Site icon Janayugom Online

ഇലക്ടറൽ ബോണ്ടില്‍ അടിയേറ്റ മോഡിയുടെ ദക്ഷിണായനം

ബിജെപിയില്‍ നിന്ന് അകലം പാലിക്കുന്ന ദക്ഷിണേന്ത്യക്കാർ വിലയിരുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നത് ഇലക്ടറൽ ബോണ്ട്, അയോധ്യ രാമക്ഷേത്രം, പൗരത്വ ഭേദഗതി ചട്ടങ്ങൾ, ബിജെപി നേതാക്കളുടെ വിഭാഗീയത, നിയമവാഴ്ചയുടെ തകർച്ച, ബുൾഡോസര്‍ നീതി എന്നിവയുടെയെല്ലാം വക്താവായാണ്. എല്ലാറ്റിനുമുപരിയായി, ഇന്ത്യയിലെ മറ്റ് ഭൂരിപക്ഷം ജനങ്ങളോടൊപ്പം ദക്ഷിണേന്ത്യക്കാരും വിഗ്രഹങ്ങളുടെ പേരില്‍ ‘400 സീറ്റ്’ എന്ന് ആവേശംകൊള്ളുന്ന നരേന്ദ്ര മോഡിയെ മൂന്നാംവട്ടം അധികാരത്തിലെത്തുന്നത് തടയണമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇന്നലെ 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തീയതി, എത്ര ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക എന്നൊക്കെ തീരുമാനിക്കപ്പെടുമ്പോള്‍, ഇലക്ടറൽ ബോണ്ടുകളില്‍ തിരിച്ചടിയേറ്റ പ്രധാനമന്ത്രി തന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിലായിരുന്നു. അതിൽ തമിഴ്‌നാട്, കേരളം, തെലങ്കാന എന്നിവിടങ്ങളിലെ റാലികൾ ഉൾപ്പെടുന്നു. ഇന്ന് ആന്ധ്രാപ്രദേശിലും ഒരു റാലി നടക്കാനിരിക്കുന്നു. ദക്ഷിണേന്ത്യ ബിജെപിയെ നിരാകരിക്കുന്നുവെന്നതും തന്റെ കെെക്കുടന്നയില്‍ നിന്ന് ചോരുന്ന വെള്ളം പോലെ ഒഴിഞ്ഞുമാറുന്ന കോട്ടയാണെന്നും അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ട്.

മാർച്ച് 15ന് കേരളത്തിലെ ഒരു റാലിയിലും തമിഴ്‌നാട്ടിലെ റാലിയിലും മോഡി സംസാരിച്ചു. തുടർന്ന്, തെലങ്കാനയിൽ റോഡ്‌ഷോ ഉണ്ടായിരുന്നു. ‘വർക്ക്ഹോളിക്’ ആയ പ്രധാനമന്ത്രി ഒറ്റദിവസത്തെ ഷെഡ്യൂളില്‍ ഓടി നടക്കുകയായിരുന്നു. ദക്ഷിണേന്ത്യ ഇത്തവണ തന്നെ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നു. സമീപകാല രാഷ്ട്രീയവും സാമൂഹികവുമായ നിരവധി സംഭവവികാസങ്ങളും ദക്ഷിണേന്ത്യൻ ജനതയുടെ ബിജെപിയാേടും തന്നോടുമുള്ള വീക്ഷണത്തെ മാറ്റിമറിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യാമോഹിക്കുന്നുണ്ടാവാം. ഇക്കാര്യം ചോദിച്ചാല്‍ ദക്ഷിണേന്ത്യക്കാർ ചിരിച്ചുതള്ളാനാണ് സാധ്യത. ദക്ഷിണേന്ത്യയിലെ ജനങ്ങൾ, ഉത്തരേന്ത്യയിലെ സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പറിച്ചുമാറ്റാനാകാത്ത സാംസ്കാരിക ബോധം സൂക്ഷിക്കുന്നവരാണ്.
എല്ലായ്പ്പോഴും തെക്ക് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്നു, വടക്കുള്ളവര്‍ എങ്ങനെ വോട്ടുചെയ്യുന്നു എന്നതിന് തികച്ചും വിപരീതമാണ് ദക്ഷിണേന്ത്യന്‍ രീതി. രാഹുൽ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണല്ലോ. ദക്ഷിണേന്ത്യന്‍ വോട്ടർമാർക്ക് മോഡിയുടെ നമ്പർ നന്നായി തിരിച്ചറിയാം. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളും അവർക്കറിയാം. അവർ വഞ്ചിതരാകുകയില്ല. കഴിഞ്ഞ തവണയല്ല, അടുത്ത തവണയല്ല; ഒരിക്കലും. വ്യക്തമായ ലക്ഷ്യം അവര്‍ക്കുണ്ട്. ഉദാഹരണത്തിന്, വർഗീയതയെ നേരിടുന്നതിൽ കേരളീയർ അസാധാരണമായ അഭിമാനം പുലര്‍ത്തുന്നു. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനി ആയാലും സാമുദായിക സൗഹാര്‍ദം, മതേതരത്വം എന്നിവ മുറുകെപ്പിടിച്ച് ജീവിക്കുന്നു. അറ്റ്ലസിനെ പോലെ ഉത്തരേന്ത്യയെ ചുമക്കുകയാണ് തങ്ങള്‍ എന്നാണ് ദക്ഷിണേന്ത്യ കരുതുന്നത്. കേരളവും തമിഴ്‌നാടും പലപ്പോഴും ഉത്തരേന്ത്യയിലെ സംഭവവികാസങ്ങളെ പുച്ഛിക്കുന്നു. ഒരു ഡിഎംകെ എംപി ഉത്തരേന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ “ഗോമൂത്ര സംസ്ഥാനങ്ങൾ” എന്ന് വിളിച്ചില്ലേ? “ഗോമൂത്ര” എന്നത് നേരിട്ട് ബിജെപിയെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആർഎസ്എസുകാരനാണ്, പക്ഷേ ദക്ഷിണേന്ത്യയിൽ ആ നയങ്ങള്‍ കൊണ്ട് കാര്യമില്ല.

 


ഇതുകൂടി വായിക്കൂ: സിഎഎ: പെരുംനുണകളുടെ കോട്ടകൾ


കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഏതാനും ലോക്‌സഭാ സീറ്റുകൾ നേടിയാൽ, വടക്ക് തുടങ്ങി തെക്ക്, കിഴക്ക്, പടിഞ്ഞാറ്, യഥാർത്ഥത്തിൽ അഖിലേന്ത്യാ പാർട്ടി എന്ന ബിജെപിയുടെ സ്വപ്നത്തെ അനുകൂലിക്കുന്ന പുതിയ പ്രവണതയുടെ തുടക്കമാകുമെന്ന് നരേന്ദ്ര മോഡി വിശ്വസിക്കുന്നു. 400 എന്ന സംഖ്യയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു മുന്നറിയിപ്പാണ്. 370 ലോക്‌സഭാ സീറ്റുകൾ നേടണമെങ്കിൽ ബിജെപിക്ക് ദക്ഷിണേന്ത്യയിൽ ജയിച്ചേ മതിയാകൂ. ദക്ഷിണേന്ത്യന്‍ വിജയത്തെ ആശ്രയിച്ചാണ് എൻഡിഎയുടെ മൂന്നാംഘട്ടം. ദക്ഷിണേന്ത്യയില്‍ വിജയിക്കാനുള്ള ഒരു സൂത്രവാക്യവും പദ്ധതിയും തയ്യാറാക്കിയാണ് മോഡി ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മോഡി മാർച്ച് 19 വരെ ദക്ഷിണേന്ത്യയിലുണ്ടാകും. പ്രചാരണം പൂർണ സജ്ജമായാണ്. ഇന്ന് ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നടക്കുന്ന എൻഡിഎ റാലിയിൽ മോഡി പങ്കെടുക്കും. അവിടെ ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. 2019ൽ സഖ്യം ഉപേക്ഷിച്ച ടിഡിപി അടുത്തിടെ എൻഡിഎയിലേക്ക് മടങ്ങി. 2024ലെ തെരഞ്ഞെടുപ്പിൽ ടിഡിപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബിജെപി കരുതുന്നു. അടുത്തതായി, താരതമ്യേന കടുപ്പമേറിയ മേഖലയായി കണക്കാക്കപ്പെടുന്ന തമിഴ്‌നാടുണ്ട്. തുടക്കത്തിൽ, അണ്ണാമലൈ പ്രതിഭാസം ഉണ്ടായിരുന്നെങ്കിലും ഡൽഹിയിലും പിന്നീട് പഞ്ചാബിലും ഉണ്ടായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുന്നില്ലെങ്കിൽ ബിജെപിക്ക് ഒട്ടും എളുപ്പമാകില്ല. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുമ്പും ശേഷവും തമിഴ്‌നാടിനെ പുകഴ്ത്തുന്ന മോഡിയുടെ പ്രസംഗമുണ്ടായിട്ടും തമിഴ്‌നാട്ടിലെ ജനത ദ്രാവിഡ പാർട്ടികൾക്കൊപ്പമായിരുന്നു. കേരളത്തിലെ വോട്ടർമാർക്കായി മലയാളത്തിൽ നാലോ അഞ്ചോ വാക്കുകളും തമിഴ്‌നാട്ടിലെത്തുമ്പോള്‍ തമിഴിൽ സമാനമായ രീതിയും കൊണ്ട് ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരെ വീഴ്ത്താന്‍ കഴിയില്ല. എന്നാല്‍ ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കില്‍ മറ്റന്നാൾ മലയാളിയും തമിഴനും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മോഡി വിശ്വസിക്കുന്നു. ഏതായാലും ഇന്നലെ സേലത്ത് പൊതുയോഗത്തില്‍ പ്രസംഗിച്ച മോഡി നാളെ കോയമ്പത്തൂരിൽ റോഡ്ഷോയിലും പങ്കെടുക്കുന്നുണ്ട്.
(അവലംബം: ഐപിഎ)

Exit mobile version