Site iconSite icon Janayugom Online

ദേശീയ പൊതുപണിമുടക്ക് ചരിത്രമാകും

ഫെബ്രുവരി 12ന് ഇന്ത്യൻ തൊഴിലാളിവർഗവും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന പൊതുപണിമുടക്ക് ചരിത്രസംഭവമായി മാറും. അതിവിപുലമായ ഒരു ദേശീയ വേദിയാണ് പണിമുടക്കിന് തയ്യാറെടുക്കുന്നത്. മോഡി സർക്കാർ പിന്തുടരുന്ന തൊഴിലാളിദ്രോഹ നടപടികളിൽ രോഷാകുലരായ തൊഴിലാളികൾ മാത്രമല്ല കർഷകരും അണിനിരക്കുന്നതോടെ വ്യവസായ — കാർഷിക രംഗം പൂർണമായും നിശ്ചലമാകും.

ബ്രിട്ടീഷ് ഭരണാധികാരികളോട് പടപൊരുതി നേടിയ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ മൗലികാവകാശങ്ങള്‍ക്കുള്ള നിരവധി തൊഴിൽ നിയമങ്ങൾ കവർന്നെടുക്കുന്ന പ്രാകൃതമായ തൊഴിൽനിയമ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതോടെ തൊഴിൽരംഗം ശ്മശാന മൂകമാകും. മോഡി സർക്കാരില്‍ പങ്കാളികളായ ബിഎംഎസ് പോലും പുതിയ തൊഴിൽനിയമങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ആ പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതാക്കൾ പരസ്യമായി പ്രസ്താവിച്ചുകഴിഞ്ഞു. സംഘടിക്കാനും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ നടത്താനും കൂട്ടായി വിലപേശാനും പണിമുടക്കാനും നിലവിലുള്ള അവകാശങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ‘നാല് ലേബർ കോഡുകൾ’ നടപ്പിലാക്കാനുള്ള നടപടികളുമായി കേന്ദ്രം അതിവേഗം മുന്നോട്ടുപോകുന്നത്.

ലേബർ കോഡ്, 2000ത്തിൽ പാസാക്കിയെങ്കിലും അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് നിയമം നടപ്പിലാക്കുന്നത് അ‌ഞ്ച് വർഷത്തോളം മാറ്റിവച്ചു. പ്രസ്തുത തൊഴിലാളിദ്രോഹ ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനെതിരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനം വീണ്ടും ദേശീയ പൊതുപണിമുടക്കുമായി മുന്നോട്ടുപോകാൻ നിർബന്ധിതരായിത്തീരുകയായിരുന്നു. തൊഴിലാളിവർഗം പൊരുതിനേടിയ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കാൻ തക്കം നോക്കിയിരുന്ന കേന്ദ്രസർക്കാരിന് കിട്ടിയ ഒരു സുവർണാവസരമായിരുന്നു ബിഹാർ തെരഞ്ഞെടുപ്പ് ഫലം. അതിന്റെ പശ്ചാത്തലത്തിലാണ് ‘ലേബർ കോഡ്’ നടപ്പിലാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കർഷകരുടെ സമരഫലമായി കൃഷിക്കാരുടെ ഉല്പന്നങ്ങൾക്ക് താങ്ങുവിലയും കർഷകരുടെ ‘മണ്ഡി‘കളും പുനഃസ്ഥാപിച്ച അനുഭവത്തിൽ ലേബർ കോഡ് പിൻവലിക്കുകയല്ലാതെ നരേന്ദ്ര മോഡി സർക്കാരിന്റെ മുന്നിൽ മറ്റൊരു മാർഗവും കാണുന്നില്ല. തൊഴിലാളി കർഷക പ്രസ്ഥാനങ്ങളുടെ സമരം, പണിമുടക്ക് അടക്കമുള്ള മാർഗങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ സന്നദ്ധമാകുന്നതോടെ മോഡി സർക്കാർ മുട്ടുമടക്കുന്ന കാഴ്ചയും ഇന്ത്യൻ ജനത കാണുമെന്നുറപ്പാണ്. തൊഴിലാളികളും കർഷകരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും പൊടുന്നനെ ഒരു പണിമുടക്ക് പ്രഖ്യാപിച്ചതല്ല. ദേശവ്യാപകമായി പ്രവർത്തിക്കുന്ന 10 കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ വിശാലമായ ഐക്യ സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിർഭാഗ്യവശാൻ ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് യൂണിയൻ പണിമുടക്കിൽ പങ്കെടുക്കാൻ സന്നദ്ധരായിട്ടില്ല.

എന്നാൽ ബിഎംഎസ് അണികൾ പണിമുടക്കിന് പ്രാദേശിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി 12ന് നടക്കുന്ന പൊതുപണിമുടക്ക്, ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല സാർവദേശീയമായും ശ്രദ്ധിക്കപ്പെടുന്നതാകും. തൊഴിലാളികൾ, കർഷകർ, സർവീസ് രംഗത്ത് പണിയെടുക്കുന്നവർ, ജനാധിപത്യ പ്രസ്ഥാനങ്ങൾ, യുവജന വിദ്യാർത്ഥി മഹിളാ പ്രസ്ഥാനങ്ങൾ തുടങ്ങി ഇന്ത്യൻ ജനതയാകെ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ ചരിത്രത്തിൽ ഇടംനേടുന്ന ഒരു ദിനമായി ഫെബ്രുവരി 12 രേഖപ്പെടുത്തപ്പെടും എന്നതിൽ തർക്കമില്ല. നിയമനിർമ്മാണങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും ചില നാൾവഴികൾ കൂടി ഈ സന്ദർഭത്തിൽ പരിശോധിക്കണം.

1860ല്‍ എംപ്ലോയീസ് ആന്റ് വർക്ക്മെൻസ് (ഡിസ്പ്യൂട്ട് ആക്ട്) ബോംബെയിൽ നടപ്പിലാക്കി. അതനുസരിച്ച് തൊഴിലാളികളെ ശിക്ഷിക്കാനുള്ള അവകാശം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും. 1862ല്‍ റെയിൽവേയിലെ 1200 തൊഴിലാളികൾ ഹൗറയിൽ പണിമുടക്കി. ജോലി സമയം എ‌ട്ട് മണിക്കൂറായി നിജപ്പെടുത്താൻ. 1853ൽ ഇന്ത്യയിലാദ്യമായി ജോലി സമയം എ‌ട്ട് മണിക്കൂറായി നിജപ്പെടുത്തി. 1881ല്‍ ഫാക്ടറി ആക്ട് നിലവിൽ വന്നു. ഏഴ് വയസ് പ്രായം തികയാത്ത കുട്ടികളെ‌ക്കൊണ്ട് പണിയെടുക്കുന്നത് തടഞ്ഞു. 1890 സെപ്റ്റംബർ — ഫാക്ടറി ലേബർ കമ്മിഷണറെ നിയമിച്ചു. 1903ല്‍ വേതനം കൂടാതെ ഓവർ ടൈം ജോലി ചെയ്യാൻ സർക്കാർ നിർബന്ധിച്ചതിനെതിരെ മദ്രാസ് ഗവ. പ്രസിലെ തൊഴിലാളികൾ പണിമുടക്കി. പണിമുടക്കിയ തൊഴിലാളികൾക്കു പകരം ജയിലിലെ തടവുകാരെ ഉപയോഗിച്ച് സർക്കാർ പണിമുടക്ക് പൊളിച്ചു.

1917ല്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ “ചമ്പാരൻ’ സത്യഗ്രഹം നടന്നു. 1918 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യത്തെ യൂണിയനായി മദ്രാസ് ലേബർ യൂണിയൻ രൂപീകൃതമായി. 1920ല്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹമ്മദാബാദ് ടെക്സ്റ്റെെൽസ് ലേബർ അസോസിയേഷൻ നിലവില്‍ വന്നു. 1920ല്‍ എഐടിയുസി, രൂപീകരിച്ചു. ലാലാ ലജ്പത് റായി ആയിരുന്നു പ്രസിഡന്റ്. ആ വര്‍ഷം ജനുവരി രണ്ട്, മൂന്ന് തീയതി രണ്ടുലക്ഷം തൊഴിലാളികൾ പണിമുടക്കി. 1921ല്‍ ബക്കിങ് ഹാം, കർണാടിക് മിൽസ് — മദ്രാസ് തൊഴിലാളികൾ പണിമുടക്കി. പൊലീസ് വെടിവയ്പിൽ ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടു. 1923ല്‍ തൊഴിലാളി നേതാവായ ശിങ്കാരവേലുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി മേയ്ദിനം ആചരിച്ചു. 1926ലാണ് ട്രേഡ് യൂണിയൻ നിയമം പാസാക്കിയത്.

1928ല്‍ ആറ് മാസം നീണ്ടുനിന്ന ടെക്സ്റ്റൈയിൽസ് തൊഴിലാളികളുടെ പണിമുടക്ക് നടന്നു. 1929ല്‍ ബ്രിട്ടീഷ് സർക്കാർ മീററ്റ് ഗൂഢാലോചന കേസിന്റെ പേരിൽ 27 പ്രമുഖ കമ്മ്യൂണിസ്റ്റ് — ട്രേഡ് യൂണിയൻ നേതാക്കളുടെ പേരിൽ കേസെടുത്തു. ജവഹർലാൽ നെഹ്രു ഈ നടപടിയെ ശക്തമായി എതിർത്തു. വ്യവസായ തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കാൻ 1929ല്‍ റോയൽ കമ്മിഷൻ രൂപീകരിച്ചു. 1932ല്‍ എഐടിയുസിയിൽ ഭിന്നിപ്പുണ്ടായി റെഡ്ഗ്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകൃതമായി. യങ് വർക്കേഴ്സ് യൂണിയനും നിലവിൽ വന്നു. 1936ല്‍ പോണ്ടിച്ചേരിയിലെ സ്വദേശി കോട്ടണ്‍ മില്ലിലെ 12 തൊഴിലാളികളെ ഫ്രഞ്ച് പട്ടാളം വെടിവച്ചുകൊന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചു എന്നതായിരുന്നു കുറ്റം. തുടർന്ന് ഏഷ്യയിലാകെ എ‌ട്ട് മണിക്കൂർ ജോലി സമയം നിശ്ചയിക്കപ്പെട്ടു. 1936ല്‍ റോയൽ കമ്മിഷന്റെ ശുപാർശപ്രകാരം പേയ്മെന്റ് ഓഫ് വേജസ് ആക്ട് നടപ്പിലാക്കി. 1937ല്‍ 2,25,000 ചണമിൽ തൊഴിലാളികൾ ബംഗാളിൽ പണിമുടക്കി. സമരം 74 ദിവസം നീണ്ടുനിന്നു. വേതനം വെട്ടിക്കുറച്ചതിനെതിരെയായിരുന്നു പണിമുടക്ക്.

1939 ഒക്ടോബർ രണ്ടിന് 90,000 തൊഴിലാളികൾ ബോംബെയിൽ പണിമുടക്കി. രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കുക എന്നതായിരുന്നു ആവശ്യം. യുദ്ധത്തിനെതിരെ തൊഴിലാളിവർഗം നടത്തിയ ഈ സമരം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 1942ല്‍ കേന്ദ്രസർക്കാർ ഇന്ത്യൻ ലേബർ കോൺഫറൻസിന് രൂപം നൽകി. പ്രസ്തുത കോൺഫറന്‍സിന്റെ അധ്യക്ഷൻ ഡോ. അംബേദ്കർ ആയിരുന്നു. 1945–52ലെ വർളി ആദിവാസി സമരത്തില്‍ ആയിരക്കണക്കിന് ആദിവാസികളും പട്ടികജാതി — പട്ടികവർഗത്തിൽപ്പെട്ടവരും; വനവാസികളും പങ്കെടുത്തു. സമരത്തിന് പുരലേക്കർ, ഷാം റാവു എന്നിവർ നേതൃത്വം നൽകി. ജന്മിമാരും കൊള്ളപ്പലിശക്കാരും നടത്തിവന്ന ചൂഷണത്തിനെതിരെയായിരുന്നു സമരം.

1946ല്‍ സി പി രാമസ്വാമി അയ്യരുടെ ഏകാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യ അവകാശങ്ങൾക്കായി കർഷകത്തൊഴിലാളികളും കർഷകരും നടത്തിയ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകി. 1946ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് നൈസാമിന്റെയും ജന്മികളുടെയും ചൂഷണത്തിനെതിരെ കർഷകർ സായുധ കലാപം നടത്തി. 1947ല്‍ വ്യവസായ തർക്ക നിയമം നടപ്പിൽ വന്നു. 1948ലാണ് മിനിമം വേജസ് നിയമം നടപ്പിലായത്. 1967ല്‍ വടക്കേ ബംഗാളിലെ കർഷകർ ചരുമജുംദാർ, കനുസന്യാൽ എന്ന നേതാക്കളുടെ നേതൃത്വത്തിൽ ജന്മിമാരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കല്‍ സമരം നക്സൽബാരി ഗ്രാമത്തിൽ ആരംഭിച്ചു. 1968ല്‍ തമിഴ്‌നാട്ടിൽ നാഗപട്ടണത്ത് 44 തൊഴിലാളികൾ കൂലിക്കായി സമരം നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകി. ജന്മിമാരുടെ ഗുണ്ടകൾ 44 പേരെയും കൊന്നൊടുക്കി.

1970ല്‍ സിഐടിയു രൂപീകൃതമായി. 1974 മേയ് എ‌ട്ടിന് 10 ലക്ഷം റെയിൽവേ തൊഴിലാളികൾ മെച്ചപ്പെട്ട സേവന‑വേതന വ്യവസ്ഥകൾക്കായി പണിമുടക്കി. സമരം 20 ദിവസം നീണ്ടുനിന്നു. ജോർജ് ഫെർണാണ്ടസ് ആയിരുന്നു നേതൃത്വം നല്‍കിയത്. 1982 ജനുവരി 18ന് രണ്ടുലക്ഷം മിൽ തൊഴിലാളികൾ ഡോ. ദത്താസമന്തെയുടെ നേതൃത്വത്തിൽ പണിമുടക്കി. 1925 നവംബർ 21നാണ് പുതിയ നാല് ‘ലേബർ കോഡ്’ നടപ്പിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം നടത്തിയത്. കേന്ദ്രത്തിന്റെ തൊഴിലാളി — ജനവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന സമരം രാജ്യത്തെ സ്തംഭിപ്പിക്കുമെന്നുറപ്പാണ്.

Exit mobile version