ജീവനക്കാരുടെ പെൻഷൻ സംവിധാനം പരിഷ്കരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ‘യുണൈറ്റഡ് പെൻഷൻ’ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടത്തിന് വിധേയമായി മാത്രം പെൻഷൻ ആനുകൂല്യം ലഭ്യമാകുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് മിനിമം തുക ഉറപ്പാക്കുന്ന പെൻഷൻ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നാളിതുവരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗിക വിജയമാണ്. 25 വർഷം സർവീസ് പൂർത്തിയായവർക്ക് അവസാന 12 മാസ ശരാശരി വേതനത്തിന്റെ 50 ശതമാനം ഉറപ്പുനല്‍കുന്ന പദ്ധതി, പഴയ പെൻഷനിലെ മിനിമം തുക ഉറപ്പു നല്‍കുന്നുണ്ട്. ഇതിനോടൊപ്പം ഡിസിആർജിയും പിന്നെ മറ്റൊരു ലംപ്സം തുകയും ലഭ്യമാക്കുമെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഗ്രാറ്റ്വിറ്റി കൂടാതെ വേതനവും ക്ഷാമബത്തയും അടങ്ങുന്ന മാസവേതനത്തിന്റെ പത്തിലൊന്ന് ഓരോ ആറ് മാസത്തെ സർവീസ് കാലയളവിനുമായി വകയിരുത്തി വിരമിക്കുന്നവർക്ക് നല്‍കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 10 വർഷത്തെ സർവീസുള്ളവർക്ക് 10,000 രൂപ മിനിമം പെൻഷനും ഉറപ്പാക്കുന്നു. പെൻഷണർ മരിക്കുന്നതിന് മുമ്പത്തെ മാസത്തിലെ പെൻഷൻ തുകയുടെ 60 ശതമാനം കുടുംബ പെൻഷനായും ഉറപ്പു നല്‍കുന്നു. വിലസൂചികയുടെ അടിസ്ഥാനത്തിൽ ക്ഷാമാശ്വാസവും പുതിയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ പെൻഷന്റെ സാമ്പത്തികാനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടാണ് പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് തൊഴിലാളിതാല്പര്യം പൂർണമായും സംരക്ഷിച്ചുകൊണ്ടുള്ള ഒരു പദ്ധതി എന്ന് പറയാനാകില്ല. ഇന്ത്യയിലെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഭൂരിഭാഗം തൊഴിലാളി സംഘടനകളും പങ്കാളിത്ത പെൻഷൻ പൂർണമായും പിൻവലിക്കണമെന്നും പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയുമാണ്.
1982ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സ്റ്റാറ്റ്യൂട്ടറി പെൻഷനെപ്പറ്റി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ ഇങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്: “പെൻഷൻ, ഒരാൾ ചെയ്തു തീർത്ത ആത്മാർത്ഥ സേവനത്തിനുള്ള പ്രതിഫലമാണ്. അതിലുപരിയായി അത് സാമ്പത്തിക സുരക്ഷാ വാഗ്ദാനവുമാണ്. പ്രായമാകുകയും തൊഴിലെടുക്കാൻ ശേഷിയില്ലാതാകുകയും ചെയ്യുന്ന ഘട്ടത്തിൽ തൊഴിലാളിക്ക് ലഭിക്കേണ്ട സാമൂഹിക — സാമ്പത്തിക നീതിയുടെ സാക്ഷാത്ക്കാരമാണത്. പഴയ സമ്പാദ്യം കൊണ്ട് മാത്രം അതിജീവിക്കേണ്ടിവരുന്ന കൂലിയുടെ വിഹിതമാണ് പെൻഷൻ. സർക്കാർ തീരുമാനങ്ങൾക്ക് മാറ്റാവുന്നതല്ല ഈ അവകാശം. പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനം തന്നെയാണ്. അത് സ്ഥാപന ഉടമയുടെ ഔദാര്യമല്ല. നൽകപ്പെട്ട സേവനത്തിനുള്ള പ്രതിഫലത്തിന്റെ മാറ്റിവച്ച വിഹിതമാണ്”. ജസ്റ്റിസുമാരായ വൈ വി ചന്ദ്രചൂഡും ഒ ചിന്നപ്പ റെഡ്ഡിയും ഉൾപ്പെട്ട സുപ്രീം കോടതി ഫുൾ ബെഞ്ചിന്റെ വിധി നാളിതുവരെ ഒരു ഭരണകൂടവും ചോദ്യം ചെയ്തിട്ടില്ല.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി, സുപ്രീം കോടതി വിധിയെ പൂർണമായും അംഗീകരിച്ചുകൊണ്ടുള്ളതല്ല. തൊഴിലാളിയുടെ വേതനത്തിന്റെ 10 ശതമാനം പങ്കാളിത്തംകൂടി ചേർത്താണ് പുതിയ പെൻഷൻ ഫണ്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വന്തം തൊഴിലാളിയുടെ വാർധക്യകാല ജീവിതം മാന്യവും സുരക്ഷിതവുമാക്കേണ്ടത് മാതൃകാ തൊഴിലുടമയുടെ കടമയാണെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാണ്. ഇവിടെ തൊഴിലുടമയുടെ ഉത്തരവാദിത്തം തൊഴിലാളിയും കൂടി ഏറ്റെടുക്കേണ്ടിവരികയാണ്. അതുകൊണ്ടാണ് ജീവനക്കാരിൽ നിന്നും പങ്കാളിത്തം സ്വീകരിച്ചുകൊണ്ടുള്ള പദ്ധതികളെ തൊഴിലാളിസംഘടനകളും ഇടതുപക്ഷ പാർട്ടികളും ആദ്യം മുതൽ എതിർക്കുന്നത്. പുതിയ പദ്ധതിയിലും തൊഴിലാളിവിഹിതം 10 ശതമാനം പ്രഖ്യാപിച്ചിരിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണ്. പങ്കാളിത്തപെൻഷന് സമാനമായ ഈ തീരുമാനം പിൻവലിക്കപ്പെടേണ്ടതാണ്.
സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ക്ഷാമാശ്വാസം പെൻഷൻകാർക്കും അവകാശപ്പെട്ടതായിരുന്നു. ഇപ്പോൾ ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത് പെൻഷൻ ഫണ്ട് ബോർഡാണോ സർക്കാരാണോ എന്ന് വ്യക്തമല്ല. പുതിയ യുപിഎസ് പദ്ധതി സ്റ്റാറ്റ്യൂട്ടറിയാക്കി മാറ്റി, വിരമിച്ച ജീവനക്കാരുടെ അവകാശവും സർക്കാരിന്റെ കടമയുമാക്കി നിയമനിർമ്മാണം നടത്തേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ വിഹിതം 14 ശതമാനത്തിൽ നിന്നും 18.5 ശതമാനമായി വർധിപ്പിച്ചാണ് പുതിയ സ്കീം. അതിനോടൊപ്പമാണ് 10 ശതമാനം തൊഴിലാളിവിഹിതം. സർക്കാരിന്റെ വിഹിതം തൊഴിലാളികളെ ബാധിക്കുന്നതല്ലല്ലോ എന്ന വാദഗതിയാണ് ചിലർ ഉയർത്തുന്നത്. ഇത് തീർത്തും തെറ്റാണ്. രാജ്യത്തിന്റെ പൊതുസ്വത്തായ 18.5 ശതമാനം തുക കോർപറേറ്റുകൾക്ക് നിരുപാധികം വിട്ടുകൊടുക്കപ്പെടുകയാണ്. അതായത് തൊഴിലാളിയുടെ അധ്വാനത്തിന്റെ 28.5 ശതമാനവും കോർപറേറ്റ് ഫണ്ട് മാനേജർമാർക്ക് ലഭ്യമാകുന്നു.
രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യ‑ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും ചെലവഴിക്കേണ്ട കോടാനുകോടി രൂപയാണ് കോർപറേറ്റുകളുടെ ഖജനാവിലേക്ക് ഒഴുകുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കും. രാജ്യതാല്പര്യം സംരക്ഷിക്കാൻ സ്റ്റാറ്റ്യൂട്ടറി പെൻഷനാണ് ഉത്തമമെന്ന് സോഷ്യലിസ്റ്റ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്. കഴിഞ്ഞ ബജറ്റിലാണ് കേരളം പങ്കാളിത്ത പെൻഷനിൽ നിന്നും പിന്മാറുന്നു എന്ന് പ്രഖ്യാപിച്ചത്. ജോയിന്റ് കൗൺസിലും അധ്യാപക സർവീസ് സംഘടനാ സമരസമിതിയും നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് അത്തരമൊരു പ്രസ്താവനയ്ക്ക് ധനമന്ത്രി തയ്യാറായതെന്ന് കരുതുന്നു. പങ്കാളിത്തപെൻഷൻ സൃഷ്ടിക്കുന്ന സാമ്പത്തിക — സാമൂഹിക അസമത്വത്തെക്കുറിച്ച് ജോയിന്റ് കൗൺസിലിന്റെ സിവിൽ സർവീസ് സംരക്ഷണ യാത്രയിൽ ഉയർത്തിയ ആശയത്തിന് ലഭിച്ച ബഹുജനപിന്തുണയും പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ പ്രഖ്യാപനത്തിന് കാരണമായി.
2016ലെ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി, പെൻഷൻ പിൻവലിക്കുന്നതിന് നിയമപരമായ ഒരു തടസവുമില്ലെന്നും പദ്ധതി കൊണ്ട് സർക്കാരിന് ഏതെങ്കിലും സാമ്പത്തിക ലാഭമുണ്ടാകുന്നത് 2040ലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2040വരെ കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വിനിയോഗിക്കേണ്ട കോടാനുകോടി രൂപ കോർപറേറ്റ് ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്നു എന്ന ദുരന്തം കൂടി ചേർത്ത് വായിക്കണം. ഇങ്ങനെ എല്ലാ നിലയിലും തൊഴിലാളികൾക്കും സർക്കാരിനും നഷ്ടമാണെന്ന് ബോധ്യപ്പെടുകയും പിൻവലിക്കുന്നു എന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. നാളിതുവരെ ബജറ്റ് പ്രഖ്യാപനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ പുറത്തുവിടുന്നതിനോ ബന്ധപ്പെട്ടവരുമായി ചർച്ചയ്ക്കോ സർക്കാർ തയ്യാറായിട്ടില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ പുതിയ പദ്ധതിയുമായി വരികയും ചെയ്തു.
ഇനിയും കേരളം അതിന്റെ നയം വ്യക്തമാക്കിയില്ലെങ്കിൽ ഇടതുപക്ഷ സർക്കാരിനെ തൊഴിലാളിവിരുദ്ധ സർക്കാരെന്ന് ഭാവിതലമുറ വിലയിരുത്താനിടയുണ്ട്. കാലതാമസമില്ലാതെ ദേശീയ ഇടതുപക്ഷ നയത്തിന്റെ കാഴ്ചപ്പാടിനോടൊപ്പം കേരളവും ഉയരുമെന്ന് കരുതുന്നു.