അഫ്ഗാനിസ്ഥാനിൽ 2021ൽ വീണ്ടും അധികാരത്തിൽ വന്ന താലിബാൻ ഭരണകൂടം രാജ്യത്തെ നിയമവ്യവസ്ഥയെ ആകെ അഴിച്ചുപണിതു. ചാതുർവർണ്യവും, അടിമത്തവും നിയമവിധേയമാക്കി. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന ചാതുർവർണ്യ വ്യവസ്ഥയ്ക്ക് സമാനമായ പ്രാകൃത വ്യവസ്ഥകൾ ഉൾപ്പെടുന്ന പുതിയ ക്രിമിനൽ നടപടിക്രമം നടപ്പാക്കി. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻ സാദ ഒപ്പിട്ടു നടപ്പാക്കിയ പുതിയ നിയമസംഹിത കഴിഞ്ഞ ജനുവരി നാലിനാണ് നിയമമാക്കിയത്. മനുഷ്യവംശത്തിനുതന്നെ അപമാനകരമായ ഈ നിയമവ്യവസ്ഥ പുറംലോകത്തെ അറിയിച്ചത് അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സംഘടനയായ ‘റവാദാരി‘യാണ്. അഫ്ഗാൻ സ്വതന്ത്ര മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷയായിരുന്ന ഷഹർസാദ് അക്ബറുടെ നേതൃത്ത്വതിലുള്ള സംഘടനയാണിത്. 10 അധ്യായങ്ങളും 119 അനുച്ഛേദങ്ങളുമുള്ള പുതിയ ക്രിമിനൽ നടപടിക്രമത്തിൽ അടിമത്തം നിയമവിധേയമാക്കിയിരിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ നാലായിട്ടാണ് വർഗ വിഭജനം നടന്നിരുന്നതെങ്കിൽ, താലിബാൻ നിയമവ്യവസ്ഥയിൽ മതപണ്ഡിതർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (ഗോത്രതലവന്മാരും കമാൻഡർന്മാരും), മധ്യവർഗം, താഴ്ന്ന വർഗം എന്ന് നാലായി വിഭജനം നടത്തിയിരിക്കുന്നു. ശിക്ഷ നിശ്ചയിച്ചിരിക്കുന്നത് ചെയ്യുന്ന കുറ്റത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രതിയുടെ സാമൂഹ്യപദവിയുടെ അടിസ്ഥാനത്തിലാണ് ഇതിനായി പൗരന്മാരെ സ്വതന്ത്രരെന്നും, അടിമകളെന്നും കോഡ് ഉപയോഗിച്ച് വേർതിരിക്കും. ഇസ്ലാമിക പണ്ഡിതർ കുറ്റം ചെയ്താൽ ശിക്ഷ ഉപദേശങ്ങളിൽ ഒതുക്കും. വരേണ്യ വർഗത്തിൽപ്പെടുന്ന ആളാണെങ്കിൽ കോടതിയിൽ വിളിച്ച് ഉപദേശിക്കും. മധ്യവർഗക്കാർക്ക് തടവുശിക്ഷയാണ്. ഏറ്റവും താഴ്ന്ന വിഭാഗക്കാർക്ക് തടവും ചാട്ടവാറടി തൊട്ട് ശിരച്ഛേദം വരെയുമാണ് ശിക്ഷ. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും മനുഷ്യരെന്ന പരിഗണനപോലുമില്ല.
കുറ്റം ആരോപിക്കപ്പെടുന്നവർക്ക് അഭിഭാഷകനെ വയ്ക്കുവാൻ അനുവാദമില്ല. തെളിവുകളെക്കാൾ കുറ്റസമ്മത മൊഴികൾക്കും സാക്ഷി മൊഴികൾക്കുമാണ് കോടതി പ്രാധാന്യം നൽകുക. ഇസ്ലാംമതം ഉപേക്ഷിക്കുന്നവർ പിന്നെ പുറംലോകം കാണില്ല. ആജീവനാന്ത തടവുശിക്ഷയും, കൂടാതെ മൂന്ന് ദിവസത്തിൽ ഒരിക്കലുള്ള പരസ്യമായ ചാട്ടവാറടിയുമാണ് അവർക്കുള്ള ശിക്ഷ. സർവ രാജ്യങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്കും മതേതരവാദികൾക്കും ഞെട്ടലുണ്ടാക്കുന്നതാണ് അഫ്ഗാനിസ്ഥാനിലെ പുതിയ നിയമസംഹിത. ലോകത്തെവിടെയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കുള്ള പാഠപുസ്തകമാണ് താലിബാൻ. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ അഫ്ഗാനിസ്ഥാനിൽ 1978ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അംഗീകരിക്കുവാൻ അമേരിക്കയ്ക്കു കഴിഞ്ഞില്ല. 1992 ഏപ്രിൽ 25ന് ഡോക്ടർ നജീബുള്ളയുടെ സര്‍ക്കാരിനെ മുജാഹിദുകളെ ഉപയോഗപ്പെടുത്തി പാകിസ്ഥാൻ പിന്തുണയോടെ യുഎസ് അട്ടിമറിച്ചു. അങ്ങനെ മുജാഹിദുകൾ അധികാരത്തിലെത്തി. മുജാഹിദുകളിൽ മുഹമ്മദ് ഒമറിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട തീവ്രവാദ ഗ്രൂപ്പാണ് പിന്നീട് താലിബാനായി മാറിയത്. 1996ൽ അവർ അഫ്ഗാൻ ഭരണം പിടിച്ചെടുത്തു. ലോകത്താകമാനം മുസ്ലിം തീവ്രവാദം ഇളക്കിവിട്ടാണ് അഫ്ഗാൻ സര്‍ക്കാരിനെ അമേരിക്ക അട്ടിമറിച്ചത്. അതിനായി സൗദി സര്‍ക്കാര്‍ ഭീകരപ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയ അൽഖ്വയ്ദ തലവൻ ഒസാമ ബിൻലാദനെ അഫ്ഗാനിസ്ഥാനിൽ എത്തിച്ച് ഭീകര പ്രവർത്തനങ്ങൾക്ക് താവളമൊരുക്കിക്കൊടുത്തതും അമേരിക്ക തന്നെയാണ്. ഇയാളുടെ അൽഖ്വയ്ദ തന്നെയാണ് ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം 2001 സെപ്റ്റംബർ 11ന് തകർത്തത്. മതമൗലിക വാദത്തിന്റെ തദ്ദേശീയ ഭീകരതയിൽനിന്നും ജന്മമെടുത്തതാണ് താലിബാൻ. ഒസാമ ബിൻലാദന്റെ അൽഖ്വയ്ദയ്ക്ക് ആഗോളതലത്തിൽ വളരുവാനുള്ള എല്ലാ പ്രോത്സാഹനങ്ങളും അവർ നൽകി. അൽഖ്വയ്ദയിൽ നിന്നും ഉദയം കുറിച്ച ഇസ്ലാമിക സ്റ്റേറ്റ് (ഐഎസ്) കൊടുംഭീകരതയുടെ ആഗോള ഉല്പന്നമായി മാറി. സ്വന്തം താല്പര്യങ്ങൾക്കായി ഇവയെയെല്ലാം തരംപോലെ അമേരിക്ക ഉപയോഗപ്പെടുത്തി. അഫ്ഗാനിസ്ഥാനിൽ മതഭീകരത വളർത്തിയ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ അമേരിക്കയ്ക്ക് ആവുകയില്ല. ഇസ്ലാമിക മൗലികവാദം ലോകത്ത് വളരുവാൻ വഴിയൊരുക്കിയതും അമേരിക്കയാണ്. അതിന്റെ ദുരന്തഫലം അവർ 2001ല്‍ അനുഭവിക്കുകയും ചെയ്തു.
2001ൽ അൽഖ്വയ്ദ ഭീകരൻ ബിൻലാദനെ പിടികൂടുവാനെന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന അഫ്ഗാനിസ്ഥാനിലിറങ്ങി. അവർ താലിബാൻ സർക്കാരിനെ പുറത്താക്കി. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പാവസർക്കാരിനെ പ്രതിഷ്ഠിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് അന്ന് ലോകത്തോട് പ്രഖ്യാപിച്ചത് ‘ഇതോടെ താലിബാന്റെ അന്ത്യമായി’ എന്നാണ്. എന്നാൽ 20 വർഷങ്ങൾക്കുശേഷം മതമൗലികവാദികളുമായി സന്ധിചെയ്ത് അമേരിക്ക താലിബാനുതന്നെ അഫ്ഗാൻ ഭരണം ഏല്പിച്ചുകൊടുത്തു. അനവസരത്തിലുള്ള അമേരിക്കയുടെ പിന്മാറ്റത്തോടെ 2021 ആഗസ്റ്റ് 15ന്, ജമാഅത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ വിസ്മയം പോലെ താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം പിടിച്ചെടുത്തു. അമേരിക്കയുടെ അഫ്ഗാൻ അധിനിവേശം ജനാധിപത്യത്തിനോ മതനിരപേക്ഷതയ്ക്കോ സ്ത്രീസുരക്ഷയ്ക്കു വേണ്ടിയോ ആയിരുന്നില്ല, അവരുടെ സാമ്രാജ്യത്വ താല്പര്യ സംരക്ഷണത്തിനു വേണ്ടി മാത്രമായിരുന്നു.
1978ൽ നടന്ന വിപ്ലവത്തിലൂടെ അഫ്ഗാനില്‍ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മതനിരപേക്ഷതയ്ക്ക് അടിത്തറയിട്ടു, ഭൂപരിഷ്കരണം നടപ്പാക്കി, സർവവിധ ഫ്യൂഡൽ അനുഷ്ഠാനങ്ങളും അവസാനിപ്പിച്ചു. വിവാഹപ്രായം ഉയർത്തി, നിർബന്ധിത വിവാഹവും ശരീഅത്ത് നിയമങ്ങളും അവസാനിപ്പിച്ചു. അക്കാലത്ത് സ്ത്രീകളും പെൺകുട്ടികളും അനുഭവിച്ച സ്വാതന്ത്ര്യം മറ്റൊരു കാലത്തും ഉണ്ടായിട്ടില്ല. എന്നാൽ 1992ൽ മുജാഹിദീനുകൾ അധികാരത്തിലെത്തിയതോടെ അതെല്ലാം കവർന്നെടുക്കപ്പെട്ടു. 1996ല്‍ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം പ്രാകൃത മതനിയമങ്ങൾ തോക്കു ചൂണ്ടി നടപ്പാക്കുന്ന രാജ്യമായി അഫ്ഗാൻ മാറി. സ്ത്രീസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. അവരെ ലൈംഗിക അടിമകളാക്കി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. സ്കൂളുകൾ ബോംബ് വച്ച് തകർക്കപ്പെട്ടു. പാർക്കുകളും ഉദ്യാനങ്ങളും കത്തിക്കുകയും ക്രിക്കറ്റ് നിരോധിക്കുകയും ചെയ്തു. സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ കലാരൂപങ്ങളെ വിലക്കുന്നു. ബുർഖ ധരിക്കാത്ത സ്ത്രീകളെ വെടിവച്ചു കൊല്ലുന്നു. മനുഷ്യജീവിതങ്ങളുടെ ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാൻ മാറി.
കഴിഞ്ഞ ജനുവരി നാലിന് താലിബാൻ തലവൻ പുറത്തിറക്കിയിരിക്കുന്ന ചാതുർവർണ്യവും അടിമത്തവും അടിസ്ഥാനമാക്കിയ പുതിയ ക്രിമിനൽ നടപടിക്രമം അഫ്ഗാനിസ്ഥാനെ 7-ാം നൂറ്റാണ്ടിലെ ഇരുണ്ട യുഗത്തിലേക്ക് തിരികെക്കൊണ്ടുപോകലായിരിക്കും. ചാതുർവർണ്യവും അടിമത്തവും നിയമവിധേയമാവുമ്പോൾ പല പ്രസ്ഥാനങ്ങളുടെയും നിലപാടുകൾ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാകുകയാണ്; പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമിയുടേത്. അവരുടെ മുഖപത്രമായ മാധ്യമത്തിൽ 1996 സെപ്റ്റംബർ 28 ലക്കത്തിൽ “വിസ്മയം പോലെ താലിബാൻപട” എന്ന തലക്കെട്ടിൽ ലീഡ് വാർത്ത കൊടുത്തിരുന്നത് വലിയ ആവേശത്തോടെയായിരുന്നു. താലിബാനെ ന്യായീകരിച്ചും പ്രശംസിച്ചും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ പലവട്ടം സംസാരിച്ചിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റും, മുസ്ലിം ബ്രദർഹുഡും താലിബാനും ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞിട്ടില്ല. ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവുകയില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതും ഇപ്പോള്‍ ചർച്ചയാകുകയാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് മതേതര വിശ്വാസികൾ ഗൗരവത്തോടെയാണ് കാണേണ്ടത്.

