Site iconSite icon Janayugom Online

മകരചങ്ക്രാന്തി അഥവാ മാഘമഹോത്സവം

ത്രവലിയ ഭാഷാ സ്വത്വവാദിയും ദളിത് സ്വത്വവാദിയും സ്വന്തം മകന് പേരിടുമ്പോള്‍ കരിങ്കുട്ടി എന്നു പേരിടാറില്ല; കൃഷ്ണകുമാര്‍ എന്നോ ശ്യാംകുമാര്‍ എന്നോ പേരിടുകയും ചെയ്യും. ഇതിനര്‍ത്ഥം പേരിടലില്‍ സംസ്കൃതഭാഷയുടെ വരേണ്യ സ്വാധീനത്തിന് എത്ര തീവ്രസ്വത്വവാദിയും കീഴ്പ്പെട്ടിട്ടുണ്ട് എന്നാണ്. ഇങ്ങനെ ചെറുതും വലുതുമായ കീഴടങ്ങലുകളിലൂടെ ബഹുജന ജീവിതത്തിലേക്ക് അരിച്ചുകയറുന്നതും ഇരച്ചുകയറുന്നതുമായ മാരക വൈകാരിക രോഗാണുവാണ് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം. അത്തരമൊരു ഇരച്ചുകയറല്‍ നടത്തുക എന്നതാണ് ‘മകരസംക്രാന്തി (ചങ്ക്രാന്തി)’ യെ ഉത്തരേന്ത്യന്‍ ഭാഷാശൈലിയിലേക്ക് രൂപാന്തരപ്പെടുത്തി മാഘമഹോത്സവം അഥവാ മാഘമേളയാക്കിക്കൊണ്ട് തിരുനാവായ നിളാ നദീതീരത്ത് നടത്തുന്നവരുടെ ഉദ്ദേശ്യം. ഇതിനെ കേരള കുംഭമേള എന്നൊക്കെ ബോധപൂര്‍വം വിളിക്കുന്നവരും വിളിപ്പിക്കുന്നവരും ഉണ്ട്. ഇത്തരം ഉത്സവങ്ങളെ ഇവിടെ ആരും പേടിക്കുന്നില്ല. തൃശൂര്‍ പൂരം കണ്ടു ശീലിച്ച മലയാളിക്ക് ഒരു ഉത്സവത്തെയും പേടി കാണില്ല. മാത്രമല്ല, ജീവിതോത്സാഹത്തിന്, മതവും ജാതിയും ലിംഗവും ദേശവും കാലവും ഏതായാലും ചില ഉത്സവപ്പൊലിമകളൊക്കെ ഉണ്ടാവേണ്ടതുണ്ടുതാനും. എന്നാല്‍ ജീവിക്കാന്‍ ഭക്ഷണം വേണം എന്നതുകൊണ്ട് ഭക്ഷ്യ വിഷബാധയെ പ്രതിരോധിക്കേണ്ടതില്ല, സൂക്ഷിക്കേണ്ടതില്ല എന്നൊന്നും നിലപാടെടുക്കാന്‍ പാടില്ലല്ലോ. ഇതുപോലെ, ജീവിക്കാന്‍ വേണ്ടതായ വൈകാരിക വിഭവമായ ഉത്സവങ്ങളില്‍ വര്‍ഗീയ വിഷബാധയുണ്ടാക്കുന്നത് തടയേണ്ടത് ജീവിത സ്നേഹികളുടെ (മത സ്നേഹികളുടെയല്ല) ബാധ്യതയാണ്. അത്തരമൊരു ബാധ്യതയുടെ ഭാഗമായാണ് ഈ ലേഖനം എഴുതുന്നത്.

തിരുനാവായയില്‍ നടത്തപ്പെടുന്ന മകര ചങ്ക്രാന്തി മഹോത്സവത്തില്‍ വര്‍ഗീയത കലര്‍ത്തിഎന്നതു വാസ്തവമാണോ…? ആണെന്നുള്ളതിന് തെളിവാണ് ‘ബാപ്പയ്ക്ക് പിറന്ന ഏതവനും കേരള കുംഭമേള തടുത്തു നോക്കാം’ എന്നിങ്ങനെയുള്ള വെല്ലുവിളിഭാഷയില്‍ സന്യാസിയാണോ മഹര്‍ഷിയാണോ എന്നു തീര്‍ച്ച ഇല്ലാത്ത കാവിധാരിയും ജടാധാരിയുമായ ശാന്താനന്ദ നടത്തിയ പ്രസ്താവന. ഇതില്‍ ‘ബാപ്പയ്ക്ക് പിറന്ന’ എന്ന പ്രയോഗത്തിലാണ് വര്‍ഗീയ വിഷം നിറഞ്ഞിരിക്കുന്നത്. ഈ വര്‍ഗീയ പ്രസ്താവനയെ മാഘമഹോത്സവത്തിന്റെ മുഖ്യസംഘാടകനായ സ്വാമി അമൃതവനം തടയുകയോ ഒഴിവാക്കേണ്ടതാണെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല. ഉത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയായ മാതാ അമൃതാനന്ദമയി, ‘ബാപ്പയ്ക്ക് പിറന്നവര്‍’ ഹിന്ദുക്കളുടെ ഉത്സവങ്ങള്‍ തടുക്കുന്നവരാണെന്ന അഭിപ്രായമുള്ള അമ്മ മനസിന്റെ ഉടമയാണോ എന്നറിയാന്‍ നാരായണഗുരുവിന്റെ കേരളത്തിന് താല്പര്യവുമുണ്ട്. എന്തായാലും സ്വാമി അമൃതവനം, മാഘമഹോത്സവത്തെ വര്‍ഗീയ വിഷബാധയില്ലാതെ നടപ്പാക്കും എന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം ശിവഗിരി തീര്‍ത്ഥാടനത്തിന് ബീജാവാപം ചെയ്ത നാരായണഗുരുവല്ലല്ലോ. സ്വാമി അമൃതവനത്തിന് വെള്ളാപ്പള്ളി നടേശഗുരുവിന്റെ ശിഷ്യനാകാനുള്ള യോഗ്യതയല്ലാതെ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനാകാനുള്ള യോഗ്യത ഉണ്ടെന്നു തോന്നുന്നില്ല. ബാബറി മസ്ജിദ് തകര്‍ത്തത് ആയുധ ധാരികളായ അഖാഡ സന്യാസിമാരാണെന്ന് സാഭിമാനം പറയുന്ന ഒരു ഹിന്ദുത്വ വര്‍ഗീയവാദിയാണ് സ്വാമി അമൃതവനം. ഇദ്ദേഹം അത് പറയുമ്പോള്‍ നമ്മുടെ ഗാന്ധിജിയെ കൊന്ന ആളോട് ആയുധധാരികളായ അഖാഡ സന്യാസിമാരുടെ നിലപാടെന്തെന്ന് തിരിച്ചുചോദിക്കാന്‍ വിലയ്ക്കെടുക്കപ്പെട്ട അടിമയായിക്കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാവുപൊന്തിയില്ല എന്നതും ശ്രദ്ധിക്കണം.
സായുധരായ അഖാഡ സ്വാമിമാരുടെ ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്ന ക്രിമിനല്‍ നടപടിയെ ആവേശത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാമി അമൃതവനത്തോട് ഒരു ചോദ്യം ചോദിക്കട്ടെ; ‘അല്ലയോ അമൃതവനമേ, ശങ്കരാചാര്യര്‍ സ്ഥാപിച്ചെന്നു പറഞ്ഞ് നിങ്ങള്‍ കൊണ്ടാടുന്ന അഖാഡ സന്യാസിമാരുണ്ടല്ലോ, അവര്‍ സായുധരായി വന്ന് എപ്പോഴെങ്കിലും എവിടെയെങ്കിലും പല്പുമാര്‍ക്ക് പഠിക്കാനും തൊഴിലെടുക്കാനും അയ്യന്‍കാളിമാര്‍ക്ക് വില്ലുവണ്ടിയോട്ടാനും പഞ്ചമിമാര്‍ക്ക് സ്ക്കൂളില്‍ പഠിക്കാനും ചാത്തനും കോരനും കാളിക്കും ചീതയ്ക്കും പാക്കരനും അമ്പലത്തില്‍ക്കയറി തൊഴുവാനും അവസരമുണ്ടാക്കാന്‍ ഏതെങ്കിലും തമ്പ്രാന്മാരോടോ തമ്പുരാട്ടിമാരോടോ അവരുടെ ഇലനക്കികളോടോ അവരുടെ ചിറി നക്കികളോടോ പോരാടിയിട്ടുണ്ടോ…? ഉണ്ടെങ്കില്‍ താങ്കളൊന്നു പറയണം.

അയിത്തത്തിനെതിരെ പൊരുതിയ ചരിത്രമില്ലാത്ത ഒരു അഖാഡ സന്യാസത്തിനും അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജനാധിപത്യ മതേതര ഭരണഘടനയനുസരിച്ച് നിലവില്‍ വന്നതും അയിത്തം കുറ്റകൃത്യമായതുമായ ആധുനിക ഭാരതത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. ആധുനിക ഭാരതത്തില്‍ പ്രസക്തിയുള്ള സന്യാസം നാരായണഗുരു മുതല്‍ സ്വാമി ആനന്ദതീര്‍ത്ഥന്‍ വരെ പ്രതിനിധാനം ചെയ്തതും ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നത് മുദ്രാവാക്യമായതുമായ നവോത്ഥാന സന്യാസമാണ്. നാരായണഗുരുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബ്രിട്ടീഷുകാര്‍ സന്യാസം നല്‍കിയവരുടെ സന്യാസമാണ് ആധുനിക ഭാരത സന്യാസം.’ ഈ ആധുനിക ഭാരത സന്യാസത്തിന് ആര്‍ഷഭാരതം എന്ന് വിളിക്കപ്പെട്ടതും ഫലത്തില്‍ അയിത്തഭാരതമായിരുന്നതുമായ പാരമ്പര്യത്തോടൊന്നും ചേറിന് താമരപ്പൂവിനുള്ള ബന്ധം പോലും ഇല്ല. പുതിയ കാലത്ത് പുതിയ ഉത്സവങ്ങളും തീര്‍ത്ഥാടനങ്ങളും ഒക്കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല. ശിവഗിരി തീര്‍ത്ഥാടനവും ചെറുകോല്‍പ്പുഴ ഹിന്ദുമഹാസമ്മേളനവും ആറ്റുകാല്‍പ്പൊങ്കാലയും മുതല്‍ തൃശൂര്‍ തേക്കിന്‍കാട്ടില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഈയിടെ സംഘടിപ്പിച്ചു തുടങ്ങിയ ബോണ്‍നത്താലെയും ഒക്കെ പു തിയ കാലത്ത് രൂപപ്പെട്ട ചില ഉത്സവങ്ങളാണ്. പക്ഷേ മാനവരെല്ലാരും ഒന്നുപോലെ വാണിരുന്ന മാവേലിനാടിന്റെ ഓണമഹോത്സവത്തെ ആഢ്യ ബ്രാഹ്മണ്യത്തിന്റെ തിരുവായ്ക്കെതിര്‍വാ ഇല്ലാത്ത വാമന ജയന്തി മഹോത്സവമാക്കാനുള്ള വര്‍ഗീയ വിക്രമത്തെ പിടിച്ചുനിര്‍ത്തി വിചാരണ ചെയ്യാതിരിക്കാനാവില്ല. ഇത്തരമൊരു വര്‍ഗീയ വിക്രമ പ്രക്രിയ, നിളാനദിയോരത്ത് പണ്ടെങ്ങോ നടന്നിരുന്നെന്ന് ഐതിഹ്യം ഉണ്ടാക്കി പ്രചരിപ്പിച്ചു നടത്തി വരുന്ന മകരചങ്ക്രാന്തിയുത്സവത്തില്‍ അഥവാ മാഘമഹോത്സവത്തിലുണ്ട്. ഉത്സവത്തോടനുബന്ധിച്ച് നിളയില്‍ മുങ്ങുന്ന ഭക്തജനങ്ങള്‍ സായുധ സന്യാസത്തിന്റെ രക്തച്ചുവയും കറയുമുള്ള വര്‍ഗീയതയുടെ വിഷച്ചേറ് ആത്മാവിലും ശരീരത്തിലും പറ്റാതിരിക്കാന്‍ നാരായണഗുരുവിന്റെ വിദ്യകൊണ്ട് പ്രബുദ്ധമായ നവോത്ഥാന സന്യാസത്തിന്റെ പ്രതിരോധശക്തി ആര്‍ജിക്കണം.

Exit mobile version