Site iconSite icon Janayugom Online

അന്തസുറ്റ ജീവിതം സ്ത്രീയുടെ അവകാശം

വര്‍ഗസമരത്തിന്റെ ഭാഗമായി മുന്നേറാനും പോരാടാനും സ്ത്രീസമൂഹം തയ്യാറായ ചരിത്രത്തിന്റെ ഓര്‍മ്മയ്ക്കാണ് മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാദിനമായി ആഘോഷിക്കുന്നത്. 1908ല്‍ അമേരിക്കയിലെ സ്ത്രീസമത്വവാദികളായ തയ്യല്‍സൂചി നിര്‍മ്മാണ തൊഴിലാളി സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ വോട്ടവകാശത്തിനും കുറഞ്ഞ മണിക്കൂര്‍ ജോലിക്കും മെച്ചപ്പെട്ട വേതനത്തിനും വേണ്ടി മാര്‍ച്ച് നടത്തി. ‘ബ്രഡ് ആന്റ് റോസസ്’ (അപ്പവും പനിനീര്‍ പുഷ്പവും) എന്ന മുദ്രാവാക്യമായിരുന്നു അവര്‍ ഉയര്‍ത്തിയത്. ബ്രഡ് സാമ്പത്തികസുരക്ഷയുടെ പ്രതീകവും റോസാപ്പൂവ് നല്ല ജീവിതത്തിന്റെ പ്രതീക്ഷയുമായിരുന്നു. 1909ലും വസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന മൂവായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ കൊടും ശെെത്യത്തെ വെല്ലുവിളിച്ചുകൊണ്ട് വേതനത്തിനും മെച്ചപ്പെട്ട ജോലിവ്യവസ്ഥയ്ക്കും വേണ്ടി പണിമുടക്കി.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിക്കപ്പെട്ടതോടെ വര്‍ഗബോധവും ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങളും തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. വര്‍ഗസമൂഹത്തിന്റെ പരിണാമവും വര്‍ഗചൂഷണവുമാണ് സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന്റെ മുഖ്യകാരണമെന്ന് വ്യക്തമായി. സമൂഹത്തില്‍ മര്‍ദിത സ്ത്രീകളുടെ വിധി എല്ലാ മര്‍ദിത ജനങ്ങളുടെയും പ്രത്യേകിച്ച് സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായ തൊഴിലാളികളുടെ വിധിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് സ്ഥാപിക്കപ്പെട്ടു. ഈ ഭൗതികവീക്ഷണം, സാമൂഹ്യശാസ്ത്രത്തിന്റെ ഈ നിയമം സ്ത്രീവിമോചന പ്രസ്ഥാനത്തിനുമേല്‍ പുതിയ വെളിച്ചം ചൊരിഞ്ഞു.
1851ല്‍ വോട്ടവകാശത്തിന് വേ­ണ്ടി സ്ത്രീകള്‍ രംഗത്തിറങ്ങി. അതിനുവേണ്ടി ആദ്യം രൂപീകരിച്ച “ഷെെഫീല്‍ഡ് അസോസിയേഷന്‍” എന്ന ഗ്രൂപ്പിന്റെ ഉദ്ഘാടന സമ്മേളനവും നടത്തി. ഏറ്റവും പ്രധാനപ്പെട്ട വസ്തുത 1857ല്‍ ന്യായമായ കൂലിക്കും 10 മണിക്കൂര്‍ വേലയ്ക്കും വേണ്ടി ന്യൂയോര്‍ക്കില്‍ പണിമുടക്കിയത് ഇന്ത്യന്‍ തുണിമില്‍ തൊഴിലാളി സ്ത്രീകളായിരുന്നുവെന്നതാണ്. ഈ പണിമുടക്ക് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് പുതിയ മാനം പകര്‍ന്നു. 1870 ഓഗസ്റ്റിലാണ് ഡെന്‍മാര്‍ക്കിലെ സ്റ്റൂട്ട്ഗാര്‍ട്ടില്‍ സോഷ്യലിസ്റ്റ് സ്ത്രീകളുടെ ഒന്നാം സാര്‍വദേശീയ സമ്മേളനം നടന്നത്. സോഷ്യലിസ്റ്റ് നേതാവായ ക്ലാര സെതിങ്ങിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ സാര്‍വദേശീയ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. 1907ല്‍ നടന്ന സോഷ്യലിസ്റ്റ് വനിതകളുടെ സമ്മേളനത്തില്‍ സ്ത്രീകള്‍ വോട്ടവകാശത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ചു. ഇതിന്റെയൊക്കെ ഭാഗമായിട്ടായിരുന്നു 1908ല്‍ ന്യൂയോര്‍ക്കിലെ മാര്‍ച്ച്. 1910ല്‍ കോപ്പന്‍ഹേഗില്‍ ചേര്‍ന്ന സാര്‍വദേശീയ മഹിളാ സമ്മേളനമാണ് സ്ത്രീ തൊഴിലാളികളുടെ ചരിത്രവും പാരമ്പര്യവും നിലനിര്‍ത്തുന്നതിനായി മാര്‍ച്ച് എട്ട് സാര്‍വദേശീയ മഹിളാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ സമത്വത്തിനായി അനീതികള്‍ക്കെതിരായി, അതിക്രമങ്ങള്‍ക്കെതിരായി, സമാധാനത്തിനായി, സാഹോദര്യത്തിനായി പോരാട്ടത്തിന് സജ്ജരാകാന്‍ ഈ ദിനം ആചരിച്ചുവരുന്നു.
ഇത്തവണ ഐക്യരാഷ്ട്രസഭ “ആക്സിലറേറ്റ് ആക്ഷന്‍” (പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക) എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ലിംഗസമത്വത്തിനായുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള ആഹ്വാനമാണിത്.
ഇന്ത്യയില്‍ മാര്‍ച്ച് എട്ടിന് ദേശീയ മഹിളാ ഫെഡറേഷനും കേരള മഹിളാ സംഘവും ഉയര്‍ത്തുന്ന മുദ്രാവാക്യം “അന്തസുറ്റ ജീവിതം, സ്ത്രീകളുടെ അവകാശമാണ് ഔദാര്യമല്ല” എന്നതാണ്. ഈ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം സ്ത്രീകളെ പോരാട്ടമല്ലാതെ മറ്റൊരു വഴിയുമില്ല എന്ന സാഹചര്യത്തിലെത്തിച്ചിരിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം, മൗലികാവകാശത്തില്‍ പൗരന് നല്‍കിയ അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നിവ വെറും ആശയമോ സങ്കല്പങ്ങളോ മാത്രമല്ല, അവ സജീവമാക്കപ്പെടേണ്ടതും വിശേഷിച്ചും ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തേണ്ടതുമാണ്. ജീവിക്കാനുള്ള അവകാശം (അനുച്ഛേദം 21) എന്ന പ്രയോഗം ഭരണഘടനയില്‍ ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ട് കേവലം ജെെവശാസ്ത്രപരമായ ജീവന്‍ എന്ന് മാത്രമല്ല അര്‍ത്ഥമാക്കുന്നത്, സാമൂഹ്യശാസ്ത്രപരമായ ജീവിതമെന്നതുകൂടിയാണ്.
ജീവിക്കാനുള്ള അവകാശമെന്നാല്‍ പുഴുക്കളെപോലെ ജീവിക്കാനല്ല, അന്തസും പദവിയില്‍ അഭിമാനവുമുള്ള മനുഷ്യനായി ജീവിക്കാനുള്ളതാണ്. ഇതില്‍ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, വസ്ത്രം, ആരോഗ്യം, പോഷകാഹാരം, ശുദ്ധജലം, ശുദ്ധവായു, തൊഴില്‍, വരുമാനം തുടങ്ങി ഒട്ടനവധി അതിജീവിനോപാധികള്‍ക്കുള്ള അവകാശം ഉള്‍ക്കൊള്ളുന്നു എന്ന് കോടതി വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പൗരന്റെ അടിസ്ഥാന അതിജീവന അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം രാഷ്ട്രത്തിനുണ്ട്. എന്നാല്‍ രാജ്യം ഭരിക്കുന്നവര്‍ ഈ സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ല എന്നതാണ് വാസ്തവം. ഇത്തവണത്തെ ബജറ്റ് തന്നെ ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. “വികസിത ഭാരത്, നാരീശക്തി” എന്നൊക്കെ വാചകമടിച്ച് യഥാര്‍ത്ഥ പ്രശ്നങ്ങളെ കാണാതെ പോവുന്ന നയം സാധാരണക്കാരന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (2019–21) റിപ്പോര്‍ട്ട് പ്രകാരം 1,020 സ്ത്രീക്ക് 1,000 പുരുഷനാണുള്ളത്. സാമ്പത്തിക അ­സമത്വവും ലിംഗ അ­സമത്വവും ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വേള്‍ഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്റര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ഇന്ത്യ 144ല്‍ 87-ാം സ്ഥാനത്താണ്. 2001ല്‍ ആറ് വയസിന് താഴെയുള്ളവരുടെ ലിംഗാനുപാതം 1,000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളാണെങ്കില്‍ 2011ല്‍ 914 ആയി കുറഞ്ഞിരിക്കുന്നു. സ്വതന്ത്ര ഭാരതത്തില്‍ പെണ്‍കുഞ്ഞിന് പിറന്നുവീഴാന്‍ പോലും അവകാശമില്ല എന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. പഴയകാലത്ത് നൂറുകണക്കിന് പെണ്‍ ശിശുഹത്യയാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് ദശലക്ഷങ്ങളുടെ കണക്കായി മാറിയിരിക്കുന്നു. വര്‍ഷത്തില്‍ ഏഴ് ലക്ഷം‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ശിശുഹത്യ നടക്കുന്നത്. 

സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ഉപജീവനത്തിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 146 രാജ്യങ്ങളില്‍ 129 ആണ്. ഒരു രാഷ്ട്രത്തിന്റെ ആത്മീയ പുരോഗതിയുടെ അളവുകോല്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പദവിയാണെന്ന് പ്രഥമ പ്രധാനമന്ത്രി നെഹ്രുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകത്തിന്റെ മുമ്പില്‍ വികസനത്തിന്റെ കെട്ടുകാഴ്ച നടത്തിക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോഡിയുടെ കാലത്തെ ഇന്ത്യയുടെ നേര്‍ക്കാഴ്ച വേദനാജനകമാണ്. പട്ടിണിക്കാരുടെയും ദരിദ്രരുടെയും രാജ്യം ആഗോള ദാരിദ്ര്യ ഇന്‍ഡക്സില്‍ 107-ാം സ്ഥാനത്താണ്. 53ശതമാനത്തിലധികം വരുന്ന സ്ത്രീകള്‍ ആഹാരം വയറുനിറയെ കഴിക്കാനില്ലാതെ വിശപ്പുസഹിച്ച് കഴിയുന്നവരാണ്. പോഷകാഹാര സൂചകങ്ങളില്‍ ഇന്നേവരെയുള്ള സമഗ്രമായ സര്‍വേ എന്ന് പരിഗണിക്കുന്ന കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നത് വിളര്‍ച്ച ബാധിച്ച 67.1 ശതമാനം കുഞ്ഞുങ്ങള്‍ രാജ്യത്തുണ്ടെന്നാണ്. അഞ്ച് വയസിന് താഴെയുള്ള ശിശു മരണനിരക്ക് 41.9 ശതമാനമാണ്. ഇന്ത്യയില്‍ 57 ശതമാനം സ്ത്രീകള്‍ക്ക് വിളര്‍ച്ച കാരണം ആരോഗ്യമുള്ള ശിശുക്കളെ പ്രസവിക്കാന്‍ കഴിയുന്നില്ല. യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ പട്ടിണിക്കാരായ മൂന്നിലൊന്ന് കുഞ്ഞുങ്ങള്‍ താമസിക്കുന്ന രാജ്യവും ഇന്ത്യയാണ്. ഇത്തരത്തിലുള്ള രാജ്യത്ത് എങ്ങനെ സ്ത്രീകള്‍ അന്തസോടെ ജീവിക്കും?
ദേശീയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം യാതൊരു ആസ്തിയുമില്ലാതെ അഥവാ കാല്‍ക്കാശിന് വകയില്ലാത്ത 14.3 കോടി കുടുംബങ്ങള്‍ ഇവിടെ ജീവിക്കുന്നു. എന്‍എസ്എസ്ഒയുടെ മുന്‍ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം നാല് കോടി കുഞ്ഞുങ്ങള്‍ പണിയെടുക്കുന്ന രാഷ്ട്രവും ഇന്ത്യതന്നെ. ലോകത്തെ പോഷകാഹാരക്കുറവുകൊണ്ട് മരണമടയുന്ന 21 ശതമാനം കുഞ്ഞുങ്ങള്‍ ഇന്ത്യയിലായിട്ടും പരിഹരിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നില്ല. ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ച ഫണ്ട് ആവശ്യത്തെക്കാള്‍ 30ശതമാനം കുറവാണ്. ഭക്ഷ്യഭദ്രതയും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) യില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2,250 കോടി വെട്ടിക്കുറച്ചു. 

തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് സ്ത്രീ അരക്ഷിതത്വം നിലവിലുള്ള ഒന്നാമത്തെ രാജ്യം ഇന്ത്യയാണ്. ഓരോ മൂന്നു മിനിറ്റിലും വീടിനകത്തുവച്ചും പുറത്തുവച്ചും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു. ഓരോ 16 മിനിറ്റിലും സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന കാലത്ത് അതിക്രമങ്ങള്‍ തടയുന്നതിനും അതിജീവിതകളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് മിഷന്‍ സംബാല്‍, സമര്‍ത്ഥ്യ എന്നിവ. ഇത്തവണത്തെ ബജറ്റില്‍ 50 ശതമാനം തുകയാണ് ഈ പദ്ധതിയില്‍ വെട്ടിക്കുറച്ചത്. സ്ത്രീ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം എങ്ങനെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്. 11 വര്‍ഷമാകാറായിട്ടും ബിജെപി സര്‍ക്കാര്‍ സഫലീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ പട്ടികയില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമുണ്ട്. പാചക വാതക സബ്സിഡിയില്‍ ഇത്തവണ 2,000 കോടിയുടെ കുറവാണുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളില്ല. മാത്രമല്ല ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ തുക നല്‍കിയില്ല.
വീട്ടുജോലിക്കാര്‍, ആശ, അങ്കണവാടി ജീവനക്കാര്‍, തുടങ്ങി അസംഘടിത മേഖലയിലും കുറഞ്ഞ വേതനത്തിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളും അരക്ഷിതാവസ്ഥയിലാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സ്ത്രീകളും ദുരിതത്തിലാണ്. വസ്തുതകളെ നിരാകരിക്കുന്ന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. എല്ലാ തിന്മകളുടെയും ആത്യന്തികമായ ഇരകള്‍ വനിതകളായി മാറുമ്പോള്‍, അന്തസോടെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന് അവരെ സജ്ജരാക്കാം.

Exit mobile version