ഇന്ത്യ വർഷങ്ങളായി നേരിടുന്നതാണ് ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റത്തിന്റെ പ്രശ്നങ്ങൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും അഭികാമ്യമായ പരിഹാരം. ദേശീയ കാഴ്ചപ്പാടും അതുതന്നെയാണ്. അതിൽ തെറ്റില്ലെങ്കിലും അത്തരം നാടുകടത്തലിന് നിലവിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോൾ ചെയ്യുന്നത് ബംഗാളി ഭാഷ സംസാരിക്കുന്ന ഏതൊരു മുസ്ലിമിനെയും പിടികൂടി ബംഗ്ലാദേശി എന്ന് മുദ്രകുത്തുകയും നിയമലംഘകരോ കുറ്റവാളിയോ ആയി കണക്കാക്കുകയും നാടുകടത്തുകയും ചെയ്യുക എന്നതാണ്. രാജ്യമെമ്പാടും നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്ന ആയിരക്കണക്കിന് ആളുകളെയാണ് കഴിഞ്ഞയാഴ്ചകളിൽ വിവിധയിടങ്ങളിൽ നിന്ന് പൊലീസ് പിടികൂടിയത്. അവരിൽ പലരെയും ബംഗ്ലാദേശിലേക്ക് പറഞ്ഞയയ്ക്കുന്നതിനായി അസം, പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാന അതിർത്തികളിൽ കൊണ്ടുവിടുകയും ചെയ്തു. നിയമനടപടികൾ എല്ലാം നിഷേധിച്ചുകൊണ്ടാണ് ഈ നടപടി. അവരിൽ കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ, ശാരീരിക പരിമിതികളുള്ളവർ, രോഗികൾ എന്നിവരും ഉണ്ടായിരുന്നു. ഭക്ഷണമോ മരുന്നോ മറ്റ് സഹായങ്ങളോ നൽകിയതുമില്ല. മഴക്കാലം അവരുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കി. തുറന്ന ആകാശത്തിനും മരങ്ങൾക്കും കീഴെയോ കുറ്റിച്ചെടികൾക്കിടയിലോ മാത്രമാണ് ഇപ്പോൾ അവരുടെ അഭയകേന്ദ്രങ്ങള്‍. വളരെയധികം കരുതൽ ആവശ്യമുള്ള ഒരു വലിയ മാനുഷിക പ്രതിസന്ധിയായി ഇത് മാറിയിരിക്കുകയാണ്. ഇന്ത്യൻ സുരക്ഷാ സേനയുടെ സമീപനം തന്നെയാണ് ബംഗ്ലാദേശ് സുരക്ഷാ സേനയ്ക്കുമുള്ളത്.
ബംഗ്ലാ ഭാഷ സംസാരിക്കുകയും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്നും സംശയിക്കുന്ന മുസ്ലിങ്ങളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന നാടുകടത്തൽ നടപടികളുടെ ഭാഗമായി കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്ന പ്രവണതകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ വീടുകൾ തകർക്കുക, ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കുക, ബലപ്രയോഗം നടത്തുക, ശാരീരിക പീഡനത്തിന് ഇരയാക്കുക എന്നിവയാണവ. അവരിൽ പലരും ഇന്ത്യക്കാരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരും അത് പരിഗണിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കപ്പെടുന്ന നിരവധി പേരെ ഇന്ത്യൻ അധികൃതർ കടലിലേക്ക് വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. എന്നാൽ ഇന്ത്യൻ സർക്കാർ ഇത് നിഷേധിക്കുകയാണ്. ഇന്ത്യയിലെ ഭരണസംവിധാനമാകട്ടെ മാനവികതയ്ക്ക് വിരുദ്ധമായി ദേശീയതയുടെ മറ സൃഷ്ടിച്ചാണ് ഉദ്യോഗസ്ഥരെയും മറ്റും ഉപയോഗിച്ച് ഈ കൃത്യം നടത്താൻ ശ്രമിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, രാജ്യത്ത് ഇതിനെല്ലാം നേതൃത്വം നൽകുന്ന ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ അവരുടെ ഭരണഘടനപ്രകാരമുള്ള സമഗ്ര മാനവികതയെന്ന തത്ത്വചിന്തയെക്കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്നു. അവരുടെ ദേശീയത, സമഗ്ര മാനവികത എന്നീ നയങ്ങൾ തന്നെ പരസ്പരവിരുദ്ധമാണ്. തങ്ങളുടെ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിന് അവരാകട്ടെ ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞു കയറ്റക്കാർ എന്ന പ്രയോഗം നടത്തുകയും രാഷ്ട്രീയ കാരണങ്ങളാൽ വർഗീയനിറം നൽകുകയും ചെയ്യുന്നു. ബംഗ്ലാദേശി മുസ്ലിം നുഴഞ്ഞുകയറ്റക്കാർ ദേശീയ താല്പര്യങ്ങൾ അട്ടിമറിക്കുന്നു, സംസ്കാരത്തെ വളച്ചൊടിക്കുന്നു, ഭൂമി പിടിച്ചെടുക്കുന്നു, സ്ത്രീകളെ ഭാര്യമാരായി എടുക്കുന്നു എന്നിങ്ങനെ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ആർഎസ്എസ്-ബിജെപി സംഘടനകളും അവരുമായി സഖ്യത്തിലുള്ള രാഷ്ട്രീയ പാർട്ടികളും ഈ പ്രചരണം ശക്തമായി ഉയർത്തിക്കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ പല ഹിന്ദുക്കളും മുസ്ലിം സമൂഹത്തിന്റെ പൊതുവെയും റോഹിംഗ്യൻ, ബംഗ്ലാദേശി മുസ്ലിം കുടിയേറ്റക്കാരുടെ പ്രത്യേകമായുമുള്ള മാനുഷിക പ്രശ്നങ്ങളോട് ഉത്ക്കണ്ഠയില്ലാത്തവരും നിർവികാരരും മനുഷ്യത്വമില്ലാത്തവരുമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന തോക്കിൻ മുനയിൽ നിർത്തിയാണ് മുസ്ലിം പൗരന്മാരെ ബ്ലംഗ്ലാദേശിലേക്ക് നാടുകടത്തുന്നതെന്നാണ് പല ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി എല്ലാ നടപടിക്രമങ്ങളും നിയമവിരുദ്ധ നാടുകടത്തലിന്റെ രൂപത്തിലായിരിക്കുന്നു. ബംഗ്ലാദേശിലെ മാത്രമല്ല ഇന്ത്യയിലെയും നിരവധി പേർ പ്രത്യേകിച്ച് മനുഷ്യാവകാശ സംഘടനകൾ ഇന്ത്യയിലെ മുസ്ലിങ്ങളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നതിന് സർക്കാരിനെ നിശിതമായി വിമർശിക്കുന്നുണ്ട്. ഇന്ത്യൻ പൗരന്മാരെ ബംഗ്ലാദേശിലേക്ക് കടത്തുകയും അവിടെയുള്ള സേനകൾ തോക്കിൻ മുനയിൽ അവരെ തിരിച്ചയ്ക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് ബിജെപിയും എൻഡിഎ സഖ്യവും ഭരിക്കുന്ന സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ പിടികൂടുകയും അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായി അവരെ മുദ്രകുത്തുകയും ചെയ്യുന്നത്. ആധാർ, വോട്ടർ തിരിച്ചറിയൽ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ പോലും സ്വീകരിക്കാൻ പൊലീസ് വിസമ്മതിക്കുന്നു. അവ അഴിമതിയിലൂടെ കൈക്കലാക്കിയതോ വ്യാജമായി നിർമ്മിച്ചതോ ആണെന്ന് ആരോപിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു. സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ അവകാശം നിയമപരമായി തെളിയിക്കുന്നതിനുള്ള സമയം പോലും ഉദ്യോഗസ്ഥർ നൽകുന്നില്ല. മേയ് ഏഴിനും ജൂലൈ മൂന്നിനുമിടയിൽ 1880 പേരെ ഇന്ത്യ നാടുകടത്തിയതായാണ് ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കണക്കനുസരിച്ച് ഇത് രണ്ടായിരത്തിനുമുകളിലാണ്. മേയ് ഏഴ് മുതൽ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ രാജ്യവ്യാപക പരിശോധന നടത്തിവരികയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഡൽഹി, ഹരിയാന, അസം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ തീവ്ര പരിശോധനകള്‍ നടക്കുന്നുണ്ട്. സംശയിക്കപ്പെടുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലേക്ക് അയയ്ക്കുന്നു. അവിടെ അവരെ ആദ്യം താൽക്കാലിക ക്യാമ്പുകളിൽ പാർപ്പിക്കുന്നു, പിന്നീട് ബംഗ്ലാദേശിലേക്ക് തിരിച്ചയ്ക്കുന്നതിനായി അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കൈമാറുന്നു. ഡൽഹിയിൽ, വസന്ത് കുഞ്ചിലെ ബംഗാളി ആധിപത്യമുള്ള ചേരിയിൽ വൈദ്യുതി തടസം സൃഷ്ടിക്കുന്നു. ആവശ്യമായ എല്ലാ പൗരത്വ രേഖകളുമുള്ള ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ പോലും അധികൃതർ ഉപദ്രവിക്കുന്നു. ഇന്ത്യയിലെ നിയമങ്ങൾ, അന്താരാഷ്ട്ര കീഴ്വഴക്കങ്ങളും ഉത്തരവുകളും, നിയമസഹായം ലഭ്യമാക്കൽ, വിദേശ ട്രിബ്യൂണലുകളുടെ പരിശോധന എന്നിവ ഉൾപ്പെടെ നടപടിക്രമങ്ങളുടെ ലംഘനമാണ് ഈ നീക്കങ്ങൾ. ബംഗ്ലാദേശിലേക്ക് തിരിച്ചയ്ക്കപ്പെട്ട നൂറുകണക്കിന് ആളുകൾ രേഖകളില്ലാത്തവരാണെന്നും അതിനാൽ നിയമപരമായും അല്ലാതെയും നാടുകടത്തപ്പെട്ട ആളുകളുടെ യഥാർത്ഥ എണ്ണം കൃത്യമായി വെളിപ്പെടുന്നില്ലെന്നും ആരോപിക്കപ്പെടുന്നുണ്ട്. സമീപ ആഴ്ചകളിൽ കുടിയൊഴിപ്പിക്കലിന്റെയും നാടുകടത്തലിന്റെയും വേഗത വർധിച്ചിരിക്കുകയാണ്.
പൊലീസിനും സുരക്ഷാ സേനയ്ക്കുമെതിരായ ആരോപണങ്ങളെ നിസാരമായി കാണാനാവില്ല, കാരണം സമീപ ആഴ്ചകളിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാരെ പിടികൂടി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചു. അവരിൽ പലരെയും പശ്ചിമ ബംഗാളിന്റെ ഇടപെടലിനെത്തുടർന്നാണ് തിരിച്ചെത്തിച്ചത്. ഒരു പരിഷ്കൃത സമൂഹത്തിൽ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ നാടുകടത്തൽ അംഗീകരിക്കാവുന്നതല്ല. നമ്മുടെ ദേശീയ കാഴ്ചപ്പാട് കണക്കിലെടുക്കുമ്പോൾ, സംശയിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരുടെ മാനുഷിക ബുദ്ധിമുട്ടുകൾ രാജ്യം പരിഗണിക്കണം. രണ്ടിനുമിടയിൽ എവിടെയെങ്കിലും സന്തുലിതാവസ്ഥ ഉണ്ടായിരിക്കുകയും വേണം. മറ്റെന്തിനേക്കാളും മനുഷ്യത്വം ഒന്നാമത് എന്ന നയം സ്വീകരിച്ചുകൊണ്ട് മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ. നിയമത്തിന്റെയും ധാർമ്മികതയുടെയും മനുഷ്യത്വത്തിന്റെയും ഉചിതമായ നടപടിക്രമങ്ങൾക്ക് വിധേയമായി നിയമാനുസൃതമായി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുകയാണ് ചെയ്യേണ്ടത്.
(ഇന്ത്യ പ്രസ് ഏജൻസി)

