Site iconSite icon Janayugom Online

അവഗണിക്കപ്പെടുന്ന വികസനപ്രശ്നങ്ങൾ

മോഡി ഭരണകൂടം ആവര്‍ത്തിക്കുന്ന പ്രഖ്യാപിതലക്ഷ്യം ഇന്ത്യയെ സാമ്പത്തിക വികസനത്തിന്റെ ഒരു ആഗോളശക്തിയാക്കി മാറ്റുകയും 2047ൽ എത്തുമ്പോഴേക്ക് വികസിത രാജ്യങ്ങളുടെ കൂട്ടായ്മയിൽ സമ്പദ്‌വ്യവസ്ഥയിൽ ഒരിടം കണ്ടെത്തുകയും ചെയ്യുക എന്നതാണല്ലോ. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള മാർഗം എന്തെന്നതിനെപ്പറ്റി നിരവധി അഭിപ്രായങ്ങൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ പ്രഥമസ്ഥാനം രാജ്യത്തിന്റെ ജിഡിപിയിൽ തുടർച്ചയായി 7.5% നിരക്കിൽ വർധനവ് വരുത്തണമെന്നതാണ്. എങ്കിൽ മാത്രമേ യഥാർത്ഥ വരുമാന വർധന എട്ട് ശതമാനത്തിലെത്തിക്കാൻ കഴിയൂ. നിർദിഷ്ട കാലാവധിക്കകം ജിഡിപി നിരക്ക് വർധന ലക്ഷ്യം പ്രഖ്യാപനം കൊണ്ടുമാത്രം സാധ്യമാവില്ല. അനുയോജ്യമായ തുടർനടപടികളും കൂടി വേണം. ഇതിൽ പ്രഥമസ്ഥാനം വിദ്യാഭ്യാസ — ആരോഗ്യ സുരക്ഷാമേഖലകളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഇതിനുപുറമെ, സ്ഥിരവും ശാശ്വത സ്വഭാവത്തോടുകൂടിയുള്ളതുമായ ദീർഘകാല വികസന നയങ്ങളും മെച്ചപ്പെട്ട വികസന തന്ത്രങ്ങളും സാങ്കേതികവിദ്യ ഗവേഷണ വികസന നയങ്ങളും അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കുന്ന കെടുതികളും നിർമ്മിതബുദ്ധിയും റോബോട്ടിക്സും തുറന്നിടുന്ന അവസരങ്ങളും തുല്യപ്രാധാന്യം നൽകി വികസന പ്രക്രിയയുടെ ഗതിവേഗം നിലനിർത്തുക നിസാരമായ അഭ്യാസമായിരിക്കില്ല. സമ്പദ്‌വ്യവസ്ഥയിൽ നിലവിലിരിക്കുന്ന സങ്കീർണതയാർന്ന ഇക്കോസിസ്റ്റത്തിന്റെ വിവിധ ഘടകങ്ങൾ തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതും എളുപ്പമായിരിക്കില്ല. ജീവൻരക്ഷാ ഔഷധങ്ങൾ മുതൽ കമ്പ്യൂട്ടർ ചിപ്പുകൾ വരെയും, അസംസ്കൃത ഖനിജ വിഭവങ്ങൾവരെയും പരമാവധി ആഭ്യന്തരതലത്തിൽ സമാഹരിക്കുകയോ നിർമ്മിക്കുകയോ ചെയ്യാൻ കഴിയും. ഈ മേഖലയിൽ വിദേശ ആശ്രിതത്വം പരമാവധി ഒഴിവാക്കുക എന്നതായിരിക്കണം ദീർഘകാല ലക്ഷ്യം. 

വിവിധ പദ്ധതികൾക്കായി കോടിക്കണക്കിന് മൂലധന നിക്ഷേപമാണ് കേന്ദ്ര — സംസ്ഥാന — പ്രാദേശിക ഭരണകൂടങ്ങൾ നടത്തിയിരിക്കുന്നതെങ്കിലും ഇതൊന്നും സാമ്പത്തിക വളർച്ചയിലൂടെ കൃത്യമായി പ്രതിഫലിക്കപ്പെടുന്നില്ല. ഭരണകൂടങ്ങൾ ഇവയുടെ ജയപരാജയങ്ങളോട് ഒരുതരം നിസംഗതാ മനോഭാവമാണ് പ്രകടമാക്കിവരുന്നത്. ഭീമമായ നഷ്ടവും പാഴ്ച്ചെലവുകളും അഴിമതിയും കണ്ടെത്തിയാലും ഈ നിസംഗതാ മനോഭാവം മാറ്റമില്ലാതെ തുടരുകയാണ്. പുതുതായി, കോടികൾ മുടക്കി സജ്ജീകരിക്കപ്പെടുന്ന ആന്തരഘടനാ സൗകര്യങ്ങളുടെ ഗുണമേന്മാ പരിശോധനയോ, വിലയിരുത്തലോ നടക്കാറില്ലെന്നതും ഒരു വസ്തുതയാണ്.
മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന്റെ പതിനൊന്നുവർഷം പൂർത്തിയാക്കിയശേഷവും കേന്ദ്ര സർക്കാരോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോ ആയിരക്കണക്കിന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന ആന്തരഘടനാ സൗകര്യങ്ങളുടെ തകർച്ചയിൽ മാപ്പർഹിക്കാത്ത മൗനമാണ് അവലംബിച്ചുകാണുന്നത്. സമാനമായ ഗതികേട് തന്നെയാണ്, തുറമുഖ നിർമ്മാണമേഖലയിലെയും വിമാനത്താവള മേഖലയിലെയും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. പുതുതായി നിർമ്മാണം നടത്തിയ കേരളത്തിലെ എൻഎച്ച് 66 ഭരണനേട്ടമായി ഉയർത്തിക്കാട്ടിയെങ്കിലും പണിപൂർത്തിയാക്കുന്നതിന് മുമ്പുതന്നെ നിരവധി ഇടങ്ങളിൽ തകർന്നുപോയ ദയനീയാവസ്ഥയിലാണിപ്പോൾ. നിരവധി പാലങ്ങളും ഒന്നുകിൽ തകർന്നുപോവുകയോ അപ്രോച്ച് റോഡുകളുടെ പണി പൂർണമാവുകയോ ചെയ്യാത്തതിനാൽ പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമായിട്ടില്ല. കേവലം രണ്ട് മണിക്കൂർ കൊച്ചി — തൃശൂർ യാത്രയ്ക്ക് ആവശ്യമായിരുന്നത്, ദേശീയപാതാ നിർമ്മാണത്തിലെ അപാകതകളെ തുടർന്ന് പലപ്പോഴും നാല് മണിക്കൂർ വരെ വേണ്ടിവരുന്ന അവസ്ഥയിലാണ്. ടോൾ നിരക്കാണെങ്കിൽ കുത്തനെ വർധിപ്പിച്ചിട്ടുമുണ്ട്. മുൻകൂറായി പണം നൽകി ടോൾപാസ് കൈവശമുള്ളവരും സമാനമായ യാത്രാതടസങ്ങൾ നേരിടേണ്ടിവന്നിരിക്കുകയാണ്. റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ടോൾ പിരിവ് നടത്തുന്നതിനെതിരായി ഹൈക്കോടതിതന്നെ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നു. എൻഎച്ചിന്റെ ഭാഗമായി പണിചെയ്യാൻ പദ്ധതി ഇട്ടിരുന്ന നിരവധി പാലങ്ങൾ പല സംസ്ഥാനങ്ങളിലും പണിപൂർത്തിയാകുന്നതിന് മുമ്പ് തകർന്നുവീണിട്ടുണ്ട്. ഫ്ലൈ ഓവറുകളുടെയും അപ്രോച്ച് റോഡുകളുടെയും സ്ഥിതി പറയാനുമില്ല. വ്യോമയാന മേഖലയിലെ സ്ഥിതിയും പരിതാപകരമാണ്. വിമാനത്താവളങ്ങളുടെ നിർമ്മാണത്തിലെ തകരാറുകൾ മുതൽ വിമാന സർവീസുകളിലെ താളംതെറ്റൽ വരെയും വിമാനാപകടങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത്തരം ദുരന്തങ്ങൾക്കിടയിൽ രാജ്യ പുരോഗതിയെപ്പറ്റിയോ ജിഡിപി വളർച്ചാനിരക്കിൽ തകർച്ചയുണ്ടായതിനെപ്പറ്റിയോ ഉല്പാദന സേവനമേഖലകളിലെ തകർച്ചയെപ്പറ്റിയോ ഏ റെയൊന്നും ശ്രദ്ധിക്കുക പതിവുമില്ല. അഹമ്മദാബാദ് എയർപോർട്ടിൽ നിന്നും പറന്നുയർന്ന ഒരു എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം ബഹുനില കെട്ടിടത്തിനുമേൽ ഇടിച്ച് തകർന്ന് തരിപ്പണമായതിനെ തുടർന്ന് 260 മനുഷ്യ ജീവനുകൾ പൊലിഞ്ഞുപോയതിന്റെ ഭയാനകമായ കാഴ്ചകൾ ഇനിയും മറക്കാനായിട്ടില്ല. തീർത്തും അപ്രതീക്ഷിതമായ മാനങ്ങളോടെ അധികൃതരെ അലട്ടിക്കൊണ്ടിരിക്കുന്ന ഈ മനുഷ്യനിർമ്മിത ദുരന്തം, നിരവധി ഗുരുതരമായ പ്രശ്നങ്ങൾ അടങ്ങുന്ന ഒരു ‘പണ്ടോരാ ബോക്സ്’ ആണ് തുറന്നിട്ടിരിക്കുന്നതെന്നോർക്കുക. ഇവയ്ക്കെല്ലാം എന്തെങ്കിലും പരിഹാരം കണ്ടെത്തുക എളുപ്പമായിരിക്കുകയുമില്ല. 

ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതിന് പിന്നിൽ കേന്ദ്ര ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷ(ഡിജിസിഎ)ന്റെ നിസംഗതാ മനോഭാവം, നിലവിലിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മുതൽ എയർ ഇന്ത്യ മാനേജ്മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ വരെ തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. മതിയായ ജീവനക്കാരില്ലാത്തതാണ് 15 ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങളൊരുക്കാൻ കഴിവുള്ള ഇന്ത്യൻ റെയിൽവേ സംവിധാനത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന പ്രശ്നം. ഇതിനുപുറമെ, കൃത്യമായ ട്രാക്ക് മെയിന്റനൻസിന്റെ അഭാവവും റെയിൽവേ ലൈനുകളുടെ കാലപ്പഴക്കവും പ്രശ്നങ്ങളാണ്. ഇവയ്ക്കൊന്നും പരിഹാരം കാണുന്നതിന് മുമ്പ് യാത്രാ നിരക്ക് വർധനവിനാണ് കേന്ദ്ര റെയിൽവേ വകുപ്പ് തിടുക്കം കാട്ടിയിരിക്കുന്നത്.
ഭക്ഷ്യമേഖലയിൽ ഉല്പാദന വീഴ്ചയല്ല യഥാർത്ഥപ്രശ്നം, വിതരണവും കൃത്യസമയത്തുള്ള ലഭ്യത ഉറപ്പാക്കലുമാണ്. ആരോഗ്യമേഖലയിൽ ആന്തരഘടനാ സൗകര്യങ്ങളുടെ അഭാവമോ അപര്യാപ്തതയോ മാത്രമല്ല, അനുബന്ധ ചികിത്സാ സൗകര്യങ്ങളുടെ പ്രശ്നങ്ങളും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആവശ്യത്തിന് ഡോക്ടർമാരില്ല, വിശിഷ്യ സ്പെഷ്യലിസ്റ്റുകൾ. പരിശീലനം, സ്ഥിര നഴ്സിങ് സ്റ്റാഫിന്റെയും മറ്റ് അനുബന്ധ സ്റ്റാഫിന്റെയും അപര്യാപ്തത, ഗുണമേന്മയുള്ള ഔഷധങ്ങളുടെ ലഭ്യതക്കുറവ്, ഉപകരണങ്ങളുടെ അഭാവം എന്നിങ്ങനെ പ്രശ്നങ്ങളുടെ ഒരു പരമ്പരതന്നെ നിരത്താൻ കഴിയും. ദരിദ്ര ജനവിഭാഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മാത്രമല്ല, മധ്യവരുമാന വിഭാഗക്കാരിൽ ഉൾപ്പെട്ടവർക്കുപോലും ഒരു പരിധിവരെ ചെലവേറിയ സ്വകാര്യ മേഖലയിലെ ചികിത്സാ സൗകര്യങ്ങൾ വിനിയോഗിക്കാൻ കഴിയാറില്ല. ഭക്ഷ്യസുരക്ഷയും ജീവൻ സുരക്ഷയും ഉറപ്പാക്കുന്നതുപോലെതന്നെയാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടതും. ഈയിനങ്ങളിലുള്ള സേവനങ്ങൾക്ക് പുറമെ വെബ്സൈറ്റ് സൗകര്യങ്ങൾ അടക്കമുള്ള ആധുനിക വാർത്താവിനിമയ സേവനങ്ങൾക്കൊന്നും പൗരന്മാരുടെ മേൽ അധിക സാമ്പത്തിക ബാധ്യത കെട്ടിയേല്പിക്കരുത്. ഏതായാലും റോഡപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ട് ഒരു സമഗ്ര ദുരന്തനിവാരണ പദ്ധതി മൂന്ന് മാസത്തിനകം കേന്ദ്ര സർക്കാർ നടപ്പാക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം കേരള ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് കേന്ദ്രം 2025 മാർച്ചിൽ തന്നെ കോടതിയെ അറിയിച്ചിട്ടുമുണ്ട്. അതേയവസരത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ബാങ്ക് വായ്പാ കുടിശിക എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവമാണ് പ്രകടമാക്കിവരുന്നത്. ഇതിനെതിരായും ഹൈക്കോടതി കർശനമായൊരു നിലപാട് സ്വീകരിക്കേണ്ടതുമാണ്. 

Exit mobile version