Site iconSite icon Janayugom Online

വളരുന്ന ഇന്ത്യയില്‍ തളരുന്ന ഇടങ്ങൾ

പ്പോഴും നരേന്ദ്ര മോഡി ഉൾപ്പെടെ കേന്ദ്ര ഭരണാധികാരികൾ ആവർത്തിക്കുന്നതായിരുന്നു രാജ്യം ലോക സാമ്പത്തിക ശക്തിയായി വളരുന്നുവെന്ന അവകാശവാദം. ഇപ്പോൾ അതിന്റെ ശക്തിക്ക് ക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഓർത്തെടുത്ത് പറയുന്നുണ്ട്. അതിന് ഉപോൽബലകമായി കുറേ കണക്കുകളും പറയുന്നു. എന്നാൽ വളരുന്ന സമ്പദ്ഘടനയുടെ തളരുന്ന മേഖലകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്. ഓഹരിക്കമ്പോളത്തിലെ കുതിപ്പിന്റെയും വൻകിട കോർപറേറ്റുകൾ വാരിക്കൂട്ടുന്ന ലാഭത്തിന്റെയും കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് വളർച്ചാ അവകാശവാദമെന്ന് നിഷ്പക്ഷരായ സാമ്പത്തിക വിദഗ്ധർ വിശദീകരിക്കുമ്പോൾ അതിനെ അവഗണിക്കുകയാണ് ഭരണകൂടവും ഗോദി മീഡിയകളും ചെയ്തുപോരുന്നത്. എന്നാൽ കേന്ദ്ര അവകാശത്തെ സംശയാസ്പദമാക്കുന്ന കേന്ദ്ര സർക്കാർ വകുപ്പുകളുടെ തന്നെ റിപ്പോർട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വ്യാപാരക്കമ്മിയും തൊഴിലില്ലായ്മയും കുറച്ചുമാസങ്ങളായി വർധിക്കുന്ന പ്രവണത കാട്ടുന്നുവെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെയും ദേശീയ സാമ്പിൾ സർവേ ഓഫിസിന്റെയും സെപ്റ്റംബറിലെയും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്. നേരത്തെ ആഗോളതലത്തിൽ ഇന്ത്യയുടെ വിവിധ രംഗങ്ങളിലുള്ള പ്രകടനങ്ങൾ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളെ, അത് തയ്യാറാക്കുന്ന ഏജൻസികളുടെ വിശ്വാസ്യതയും അവലംബിക്കുന്ന രീതികളെയും ചോദ്യം ചെയ്താണ് കേന്ദ്ര സർക്കാരും ബിജെപിയും പ്രതിരോധിക്കാറുണ്ടായിരുന്നത്. ഇത് കേന്ദ്ര സർക്കാർ ഏജൻസികളുടേതാണ് എന്നതിനാൽ അതിന് സാധ്യമാകില്ല. പകരം ബിജെപിയുടെ തലതിരിഞ്ഞ പ്രചാരണ വിഭാഗം പുതിയ ന്യായീകരണങ്ങൾ കണ്ടെത്തുമായിരിക്കും. അതിലൊന്ന് വ്യാപാരക്കമ്മി കൂടിയതിന് കാരണം ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധമാണെന്നായിരിക്കും. അതുകൊണ്ടാണ് വ്യാപാരക്കമ്മിയും അതിന്റെ പ്രതിഫലനമായി തൊഴിലില്ലായ്മയും കൂടിയതെന്നാവും അവരുടെ ന്യായീകരണം. 

അതെന്തായാലും രാജ്യത്തിന്റെ സമ്പദ്ഘടന വളരുന്നുവെന്ന അവകാശവാദത്തിന് ഒരു മറുപുറമുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ. കുറഞ്ഞത്, വ്യാപാരക്കമ്മി, തൊഴിലില്ലായ്മാ വർധന എന്നിവ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെങ്കിലും. ഇറക്കുമതിയിലെ ഗണ്യമായ വർധന കാരണം ഇന്ത്യയുടെ വ്യാപാരക്കമ്മി സെപ്റ്റംബറിൽ 3,115 കോടി ഡോളറായി വർധിച്ചു, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കയറ്റുമതി 6.74% വർധിച്ച് 3,638 കോടി ഡോളറിലെത്തിയപ്പോൾ, ഇറക്കുമതി കഴിഞ്ഞ വർഷം ഇതേ മാസത്തെ 5,874 കോടി ഡോളറിൽ നിന്ന് 16.6% കൂടി 6,853 കോടി ഡോളറിലെത്തി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, കയറ്റുമതി 3.02% വർധിച്ച് 22,012 കോടി ഡോളറിലെത്തിയിരുന്നു. അതേസമയം ഇറക്കുമതി 4.53% വർധിച്ച് 37,511 കോടി ഡോളറായി. ഇത് 15,499 കോടി ഡോളറിന്റെ വ്യാപാര കമ്മിക്ക് കാരണമായി. ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50% തീരുവകൾ തുണിത്തരങ്ങൾ, ചെമ്മീൻ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ വസ്തുക്കളുടെ കയറ്റുമതിയെ ബാധിച്ചതിനാൽ ഓഗസ്റ്റിൽ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 687 കോടി ഡോളറിൽ നിന്ന് 543 കോടി ഡോളറായി കുറഞ്ഞു എന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. അതെന്തായാലും വ്യാപാരക്കമ്മി രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ചയിൽ വിപരീത ഘടകമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന്റെ കൂടെയാണ് ആശങ്കപ്പെടുത്തുന്ന നിലയിൽ രാജ്യത്തെ തൊഴിലില്ലായ്മയും വർധിക്കുന്നുവെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (എൻഎസ്ഒ) റിപ്പോർട്ട് പുറത്തുവന്നത്. 

ഗ്രാമീണ തൊഴിലില്ലായ്മ വർധിച്ചതിനെത്തുടർന്ന് ഈ വർഷം സെപ്റ്റംബറിൽ തൊഴിൽ വിപണികൾക്ക് ചലനാത്മകത നഷ്ടപ്പെട്ടെന്നാണ് എൻഎസ്ഒയുടെ പ്രതിമാസ ആനുകാലിക തൊഴിൽ ശക്തി സർവേ (പിഎൽഎഫ്എസ്) കണക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിലെ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റിലെ 5.1 ശതമാനത്തിൽ നിന്ന് 5.2% ആയി ഉയർന്നു. ഗ്രാമപ്രദേശങ്ങളിലെ നിലവിലെ ആഴ്ച നിലവാരമനുസരിച്ച് 15 വയസിനു മുകളിലുള്ളവരുടെ തൊഴിലില്ലായ്മ ഓഗസ്റ്റിലെ 4.3% സെപ്റ്റംബറിൽ 4.6% ആയി ഉയർന്നു. ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്നാണ് സാമ്പത്തികകാര്യ മാധ്യമങ്ങളുടെ അവലോകനത്തിൽ വ്യക്തമാക്കുന്നത്.
നഗരപ്രദേശങ്ങളിൽ വർധന ഓഗസ്റ്റില്‍ 6.7% സെപ്റ്റംബറിൽ 6.8% എന്ന നിലയിലേക്കാണ്. പുരുഷ തൊഴിലില്ലായ്മ 5% എന്നത് 5.1% ആയും സ്ത്രീകളുടേത് ഇതേ കാലയളവിൽ 5.2 ശതമാനത്തിൽ നിന്ന് 5.5% ആയും വർധിച്ചു. ജോലി ചെയ്യുന്നവരോ ജോലി അന്വേഷിക്കുന്നവരോ ആയ ആളുകളുടെ എണ്ണത്തിന്റെ അളവുകോലായ തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് (എൽഎഫ്പിആർ) ഓഗസ്റ്റിലെ 55% സെപ്റ്റംബറിൽ 55.3% ആയി. 15 നും 29 നും ഇടയിലുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 14.6% ത്തിൽ നിന്ന് 15% ആയി വർധിച്ചു. ഈ പ്രായപരിധിയിലുള്ള സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 17.8% ആണ്. എന്നാൽ പുരുഷന്മാരുടെ നിരക്ക് 13.5% എന്നത് 13.9% ആയി വർധിച്ചു. ട്രംപിന്റെ തീരുവ വർധന പ്രഖ്യാപനം വന്ന ജനുവരിയിൽ ചില സാമ്പത്തികകാര്യ മാധ്യമങ്ങൾ നടത്തിയ വിശകലനത്തിൽ തീരുവ വർധനയും പണപ്പെരുപ്പവും രാജ്യത്തിന്റെ സമ്പദ്ഘടനയിലും ജിഡിപിയിലും പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നു. ആദ്യ മുൻകൂർ കണക്കുകൾ പ്രകാരം ജിഡിപി വളർച്ച 6.4% ആണ് പ്രവചിച്ചത്. മുൻ വർഷത്തെ 8.2% ത്തിൽ നിന്ന് കുത്തനെയുള്ള ഇടിവാണിതെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ അത് താൽക്കാലികമായിരിക്കുമെന്നാണ് കേന്ദ്ര ഭരണാനുകൂലികളായ വിശകലന വിശാരദർ പ്രതികരിച്ചത്. 

ഉല്പാദന മേഖലയ്ക്ക് ഗണ്യമായ തിരിച്ചടി നേരിടുകയും ഉപഭോക്തൃ ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെന്നത് ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വെറുമൊരു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മാത്രമല്ല. അത് ഒരു ജീവിത യാഥാർത്ഥ്യമാണ്. ചില്ലറ വായ്പാ കുടിശികകൾ വർധിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിഗത വായ്പാ വളർച്ച ഏകദേശം പകുതിയായി. ഗാർഹിക പണപ്പെരുപ്പം കുടുംബങ്ങളെ ഞെരുക്കത്തിലാക്കുന്നു. ഇത് വ്യാപാരമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
ഉപഭോക്തൃ ചെലവ് സാധാരണയായി കുതിച്ചുചാട്ടം കാണിക്കുന്ന, 2024 ഒക്ടോബർ — ഡിസംബർ മാസങ്ങളിലെ ഉത്സവകാലം ഏറ്റവും മോശമായിരുന്നുവെന്നും അത്തരം സൂചകങ്ങൾ താൽക്കാലികമായ ഒരു ഇടിവിനെയല്ല കൂടുതൽ വ്യാപകമായ സാമ്പത്തിക അസ്വാസ്ഥ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും വാണിജ്യ മാധ്യമമായ ഇൻ ഫോക്കസ് ജനുവരിയിൽത്തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിരവധി സൂചകങ്ങൾ അവർ അടിവരയിടുകയുണ്ടായി. അതിൽ പ്രധാനം ചരക്കുസേവന നികുതി പിരിവിലെ മാന്ദ്യമാണ്. അതിവേഗം വളരുന്ന ഉപഭോക്തൃ വസ്തുക്കളുടെ (എഫ്എംസിജി) വില്പന വളർച്ച 2023 ലെ 11%, 2024ലെ ഉത്സവ പാദത്തിൽ വെറും 2.8% ആയി കുറഞ്ഞു. കൂടാതെ, വിദേശ നിക്ഷേപകർ 2024 ഒക്ടോബറിൽ ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് 1,180 കോടി ഡോളറിലധികം പിൻവലിച്ചു, നവംബറിൽ മറ്റൊരു 250 കോടി ഡോളർ കൂടി പുറത്തേക്കുപോയി. എന്നിങ്ങനെ സമ്പദ്ഘടന തിരിച്ചടി നേരിടുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള നിരവധി കാരണങ്ങൾ വ്യക്തമാക്കപ്പെടുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് ചരക്കു സേവന നികുതി പരിഷ്കരണം നടപ്പിലാക്കിയത്. ‌

നികുതി പരിഷ്കരിക്കുകയോ ക്രമീകരിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന വിലക്കുറവിന്റെ ഫലമായി കൂടുതൽ ഉപഭോഗം നടക്കുകയും വരുമാനം വർധിക്കുകയും ചെയ്യുമെന്നായിരുന്നു കേന്ദ്ര സർക്കാർ ഇതിന് നൽകിയ ന്യായീകരണം. പക്ഷേ ഉപഭോക്താവിന് വിലക്കുറവിന്റെ നേട്ടവും അതുവഴിയുള്ള ഉപഭോഗവർധനയും സംശയാസ്പദമാണെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയർന്നിരുന്നു. ഇത് പരിഗണിക്കാതെ കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ പരിഷ്കരണത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് വ്യാഖ്യാനിച്ച വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഫലത്തിൽ ഈ പരിഷ്കരണവും പാളുന്നുവെന്ന പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്.
ഇതുപോലെ സാമ്പത്തിക രംഗത്ത് പരിഷ്കണമെന്ന പേരിൽ നടപ്പിലാക്കിയതെല്ലാം പാളിയതിന്റെ നിരവധി ഉദാഹരണങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തിരിച്ചടികളെല്ലാം സാമ്പത്തിക വളർച്ചയെന്ന അവകാശവാദത്തെ പൊളിക്കുന്നു. എന്നുമാത്രമല്ല സാമ്പത്തിക മാനേജ്മെന്റ് പരാജയമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. 

Exit mobile version