മാവോയിസ്റ്റ് ഉന്മൂലനം ഫലം കാണുന്നുവെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്ന ബസ്തർ ഉൾപ്പെടെ മേഖലകളിൽ മരംകൊള്ളയും മറ്റ് പ്രകൃതി വിഭവങ്ങളുടെ ചൂഷണവും വ്യാപകമായിരിക്കുന്നുവെന്ന് ‘ദ വയർ’ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാവോയിസം ദുർബലമാകുന്നു, ഖനനം വ്യാപകമായിരിക്കുന്നു എന്ന തലക്കെട്ടിലാണ് വാർത്ത. പ്രദേശത്ത് വികസനത്തിനെന്ന പേരിൽ മരം മുറിച്ചുകടത്തുന്നത് വ്യാപകമായി. സമൂഹമാധ്യമ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പ്രസ്തുത മാധ്യമം നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിനൊപ്പം മുറിച്ച് കടത്താൻ ശ്രമിച്ച മരത്തടികൾ ആദിവാസികളും പ്രദേശവാസികളും പിടികൂടിയതിന്റെ ദൃശ്യങ്ങളുമുണ്ട്. പരാതി നൽകിയാൽ വനംവകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു. കേന്ദ്രസർക്കാരാണ് മരംമുറിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേന്ദ്ര വനം സരക്ഷണ നിയമമനുസരിച്ച് പ്രാദേശിക ഗ്രാമസഭകൾ അംഗീകരിക്കുകയും വനംവകുപ്പ് അനുമതി നൽകുകയും ചെയ്താൽ മാത്രമേ മരംമുറിക്കാൻ പാടുള്ളൂ. മാത്രമല്ല വികസനാവശ്യത്തിനായാൽ പോലും മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ഗ്രാമസഭകൾ, വനംവകുപ്പുകളുടെ പരിശോധനയും കണക്കെടുപ്പും, വൻതോതിലാണെങ്കിൽ ഹരിത ട്രിബ്യൂണലിന്റെ അനുമതി എന്നിവയെല്ലാം ആവശ്യമാണ്. എന്നാൽ ഇത്തരം നടപടികളൊന്നും പാലിക്കാതെയാണ് മരംമുറി നടക്കുന്നത്. ഇപ്പോൾതന്നെ 100 ഏക്കറിലധികം വനപ്രദേശം വെട്ടിവെളുപ്പിച്ചുകഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെട്ടിമാറ്റിയ മരങ്ങൾ നീക്കി, കൂടുതൽ മരങ്ങൾ മുറിക്കുമെന്നും കേന്ദ്രസർക്കാർ അതിന് അനുമതി നൽകിയിട്ടുണ്ടെന്നും ബിജാപൂർ ജില്ലാ ഫോറസ്റ്റ് ഓഫിസർ രാമകൃഷ്ണ പറയുന്നത് പ്രാദേശിക യുട്യൂബ് ചാനൽ പുറത്തുവിട്ട വാർത്തയിലുള്ളതായും ‘ദ വയർ’ വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് പുറത്തുവന്ന മറ്റു വാർത്തകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം പരസ്പര വിരുദ്ധമാണ്. ബിജാപൂർ ജില്ലാ ഫോറസ്റ്റ് ഓഫിസർ പറഞ്ഞതിന് വിരുദ്ധമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ രംഗനാഥന്റെ വാക്കുകൾ. കേടുവന്നതും ഉണങ്ങിയതുമായ മരങ്ങളാണ് മുറിച്ചുമാറ്റുന്നതെന്നും പകരം വനവൽക്കരണത്തിന് പദ്ധതിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാവോയിസം ശക്തമായിരുന്നതിനാൽ ഇത്തരം മരങ്ങൾ നീക്കുന്നത് 30 വർഷത്തോളമായി നിലച്ചിരിക്കുകയാണെന്നും ഇപ്പോൾ അവരുടെ സാന്നിധ്യം കുറഞ്ഞതോടെ പ്രസ്തുത പ്രക്രിയ പുനരാരംഭിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഛത്തീസ്ഗഢിലെ കാടുകളിൽ വൻതോതിൽ വനവിഭവങ്ങൾ ലഭ്യമാകുന്ന മഹുവ, ടെൻഡു, ഛാർ മരങ്ങളും വെട്ടിമാറ്റുകയാണ്. ഇത് തങ്ങളുടെ ജീവനോപാധി ഇല്ലാതാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കഴിഞ്ഞ ഡിസംബറിൽ കാങ്കർ ജില്ലയിൽ ഭാനുപ്രതാപപൂരിലെ അറിഡോംഗ്രിയിൽ വൻതോതിൽ മരം മുറിക്കൽ നടന്നതായി ആരോപിച്ച് പ്രദേശവാസികളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏറ്റവും വിസ്തൃതമായ വനം നഷ്ടമാകുമെന്നും വനവിഭവങ്ങൾ ഇല്ലാകുമെന്നും ഭയപ്പെടുന്നവിധം അനധികൃത മരംകൊള്ള വ്യാപകമായിരിക്കെയാണ് വൻതോതിലുള്ള ഖനന നീക്കങ്ങളും ആരംഭിച്ചിരിക്കുന്നത്. ഇതിനായി കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ ബസ്തർ നിക്ഷേപ പദ്ധതി രൂപീകരിക്കുന്നതിനായി സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ നിരവധി പ്രമുഖ വ്യവസായികൾ നിക്ഷേപ നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏകദേശം 52,000 കോടി രൂപയുടെ ഖനന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്, ദേശീയ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (എൻഎംഡിസി) 43,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.
പുതിയ വ്യാവസായിക, ഖനന പദ്ധതികളിലൂടെ മേഖലയെ ലോകോത്തര വികസന ഹബ്ബാക്കി മാറ്റുമെന്നൊക്കെയാണ് വാഗ്ദാനമെങ്കിലും ഇതിന്റെ ഗുണഫലം ആർക്കാണ് ലഭിക്കുകയെന്നതിൽ ജനങ്ങൾക്ക് ആശങ്കകളുണ്ട്. ഇപ്പോൾത്തന്നെ പ്രദേശവാസികൾക്ക് വനത്തിൽ കയറുന്നതിനും തങ്ങളുടെ ജീവനോപാധി നിർവഹണത്തിനുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിനും നിയന്ത്രണങ്ങൾ നേരിട്ടുതുടങ്ങിയിട്ടുണ്ട്. നേരത്തെ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തില്‍ അത്തരം പ്രശ്നങ്ങൾ അവർക്കുണ്ടാക്കിയിരുന്നില്ല. എന്നുമാത്രമല്ല കൊള്ളക്കാരെയും മാഫിയകളെയും തടയുന്നതിൽ അവരുടെ സാന്നിധ്യം സഹായകവുമായിരുന്നു. എന്നാൽ ഇപ്പോൾ കടന്നുകയറിയിരിക്കുന്ന പുതിയ വിഭാഗം തങ്ങളുടെ ജീവനോപാധി ഇല്ലാതാക്കുന്നുവെന്നതാണ് അവരുടെ അനുഭവം. അതോടൊപ്പം ഖനന മാഫിയകൾ കൂടി കടന്നുവന്നാൽ വൻ തോതിലുള്ള കുടിയിറക്കവും നേരിടേണ്ടിവരുമെന്ന് അവർ ആശങ്കപ്പെടുന്നു. അയൽ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ വനമേഖലകളിലും പ്രകൃതി വിഭവങ്ങളുടെ കലവറകളിലും കണ്ണുവച്ചെത്തിയ കോർപറേറ്റുകളുടെ അത്യാർത്തിക്ക് സർക്കാരുകൾ കൂട്ടുനിന്നപ്പോൾ കുടിയിറക്ക് ഭീഷണി നേരിടേണ്ടിവന്ന അനുഭവം അവരുടെ ഉറക്കം കെടുത്തുകയാണ്. ഒഡിഷയിലെ ജഗത്സിങ്പൂർ ജില്ലയിൽ ദക്ഷിണ കൊറിയൻ കമ്പനിയായ പോസ്കോ സംയോജിത ഉരുക്ക് പ്ലാന്റ് ആരംഭിക്കുന്നതിന് തീരുമാനിച്ച്, പ്രാഥമിക നടപടികൾ ആരംഭിച്ചപ്പോൾതന്നെ അഞ്ഞൂറോളം കുടുംബങ്ങൾ (കാൽലക്ഷത്തോളം ജനങ്ങൾ) കുടിയൊഴിയേണ്ടി വരുമെന്ന സാഹചര്യമുണ്ടായിരുന്നു. വൻതോതിലുള്ള വനനശീകരണം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന ഭയാശങ്കകളുമുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു അതിനെതിരെ സിപിഐ ഉൾപ്പെടെ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചത്. വർഷങ്ങൾ നീണ്ട പ്രതിഷേധത്തിന്റെ ഫലമായി പോസ്കോ കെട്ടുകെട്ടിയെങ്കിലും ഇപ്പോൾ ജിൻഡാലിന്റെ വൻകിട പദ്ധതിയുമായി കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ രംഗത്തെത്തിയിരിക്കുകയാണ്. അതിനെതിരെയുള്ള പ്രക്ഷോഭവും തുടരുന്നുണ്ട്. മധ്യപ്രദേശിലും സമാനമായ നിരവധി കുടിയൊഴിപ്പിക്കൽ നടപടികൾ ഭീഷണിയായി നിൽക്കുന്നു. ഇതോടൊപ്പം തന്നെ മേഖലയിലുണ്ടായിരിക്കുന്ന മറ്റൊരു ഭീഷണിയെ കുറിച്ചും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത് പ്രദേശത്തെ ദളിത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കൂടിയിരിക്കുന്നു എന്നതാണ്. പരിവർത്തിത വിഭാഗങ്ങളെ ലക്ഷ്യംവച്ച്, ഘർവാപസി എന്നാക്രോശിച്ചുള്ള ആക്രമണങ്ങളും കൊള്ളകളും നടക്കുന്നു.
ഡിസംബർ 29 ന് രാവിലെ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള പുരുഷന്മാരടങ്ങുന്ന സംഘം ഇവരുടെ വീടുകളിൽ അതിക്രമിച്ചു കയറി ഗർഭിണിയുൾപ്പെടെയുള്ളവരെ മർദിച്ചു. പുരുഷന്മാരില്ലാത്ത നേരത്തെത്തിയ അക്രമിസംഘം ഹിന്ദുമതത്തിലേക്ക് തിരികെ മടങ്ങണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തയ്യാറാക്കിയ ഭക്ഷണം കേടുവരുത്തുക, ഭക്ഷ്യധാന്യങ്ങൾ, കന്നുകാലികൾ എന്നിവയുൾപ്പെടെ സാധനങ്ങൾ കൊള്ളയടിക്കുക എന്നിവയുമുണ്ടായി. പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കുന്നതിന് അധീകാരികള്‍ തയ്യാറാകുന്നില്ല. കാങ്കർ, ബസ്തർ, ധംതാരി ജില്ലകളിലെല്ലാം ഇത്തരം സംഭവങ്ങള്‍ നിത്യസംഭവമാണെന്ന് പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ പറയുന്നു. ‘ഘർ വാപസി’ നടത്തുക, അല്ലെങ്കിൽ ഗ്രാമം വിട്ടുപോകുക എന്നാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെന്ന് പ്രദേശവാസിയായ കമലേഷ് ധ്രുവ് പറഞ്ഞതായി ‘ദ ക്വിന്റ് ’ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. രാജ്യത്താകെ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിഭാഗങ്ങൾക്കെതിരെ വ്യാപക ആക്രമങ്ങൾ നടക്കുന്നുണ്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ശേഖരിച്ച കണക്കുകൾ പ്രകാരം 4,959 അക്രമ കേസുകൾ ഉണ്ടായതിൽ 926 കേസുകളെങ്കിലും ഛത്തീസ്ഗഢിലായിരുന്നു. ഇത് ആകെ രജിസ്റ്റർ ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ 22.6% ആണ്. അടുത്ത നാളുകളിലായി അക്രമ പരമ്പര വീണ്ടും കൂടിയിരിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. പൊലീസിന്റെയും സുരക്ഷാസേനയുടെയും സാന്നിധ്യം നേരത്തെ മാവോയിസ്റ്റുകളെ നേരിടാനായിരുന്നുവെങ്കിൽ ഇപ്പോൾ അക്രമികളെ സംരക്ഷിക്കാനാണെന്ന് വന്നിരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു. എന്നുമാത്രമല്ല മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാസേനയുടെ സാന്നിധ്യവുമുണ്ടായിരുന്നതിനേക്കാൾ അതിക്രമങ്ങൾ വർധിച്ചിരിക്കുന്നുവെന്നാണ് സമീപകാലത്ത് പുറത്തുവന്ന കണക്കുകളും വാർത്തകളും പരാതികളും തെളിയിക്കുന്നത്. വഴിപിഴച്ച ആശയമെന്ന നിലയിൽ മാവോയിസം അംഗീകരിക്കാവുന്നതല്ലെങ്കിലും അതിനെതിരായ ബിജെപി സർക്കാരിന്റെ നടപടികൾ പ്രകടമായ കോർപറേറ്റ് പ്രീണനം ലക്ഷ്യമാക്കിയുള്ളതാണെന്ന് തെളിയുകയാണ്. മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നത് ഖനനമാഫിയകൾക്കും കോർപറേറ്റുകൾക്കും വഴിയൊരുക്കുന്നതിനും തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് തങ്ങളുടെ ആശയങ്ങൾ അടിച്ചേല്പിക്കുന്നതിനും ഇതര മതവിദ്വേഷം ശക്തിപ്പെടുത്തുന്നതിന് സുരക്ഷയൊരുക്കുന്നതിനുമാണെന്ന ആരോപണം സ്ഥിരീകരിക്കപ്പെടുകയാണ് ബസ്തറിലെ പുതിയ സാഹചര്യങ്ങൾ.
(അവസാനിച്ചു)

