Site iconSite icon Janayugom Online

ഇടക്കാല ബജറ്റിലെ മോഡി രാഷ്ട്രീയം

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ് എന്ന നിലയിൽ മാത്രമല്ല, 2014നു ശേഷം തുടർച്ചയായി രണ്ടാംവട്ടവും പ്രധാനമന്ത്രി പദത്തിൽ വന്ന നരേന്ദ്ര മോഡിയുടെ ഭരണകാലത്തിനുള്ളിൽ അവതരിപ്പിക്കപ്പെടുന്ന ഏറ്റവുമൊടുവിലത്തെ ബജറ്റ് രേഖയെന്ന നിലയിലും 2024–25ലെ ഇടക്കാല ധനകാര്യ രേഖ പ്രാധാന്യമർഹിക്കുന്നു. സാധാരണ ഗതിയിൽ ബജറ്റ് രേഖ പുറത്തുവരുന്നതിനു മുന്നോടിയായി ഒരു സാമ്പത്തിക സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന പതിവിനുവിപരീതമായി ഇക്കുറി, ഇന്ത്യൻ ‘സമ്പദ്‌വ്യവസ്ഥ ഒരു അവലോകനം’ എന്ന തീർത്തും നിരുപദ്രവകരമെന്ന് തോന്നിക്കുന്ന കുറിപ്പു മാത്രമാണ് കാണാനായത്. ഈ രേഖയാകട്ടെ, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട്, ഇന്ത്യൻ സാമ്പത്തിക വികസനം മോഡിക്ക് മുമ്പും ശേഷവും എന്നാക്കി വേർതിരിച്ചിരിക്കുകയാണ്. ഈ വിലയിരുത്തൽ രേഖയുടെ മറ്റൊരു സവിശേഷത ഇതാെരു തെരഞ്ഞെടുപ്പ് ലഘുലേഖ തന്നെയാണെന്നതാണ്. രേഖയുടെ കാതലായ ഉള്ളടക്കം സ്വന്തം ഭരണത്തിന്റെ ഒരു ദശക (2014- 24)ക്കാലത്തിനിടയിലെ ‘വൈവിധ്യമാർന്ന’ നേട്ടങ്ങളെ മോഡി തന്നെ വിലയിരുത്തിയിരിക്കുന്ന പരാമർശങ്ങളാണ്. 1951 മുതൽ 2014വരെയുള്ള കാലഘട്ടത്തിൽ വികസനരംഗത്ത് ഘടനാപരമായോ ഗുണപരമായോ മൗലികമായോ പുരോഗമനസ്വഭാവമുള്ള യാതൊരുവിധ മാറ്റവും നടന്നില്ലെന്നാണ് രേഖയിലുള്ളത്. ചുരുക്കത്തിൽ, കേന്ദ്ര ധനമന്ത്രിയുടെ ഇടക്കാല ബജറ്റ് പ്രസംഗം തെരഞ്ഞെടുപ്പിന് തലേന്നാൾ ഏതൊരു ഭരണകൂടവും അവതരിപ്പിക്കാൻ മടിക്കുന്ന സ്വയംപുകഴ്ത്തൽ ധനകാര്യ രേഖയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി 2014ൽ ഏറ്റെടുത്തത് ഗുരുതരമായ വെല്ലുവിളികൾ നിറഞ്ഞ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയസമീപനങ്ങളാണ് ഇന്ത്യയെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും ഇതിലേക്കായി അദ്ദേഹം ഘടനാപരമായ പരിഷ്കാരങ്ങൾ, ജനതാല്പര്യ, ജനക്ഷേമ പദ്ധതികൾ, പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും ഒരുക്കുന്നതിന് സഹായകമായ കർമ്മ പരിപാടികൾ തുടങ്ങിയവയുടെ ഒരു പരമ്പരതന്നെ പ്രാവർത്തികമാക്കിയെന്നും അവകാശപ്പെടുന്നു. ഇടക്കാല ബജറ്റിൽ ഇവയെല്ലാം തുടർന്നും നടപ്പാക്കുമെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിലും മോഡി സർക്കാരിന്റെ വികസന കാഴ്ചപ്പാടിൽ മൗലികമായ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് തറപ്പിച്ച് പ്രഖ്യാപിക്കാനും ധനമന്ത്രി മടിക്കുന്നില്ല. തങ്ങൾ ഒരിക്കൽക്കൂടി അധികാരത്തിലെത്തിയാൽ, 2024 ജൂലൈയിൽ പൂർണ ബജറ്റ് തയ്യാറാക്കുമ്പോൾ 2047ആകുന്നതോടെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള ‘റോഡ് മാപ്പ്’ തയ്യാറാക്കുമെന്നും ധനമന്ത്രി തീർത്തു പറയുന്നു.
2024ല്‍ ഇന്ത്യ ഒരു അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നായിരുന്നു 2019ല്‍ രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോള്‍ നരേന്ദ്ര മോഡി പ്രഖ്യാപിച്ചതെങ്കിലും ഈ ലക്ഷ്യം എവിടെ എത്തിനില്‍ക്കുന്നു എന്നതാണ് ഒരു ചോദ്യം. ഈ ലക്ഷ്യത്തിലെത്താന്‍ ഇനിയും മൂന്നുവര്‍ഷം കൂടി വേണ്ടിവരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അപ്പോഴേക്ക് ‘ഭാരത്’ മൂന്നാമത്തെ ഏറ്റവും വലിയ ആഗോളശക്തിയാകുമെന്നാണ് അവകാശവാദം. 2030ല്‍ വീണ്ടും പുരോഗതി നേടി ഏഴു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും മോഡിയും നിര്‍മ്മലാ സീതാരാമനും അവകാശപ്പെട്ടിരിക്കുന്നു. അഞ്ച് ലോക ശക്തികളുടെ പട്ടികയില്‍ യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍, ഇന്ത്യ എന്നിങ്ങനെയാണ് ക്രമീകരണം എന്നത് യുഎസിനും ചൈനയ്ക്കും ശേഷം ഭാരത് എന്ന് മൂന്നാം സ്ഥാനത്തോടെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുനഃക്രമീകരണം നടക്കുമത്രെ.

 


ഇതുകൂടി വായിക്കൂ; അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും


മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികളുടെ പട്ടിക നിരത്തുന്നതില്‍ അമിതമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യവിതരണ പദ്ധതി കോവിഡ് കാലത്തിന് ഏറെക്കുറെ സമാനമായ നിലയില്‍ വരുന്ന അഞ്ച് വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതും പാവപ്പെട്ട ഭവനരഹിതര്‍ക്കായുള്ള പാര്‍പ്പിട പദ്ധതിക്ക് അധിക വിഹിതം അനുവദിച്ചതും ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നതും വെളിയിട വിസര്‍ജനം ഒഴിവാക്കാന്‍ സമയബന്ധിതമായ പദ്ധതിയുടെ പൂര്‍ത്തീകരണ ശ്രമവും ആവര്‍ത്തിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍, രസകരമായൊരു വസ്തുതയുണ്ട്. ക്ഷേമ പദ്ധതികള്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതെല്ലാം ‘റെവഡി’ സംസ്കാരം എന്നോ ‘ഫ്രീബീസ്’ എന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴാണ് പ്രധാനമന്ത്രി മോഡി തന്നെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇതെല്ലാം ബജറ്റിലൂടെ ആവര്‍ത്തിച്ചിരിക്കുന്നത്. ഇതൊരു സമ്പൂര്‍ണ ബജറ്റല്ല, ഇടക്കാല ബജറ്റ് മാത്രമാണ്. ഇത്തരമൊരു ധനകാര്യ രേഖ വെറും വോട്ട് ഓണ്‍ അക്കൗണ്ടാണ്. അതുകൊണ്ടുതന്നെയാണ് ബജറ്റിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലുള്ള ഈ രേഖയെ സാധാരണഗതിയില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഇടയ്ക്കിടെ സ്വന്തം പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗമായി നടത്തിവരാറുള്ള ഒരു അഭ്യാസമായി കരുതിവരുന്നതും. നേട്ടങ്ങള്‍ പെരുപ്പിച്ചുകാട്ടാനും കോട്ടങ്ങള്‍ മറയ്ക്കാനും ഭരണകൂടങ്ങള്‍ ആശ്രയിച്ചിരിക്കുന്ന വക്രീകരിക്കപ്പെട്ട കണക്കുകളില്‍ നിന്നും വ്യത്യസ്തമായി ആശ്വാസത്തിന് വക നല്‍കുന്നത് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) 2023–24 ധനകാര്യ വര്‍ഷത്തേക്കായി പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകളാണ്. ഇവയെ ബജറ്റിലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ യാഥാര്‍ത്ഥ്യമെന്തെന്ന് വ്യക്തമാകും. ഉദാഹരണത്തിന്; ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് 1,57,545 കോടി രൂപയായിരുന്നെങ്കിലും പുതുക്കിയ കണക്ക് 1,71,069 കോടിയാണ്. ഒറ്റനോട്ടത്തില്‍ ഈ പുതുക്കല്‍ തികച്ചും സ്വാഗതാര്‍ഹം തന്നെയാണ്. അതോടെ എംഎന്‍ആര്‍ഇജിഎ പദ്ധതിയെ മോഡി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന വിമര്‍ശനത്തിന്റെ കുന്തമുന ഒടിക്കാന്‍ താല്‍ക്കാലികമായെങ്കിലും കഴിയുകയും ചെയ്തു.
സത്യമെന്തെന്ന് വ്യക്തമാവുക, ബജറ്റിലെ കണക്കുകളും പുതുക്കിയ കണക്കുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ്. തൊഴിലുറപ്പ് പദ്ധതിയുടെ യഥാര്‍ത്ഥ ചെലവ് കോവിഡ് കാലമായ 2020–21ല്‍ 1,11,170 കോടിയും 2021–22ല്‍ 98,468 കോടിയും 2022–23ല്‍ 90,806 കോടിയുമായിരുന്നു. 2023–24ആയതോടെ ഈ തുക വീണ്ടും കുറഞ്ഞത് 86,000 കോടി രൂപയിലെത്തി. ചുരുക്കത്തില്‍ ഈ കണക്കുകള്‍ മോഡി സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജനം എന്ന മുദ്രാവാക്യവും അതിന്റെ പേരിലുള്ള പ്രതിച്ഛായാ നിര്‍മ്മിതിയും തകര്‍ക്കുകയാണുണ്ടായിരിക്കുന്നത്. സിജിഎ വെളിവാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വികസന വകുപ്പിന്റെ വക ഡിസംബര്‍ 2023വരെയുള്ള ചെലവ് 63ശതമാനം കുറഞ്ഞ് 1,07,912കോടി വരെയായി താണുവെന്നാണ്.


ഇതുകൂടി വായിക്കൂ; ബജറ്റ് വിഹിതംപോലും പാഴാക്കുന്ന കര്‍ഷകവഞ്ചന


ധനകാര്യ ഞെരുക്കം കേന്ദ്ര സര്‍ക്കാരിനെ 2024–25ലേക്കുള്ള പൂര്‍ണ ബജറ്റ് തയ്യാറാക്കുമ്പോഴും തുടരുമെന്നാണ് നിലവില്‍ ലഭ്യമായ സ്രോതസുകള്‍ വെളിവാക്കുന്നത്. കേന്ദ്ര ബാങ്കില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുമുള്ള വര്‍ധിച്ച ധന കൈമാറ്റം മൂലം 1,64,407കോടി രൂപ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷെ ഇത് 10,000കോടിയില്‍ തളച്ചിടപ്പെടാന്‍ ഇടയുണ്ടെന്നാണ് സിജിഎ കണക്കാക്കിയിരിക്കുന്നതെന്ന് ഓര്‍ക്കേണ്ടതാണ്. ഇത്തരം ശുഭാപ്തി വിശ്വാസമുണര്‍ത്തുന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല ബജറ്റിലെ ധനക്കമ്മി ജിഡിപിയുടെ 5.8 ശതമാനത്തില്‍ പരിമിതപ്പെടുത്താമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കരുതുന്നതെന്ന് വ്യക്തമാകുന്നു. കരുതിക്കൂട്ടിയുള്ള ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യം ധനകാര്യ വിപണികളുടെ വിശ്വാസ്യത നേടുക എന്നതാണ്. അതായത് മോഡിയുടെ സര്‍ക്കാര്‍ ജനപ്രീതിക്കല്ല, വികസനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഇതിലൂടെ ധനമന്ത്രി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താലാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത് ബജറ്റ് രേഖയല്ല, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നയപ്രഖ്യാപനവും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുമാണെന്ന് വിമര്‍ശിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മോഡി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ അവസാനത്തെ ധനകാര്യ രേഖ എന്ന നിലയിലുള്ള ഈ ഇടക്കാല ബജറ്റ്, വികസന ലക്ഷ്യങ്ങള്‍ക്കോ നയപരമായ കാഴ്ചപ്പാടുകള്‍ക്കോ അല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഹിന്ദുത്വവല്‍ക്കരണത്തിലേക്കുള്ള ഭാരതത്തിന്റെ രാഷ്ട്രീയ യാത്രയില്‍ ശ്രീരാമനെക്കൂടി പങ്കാളിയാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനാണ്. ഇതില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു പ്രത്യേക വിദഗ്ധ സമതിയുടെ രൂപീകരണത്തെയും മുത്തലാഖ് നിയമത്തെപ്പറ്റിയുള്ള പരാമര്‍ശവും പൗരത്വ നിയമം നടപ്പാക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനെയും പറ്റിയുള്ള പരാമര്‍ശവും നിഷ്കളങ്കമാണെന്ന് കരുതുക മൗഢ്യമായിരിക്കും. ഇപ്പോള്‍ ഇത്രമാത്രമേ പറയുന്നുള്ളു.

Exit mobile version