Site iconSite icon Janayugom Online

സൈന്യത്തിലും മോഡിവൽക്കരണം

ഇന്ത്യയുടെ സൈന്യം ഒരി‌ക്കലും അതാത് കാലത്തെ ഭരണരാഷ്ട്രീയത്തിന് കീഴിലല്ല നിലനിന്നിരുന്നത്. രാജ്യത്തിന്റെ സർവ സൈന്യാധിപൻ രാഷ്ട്രപതിയാണ് എന്നതുകൊണ്ട് അദ്ദേഹത്തിന് കീഴിലാണ് സൈനികരുടെ സ്ഥാനം ഭരണഘടനാപരമായി നിർണയിച്ചിട്ടുള്ളത്. കരയിലായാലും കടലിലായാലും ആകാശത്തായാലും സൈന്യത്തിൽ ചേരുന്ന ഇന്ത്യൻ പൗരൻ കൈക്കൊള്ളേണ്ടത്, നിയമപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടുള്ള യഥാർത്ഥമായ വിശ്വാസവും കൂറും പരിപാലിച്ചുകൊണ്ട് ഇന്ത്യൻ യൂണിയന്റെ സൈന്യത്തിൽ സത്യസന്ധമായും വിശ്വസ്തതയോടെയും സേവനമനുഷ്ഠിക്കുകയും കരയോ കടലോ വായുവോ എവിടെയായാലും ഉത്തരവിടുന്നിടത്തെല്ലാം പോകുകയും ചെയ്യുമെന്നുള്ള പ്രതിജ്ഞയാണ്. ഇന്ത്യൻ യൂണിയൻ പ്രസിഡന്റിന്റെയും എന്റെമേൽ വച്ചിരിക്കുന്ന ഏതൊരു ഉദ്യോഗസ്ഥന്റെയും കല്പനകൾ ജീവൻ അപകടത്തിലായാലും ഞാൻ പാലിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും പ്രതിജ്ഞയുടെ ഭാഗമായുണ്ട്. അതിനർത്ഥം മാറിമാറിവരുന്ന സർക്കാരുകളുടെ നയങ്ങളല്ല രാജ്യത്തിന്റെ ഭരണഘടനയും സൈനിക നിയമങ്ങളും ചട്ടങ്ങളുമാണ് സൈനികന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ എന്നാണ്. ആർമി ആസ്ഥാനത്ത് ഡിസിപ്ലിൻ, വിജിലൻസ് വിഭാഗങ്ങളുടെ അഡീഷണൽ ഡയറക്ടർ ജനറലായി വിരമിച്ച എസ് ജി വൊംബാട്കറെ എഴുതിയ ലേഖനത്തിൽ സൈനികൻ പരിപാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഓരോ പൗരനെയും നിയന്ത്രിക്കുന്ന മറ്റെല്ലാ നിയമങ്ങൾക്കും പുറമെ ഒരു സൈനികനെ നിയന്ത്രിക്കുവാൻ സൈനിക നിയമങ്ങളുണ്ടെന്നും ഒരു പൗരന് ലഭ്യമായ ചില മൗലികാവകാശങ്ങൾ സൈനിക നിയമത്തിന്റെ 21-ാം വകുപ്പും സൈനിക ചട്ടങ്ങളും വഴി, അവൻ നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങളുടെ സ്വഭാവം കാരണം നിഷേധിക്കപ്പെടുന്നുണ്ടെന്നും ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. സൈന്യത്തിലെ അംഗങ്ങൾക്കിടയിൽ അച്ചടക്കം നിലനിർത്തുന്നതിനായി സൈനിക ചട്ടം 20 പ്രകാരം രാഷ്ട്രീയവും സൈനികേതരവുമായ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ സൈനികരെ മാത്രമല്ല സൈന്യത്തെത്തന്നെ രാഷ്ട്രീയവൽക്കരിക്കുന്ന സമീപനങ്ങളാണ് നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തുണ്ടായത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഏകീകൃത വ്യക്തി നിയമം സംബന്ധിച്ച് ജമ്മു കശ്മീരിൽ സെമിനാർ സംഘടിപ്പിക്കുന്നതിനുള്ള കരസേനയുടെ തീരുമാനം. മാർച്ച് 26ന് കശ്മീർ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ പരിപാടി നടത്തുന്നതിനുള്ള അറിയിപ്പാണ് നൽകിയിരുന്നത്. ഇന്ത്യൻ ന്യായസംഹിതയെയും ഏകീകൃത വ്യക്തി നിയമവും സംബന്ധിച്ച ബോധവൽക്കരണത്തിന് എന്ന പേരിൽ സംവാദ രീതിയിലുള്ള സെമിനാർ സംഘടിപ്പിക്കുന്നതിനായിരുന്നു തീരുമാനം. സൈന്യത്തിന്റെ 31-ാം ഉപ മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരിപാടി നടത്തുമെന്നും അറിയിപ്പിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം സൈന്യത്തെ ഉപയോഗിച്ച് ബിജെപി സർക്കാരിന്റെ നയങ്ങളെക്കുറിച്ച് പ്രചരണം സംഘടിപ്പിക്കുവാനുള്ള കേന്ദ്ര നീക്കം വലിയ പ്രതിഷേധമുയർത്തി. രാഷ്ട്രീയേതരവും മതേതരവുമായി നിലകൊള്ളേണ്ട സൈന്യത്തെ ഇതിന് വിരുദ്ധമായി ഉപയോഗിക്കുന്നത് വലിയ എതിർപ്പുയർത്തിയതിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരു പറഞ്ഞ് സെമിനാർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

 


ഇതുകൂടി വായിക്കൂ: കോഴ നിയമവല്‍ക്കരിച്ച് കോടികള്‍ കൊയ്ത ബിജെപി


രാഷ്ട്രീയ‑സാമുദായിക രംഗത്തുള്ളവർ മാത്രമല്ല എതിർപ്പുയർത്തിയത്. മുൻ സൈനിക ഉദ്യോഗസ്ഥരും സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിനെതിരെ രംഗത്തുവന്നു. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ നേരിയ ലാഞ്ഛനയുള്ള ഏതൊരു വിഷയത്തിലും സൈന്യം ഇടപെടുന്നതും പൊതുചർച്ച നടത്തുന്നതും ഒഴിവാക്കണം എന്നായിരുന്നു തന്ത്രപരമായ മേഖലകളിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ലഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിങ് ഹൂഡ അഭിപ്രായപ്പെട്ടത്.
പൂഞ്ച് ജില്ലയിൽ പൗരന്മാരെ സെെന്യം പീഡിപ്പിക്കുന്നുവെന്ന ആരോപണവും തുടർന്ന് മൂന്ന് പേർക്ക് പരിക്കേൽക്കാനിടയായ സംഭവവും വിവാദമുയർത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ പിന്നീട് മരിച്ചു. പീഡനത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതുസംബന്ധിച്ച വാർത്തകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ അടുത്തിടെ ‘ദ കാരവൻ’ മാസികയോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. അതിന് കാരണമായി പറ‍ഞ്ഞത് സൈന്യത്തിന്റെ ആത്മവീര്യം തളർത്തുന്നതാണ് വാർത്തയെന്നായിരുന്നു. അതേ സർക്കാരിന്റെ കീഴിലാണ് രാഷ്ട്രീയ നയങ്ങളുടെ പേരിൽ സെമിനാറുകളും സർക്കാരിന്റെ പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നതിന് സൈന്യം തന്നെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായി സെൽഫി പോയിന്റുകൾ ഒരുക്കണമെന്ന നിർദേശം സായുധസേന പുറപ്പെടുവിച്ചിരുന്നു. രാജ്യത്തുടനീളമുള്ള പൊതുസ്ഥലങ്ങളിൽ 822 ജിയോ ടാഗ് ചെയ്ത ‘സെൽഫി പോയിന്റുകൾ’ സൃഷ്ടിക്കുമെന്നും അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ അഡീഷണൽ ഡയറക്ടർ ജനറലാ (മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസ്) ണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയുടെ വൻ ബഹുവർണചിത്രം അടങ്ങിയതായിരിക്കണം സെൽഫി പോയിന്റെന്നും നിർദേശിച്ചിരുന്നു. സർക്കാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സൈനികർക്ക് വാർഷിക അവധിക്കും നിർദേശം നൽകി. അവരെ സർക്കാർ പരിപാടികൾ പ്രചരിപ്പിക്കുന്നതിനുള്ള സൈനിക‑അംബാസഡർമാരായി നിയമിച്ചുള്ള ഉത്തരവും 2023 ഒക്ടോബർ ഒമ്പതിന് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു. അപ്പോഴും സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നുവെങ്കിലും സമാന രീതിയിലുള്ള നടപടികൾ തുടരുകയാണ്.
2019ൽ രാഷ്ട്രീയം, സമൂഹം, സർക്കാർ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്ന ഒരു അഭിപ്രായ സർവേയിൽ മഹാഭൂരിപക്ഷവും വിശ്വാസമർപ്പിക്കുന്നതായി രേഖപ്പെടുത്തിയത് സൈന്യത്തിലായിരുന്നു. രണ്ടാമത് നീതിന്യായ വ്യവസ്ഥയിലും. പൊലീസ്, സർക്കാർ സംവിധാനം, രാഷ്ട്രീയ പാർട്ടികൾ എന്നിവയിൽ വിശ്വാസം രേഖപ്പെടുത്തിയത് കുറച്ചുപേർ മാത്രമായിരുന്നു. രാഷ്ട്രീയേതര ഘടനയുള്ള സൈന്യത്തെയാണ് പൊതുസമൂഹം അംഗീകരിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്.

Exit mobile version