Site iconSite icon Janayugom Online

അന്ധവിശ്വാസങ്ങള്‍ക്കും ആഭിചാരക്രിയകള്‍ക്കും എതിരെ നിയമ നിര്‍മ്മാണം അനിവാര്യം

പൗരോഹിത്യ മതം സമൂഹത്തില്‍ അടിച്ചേല്പിച്ചിട്ടുള്ള നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും നിയമം മൂലം തടയേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെപോലും ബലികൊടുക്കുന്നതിന് തയാറാകുന്ന മാതാപിതാക്കളുടെ നാടായി ഇന്നും ഇന്ത്യാരാജ്യം നില്‍ക്കുന്നു എന്നത് അപമാനഭാരത്താല്‍ തലകുനിച്ചുകൊണ്ടു മാത്രമെ നമുക്ക് കേള്‍ക്കാന്‍ കഴിയുകയുള്ളു. ദുര്‍മന്ത്രവാദികള്‍ നടത്തുന്ന ആഭിചാര പ്രയോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകള്‍ ആകുന്നത് പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്. ഏറ്റവുമൊടുവില്‍ ലോട്ടറിവില്പനക്കാരായ രണ്ട് സ്ത്രീകളെ പത്തനംതിട്ടയിലെ ഇലന്തൂരില്‍ എത്തിച്ച് അതിക്രൂരമായി കൊന്നൊടുക്കിയതും സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള ആഭിചാരക്രിയകള്‍ക്കായാണ്. അന്ധവിശ്വാസിയായ ഗൃഹനാഥന്റെ ഭ്രാന്തമായ ചിന്തകളാല്‍ ഒരു കുടുംബമൊന്നാകെ മരണത്തെ പുല്‍കിയ സംഭവങ്ങള്‍ ഡല്‍ഹിയെന്ന തലസ്ഥാന നഗരത്തെ ഞെട്ടിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍, 2018 ഡിസംബര്‍ ഒമ്പതിലെ ജനയുഗത്തില്‍  ‘ജാലകം’ കോളത്തിലൂടെ അന്ധവിശ്വാസ‑അനാചാര വിരുദ്ധ നിയമത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സാഹചര്യത്തില്‍ അത്തരമൊരു ആവശ്യത്തിന്റെ പ്രസക്തിയേറുകയാണ്. ലേഖനം ഇവിടെ പുനര്‍വായനയ്ക്ക് സമര്‍പ്പിക്കുന്നു.

 

2018 ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ലേഖനം

 

ദുര്‍മന്ത്രവാദവും കൂടോത്രവും ഒരു ഉപജീവനമാര്‍ഗമായി കണ്ടെത്തിയിട്ടുള്ളവര്‍ നമ്മുടെ നാട്ടില്‍ ഒട്ടും കുറവല്ല. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ ദുര്‍മന്ത്രവാദം തടയുന്നതിനുള്ള നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ അവ നിലവിലുള്ള നിരവധി അന്ധവിശ്വാസങ്ങള്‍ തടയുന്നതിന് ഒട്ടുമേ പര്യാപ്തമല്ല. ‘പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഹ്യൂമന്‍ സാക്രിഫൈസ് ആന്റ് അതര്‍ ഇന്‍ഹ്യൂമന്‍, ഈവിള്‍ ആന്റ് അഘോരി പ്രാക്ടീസസ് ആന്റ് ബ്ലാക് മാജിക് ആക്ട് 2013’ എന്ന പേരിലുള്ള ഒരു ക്രിമിനല്‍ നിയമം മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. പ്രശസ്തനായ സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും ഗ്രന്ഥകര്‍ത്താവും ആയിരുന്ന ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ സ്ഥാപിച്ച മഹാരാഷ്ട്ര ‘അന്ധശ്രദ്ധാ നിര്‍മൂലന്‍ സമിതി’ ഒരു ‘ആന്റി സൂപ്പര്‍സ്‌റ്റിഷന്‍ ആന്റ് ബ്ലാക് മാജിക് ബില്‍’ ഡ്രാഫ്റ്റ് ചെയ്ത് 2010ല്‍ സര്‍ക്കാരിനു കൊടുത്തു. പക്ഷെ ബിജെപിയും ശിവസേനയും അതിനെ ശക്തമായി എതിര്‍ത്തു. ഹിന്ദു സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഇതു നിയമമായാല്‍ വളരെയധികം ദോഷകരമായി ബാധിക്കുമെന്ന പ്രചരണം നടത്തിക്കൊണ്ടാണ് അവര്‍ ഇതിനെ എതിര്‍ത്തത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തെയോ ആരാധനാ സ്വാതന്ത്ര്യത്തെയോ ഒരു തരത്തിലും ബാധിക്കാത്തതും നീചവും നിന്ദ്യവുമായ ആഭിചാര പ്രവൃത്തികളെയും ഇതിന്റെ പേരിലുള്ള ചൂഷണങ്ങളെ മാത്രം തടയുന്നതിനു വേണ്ടിയാണെന്നും വ്യക്തമാക്കപ്പെട്ടിട്ടും സംഘ്പരിവാര്‍ ശക്തികള്‍ തൃപ്തരായില്ല.


ഇതുകൂടി വായിക്കു; ഇനിയും കേരളത്തിന് തലകുനിക്കേണ്ടി വരരുത്


അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാതെ പുരോഗമനവാദികളെ നിരാശപ്പെടുത്തുകയാണെന്നുള്ള വിമര്‍ശനം ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ ഉന്നയിച്ചു. ഏതാനും ദിവസങ്ങള്‍ മാത്രമെ കഴിഞ്ഞുള്ളു. 2013 ഓഗസ്റ്റ് 20ന് ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ ഹിന്ദു തീവ്രവാദ സംഘടനാ പ്രവര്‍ത്തകരുടെ വെടിയുണ്ടയ്ക്കിരയായി പിടഞ്ഞുവീണു മരിച്ചു. 1983 നുശേഷം നിരവധി തവണ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നിഷേധിച്ചിരുന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ഡോ. ധബോല്‍ക്കറുടെ മരണശേഷം മഹാരാഷ്ട്ര ഗവണ്‍മെന്റ് ഈ ബില്‍ ഓര്‍ഡിനന്‍സായി പ്രസിദ്ധീകരിച്ചു. 2013 ഡിസംബറില്‍ ഡോ. ധബോല്‍ക്കറുടെ ബില്ലില്‍ 29 ഭേഗഗതികളോടെയുള്ള ഓര്‍ഡിനന്‍സാണ് ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയായ ഡോ. ധബോല്‍ക്കര്‍ 18 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഈ ലക്ഷ്യത്തിനുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ഭാഗികമായിട്ടെങ്കിലും ആ നിയമം വെളിച്ചം കണ്ടത്. ‘റൂറല്‍ ലിറ്റിഗേഷന്‍ ആന്റ് എന്റൈറ്റില്‍മെന്റ് കേന്ദ്ര’ എന്ന ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന 2010 ല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 2,500 ഇന്ത്യന്‍ സ്ത്രീകള്‍ ദുര്‍മന്ത്രവാദത്തിന് ഇരയായി കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ഇപ്പോഴും കുട്ടികളെ ബലിയായി നല്‍കുന്ന ക്രൂര വിശ്വാസം പൂര്‍ണമായും തുടച്ചു നീക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല.


ഇതുകൂടി വായിക്കു;  ഇന്ത്യയെ ലഹരിക്കടത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമം ! | Janayugom Editorial


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതവിശ്വാസത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും മറവിലാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇതിനുള്ള നിയമനിര്‍മ്മാണത്തില്‍ ഒരു സ്ഥലത്തും ഈശ്വര വിശ്വാസത്തെയോ മതവിശ്വാസത്തെയോ പരാമര്‍ശിക്കേണ്ടുന്ന ആവശ്യമില്ല. കാരണം ആഭിചാര പ്രയോഗങ്ങളും അന്ധവിശ്വാസങ്ങളും മത-ഈശ്വര വിശ്വാസങ്ങള്‍ക്ക് അന്യമാണ്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാന്‍ വിധിച്ച ഭാര്യയുടെ കര്‍മ്മത്തിന് ഹിന്ദു ധര്‍മ്മശാസ്ത്ര പിന്തുണയില്ലായെന്ന് രാജാറാം മോഹന്‍ റോയ് സമൂഹത്തോടു വിളിച്ചു പറഞ്ഞിട്ടും പൗരോഹിത്യ വൃന്ദമാണ് അത് കേള്‍ക്കാതെ പോയത്. നരബലിയെ ന്യായീകരിച്ച പൗരോഹിത്യത്തെ സമൂഹത്തില്‍ വീണ പുഴുക്കുത്തായി കാണാന്‍ ഇന്നും എല്ലാവര്‍ക്കും കഴിയുന്നില്ല. ബ്രാഹ്മണര്‍ ഉണ്ട് ഉപേക്ഷിച്ച എച്ചിലിലയില്‍ ഉരുണ്ടാല്‍ തൊലിപ്പുറത്തെ അസുഖങ്ങള്‍ പോകുമെന്നത് ആചാരമല്ല, അനാചാരമാണ്. അതിന് ഒരു മത-ഈശ്വര വിശ്വാസത്തിന്റെയും പിന്‍ബലമുള്ളതല്ല.

സെയ്ത്താന്‍ ശരീരത്തില്‍ കൂടിയതാണെന്ന് പറഞ്ഞ് സ്ത്രീകളെയും വീട്ടുകാരെയും കബളിപ്പിച്ച് പണം പറ്റുക മാത്രമല്ല, ബാധയെ ഉപദ്രവിക്കാന്‍ വേണ്ടി സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും നമ്മുടെ നാട്ടില്‍ കൂടി വരുകയാണ്. കൂടോത്രം എന്ന പേരില്‍ ‘മുട്ട’യിലും ‘ഏലസിലും’ ‘കുപ്പി‘യിലും എന്തെല്ലാം എഴുതിയും വരച്ചുമാണ് അന്ധവിശ്വാസികളായ ജനങ്ങളെ ചിലര്‍ കബളിപ്പിച്ച് പണം പിടുങ്ങുന്നത്. ദുര്‍മന്ത്രവാദത്തിലും ആഭിചാര ക്രിയകളിലും വിശ്വസിച്ച് സ്വന്തം വസ്തുവകകള്‍ എല്ലാം എഴുതി വില്‍ക്കേണ്ടി വന്ന ‘പാവ’ങ്ങളായ അന്ധവിശ്വാസികള്‍ അനുഭവം കൊണ്ടും പാഠം പഠിക്കുന്നില്ലെന്നറിയുമ്പോഴാണ് സാക്ഷരകേരളത്തില്‍ വിശ്വാസത്തിന്റെ വേരുകളുടെ ആഴം നമുക്ക് ബോധ്യമാകുന്നത്. ഇങ്ങനെ എത്രയെത്ര ദുരാചാരങ്ങളാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നത്.

അസുഖം വന്നാല്‍ നല്ല ഡോക്ടറുടെ സമീപം ചികിത്സയ്ക്കു പോകാതെ ആള്‍ ദൈവങ്ങളുടെ അനുഗ്രഹം തേടിപ്പോകുമ്പോള്‍ നമ്മുടെ നാടിന്റെ പ്രബുദ്ധതയെ ഓര്‍ത്ത് ലജ്ജ തോന്നും. പുത്രദുഃഖത്താല്‍ കഴിയുന്ന ദമ്പതിമാരോട് ആള്‍ദൈവത്തെ സമീപിച്ച് സന്താന സൗഭാഗ്യം നേടാന്‍ ഉപദേശിച്ച് കമ്മിഷന്‍ വാങ്ങുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരിക തന്നെ വേണം. സ്ത്രീയെ നഗ്നയായി നടത്തിയും കിടത്തിയും ബാധയൊഴിപ്പിക്കുന്ന ക്രൂരതയ്ക്കറുതി വരുത്താന്‍ കര്‍ശനമായ വ്യവസ്ഥകളുള്ള നിയമ നിര്‍മ്മാണമാണ് നമുക്ക് വേണ്ടത്. ‘പുലപ്പേടി’, ‘മണ്ണാപ്പേടി’ എന്ന പേരില്‍ താഴ്ന്ന ജാതിക്കാരുമായി ബന്ധപ്പെടുത്തി നിലനിന്നിരുന്ന ഒരനാചാരം 1696ല്‍ കോട്ടയം രാജവംശത്തിലെ കേരളവര്‍മ്മ നിയമം മൂലമാണ് നിരോധിച്ചത്. അനാചാരത്തിനെതിരെയുള്ള നിയമ നിര്‍മ്മാണം 17-ാം നൂറ്റാണ്ടിലും ഇവിടെയുണ്ടായിരുന്നു എന്നതിനൊരു തെളിവാണിത്.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ നിലവിലുള്ള വകുപ്പുകള്‍ ആഭിചാര പ്രയോഗങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഫലപ്രദമായ നിയമ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ പര്യാപ്തമാകുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ടാണ് ഇത്തരം ഒരു പ്രത്യേക നിയമനിര്‍മ്മാണത്തിന്റെ ആവശ്യം ഉണ്ടാകുന്നത്. ഇന്നത്തെ കേന്ദ്ര ഗവണ്‍മെന്റ് അതിനു തയാറാകുമെന്ന് എന്തായാലും കരുതാന്‍ നിവൃത്തിയില്ല. അതുകൊണ്ടുതന്നെ കേരളത്തിന് ബാധകമായ ഒരു നിയമ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രക്ഷോഭങ്ങളില്‍ക്കൂടിയും പ്രചരണത്തില്‍ക്കൂടിയും നാം നേടിയ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ഈ നിയമ നിര്‍മ്മാണത്തെ ഫലപ്രദമായി നമുക്ക് ഉപയോഗിക്കാനും കഴിയും.

Exit mobile version