കമ്മ്യൂണിസ്റ്റുകാരുടെ കടമകളെക്കുറിച്ചും എങ്ങനെയാണ് നല്ല കമ്മ്യൂണിസ്റ്റ് ആകേണ്ടത് എന്നതും ലോക കമ്മ്യൂണിസ്റ്റ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾ അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം അവർ വിശദീകരിച്ചിട്ടുണ്ട്. ലെനിൻ, സ്റ്റാലിൻ, ഹോ ചി മിൻ, ദിമിത്രോവ്, ലൂ ഷാവ് ചി, കരഗനോവ് തുടങ്ങിയവര്‍ കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയാണ് ജനങ്ങള്‍ക്കിടയിൽ പ്രവർത്തിക്കേണ്ടത് എന്നത് വിശദീകരിച്ചിട്ടുണ്ട്. മഹാനായ ലെനിൻ പറഞ്ഞത്; “ശരിയായ ഒരു പാർട്ടിലൈൻ തയ്യാറാക്കുകയും പുരപ്പുറത്ത് നിന്നും അത് വിളിച്ചകൂവുകയും പൊതുനിർദേശങ്ങളുടെയും പ്രമേയങ്ങളുടെയും രൂപത്തിൽ പ്രസ്താവിക്കുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്താൽ മതി, വിജയം സ്വയമേവ ഇങ്ങോട്ടുവന്നുചേരും എന്നാണ് ചിലരുടെ വിചാരം. എന്നാൽ ജനങ്ങളുടെയിടയിൽ അവരോടൊപ്പം നിന്ന് കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിക്കണം”- എന്നാണ്. സംഘടന കൂടുതൽ ശക്തിപ്പെടുത്തിയാൽ മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ എന്നും സഖാവ് ലെനിൻ ആവർത്തിച്ചിരുന്നു. ഉൾപാർട്ടി ജനാധിപത്യവും സ്വയം വിമർശനവുമാണ് മുമ്പെന്നത്തെയും പോലെ ഇപ്പോഴത്തെയും പാർട്ടി പ്രവർത്തനത്തിന്റെയും അംഗങ്ങളുടെയും പാർട്ടി വിദ്യാഭ്യാസത്തിന്റെയും മൂലക്കല്ല് എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ലൂ ഷാവ് ചി വ്യക്തമാക്കിയത്. ‘എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം’ എന്ന അദ്ദേഹത്തിന്റെ കൃതി കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്. പാർട്ടി മെമ്പർമാരുടെ മാത്രം താല്പര്യമല്ല, അധ്വാനിക്കുന്ന എല്ലാ ജനങ്ങളുടെയും മനുഷ്യരാശിയുടെ മുഴുവനും മോചനത്തിന്റെ താല്പര്യങ്ങളെക്കൂടി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധീകരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളിവർഗത്തിന്റെ താല്പര്യങ്ങളും മനുഷ്യസമൂഹത്തിന്റെ മോചനവുമല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേറെ ഉദ്ദേശ്യങ്ങളും താല്പര്യങ്ങളും ഇല്ല.
വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മഹാനായ ഹോ ചി മിൻ വ്യക്തമാക്കിയത് “ജനങ്ങളുടെ നേരെയുള്ള ബ്യൂറോക്രാറ്റിക് സമീപനവും ആത്മാർത്ഥതയില്ലാത്ത നിലപാടും തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ഹാനികരം” എന്നാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യതിയാനത്തെക്കുറിച്ച് ദിമിത്രോവ് ചൂണ്ടിക്കാണിച്ചത് “ഉൾപാർട്ടി പോരാട്ടം നടത്താനും പാർട്ടിയെ കണ്ണും പുരികവും കാട്ടി ഭീഷണിപ്പെടുത്താനും പാർട്ടിക്ക് പുറമെയുള്ള ശക്തികളെ പരസ്യമായി ആശ്രയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സഖാക്കളെ കരുതിയിരിക്കണം എന്നാണ്”. സ്വയം വിമർശനത്തെക്കുറിച്ച് ജോസഫ് സ്റ്റാലിൻ പറഞ്ഞത്; “മറ്റുള്ളവരെ വിമർശിക്കും, പക്ഷെ തങ്ങൾക്കുനേരെ വിമർശനം വരുന്നത് അവർക്ക് സഹിക്കാനാകില്ല” എന്നാണ്. സ്വയം വിമർശനത്തിന് തയ്യാറാകാതെ മറ്റുള്ളവരെ എന്തിനും വിമർശിക്കുന്ന നിരവധി സഖാക്കളെ ഇപ്പോഴും കാണാം. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഉയർന്നുവരുന്ന വ്യക്തിവാദത്തെയും സമ്പത്തിനോടുള്ള അത്യാഗ്രഹത്തെയും വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചൂണ്ടിക്കാണിക്കുകയും ശക്തമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിക്കകത്ത് വളർന്നുവരുന്ന ജീർണതകൾക്കെതിരായി സംഘടനാതലത്തിലും ഭരണതലത്തിലും നടപടികൾ സ്വീകരിച്ച വാർത്തകൾ ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പുറത്തുവിട്ടിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെയും ആർഭാടജീവിതം നയിച്ചതിന്റെയും പേരിലാണ് നടപടികൾ സ്വീകരിച്ചത്. മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായ പാർട്ടിയാണ് സിപിഐ. തൊഴിലാളികൾ, കർഷകർ, അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ, യുവാക്കൾ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായി കടന്നുവന്നവരാണ് പാർട്ടിയിലുള്ളത്. അവരുടെ ആത്യന്തികമായ ലക്ഷ്യം സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നതാണ്. സ്വാർത്ഥമോഹികൾക്കും അവസരവാദികൾക്കും വ്യക്തിവാദികൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്ഥാനമില്ല. പാർട്ടിയെ തെറ്റിധരിപ്പിച്ച് അത്തരക്കാര്‍ പാർട്ടിയിൽ കടന്നുവന്നിട്ടുണ്ടെങ്കിൽ അവർക്ക് പാർട്ടിയിൽ തുടരാൻ കഴിയില്ല.
മാർക്സിസം ലെനിനിസം സമൂഹത്തെ വ്യഖ്യാനിക്കുക മാത്രമല്ല ചെയ്തത്. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥകൾക്ക് പകരം ഒരു പുതിയ വ്യവസ്ഥ – സാമൂഹ്യക്രമം കെട്ടിപ്പടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യവും കടമയും. “ഞാൻ പാർട്ടിയുടെ ഉദ്ദേശ്യങ്ങളെയും ലക്ഷ്യങ്ങളെയും അംഗീകരിക്കുകയും പാർട്ടിയുടെ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാമെന്നും പാർട്ടിയുടെ തീരുമാനങ്ങൾ കൂറോടു കൂടി നടപ്പിലാക്കുമെന്ന് സമ്മതിക്കുകയും ചെയ്യുന്നു“വെന്ന് പാർട്ടി അംഗങ്ങൾ, പ്രതിജ്ഞയെടുക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ കടമ ഏറെ പ്രധാനപ്പെട്ടതാണ്. ചെെന, വിയറ്റ്നാം, ക്യൂബ തുടങ്ങി നിരവധി രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുണ്ട്. പ്രതിസന്ധി കാലഘട്ടത്തിലും കമ്മ്യൂണിസ്റ്റുകാർ വിവിധ രാജ്യങ്ങളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തിയാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കരുത്തുറ്റ പോരാട്ടങ്ങളാണ് അവർ നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിലും പാർട്ടി പങ്കാളിയായിട്ടുണ്ട്. കേരളത്തിൽ വിവിധ ഘട്ടങ്ങളിൽ പാർട്ടി അധികാരത്തിൽ വന്നു. 1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റയ്ക്കുതന്നെ കേരളം ഭരിച്ചു. ഇപ്പോഴും ശക്തമായ പാർട്ടിയാണ്. വ്യക്തിതാല്പര്യങ്ങൾ മാറ്റിവച്ച്, പൊതുതാല്പര്യം മുൻനിർത്തി ജനങ്ങളുടെ താല്പര്യം രക്ഷിക്കുവാൻ പ്രവർത്തിക്കേണ്ട പാർട്ടിയാണ് സിപിഐ. കമ്മ്യൂണിസ്റ്റുകാരുടെ പ്രധാനപ്പെട്ട കടമ അതുതന്നെയാണ്. അതിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ വികസിക്കുക. പൊതുസമൂഹം പാർട്ടിക്ക് പിന്നിൽ അണിനിരക്കുക. അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന തങ്ങളുടെ വർഗപരമായ ഉത്തരവാദിത്തം വിസ്മരിച്ച്, വ്യക്തിപരമായ ഉയർച്ചയ്ക്കും വഴിവിട്ട നിലയിൽ സമ്പത്ത് ആർജിക്കുന്നതിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിരന്തരമായി ഉൾപാർട്ടി സമരം നടത്തുന്നുണ്ട്. കേരളത്തിലും സിപിഐ ആ സമരം നടത്തുകയാണ്. പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾക്കെതിരെ ഉറച്ച നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്.
പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും സംഘടനാതത്വങ്ങളും ലംഘിക്കുന്നവരെ, അവരുടെ തെറ്റുകൾ തിരുത്തിച്ച് ശരിയായ നിലപാടിലേക്ക് കൊണ്ടുവരുന്നതിന് വലിയ ശ്രമങ്ങൾ പാർട്ടി നടത്തുന്നുണ്ട്. തിരുത്തുവാൻ അവസരം നൽകിയിട്ടും ചൂണ്ടിക്കാണിച്ച തെറ്റുകൾ ആവർത്തിക്കുന്നവരെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തുന്നതിനും മടികാണിച്ചിട്ടില്ല. തെറ്റ് തിരുത്തിയാൽ പാർട്ടിയിൽ തിരിച്ചുവരുന്നതിന് ഒരു തടസവും ഉണ്ടാകുകയുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ ബഹുജന പാർട്ടിയായി വളർന്നു വന്നതിനുശേഷം പാർട്ടി ദേശീയ കൗൺസിലും ദേശീയ എക്സിക്യൂട്ടീവും വിവിധ സംസ്ഥാന കൗൺസിലുകളും ചില പാർട്ടി അംഗങ്ങളുടെ പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ ഘട്ടങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. 1972ൽ സിപിഐ ദേശീ യ കൗണ്‍സിലും 1973ൽ ദേശീയ നിർവഹണസമിതിയും 1992ൽ തൃശൂരില്‍ ചേര്‍ന്ന പാർട്ടി ദേശീയ സംഘടനാസമ്മേളനവും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് വിവിധ തലങ്ങളിലെ പ്രവർത്തകർക്ക് ബാധകമാകുന്ന തരത്തിൽ പെരുമാറ്റച്ചട്ടങ്ങൾക്ക് രൂപം നൽകുകയുണ്ടായി. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കണം കമ്മ്യൂണിസ്റ്റുകാർ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ടതെന്ന് പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കി.
(അവസാനിക്കുന്നില്ല)

