Site iconSite icon Janayugom Online

അശനിപാതം പോലെ നിയമങ്ങൾ

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വിത്ത് ബിൽ 2025മായി ബന്ധപ്പെട്ട് ഡിസംബർ 11 വരെ ആയിരുന്നു നിർദേശങ്ങൾ നൽകേണ്ടിയിരുന്നത്. കോർപറേറ്റ് അനുകൂല നയങ്ങള്‍ കുത്തിനിറച്ച് ചർച്ചകളൊന്നും കൂടാതെ പുറത്തിറക്കിയ ബില്ലിൽ നിർദേശങ്ങൾ സമർപ്പിക്കേണ്ടതില്ല എന്നായിരുന്നു സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) തീരുമാനം. നിർദിഷ്ട ബിൽ, വിത്ത് കമ്പനികൾക്കും കച്ചവടക്കാർക്കും മാത്രം ഗുണകരമായതാണ്. ഭാരത് ബീജ് സ്വരാജ് മഞ്ച് അംഗവും വിത്ത് കാര്യങ്ങളില്‍ വിദഗ്ധനുമായ ഭരത് മൻസത മുന്നറിയിപ്പ് ഇങ്ങനെയാണ്: “ഈ കരട് നിയമം വിത്ത് കമ്പനികളുടെയും കച്ചവടക്കാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതാണ്. സാധാരണ കർഷകരെ, പ്രത്യേകിച്ചും ജൈവരീതിയിൽ കൃഷി ചെയ്യുന്ന, പരമ്പരാഗത വിത്തുകൾ ഇഷ്ടപ്പെടുന്ന കർഷകരെ പരിഗണിക്കുന്നതേയില്ല.” 1996ലെ വിത്ത് നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ നിയമം എന്നാണ് ഭരണകൂട വക്താക്കൾ ആവർത്തിക്കുന്നത്. വിത്തുകൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുക, രജിസ്ട്രേഷൻ നിർബന്ധമാക്കുക, നഴ്സറികളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ വിപുലമാക്കുക, വിതരണശൃംഖലയിൽ ഡിജിറ്റൽ പരിശോധനയും സുതാര്യതയും ഉറപ്പാക്കുക എന്നിങ്ങനെയാണ് ഉദ്ദേശലക്ഷ്യങ്ങളെ വിവരിക്കുന്നത്. സർക്കാർ വിജ്ഞാപനം ചെയ്ത വിത്തിനങ്ങളെ മാത്രം നിയന്ത്രിക്കുന്നതും വിത്ത് രജിസ്ട്രേഷൻ നിർബന്ധമല്ലാത്തതുമായ ഒരു ചട്ടക്കൂടാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്. 

പുതിയ നിയമത്തിലെ വ്യവസ്ഥകളും ആശങ്കകളും പരിശോധിക്കുന്നതിന് മുമ്പ്, നിലവിലുണ്ടായിരുന്ന നിയമപരമായ ചട്ടക്കൂടുകളെക്കുറിച്ചുള്ള ധാരണ അനിവാര്യമാണ്. രാജ്യത്ത് വിത്തുമായി ബന്ധപ്പെട്ട ആദ്യ നിയമനിർമ്മാണം നടക്കുന്നത് 1966ലാണ്. ആ നിയമവും തുടർന്ന് 1983ലെ വിത്ത് നിയന്ത്രണ ഉത്തരവും ആണ് മേഖലയിലെ അടിസ്ഥാന രേഖകൾ. കർഷകർക്ക് ലഭ്യമാകുന്ന വിത്തുകളുടെ മുളയ്ക്കല്‍ ശേഷി, ഭൗതിക ശുദ്ധി എന്നിവ ഉറപ്പാക്കുകയിരുന്നു മുഖ്യലക്ഷ്യമെങ്കിലും സർക്കാർ വിജ്ഞാപനം ചെയ്ത വിത്തിനങ്ങൾക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ. ഇത് നിയമത്തിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് വിപണിയിലെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്നതിനായാണ് 1983ൽ വിത്ത് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്. വിത്ത് വിതരണക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുക, വിത്തിനങ്ങളുടെ നിർബന്ധിത രജിസ്ട്രേഷനാണ് പുതിയ നിയമത്തിലെ ഒരു പ്രധാന നിബന്ധന. കർഷകരുടെ പരമ്പരാഗത വിത്തിനങ്ങളും കയറ്റുമതിക്ക് മാത്രമുള്ളവയും ഒഴികെ എല്ലാ വിത്തിനങ്ങളും രജിസ്റ്റർ ചെയ്യണം. അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ഇവ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്ത് മൂല്യ പരീക്ഷണം നടത്തണം. നിശ്ചിത മുളയ്ക്കൽ ശേഷിയും ശുദ്ധിയും ഉള്ളവയ്ക്ക് മാത്രമേ രജിസ്ട്രേഷൻ ലഭിക്കൂ. വിത്തുകളുടെ ഉല്പാദനം, വിതരണം, ഇറക്കുമതി, കയറ്റുമതി എന്നിവയെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുന്നതിനായി ഒരു ‘സെൻട്രൽ സീഡ് കമ്മിറ്റി’യെ നിയമിക്കും. രജിസ്ട്രേഷൻ ശുപാർശ ചെയ്യുന്നതിനായി ഒരു ‘രജിസ്ട്രേഷൻ സബ് കമ്മിറ്റി’യും നിലവിൽവരും. വിത്ത് വിതരണം, രജിസ്ട്രേഷൻ, വില തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നതിനായി ഓരോ സംസ്ഥാന സർക്കാരും ഒരു ‘സംസ്ഥാന സീഡ് കമ്മിറ്റി’ രൂപീകരിക്കണം. 

സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യാതെ ആർക്കും വിത്ത് ഉല്പാദിപ്പിക്കാനോ വിത്ത് സംസ്കരണ യൂണിറ്റുകൾ നടത്താനോ സാധിക്കില്ല. വിത്തുകൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഡീലർമാർക്കും വിതരണക്കാർക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാകും. പ്ലാന്റ് നഴ്സറികൾ നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെങ്കിലും, ചെറിയ നഴ്സറികൾക്ക് ഇതിൽ ഇളവ് നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. കൂടാതെ, ചെടികളുടെ ഉറവിടം വ്യക്തമാക്കുന്നതും രോഗബാധയില്ലെന്ന് ഉറപ്പാക്കുന്നതുമായ രേഖകൾ നഴ്സറികൾ സൂക്ഷിക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത വിത്തിനങ്ങൾ മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ. വിത്തുകൾക്ക് നിശ്ചിത അളവിലുള്ള മുളയ്ക്കൽ ശേഷിയും ജനിതക ശുദ്ധിയും നിർബന്ധമാണ്. പാക്കറ്റുകളിൽ ശരിയായ ലേബലിനൊപ്പം, ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ പോർട്ടലിൽ നിന്നുള്ള ക്യുആർ കോഡും ഉണ്ടായിരിക്കണം. വിത്തുകൾക്ക് ക്ഷാമമോ അമിത വിലക്കയറ്റമോ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ അവയുടെ വിപണന വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടാകും. വിത്ത് നിയന്ത്രണത്തിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്നതുവഴി സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കപ്പെടുകയാണ്. വിത്തുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര‑സംസ്ഥാന തലങ്ങളിൽ സീഡ് ടെസ്റ്റിങ് ലബോറട്ടറികൾ സ്ഥാപിക്കും. നിയമലംഘനം നടന്നാൽ പരിശോധന നടത്തുന്നതിനായി സീഡ് ഇൻസ്പെക്ടർക്ക് വിത്തുകളുടെ സാമ്പിളുകൾ ശേഖരിക്കാനും, പരിശോധന നടത്താനും, രേഖകൾ പിടിച്ചെടുക്കാനും അധികാരമുണ്ടായിരിക്കും. ഗുണനിലവാരമില്ലാത്ത വിത്തുകൾ വിൽക്കുകയോ സാതി (SATHI) പോർട്ടലിൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്താല്‍ ഒരു ലക്ഷത്തില്‍ കുറയാത്ത പിഴ ഈടാക്കാം. വ്യാജ വിത്തുകൾ വിൽക്കുന്നത് പോലെയുള്ള ഗുരുതര കുറ്റങ്ങൾക്ക് 30 ലക്ഷം വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം. കർഷകർക്ക് അവരുടെ കൃഷിയിടത്തിൽ നിന്നുള്ള വിത്തുകൾ വളർത്താനും, വിതയ്ക്കാനും, സൂക്ഷിക്കാനും, കൈമാറ്റം ചെയ്യാനും, വിൽക്കാനും അവകാശമുണ്ട്. എന്നാൽ, ബ്രാൻഡ് പേരില്‍ വിൽക്കാൻ അനുവാദമില്ല. കയറ്റുമതി ചെയ്യുന്ന രാജ്യത്ത് നടത്തിയ മൾട്ടി ലോക്കേഷൻ പരീക്ഷണഫലങ്ങളുടെയും, ഇറക്കുമതിക്കാർ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിത്ത് ഇറക്കുമതിക്ക് അനുമതി നൽകാവുന്നതാണ്. രജിസ്റ്റർ ചെയ്ത വിത്തുകളില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ, കർഷകർക്ക് ഉപഭോക്തൃ കോടതികൾ വഴി നഷ്ടപരിഹാരം തേടാൻ വ്യവസ്ഥയുണ്ടെങ്കിലും ഇതിന് കർഷകർ ഉപഭോക്തൃ കോടതിയെ സമീപിക്കണം. ഇത് സങ്കീർണവും കാലതാമസമെടുക്കുന്നതുമായ നടപടിയാണ്. ലളിതമായ നഷ്ടപരിഹാര സംവിധാനം ബില്ലിൽ ഇല്ല. 

കർഷകർക്ക് വിത്ത് സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും അനുവാദമുണ്ടെങ്കിലും, കാർഷികോല്പാദക സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ, കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ, പരമ്പരാഗത വിത്ത് സംരക്ഷണ സംഘടനകൾ എന്നിവയെ വാണിജ്യ സ്ഥാപനങ്ങളായാണ് കരട് ബില്ലിൽ പരിഗണിക്കുന്നത്. അതിനാൽ, വൻകിട കോർപറേറ്റുകൾക്ക് ബാധകമായ കർശനമായ രജിസ്ട്രേഷൻ നടപടികളും പരിശോധനകളും പാലിക്കാൻ കാർഷിക കൂട്ടായ്മകളും നിർബന്ധിതരാകും. ഇത് ഇവയുടെ തകർച്ചയ്ക്കും, പ്രാദേശിക കാർഷിക ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും വഴിവയ്ക്കും. വിത്തിന്റെ മൂല്യം അടിസ്ഥാനമാക്കിയുള്ള പരിശോധനകളും ക്യുആർ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ നിബന്ധനകളും വൻകിട കോർപറേറ്റുകളുടെ ഹൈബ്രിഡ് വിത്തുകൾക്ക് മുൻഗണന നൽകുന്നവയാണ്. ഹൈബ്രിഡ് വിത്തുകളെ നിയമം അനുകൂലിക്കുമ്പോൾ, കാലാവസ്ഥയെ അതിജീവിക്കുന്ന വൈവിധ്യമാർന്ന പ്രാദേശിക വിത്തിനങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ വരികയും വിപണിയിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. ഇത് 2002ലെ ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, ഗ്രാമീണ മേഖലയിലെ ചെറുകിട വിത്ത് സംരക്ഷകർക്ക് വലിയ ബാധ്യത വരുത്തിവയ്ക്കുകയും, ഇന്ത്യൻ കാർഷികരംഗത്തെ ജൈവവൈവിധ്യത്തെ തകർത്ത് വ്യാവസായിക വിത്ത് സമ്പ്രദായത്തെ അമിതമായി ശക്തിപ്പെടുത്തുകയും ചെയ്യും. വിത്തുകളുടെ വില നിയന്ത്രിക്കാനുള്ള വ്യവസ്ഥകളില്ല എന്നത് കുത്തക കമ്പനികൾക്ക് തോന്നിയ വില ഈടാക്കാൻ അവസരമൊരുക്കും. വിദേശ വിത്തുകളുടെ ഇറക്കുമതി ഉദാരമാക്കുന്നതിലൂടെ നിയമത്തിൽ വലിയ പഴുതുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രധാന ആശങ്ക. വിദേശത്തെ പരിശോധനകളുടെ മാത്രം അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഇന്ത്യയിലേക്ക് കടന്നുവരാൻ വഴിയൊരുക്കും. വിദേശ രാജ്യങ്ങളിലെ പരീക്ഷണഫലങ്ങൾ ഇന്ത്യൻ കാർഷിക സാഹചര്യങ്ങൾക്ക് അനുയോജ്യമോ എന്നതും തർക്കവിഷയമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, സംസ്ഥാന കാർഷിക സർവകലാശാലകൾ തുടങ്ങിയ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങൾക്കുമേൽ ഈ ബിൽ അമിതഭാരമാണ് അടിച്ചേല്പിക്കുന്നത്. സാതി ഡിജിറ്റൽ ട്രേസബിലിറ്റി സിസ്റ്റം, ക്യുആർ കോഡുകൾ, തുടർച്ചയായ ഡിജിറ്റൽ രേഖകൾ അപ്‌ലോഡ് ചെയ്യൽ, കേന്ദ്രീകൃത മൂല്യം എന്നിവ നിർബന്ധമാക്കുന്നതിന് ആവശ്യമായ സാമ്പത്തിക — സാങ്കേതിക സൗകര്യങ്ങൾ എന്നിവ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കില്ല. അധിക ഫണ്ട് അനുവദിക്കാതെ അടിച്ചേല്പിക്കുന്ന നിബന്ധനകൾ ഗവേഷണ ബജറ്റിനെ തകിടംമറിക്കും. താങ്ങാനാവുന്ന വിലയിൽ പ്രാദേശിക ഇനങ്ങൾ വികസിപ്പിക്കുന്നതിനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യും. പൊതുമേഖലാ ഗവേഷണ രംഗത്തെ നശിപ്പിക്കാനും വിത്തുല്പാദന രംഗം പൂർണമായും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാകാനും വഴിയൊരുക്കും.
കർഷകർക്കും അവരുടെ കൂട്ടായ്മകൾക്കും വിത്തുകൾ സൂക്ഷിക്കാനും, കൈമാറാനും, വിതരണം ചെയ്യാനും അവകാശം നല്‍കുന്ന 2001ലെ നിയമത്തെ ബിൽ നിഷേധിക്കുന്നു. കൂട്ടായ്മകളെ വാണിജ്യ സ്ഥാപനങ്ങളായിക്കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, സ്വകാര്യ വിത്ത് കമ്പനികൾക്ക് ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ വഴിയൊരുക്കുന്നു. ചുരുക്കത്തില്‍ 2025ലെ വിത്ത് ബിൽ, പ്രായോഗിക തലത്തിൽ രാജ്യത്തിന്റെ കാർഷിക പരമാധികാരത്തെയും കർഷകാവകാശങ്ങളെയും വെല്ലുവിളിക്കുന്നതായി മാറുന്നു. കാർഷിക മേഖലയില്‍ കുത്തകകൾക്ക് വഴിയൊരുക്കുന്ന ബില്‍ കർഷക ക്ഷേമത്തിന് വിരുദ്ധമാണ്. 

Exit mobile version