Site iconSite icon Janayugom Online

നവാഗതനിലും ആത്മവിശ്വാസം പകര്‍ന്ന പത്രാധിപർ

‘മിസ്റ്റർ നിങ്ങളുടെ ലേഖനം നന്നായിരിക്കുന്നു’ എന്നുപറഞ്ഞ് ഏതു നവാഗതനിലും ആത്മവിശ്വാസം നൽകുന്ന പത്രാധിപരായിരുന്നു ജയചന്ദ്രൻ നായർ. കേരളത്തെക്കുറിച്ച് ഏറ്റവും ചെറിയ വിവരങ്ങൾ പോലും അദ്ദേഹത്തിന്റെ കൈവെള്ളയിൽ ഉണ്ടായിരുന്നു. എ അയ്യപ്പനെ പോലുള്ള അലഞ്ഞുതിരിയുന്ന കവികൾക്കൊരാശ്രയ സ്ഥാനം, ഏതൊരാൾക്കും സംശയനിവാരണത്തിനായി സമീപിക്കാവുന്ന നല്ല മന‌സ്, ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടയാൾ. എന്നാൽ അക്രമരാഷ്ട്രീയം ജീവനെടുക്കുന്ന അവസ്ഥയിൽ ഇത് ഇടതു നിലപാടല്ലെന്ന്‌ കലഹിച്ചിറങ്ങിയ ഒരാൾ. വിമർശകൻ എന്ന നിലയിൽ വ്യതിരിക്ത നിലപാടുകൾ സ്വീകരിച്ചയാൾ.
മാഗസിൻ ജേണലിസത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എംടിക്ക് പിന്നാലെ ജയചന്ദ്രൻ നായരും വിടവാങ്ങി. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. മലയാളരാജ്യം, സമകാലിക മലയാളം വാരിക എന്നിവയുടെയും പത്രാധിപരായിരുന്നു. മലയാളത്തിലെ മാഗസിൻ ജേണലിസത്തിന് പുതിയ മുഖം നൽകിയ വ്യക്തിയാണ് ജയചന്ദ്രൻ നായർ. പരിസ്ഥിതിയെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന എഡിറ്റർക്ക് എം എസ് മണി പിന്തുണ നൽകുകയും ചെയ്തു. അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാടെടുത്ത അദ്ദേഹം തെരഞ്ഞെടുപ്പ് കാലത്ത്, ഇവർ ജയിക്കേണ്ടവർ എന്ന നിലയിൽ സ്ഥാനാർത്ഥികളെ പിന്തുണച്ചുകൊണ്ട് പതിപ്പിറക്കാനുള്ള ധൈര്യം കാണിച്ചിരുന്നു. കെ വി സുരേന്ദ്രനാഥിനെ പോലുള്ളവർ എന്തുകൊണ്ട് ജയിക്കണം എന്ന ലേഖനം പ്രസിദ്ധീകരിക്കാനുള്ള ചങ്കൂറ്റം കൈമുതലായുള്ള ആളായിരുന്നു. സുരേന്ദ്രനാഥിന്റെ എതിർസ്ഥാനാർത്ഥി കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നുവെന്നതും ഓർക്കേണ്ടതുണ്ട്.
ജയചന്ദ്രൻ നായരെ അനുസ്മരിച്ച് ‘തീർക്കാനാവാത്ത കടപ്പാടോടെ എന്റെ പത്രാധിപർക്ക് വിട’ എന്നാണ്‌ കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചത്‌. ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയ പത്രാധിപരായിരുന്നു എസ് ജയചന്ദ്രൻ നായരെന്ന് ചുള്ളിക്കാട് അനുസ്മരിച്ചു. ജയചന്ദ്രൻ നായർ പത്രാധിപരായിരിക്കെയാണ് മലയാളം വാരികയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’ പ്രസിദ്ധീകരിച്ചത്. ചുള്ളിക്കാടിന്റെ 60-ാം പിറന്നാളിൽ മലയാളം വാരികയിൽ ജയചന്ദ്രൻ നായർ എഴുതിയ ‘സ്‌നേഹത്തിന്റെ തുറസുകളിൽ ഒരാൾ’ ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്നതായിരുന്നു.
ചിദംബരസ്മരണ പുസ്തകമായി പ്രസിദ്ധീകരിച്ചപ്പോൾ ആദ്യപതിപ്പിന്റെ ആമുഖമായി എസ് ജയചന്ദ്രൻ നായർ ഇങ്ങനെ കുറിച്ചു. ‘ഇരുപത്തിയഞ്ച് കൊല്ലം മുമ്പാണ് ബാലനെ, ഞാനാദ്യമായി കാണുന്നത്. നെടുമുടി വേണുവിനോടൊപ്പം. കാറ്റത്ത് ആടിയുലഞ്ഞ ഒരു ചില്ല. ഇന്ന് ആ ചില്ല അകക്കാമ്പുള്ള ഒരു മരമായിരിക്കുന്നു. മണ്ണിൽ വേരുകളാഴ്ത്തി കാറ്റും മഴയും വെയിലും ഉൾത്തളങ്ങളിൽ ഉൾക്കൊണ്ട മരം. നമ്മുടെയൊക്കെ ഭൂമിശാസ്ത്രത്തിന്റെ ഭാഗമാണ് ആ മരം. ഊഷരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നോവും വേവും ഏറ്റുവാങ്ങിയ ആ മരം മണ്ണിലൊളിച്ച സരസ്വതിയെ ഒരിക്കൽക്കൂടി നമുക്കു തന്നിരിക്കുന്നു. ആ വരദാനത്തിന് നമുക്ക് നന്ദി രേഖപ്പെടുത്താം. തീപ്പാതിയെയും വിരലുകളില്ലാത്ത അമ്മയെയും രംഗസ്വാമിയെയും കനകാംബാളിനെയും മാലതി ചേച്ചിയെയും നമ്മുടെ കണ്ണീരാക്കിയ ബാലന്…’
പുതിയ എഴുത്തുകാരെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിന് തെളിവാണ് ശൂരനാട് കുഞ്ഞൻ പിള്ളയുടെ പുത്രന്‍ ഡോ. കെ ആർ നായരുടെ അനുസ്മരണം ‘മലയാള പത്രാധിപന്മാരിൽ രണ്ടുപേരോടാണ് എനിക്ക് ഒരുപാട് കടപ്പാടുള്ളത്. എസ് ജയചന്ദ്രൻ നായരോടും, എം എസ് മണിയോടും. സമകാലിക മലയാളം വാരികയിൽ ജയചന്ദ്രൻ നായരില്ലായിരുന്നെങ്കിൽ ഞാൻ ഒരു കാലത്ത് തുടർച്ചയായി എഴുതുകയില്ലായിരുന്നു. ഒരുപക്ഷെ ഇതേ വാക്കുകളാവും എന്റെ സമകാലീനരായ മിക്കവാറും എല്ലാ എഴുത്തുകാർക്കും പറയാനുണ്ടാവുക. സമകാലിക മലയാളത്തിൽ നിന്ന് വിട്ടിട്ടും അദ്ദേഹം എന്റെ കൃതികളോടു കാണിച്ചിരുന്ന ഔദാര്യത്തിന് എങ്ങനെ ഞാൻ നന്ദി പറയണം?’
പുതിയ പംക്തികൾ തുടങ്ങുന്നതിനുള്ള സൂക്ഷ്മത മറ്റാരിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തി. എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരുടെ വാരികകളിൽ ആയിരുന്നു. എംടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് അദ്ദേഹം പത്രാധിപരായിരിക്കുമ്പോഴാണ്. കഥകൾക്കും നോവലുകൾക്കും മിഴിവേകാൻ നമ്പൂതിരിയുടെ വര മാധ്യമമാക്കിയ എഡിറ്ററും ജയചന്ദ്രൻ നായരാണ്.
നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഷാജി എൻ കരുണിന്റെ പിറവിയുടെ തിരക്കഥാകൃത്തും നിർമ്മാതാവും അദ്ദേഹമായിരുന്നു. മലയാളം വാരികയിൽ ടി എൻ ജയചന്ദ്രനെ കൊണ്ട് സമാഹരിപ്പിച്ച ‘ജീവിതം എന്ത് പഠിപ്പിച്ചു’ എന്ന പംക്തി ഏറെ ശ്രദ്ധ നേടിയിരുന്നു. 

Exit mobile version