Site iconSite icon Janayugom Online

മുനമ്പം: വേണ്ടത് സമവായം

1971ലെ തലശേരി വർഗീയ ലഹള സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജോസഫ് വിതയത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ, വർഗീയ ലഹള സൃഷ്ടിക്കാനും വ്യാപനത്തിനുമായി ആർഎസ്എസ് നടത്തുന്ന കുത്സിത നീക്കങ്ങളെ കുറിച്ചുള്ള പരാമർശം ഇപ്രകാരമാണ്: “നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെ പോലെ കഴിഞ്ഞ സ്ഥലമാണ് തലശേരി. ‘മാപ്പിള കലാപം’ പോലും രണ്ടു സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തെ ബാധിച്ചില്ല. ആർഎസ്എസും ജനസംഘവും തലശേരിയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് സ്ഥിതിഗതികൾ മാറിയത്”
ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളായി മുസ്ലിങ്ങളെയും ക്രൈസ്തവരെയും പൊതുവിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മതവിഭാഗങ്ങൾക്കിടയിൽ ആസൂത്രിതമായി വിദ്വേഷം സൃഷ്ടിച്ച് വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധമുള്ള വ്യാജ പ്രചരണങ്ങൾക്കാണ് ഈയിടെ അവർ നേതൃത്വം നൽകുന്നത്. വിചാരധാരയിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സർസംഘചാലക് മോഹൻ ഭാഗവത് 2018ൽ നൽകിയ മറുപടി കൂടി കേൾക്കുമ്പോൾ ഈ വിരോധാഭാസത്തിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന കുടിലത പുറത്തു വരും. “സംഘം അടച്ചുപൂട്ടിയ സംഘടനയല്ല, സമയത്തിനനുസരിച്ച് ഞങ്ങളുടെ ചിന്തകളും ആവശ്യമായ മാറ്റത്തിന് വിധേയമാണ്. അങ്ങനെ സമയത്തിനനുസരിച്ച് പരിഷ്കരിക്കാനുള്ള അനുമതി പൂജനീയ സംഘ സ്ഥാപകൻ ഹെഡ്ഗേവാർ തന്നിട്ടുണ്ട്.” 

എറണാകുളം ജില്ലയിലെ മുനമ്പത്ത് മത്സ്യത്തൊഴിലാളികളായ ഒരു വിഭാഗത്തിന്റെ ജീവിതപ്രശ്നത്തിന് മതത്തിന്റെ നിറം നൽകി മുസ്ലിങ്ങളും ക്രൈസ്തവരും തമ്മിലുള്ള ചേരിതിരിവിലേക്ക് നയിക്കുന്നതിലൂടെ സംഘ്പരിവാർ തങ്ങളുടെ വെറുപ്പിന്റെയും ന്യൂനപക്ഷവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര നിലപാടുകൾ പ്രയോഗവല്‍ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള സങ്കീർണമായ ചില നിയമവശങ്ങൾ ഉൾക്കൊള്ളുന്ന വിഷയത്തെയാണ് ഹിന്ദുത്വ അജണ്ടകൾക്കനുസൃതമായ നീക്കങ്ങളിലൂടെ വർഗീയധ്രുവീകരണത്തിനുള്ള സുവർണാവസരമായി അവർ കാണുന്നത്. 1341ലെ പ്രളയത്തിൽ രൂപംകൊണ്ട എറണാകുളം വൈപ്പിൻ ദ്വീപിന്റെ വടക്കുഭാഗത്താണ് മുനമ്പം-ചെറായി പ്രദേശം നിലകൊള്ളുന്നത്. 1503ലാണ് പള്ളിപ്പുറം കോട്ട പണിതുകൊണ്ട് പോർച്ചുഗീസുകാർ ഇവിടെ ആധിപത്യമുറപ്പിക്കുന്നത്. 1663ൽ ഡച്ചുകാർ പ്രദേശവും കോട്ടയും കീഴടക്കുകയും 1789ല്‍ തിരുവിതാംകൂർ രാജാവിന് വിൽക്കുകയും ചെയ്തു. 1902ൽ അന്നത്തെ തിരുവിതാംകൂർ രാജാവ്, അബ്ദുൾ സത്താർ മൂസാഹാജി സേട്ട് എന്ന വ്യക്തിക്ക് ഇവിടെ 404 ഏക്കർ കരഭൂമിയും 60 ഏക്കർ കായലും പാട്ടത്തിനു നൽകി. മേഖലയിൽ കാലങ്ങളായി കുടികിടപ്പുകാരായിരുന്ന മത്സ്യത്തൊഴിലാളികളെ ഒഴിച്ചുനിർത്തിയായിരുന്നു ഈ പാട്ടക്കരാർ. 

1950ൽ സത്താർ സേട്ടിന്റെ അനന്തരാവകാശിയായ സിദ്ദിഖ് സേട്ട് എന്നയാളാണ് മുനമ്പത്തെ ഈ ഭൂമി ഫറൂഖ് കോളജിന്റെ മാനേജ്മെന്റിന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വഖഫ് ദാനമായി രജിസ്റ്റർ ചെയ്തു നൽകുന്നത്. 1950 നവംബർ ഒന്നിന് ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിലായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഭൂമിയിൽനിന്നുള്ള ആദായം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും കോളജിന്റെ വികസനത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന് അതിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കോളജ് അടച്ചുപൂട്ടുകയാണെങ്കിൽ വസ്തു സത്താർ സേട്ടിന്റെ അനന്തരാവകാശികൾക്ക് തന്നെ തിരികെ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഭൂമിക്കുമേലുള്ള ഫറൂഖ് കോളജിന്റെ നിയന്ത്രണത്തില്‍ പ്രദേശവാസികൾ തുടക്കം മുതൽ എതിർപ്പുയര്‍ത്തി.
1962ൽ ഫറൂഖ് കോളജിന്റെ ഉടമസ്ഥാവകാശത്തിനെതിരെ അവർ പറവൂർ സബ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഹൈ ക്കോടതിവരെയെത്തിയ കേസിനൊടുവിൽ 1975ൽ ഭൂമിക്കുമേൽ ഫറൂഖ് കോളജിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടുള്ള വിധിയാണ് പുറത്തുവന്നത്. എന്നാൽ കോളജ് മാനേജ്മെന്റും പ്രദേശവാസികളും തമ്മിലുണ്ടായ ഒത്തുതീർപ്പിനെ തുടർന്ന് ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് അതു പണം നൽകി വാങ്ങാനുള്ള അവസരം ഒരുങ്ങുകയും 1983നും 93നും ഇടയിൽ അപ്രകാരം പണം കൊടുത്ത് ഭൂമി വാങ്ങിയവർ ഇപ്പോൾ അവിടെ അധിവസിക്കുകയും ചെയ്യുകയാണ്. 

എന്നാൽ, വഖഫ് ആയി ലഭിച്ച ഒരു വസ്തു വിൽക്കാൻ ഫറൂഖ് കോളജിനുള്ള അവകാശത്തെ ചൊല്ലി അന്നുമുതൽ ചോദ്യങ്ങൾ ഉയരുകയും ചെയ്തു. വഖഫ് ബോർഡ് മുൻ അംഗവും കേരള വഖഫ് സംരക്ഷണവേദി എന്ന സംഘടനയുടെ സെക്രട്ടറിയുമായ നസീർ മനയിൽ വഖഫ് സ്വത്തുക്കൾ കയ്യേറുന്നു എന്ന പരാതിയുമായി രംഗത്തുവരികയും പരാതിയെ തുടർന്ന് അന്നത്തെ സർക്കാർ മുൻ ജില്ലാ ജഡ്ജി മൊയ്തു അഹമ്മദ് നിസാർ ചെയർമാനായി 2007ൽ ഒരു അന്വേഷണ കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു. 23 സ്ഥലങ്ങളിലായി 600 ഏക്കർ വഖഫ് സ്വത്തുകൾ അന്യാധീനപ്പെട്ടു എന്ന് കണ്ടെത്തിയ നിസാർ കമ്മിഷൻ അതിൽ ഏറ്റവും കൂടുതൽ കയ്യേറ്റം നടന്നത് മുനമ്പത്താണെന്നും പ്രഖ്യാപിച്ചിരുന്നു. ശേഷം 2016ൽ നസീർ മനയിൽ തന്നെ നൽകിയ കേസിനെത്തുടർന്നാണ് നിസാർ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവും അതിന്റെ മേൽനടപടികളും നടപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ഉത്തരവിടുന്നത്.
2019ൽ, കേരള വഖഫ് ബോർഡ് മുനമ്പത്തെ വസ്തു വഖഫ് ആയി രജിസ്റ്റർ ചെയ്ത് അവകാശം ഉന്നയിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ഇതിൽപ്പെട്ട ഭൂമിയുടെ കരമടയ്ക്കുന്നതും ക്രയവിക്രയവും നിലവിൽ തടഞ്ഞിരിക്കുകയാണ്. ഈ ഭൂമിയെ സംബന്ധിച്ചുള്ള കേസുകൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട 614 കുടുംബങ്ങളാണ് നിലവിൽ മുനമ്പത്ത് ഭീഷണി നേരിടുന്നത്. പ്രദേശത്തെ ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 

വർഷങ്ങളായി അവിടെ താമസിച്ചുവരുന്നവരിൽ പലരും ഫറൂഖ് കോളജിൽനിന്നും പണം കൊടുത്ത് വസ്തു വാങ്ങിയവരുമാണ്. 1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഒരു സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും പൊതുവായ മേൽനോട്ടം സംസ്ഥാന/ യൂണിയൻ ടെറിട്ടറി വഖഫ് ബോർഡുകളിൽ നിക്ഷിപ്തമാണ്. ഈ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ വഖഫ് ബോർഡുകൾക്കാണ് അധികാരമുള്ളത്. സിദ്ദിഖ് സേട്ട് ഫറൂഖ് കോളജിന് ഭൂമി കൈമാറിയ ആധാരത്തിൽ വഖഫ് എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോളജിന്റെ പ്രവർത്തനം നിലച്ചാൽ ഭാവിയിൽ ഭൂമി തിരിച്ചുനൽകണമെന്നും ക്രയവിക്രയം ചെയ്യാൻ കോളജിന് അധികാരമുണ്ടെന്നുമുള്ള വഖഫ് വിരുദ്ധ വ്യവസ്ഥകളുടെ ആധികാരികതയും പഠന വിധേയമാക്കേണ്ടതുണ്ട്. സമവായത്തോടും സംയമനത്തോടും ഭരണകൂടവും വഖഫ് ബോർഡും പ്രദേശ വാസികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ ഇവിടെ വഖഫ് ബോർഡിനെയും വഖഫ് നിയമത്തെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചയിൽ അഭിരമിക്കാനാണ് സംഘ്പരിവാറിനും മറ്റു ചിലർക്കും താല്പര്യം. നിയമപരമായ സങ്കീർണതകളിൽ മാത്രം കുടുങ്ങിക്കിടക്കുന്ന വിഷയത്തിന്റെ ഏക പരിഹാരം വഖഫ് നിയമ ഭേദഗതിയാണെന്ന വാദഗതി, വിഷയത്തെ മതവുമായി കൂട്ടിക്കലർത്തി സമൂഹത്തിൽ ഭിന്നത വളർത്തുക എന്ന ലക്ഷ്യത്തിലുള്ളതാണ്. 

വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നും വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ച സുരേഷ് ഗോപിയും വഖഫിനെയും ശബരിമലയെയും വേളാങ്കണ്ണി പള്ളിയെയും ചേർത്ത് കലാപാഹ്വാനത്തിനുതകുന്ന പരാമർശം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനും അത്യാപൽക്കരമായ വിഭജന രാഷ്ട്രീയത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്.
വിചാരധാരയിൽ ‘ആഭ്യന്തര ഭീഷണികൾ’ എന്ന അധ്യായത്തിൽ ജീവകാരുണ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാർമ്മികതയും രാജനൈതികവുമായ തന്ത്രങ്ങൾ കൈവശമുള്ളവരാണ് ക്രൈസ്തവരെന്ന ആർഎസ്എസ് വിലയിരുത്തൽ ആരും മറന്ന് പോകരുത്.
1930കളിൽ ഹിറ്റ്ലറെ പിന്തുണച്ച ജർമ്മനിയിലെ ചില സഭാനേതാക്കൾ പിൽക്കാലത്തെ നാസി ഭീകരത കണ്ട് നിലപാട് തിരുത്തിയത് ചരിത്രത്തിൽ നിന്ന് വായിക്കണം. മുനമ്പം വിഷയത്തിൽ പ്രദേശവാസികൾക്ക് ലഭിക്കേണ്ട നീതിയുടെ കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ കേവല വൈകാരികതയ്ക്ക് അടിമപ്പെട്ട് വർഗീയതയെ മുഖ്യ ആയുധമാക്കി പ്രവർത്തിക്കുന്ന സംഘ്പരിവാറിന്റെ പ്രതിലോമ ആശയങ്ങളോടുള്ള അനുരഞ്ജനം ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തെയാണ് ദുർബലപ്പെടുത്തുക. 

Exit mobile version