Site iconSite icon Janayugom Online

പദവിയുടെ അന്തസ് ഓര്‍മ്മിപ്പിച്ച് മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രംഗത്തുവരുമ്പോള്‍ ചരിത്രം ചിലത് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലാണെങ്കിലും രാഷ്ട്രീയാധികാരത്തിന്റെ അന്തഃസത്തയെക്കുറിച്ചാണ് തന്റെ പിന്‍ഗാമിയെ മന്‍മോഹന്‍ സിങ് ഓര്‍മ്മിച്ചത്. പ്രധാനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെയാണ് സിങ്ങിന്റെ പരാമര്‍ശം. ഇത്രയും വെറുപ്പും വിദ്വേഷവും നിറച്ച് പൊതുപ്രസംഗത്തിന്റെ അന്തസ് കളഞ്ഞൊരു പ്രധാനമന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്നാണ് മൻമോഹൻ സിങ് പറഞ്ഞത്. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ജനങ്ങൾക്കുള്ള കത്തിലാണ് മോഡിക്കെതിരെയുള്ള കടുത്ത വിമർശനം. സ്വേച്ഛാധിപത്യം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസാന അവസരമാണിതെന്ന് കത്തിൽ പറഞ്ഞു. 

‘ഈ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഷ്ട്രീയ പ്രസംഗങ്ങൾ താന്‍ ശ്രദ്ധയോടെ പിന്തുടർന്നിരുന്നു. വിദ്വേഷപ്രചരണത്തിന്റെ ഏറ്റവും നികൃഷ്ടമായ രൂപമാണ് മോഡിയിൽ നിന്നും ഉണ്ടായത്. പൊതുസംവാദത്തിന്റെ അന്തസ് ഇല്ലാതാക്കുകയും പ്രധാനമന്ത്രിയുടെ ഓഫിസിനെ ഇത്രത്തോളം തരംതാഴ്ത്തുകയും ചെയ്ത മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ‍ ഉണ്ടായിട്ടില്ല. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവച്ച് ഇത്രത്തോളം വിദ്വേഷം നിറഞ്ഞ സമൂഹവിരുദ്ധമായ പരുഷപദങ്ങൾ മറ്റൊരു പ്രധാനമന്ത്രിയും ഉപയോഗിച്ചിട്ടില്ല. എനിക്കെതിരെയും അദ്ദേഹം ചില തെറ്റായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽ നിന്ന് താന്‍ വേർതിരിച്ച് കണ്ടിട്ടില്ല. അത് ബിജെപിയുടെ മാത്രം പകർപ്പവകാശമാണ്’, മൻമോഹൻ സിങ് പറഞ്ഞു. 

പ്രതിപക്ഷം അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ വിതരണം ചെയ്യുമെന്ന മോഡിയുടെ ആരോപണത്തിനെതിരെയും മൻമോഹൻ സിങ് വിമർശിച്ചു. രാജ്യത്തിന്റെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ പേരിൽ പച്ചയായ നുണ പരത്തുകയാണ് മോഡി ചെയ്തത്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോഡിയുടെ വാഗ്ദാന ലംഘനത്തിനെതിരെ തുറന്നടിച്ച മൻമോഹൻ സിങ് കഴിഞ്ഞ 10 വർഷമായി കർഷകരുടെ വരുമാനം പൂർണമായി ഇല്ലാതായെന്നും ആരോപിച്ചു. ‘കർഷകരുടെ ദേശീയ ശരാശരി വരുമാനം പ്രതിദിനം 27 രൂപ മാത്രമാണ്. അതേസമയം കര്‍ഷകരുടെ ശരാശരി കടം 27,000 രൂപയും. ഇന്ധനവും വളവും ഉൾപ്പെടെ വസ്തുക്കളുടെ ഉയർന്ന ചെലവ്, ജിഎസ്‌ടി, കാർഷിക കയറ്റുമതിയിലും ഇറക്കുമതിയിലും വിചിത്രമായ തീരുമാനങ്ങളെടുക്കൽ തുടങ്ങിയവ കർഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. 

Exit mobile version