Site iconSite icon Janayugom Online

മൗലാന അബുൽ കലാം ആസാദും അവഹേളിക്കപ്പെടുന്നു

‘യുപിഎസ്‌സി ജിഹാദ്’ എന്ന നികൃഷ്ടമായ പ്രയോഗത്തിലൂടെ കുപ്രസിദ്ധി നേടിയ വലതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് ചാവൻകെ തന്റെ ചാനലായ സുദർശൻ ടിവിയിലൂടെ കൃത്യമായ ഇടവേളകളിൽ വിദ്വേഷവും ഇസ്‍ലാമോഫോബിയയും പ്രചരിപ്പിക്കുന്നയാളാണ്. സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇര. 2008 മുതൽ ആസാദിന്റെ ജന്മദിനമായ നവംബർ 11 ‌ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇത്തവണ അദ്ദേഹത്തെ ആദരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടു. ഗഡ്കരിയുടെ ട്വീറ്റ് നിന്ദ്യവും വർഗീയവിദ്വേഷം വളര്‍ത്തുന്നതുമായ കമന്റുകൾക്കൊപ്പം ഷെയര്‍ ചെയ്യുകയായിരുന്നു ചാവന്‍കെ. ‘ഇന്ത്യക്കാരനല്ലാത്ത ഒരാൾക്ക് എങ്ങനെ ഭാരതരത്ന നല്‍കും? രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകാൻ കഴിയും?’ (ജോ ഭാരത് കെ നഹി ദി വെഹ് ഭാരത് രത്ന യാ, ഭാരത് കേ ശിക്ഷാ മന്ത്രി കെസെ ബനായേ ഗയേ ദേ?) എന്നാണ് ചാവന്‍കെയുടെ കമന്റ്. സ്വാതന്ത്ര്യസമര സേനാനി, വിദ്യാഭ്യാസ വിചക്ഷണൻ, എഡിറ്റർ എന്നീ നിലകളിൽ മഹത്തായ പാരമ്പര്യമുള്ള വ്യക്തിത്വമാണ് ആസാദ്. ഇന്ത്യയുടെ സംയോജിത സംസ്കാരത്തെ ശിഥിലീകരിക്കുന്നതിനെ പ്രതിരോധിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിന് മുമ്പെന്നത്തെക്കാളും ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. തന്റെ സ്വപ്നങ്ങളിലെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിർണായക ഘടകമായി വിദ്യാഭ്യാസത്തെ ആസാദ് കണ്ടു. സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ അദ്ദേഹം സ്ഥാപിച്ച, പുരോഗമനപരവും എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ് ഇപ്പോൾ ചില ശക്തികളുടെ ആക്രമണത്തിന് വിധേയമാകുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ച് ആഴമുള്ളതും സമഗ്രവുമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിത്വത്തിന്റെ സമഗ്രമായ വികാസത്തിനുള്ള ഉപകരണമായും, ആധുനിക രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള നിർണായക ഘടകമായും അദ്ദേഹം അതിനെ കണ്ടു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം ജനങ്ങളുടെ ജീവിതവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ‘യഥാർത്ഥ പൗരത്വം എന്നത് സാമൂഹിക നിയമങ്ങളെക്കുറിച്ചുള്ള അറിവും ബഹുമാനവുമാണ് അർത്ഥമാക്കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു.

 


ഇതുകൂടി വായിക്കു; ബ്രാഹ്മണ്യം മോഷ്ടിച്ച ഇന്ത്യൻ മനസ്


 

‘സാമൂഹിക ആരോഗ്യ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെയും നിസംഗതയുടെയും അകമ്പടിയോടെ വ്യക്തിപരമായ ശുചിത്വത്തിന് പലപ്പോഴും ഊന്നൽ നൽകാറുണ്ട്. സാമൂഹിക വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമാകേണ്ടത് ശുദ്ധവും ആരോഗ്യകരവുമായ ജീവിതത്തിനായി ആളുകളെ പരിശീലിപ്പിക്കുക എന്നതാണ്’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്രുവിനെയും പോലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ അടിയുറച്ച വക്താവുമായിരുന്നു അദ്ദേഹം. ‘നമ്മുടെ വിദ്യാഭ്യാസ പരിപാടി ആത്യന്തികമായി സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കും. അവര്‍ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചാൽ സമൂഹത്തിലെ പകുതിയിലധികം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും’ എന്നദ്ദേഹം പറഞ്ഞു. ‘മധ്യകാല പണ്ഡിതവാദത്തിന്റെയും യുക്തിവാദത്തിന്റെയും ആധുനിക വീക്ഷണത്തിന്റെയും വിചിത്രമായ മിശ്രിതം’ എന്നാണ് നെഹ്രു ആസാദിനെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിലും ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാഷ്ട്രനിർമ്മാണത്തിലും ഉള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘ഞാൻ ഒരു മുസ്‍ലിമായതിൽ അഭിമാനിക്കുന്നു. 1300 വർഷത്തെ അതിന്റെ പാരമ്പര്യം എന്റെ പൈതൃകമാണ്. അതേസമയം അവിഭാജ്യമായ ഇന്ത്യൻ ദേശീയതയുടെ ഒരു കണികയാണ് ഞാൻ. ഇസ്‍ലാമിന്റെ ആത്മാവ് അതിന് തടസമല്ല, അഭിമാനത്തോടെ ഇന്ത്യക്കാരനാണെന്ന് പറയാന്‍ എനിക്കുള്ള വഴികാട്ടിയാണത്’ എന്ന് ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. 1938‑ൽ ആസാദ് പറഞ്ഞു: ‘ഇസ്‍ലാമിന് ഇപ്പോൾ ഇന്ത്യയുടെ മണ്ണിൽ ഹിന്ദുവെന്ന മഹത്തായ മതത്തെപ്പോലെ തന്നെ അവകാശവാദമുണ്ട്. ഒരു ഹിന്ദു താൻ ഇന്ത്യക്കാരനാണെന്നും ഹിന്ദുമതം പിന്തുടരുന്നുവെന്നും അഭിമാനത്തോടെ പറയുന്നതുപോലെ, നമ്മൾ ഇന്ത്യക്കാരാണെന്നും ഇസ്‍ലാം പിന്തുടരുന്നുവെന്നും നമുക്ക് പറയാൻ കഴിയും. താൻ ഒരു ഇന്ത്യക്കാരനാണെന്നും ക്രിസ്തുമതം പിന്തുടരുന്നുവെന്നും അഭിമാനത്തോടെ പറയാൻ ഇന്ത്യൻ ക്രിസ്ത്യാനിക്കും തുല്യ അർഹതയുണ്ട്.’ ഇന്ത്യ എന്ന മഹത്തായ ആശയം ഉള്‍ക്കാെണ്ടുള്ള ആസാദിന്റെ ഈ സമീപനം വി ഡി സവർക്കറെപ്പോലുള്ളവരുടെ വിഭജന ദേശീയതയെ തീര്‍ത്തും നിരാകരിക്കുന്നു. ഇങ്ങനെ സുചിന്തിതമായ വികസനപദ്ധതികളുള്ള നേതാവിനെയാണ് നീചമായ ഭാഷയില്‍ സംഘ്പരിവാര്‍ മാധ്യമപ്രവര്‍ത്തകന്‍ അപഹസിക്കുന്നത്. ‘ബ്രിട്ടീഷുകാരുടെയും ജിഹാദികളുടെയും കൂട്ടായ ഗൂഢാലോചനയാൽ വേട്ടയാടപ്പെട്ട ഒരു രാജ്യത്തിന് എങ്ങനെയാണ് വേട്ടക്കാരുടെ പേരിൽ ദേശീയ വിദ്യാഭ്യാസ ദിനം അംഗീകരിക്കാൻ കഴിയുക?’ എന്നാണ് ചാവൻകെയുടെ വിദ്വേഷ പോസ്റ്റ്. അപകീർത്തികരമായ വിദ്വേഷ പരാമർശങ്ങളുടെ പേരിൽ സുരേഷ് ചാവന്‍കെ വാർത്തയില്‍ ഇടം നേടുന്നത് ഇതാദ്യമല്ല.

 


ഇതുകൂടി വായിക്കു;  ഫാസിസവും മുസോളിനിയും


തന്റെ ചാനലായ ‘സുദർശൻ ന്യൂസ്’ ഉപയോഗിച്ചും പൊതുവേദികളിലും ന്യൂനപക്ഷങ്ങൾക്കെതിരെ വിഷം ചീറ്റുന്നതിൽ കുപ്രസിദ്ധനായ ചാവന്‍കെയ്ക്കെതിരെ ഒന്നിലേറെ തവണ കോടതികൾ തന്നെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്‍ (യുപിഎസ്‌സി) നിയമനത്തിലെ മുസ്‍ലിം സംവരണവുമായി ബന്ധപ്പെട്ട് ‘യുപിഎസ്‌സി ജിഹാദ്’ എന്ന പരാമര്‍ശത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. മുസ്‍ലിം സമുദായമായതിന്റെ പേരില്‍ നടൻ ഷാരൂഖ് ഖാനെയും ചാവന്‍കെ ലക്ഷ്യമിട്ടിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഷാരൂഖ് ഖാന് അടുപ്പമുണ്ടെന്നും അദ്ദേഹം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അനുകൂലിക്കുന്നുവെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗായിക ലതാ മങ്കേഷ്കറുടെ ശവസംസ്കാര ചടങ്ങിൽ സൂപ്പർ താരം തുപ്പി എന്നും ചാവന്‍കെ ആരോപിച്ചിരുന്നു. വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസ് ഇതേ ചാവൻകെക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ വിഷം ചീറ്റുന്ന പ്രചരണം തുടരുകയാണ്. ‘ഒരു മാലാഖ സ്വർഗത്തിൽ നിന്ന് ഇറങ്ങി കുത്തബ് മിനാറിനു മുകളില്‍ നിന്നുകൊണ്ട്, ഹിന്ദു-മുസ്‍ലിം ഐക്യം ഉപേക്ഷിക്കുക, നിങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളിൽ സ്വരാജ് ലഭിക്കും എന്ന് പ്രഖ്യാപിച്ചാല്‍ പ്രിയപ്പെട്ട സ്വരാജ് ഞാൻ നിരസിക്കും. സ്വരാജ് നിരസിക്കുന്നത് ഇന്ത്യയെ മാത്രമേ ബാധിക്കുകയുള്ളൂ, നമ്മുടെ ഐക്യത്തിന്റെ അവസാനം മുഴുവൻ മനുഷ്യലോകത്തിനും നഷ്ടമുണ്ടാക്കും’ എന്നായിരുന്നു ആസാദിന്റെ നിലപാട്. അദ്ദേഹത്തെയാണ് മോഡിഭരണത്തിന്റെ തണലില്‍ ഒരു വലതുപക്ഷ മാധ്യമപ്രവര്‍ത്തകന്‍ വര്‍ഗീയമായി അപകീര്‍ത്തിപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ പ്രകോപിപ്പിക്കാനും വർഗീയ സംഘർഷം വളർത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാന്‍ സുരേഷ് ചാവന്‍കെയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് ഭരണകൂടത്തിന്റെ മൗനസമ്മതം തന്നെയാണ്. വ്യാജവാർത്തകളുടെ പ്രചരണം ഹിന്ദു രാഷ്ട്രമെന്ന സങ്കുചിതത്വത്തിലേക്കുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയ വിദ്വേഷ അജണ്ടയെ സഹായിക്കാനുള്ളതാണ്.

Exit mobile version