന്റെ ദുരന്തത്തെ സാധാരണവൽക്കരിക്കുക എന്നതിനർത്ഥം ചില പൗരന്മാരെ ധാർമ്മികതയില്ലാതെ ഉപേക്ഷിക്കാൻ കഴിയുമെന്ന് സമ്മതിക്കുകയെന്നാണ്. കേന്ദ്രീകരണത്തിന്റെ പാതയിൽ തുടരുക എന്നതിനർത്ഥം ഇന്ത്യയുടെ ജനാധിപത്യ സഹിഷ്ണുതയുടെ കേന്ദ്രബിന്ദുവായ ഫെഡറൽ മനോഭാവത്തെ ഇല്ലാതാക്കുക എന്നാണ്. എതിർപ്പുകളായല്ല, ജനാധിപത്യത്തിന്റെ ഉറപ്പിലാണ് പാര്‍ശ്വവല്‍ക്കൃതര്‍ സംസാരിക്കുന്നത്. ഏതൊരു റിപ്പബ്ലിക്കും നൽകേണ്ട അന്തസ്, പ്രാതിനിധ്യം, വിശ്വാസം എന്നിവയാണ് അവര്‍ ആവശ്യപ്പെടുന്നത്. ശബ്ദങ്ങളെ മറയ്ക്കുന്ന ഒരു ഭരണത്തിന് വിശ്വസ്തത വീണ്ടെടുക്കാതെ ദീര്‍ഘകാലം നിയമസാധുത അവകാശപ്പെടാൻ കഴിയില്ല. അതായത് കേന്ദ്രത്തിന് മുന്നിലുള്ള വെല്ലുവിളി ഭരണപരം മാത്രമല്ല; ആഴത്തിൽ ധാർമ്മികവുമാണ് എന്നര്‍ത്ഥം. കേൾക്കാൻ സന്മനസുള്ളപ്പോൾ മാത്രമേ റിപ്പബ്ലിക് അഭിവൃദ്ധി പ്രാപിക്കൂ എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് സമാധാനപരവും ദൃഢനിശ്ചയപരവുമായ ലഡാക്ക് പ്രസ്ഥാനം. ഫെഡറൽ സംവിധാനത്തിന്റെ കാതലായ ഭരണഘടനാ വാഗ്ദാനം ഇപ്പോഴും അംഗീകരിക്കുന്നുണ്ടോ എന്ന്, രാഷ്ട്രത്തിന് നേരെ അത് ഒരു കണ്ണാടി ഉയർത്തുന്നു.
(ന്യൂസ് ക്ലിക്ക്)

