Site iconSite icon Janayugom Online

ജസ്റ്റിസ് യു എൽ ഭട്ടിന്റെ ലെഗസി

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ സവിശേഷമായ മുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് ജസ്റ്റിസ് യു എൽ ഭട്ട് ഇക്കഴിഞ്ഞ ജൂൺ ആറിന് 91-ാം വയസിൽ വിടവാങ്ങിയത്. കേരള, അസം, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹം ന്യായാധിപനെന്ന നിലയിൽ മികവിന്റെ ഉജ്വലമായ മാതൃക സൃഷ്ടിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ്. ജസ്റ്റിസ് രാംകുമാർ ഒരു പ്രതികരണത്തിൽ സൂചിപ്പിച്ച പോലെ, ‘ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ പ്രവർത്തിച്ച അതികായനായിരുന്നു അദ്ദേഹം’.
ജസ്റ്റിസ് യു എൽ ഭട്ട് കടന്നുപോകുമ്പോൾ അവശേഷിപ്പിക്കുന്നത് മഹത്തായ ചില മൂല്യങ്ങളും അടിയുറച്ച നിലപാടുകളുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രമായ ജുഡീഷ്യറി എന്ന സങ്കല്പത്തിന് സമീപകാലത്ത് നേരിട്ട തകർച്ച അദ്ദേഹത്തെ വലുതായി ദുഃഖിപ്പിച്ചിരുന്നു. ഭരണകൂടത്തിൽ സ്വാധീനമുറപ്പിച്ച സമഗ്രാധിപത്യ പ്രവണതകൾ ജുഡീഷ്യറിയെയും സ്വാധീനിക്കുന്നത് അദ്ദേഹത്തിനും കാണേണ്ടി വന്നു. ജുഡീഷ്യറി സംവിധാനം അതിനും മുമ്പേ തന്നെ ആന്തരികമായ അപചയം നേരിടുന്നുണ്ടായിരുന്നു. സർവീസിലിരിക്കെ വിവിധ അധികാര കേന്ദ്രങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം. അസാമാന്യമായ നിശ്ചയദാർഢ്യവും സത്യസന്ധതയും നിർഭയമായ നിലപാടുകളും പലർക്കും അസ്വീകാര്യമായിരുന്നു. അപ്പോഴും ഏറ്റെടുത്ത ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിച്ച ഭട്ട്, ഇന്ത്യൻ ജുഡീഷ്യറിയിൽ മികവിന്റെയും നൈതികതയുടെയും ആർജവത്തിന്റെയും മാതൃകകൾ സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ ‘തെളിവു നിയമം സംബന്ധിച്ച പ്രഭാഷണങ്ങൾ’ (Lec­tures on The Indi­an Evi­dence Act), ‘ക്രിമിനൽ കേസുകളിലെ തെളിവുകളുടെ പ്രസക്തിയും വിശകലനവും’ (Rele van­cy, proof and eval­u­a­tion of evi­dence in crim­i­nal cas­es) എന്നീ നിയമഗ്രന്ഥങ്ങൾ ആ വിഷയങ്ങളിലുള്ള എക്കാലത്തെയും മികച്ച പുസ്തകങ്ങളാണ്. ആത്മകഥയായ ഒരു ചീഫ് ജസ്റ്റിസിന്റെ കഥ (The sto­ry of a Chief Jus­tice) ഇന്ത്യൻ ജുഡീഷ്യൽ സംവിധാനത്തിന്റെതന്നെ പരിച്ഛേദം നമ്മുടെ മുന്നിൽ വയ്ക്കുന്നു. 

എന്നാൽ എല്ലാ യോഗ്യതകളുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ജഡ്ജിമാരിലൊരാളെന്ന ശ്രദ്ധ നേടിയിട്ടും അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താതിരിക്കുന്നതിൽ നിക്ഷിപ്ത താല്പര്യക്കാർ വിജയിച്ചു. ജസ്റ്റിസ് ഭട്ടിനെ യോഗ്യതയുണ്ടായിട്ടും സുപ്രീം കോടതി ജഡ്ജിയായി ഉയർത്താത്ത സംഭവം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകളെയെല്ലാം അട്ടിമറിച്ചുകൊണ്ട് സ്ഥാപിതമായ കൊളീജിയം സംവിധാനം ഇപ്പോഴും വിവാദങ്ങളുടെ വിളനിലമായി നിൽക്കുമ്പോൾ ജസ്റ്റിസ് യു എൽ ഭട്ടിന്റെ വിഷയം പ്രസക്തമായി തുടരുകയാണ്. വിവാദപരമായിത്തീർന്ന രണ്ടാം ജഡ്ജസ് കേസിൽ 1993 ഒക്ടോബർ എട്ടിനു പുറപ്പെടുവിക്കപ്പെട്ട സുപ്രീം കോടതി വിധിപ്രകാരം കൊളീജിയം സ്ഥാപിക്കപ്പെട്ടതോടെ പരമോന്നത കോടതിയിലേക്ക് പുതുതായി ജഡ്ജിമാരെ കണ്ടെത്തുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനും അദ്ദേഹത്തോടൊട്ടിനിൽക്കുന്ന രണ്ടു സീനിയർ ജഡ്ജിമാരുടെയും കൈകളിലായി. അതോടെ യോഗ്യതകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കപ്പെട്ടു. മികവും കാര്യശേഷിയും സത്യസന്ധതയും അവഗണിക്കപ്പെട്ടു.
ജസ്റ്റിസ് റുമ പാൽ നിരീക്ഷിച്ചതുപോലെ ‘കൊളീജിയം വന്നതോടെ സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്ന രീതി നിഗൂഢമായിത്തീർന്നു.’ സ്ഥാപിക്കപ്പെട്ട കാലംമുതൽ തന്നെ ദുരുപയോഗം ചെയ്യപ്പെട്ട കൊളീജിയം സംവിധാനത്തിന്റെ ആദ്യ രക്തസാക്ഷിയായിത്തീര്‍ന്നത് ജസ്റ്റിസ് യു എൽ ഭട്ടാണ്. സീനിയർമാരോട് ആദരവ് പ്രകടിപ്പിക്കാത്തയാളും ‘സേവക മനോഭാവ’മില്ലാത്തയാളും ആയതാണ് ജസ്റ്റിസ് യു എൽ ഭട്ട് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടാൻ തടസമായതെന്ന് അന്നത്തെ ഒരു ജഡ്ജിയുടെ നിരീക്ഷണം ഒരു അഭിമുഖത്തിൽ അദ്ദേഹം ഈ ലേഖകനോട് സൂചിപ്പിച്ചത് ഓർക്കുന്നു.
ഇന്ത്യൻ നീതിന്യായ സംവിധാനത്തിനുള്ളിലെ കൊള്ളരുതായ്മകൾക്കെതിരെ തന്റെ സേവനകാലത്തുടനീളം ശക്തമായ ഭാഷയിലാണ് ജസ്റ്റിസ് യു എൽ ഭട്ട് നിലപാടെടുത്തത്. ‘ഇവിടത്തെ ജുഡീഷ്യറിക്ക് ഫ്യൂഡൽ വ്യവസ്ഥയുമായി വലിയ അകലമില്ലെന്ന’ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം വലിയ സംവാദത്തിന് കളമൊരുക്കിയിരുന്നു. ഒരു ചീഫ് ജസ്റ്റിസിന്റെ കഥ എന്ന ആത്മകഥാ ഗ്രന്ഥത്തിൽ തന്റെ നിലപാടിന് ആധാരമായ ജുഡീഷ്യറിയിലെ അനാരോഗ്യകരമായ ഒട്ടേറെ പ്രവണതകളെ അദ്ദേഹം വിവരിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ കൊടികുത്തിവാണിരുന്ന ഫ്യൂഡൽ ജന്മിത്തവാഴ്ചയുടെ ചൂഷണ സമ്പ്രദായങ്ങൾക്കും മൂല്യവ്യവസ്ഥയ്ക്കുമെതിരെ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള ജസ്റ്റിസ് യു എൽ ഭട്ടിന് ഫ്യൂഡൽ പ്രവണതകളെ എളുപ്പം തിരിച്ചറിയാനാവുമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതില്ല. 

ഒരു ജഡ്ജിയായി ഉന്നത പദവിയില്‍ പ്രവർത്തിക്കുമ്പോഴും തന്റെ രാഷ്ട്രീയാദർശങ്ങളിലോ ലോകവീക്ഷണത്തിലോ മാറ്റം വരുന്ന സാഹചര്യങ്ങളുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് യു എൽ ഭട്ട് ആത്മകഥയില്‍ ഉറപ്പിക്കുന്നു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്കും വൈവിധ്യപൂർണമായ സംസ്കാരത്തിനും ഏറ്റവും വലിയ ഭീഷണിയാണ് ഹിന്ദുവർഗീയ സംഘടനകളിൽ നിന്ന് നേരിടുന്നതെന്നു വിശ്വസിച്ച ജസ്റ്റിസ് ഭട്ട് അതിനെതിരെ വിശാലമായ വലിയ പ്രസ്ഥാനമുണ്ടാകേണ്ടിയിരിക്കുന്നുവെന്ന് കരുതിയിരുന്നു. ഗാന്ധിജി വധിക്കപ്പെട്ട കാലത്ത് മംഗലാപുരത്ത് കോളജ് വിദ്യാർത്ഥിയായിരുന്ന ഭട്ട്, അക്കാലത്തെ ഒരു സംഭവം ഈ ലേഖകനുമായുള്ള ഒരു അഭിമുഖത്തിൽ ഓർത്തു പറയുകയുണ്ടായി. ‘ആർഎസ്എസ് നേതാവ് ഗോൾവോൾക്കർ മംഗലാപുരം സന്ദർശിക്കുന്ന വിവരം അറിഞ്ഞ് എന്തെങ്കിലും പ്രതിഷേധ പരിപാടി നടത്തണമെന്ന് കൂട്ടുകാർ ആലോചിച്ചു. ഉള്ളാളിലുള്ള വീട്ടിനടുത്തെ റെയിൽവേ ട്രാക്കിനടുത്ത് 12 പേർ നിലയുറപ്പിച്ചു. ഗോൾവോൾക്കർ യാത്രചെയ്യുന്ന മദ്രാസ് മെയിൽ കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം’ എന്ന് അദ്ദേഹം സംതൃപ്തിയോടെ ഓർത്തു. തന്റെ ജീവിത തത്വശാസ്ത്രത്തെ ആത്മകഥയിൽ പരാമർശിക്കുന്നതിങ്ങനെ: “വളരെക്കാലം കഴിഞ്ഞ് 2009ൽ ഞാൻ രോഗബാധിതനായി ചികിത്സയിൽ കഴിയവേ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫോണിൽ വിളിച്ചു വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചു. 1957 മുതൽ പരിചയമുള്ളവരാണ് ഞങ്ങൾ. എന്റെ ചെറുപ്പകാലത്തെ സംഭവങ്ങൾ ഞാൻ ഓർത്തു. ഞാനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മറ്റു സഖാക്കളും ഏറ്റവും സത്യസന്ധമായി കരുതിയിരുന്നത് ഈ ലോകത്തെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുന്ന മെച്ചപ്പെട്ട ഒരു ലോകമാക്കി മാറ്റിയെടുക്കാൻ പറ്റുമെന്നാണ്. പക്ഷെ, ഞാനിപ്പോൾ മോഹമുക്തനായ ഒരു വൃദ്ധനായിരിക്കുന്നു. അപ്പോൾ കൃഷ്ണയ്യർ പറഞ്ഞു: വൃദ്ധനായി എന്നുപറയാറായിട്ടില്ല, കാരണം എനിക്കുപോലും ആ തോന്നലില്ല. നാടിന്റെയും മനുഷ്യരാശിയുടെയും നല്ല ഭാവിയിൽ വിശ്വസിക്കുക. അതുകൊണ്ട് ഞാനും വിശ്വസിക്കുന്നു മനുഷ്യർക്ക് നല്ലകാലം വരുമെന്ന്. പാവങ്ങൾക്ക്, അടിച്ചമർത്തപ്പെട്ടവർക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”.

Exit mobile version