Site iconSite icon Janayugom Online

‘ഒളിയമ്പിനു വിരുതനാം ശരവീരൻ’

ഹാകവി ചങ്ങമ്പുഴ 1946ൽ എഴുതിയ ‘ചുട്ടെരിക്കിൻ’ എന്ന കവിതയിലാണ് ഈ പരാമർശമുള്ളത്. ‘ഒളിയമ്പിനു വിരുതനാം ശരവീരൻ ശ്രീരാമനു വിളയാടാനുള്ളതല്ലിനിയീലോകം’ എന്ന് കർശനമായി പറയുന്നതാണ് ഈ വരികൾ. ബാബറിപ്പള്ളിയിൽ രാമവിഗ്രഹം ഒളിപ്പിച്ചുകടത്തി വയ്ക്കുന്നതിനു മുമ്പെഴുതിയത്. ഒളിയമ്പുപോലെയുള്ളൊരു പ്രവൃത്തിയായിരുന്നല്ലോ അത്.
നിരപരാധിയായ ബാലിയെ കൊല്ലാൻ വേണ്ടിയാണ് അന്ന് രാമൻ ഒളിഞ്ഞുനിന്ന് അമ്പെയ്തത്. ബാലിയുടെ സഹോദരൻ സുഗ്രീവനെ അതുവഴി രാജാവാക്കുകയും സ്വന്തം ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണച്ചുമതല അയാളെ ഏല്പിക്കുകയും ചെയ്തു. സുഗ്രീവന്റെ അന്വേഷണ സ്ക്വാഡ് മേധാവിയായി ഹനുമാനെന്നൊരു വിചിത്ര കഥാപാത്രത്തെ സൃഷ്ടിക്കുകയും ഭാവിതലമുറയ്ക്കുപോലും വിശ്വസിക്കാവുന്ന രീതിയിൽ പൊലിപ്പിച്ചെടുക്കുകയും ചെയ്തത് മഹാകവി വാല്മീകിയുടെ കഴിവാണ്. ആ കഴിവാണ് പുതിയ ഭാരതത്തിൽ അപകടകരമായ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനുപോലും വഴിവിളക്കായത്. 

വഴിവിളക്കിന്റെ ധർമ്മം വെട്ടം കാട്ടുക മാത്രമാണ്. നല്ലവർക്കും ദുഷ്ടർക്കും ഒരുപോലെ ആ വെളിച്ചം ലഭ്യമാണ്. നന്മ ചെയ്യണോ തിന്മ ചെയ്യണോ എന്നുള്ള തീരുമാനത്തിൽ വഴിവിളക്കിന് പങ്കൊന്നുമില്ല. രാമൻ എന്ന വാല്മീകീകാവ്യപാത്രം നൂറ്റാണ്ടുകളായി ഇന്ത്യയിലും സമീപ രാജ്യങ്ങളിലുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥാപാത്രത്തിന് ക്ഷേത്രങ്ങൾ ഉണ്ടാകുന്നു. അവിടെ പൂജാരിമാർ ഉണ്ടാകുന്നു. ഉത്സവങ്ങളും ഭണ്ഡാരപ്പെട്ടിയും ഉണ്ടാകുന്നു. രസീതുബുക്കുകളും ഉച്ചഭാഷിണിയും ഉണ്ടാകുന്നു. അതിനോടൊപ്പം ഒരു സങ്കല്പ കഥാപാത്രത്തെ ദൈവവൽക്കരിക്കുകയും അതുവഴി അവസാനമില്ലാത്ത ചൂഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിനെതിരെയുള്ള ചിന്തയും പ്രവർത്തന പരിപാടികളും ഉത്ഭവിക്കുന്നു. രാമായണത്തിൽത്തന്നെ ചാർവാകൻമാർ സാന്നിധ്യമറിയിക്കുന്നു. ഈ രണ്ടുധാരകളും ഇന്ത്യയിൽ ശക്തമാണ്. ഒരു ധാര രാമപക്ഷത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരസ്ഥാനത്ത് എത്തുകയും രാമക്ഷേത്രം സ്ഥാപിച്ചു സംരക്ഷിക്കുകയും ചെയ്യുമ്പോൾ മറുപക്ഷം കരുത്തുള്ള തിരുത്തൽ പക്ഷമായി പ്രവർത്തിക്കുകയും സങ്കല്പവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. 

രാമപക്ഷം മനുഷ്യവിരുദ്ധമായ ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ മറുപക്ഷം ജാതിവ്യവസ്ഥയില്ലാത്ത ഒരു ലോകത്തെ ലക്ഷ്യം വച്ചു നീങ്ങുന്നു. രാമപക്ഷം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുതന്നെ അന്ധവിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുമ്പോൾ മറുപക്ഷം അതേ സങ്കേതികവിദ്യകൾ ഉപയോഗിച്ചുതന്നെ അന്ധവിശ്വാസങ്ങളെ നിരാകരിക്കാനുള്ള വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നു. രാമപക്ഷം തെറിവാക്കും മുറിപ്പത്തലും കൊണ്ട് പുരോഗമനവാദികളെ നേരിടുമ്പോൾ സത്യപക്ഷം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ പ്രതിരോധിക്കുന്നു. രാമപക്ഷം ഹിന്ദുക്കളൊഴിച്ച് ആരും ഈ രാജ്യത്ത് ആവശ്യമില്ലെന്ന് വിശ്വസിക്കുമ്പോൾ സത്യപക്ഷം ഏതുമതത്തിൽ വിശ്വസിക്കുന്നവർക്കും ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ഒരുപോലെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതാകണം ഈ രാജ്യമെന്ന് വിശ്വസിക്കുന്നു. 

രണ്ടുധാരകളും പരസ്പരവിരുദ്ധമായ ദിശയിലേക്ക് സഞ്ചരിക്കുമ്പോൾ മഹാകവി ചങ്ങമ്പുഴയുടെ വരികൾ വീണ്ടും പരിശോധിക്കാൻ നമ്മൾ ബാധ്യസ്ഥരാകുന്നു. ഒളിപ്രയോഗത്തിലൂടെ ഒരാളെയോ സമൂഹത്തെയോ ഇല്ലാതാക്കുന്നത് ശരിയാണോ? രാമന്റെ രാജ്യം എങ്ങനെയായിരുന്നു? ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലം അഭിവാദനം അർഹിക്കുന്ന കാലമാണോ? ഗർഭിണിയെപ്പോലും, സംരക്ഷിക്കുന്നതിനുപകരം കാട്ടിലെറിയുന്ന നീതി അഭിവാദനാർഹമാണോ? കൊലപാതകങ്ങളുടെ പരമ്പരയാണ് രാമജീവിതത്തിലുള്ളത്. ഈ കൊലപാതകപരമ്പര അനുകരണീയമാണോ? ആത്മഹത്യ എന്ന രാമസന്ദേശം അനുകരണീയമാണോ? രാമസന്ദേശങ്ങൾ അപരിഷ്കൃതവും ആധുനികലോകത്തിനു സ്വീകാര്യവുമല്ല എന്നു കണ്ടെത്താൻ ഈ കവിതാശകലം നമ്മളെ സഹായിക്കും. മദൻ മോഹൻ മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോൾ ശംബൂകന് ജയ് വിളിക്കാൻ സഹോദരൻ അയ്യപ്പനെ പ്രേരിപ്പിച്ചതും, തിരുവങ്ങാട്ടെ രാമക്ഷേത്രത്തിൽ നാലാം ജാതിക്കാർക്ക് ശേഷമുള്ളവർക്ക് പ്രവേശനം ഇല്ലാത്തതിനാൽ തലശേരിയിൽ പുത്തനമ്പലം സ്ഥാപിക്കുവാൻ നാരായണഗുരുവിനെ പ്രേരിപ്പിച്ചതും രാമനിലോ രാമചിന്തയിലോ മാനുഷികനീതി ഇല്ലെന്ന ബോധ്യമാണ്. രാമരാജ്യം മുന്നോട്ടുവച്ച ഗാന്ധിയെ രാമഭക്തന്മാർ തന്നെ കൊന്നുകളഞ്ഞു എന്ന വസ്തുത രാമൻ ശാന്തിയുടെയോ അഹിംസയുടെയോ അടയാളമല്ല എന്ന സത്യം ബോധ്യപ്പെടുത്തുന്നതാണ്. രാമലീലയ്ക്ക് പകരം രാവണലീല സംഘടിപ്പിക്കുവാൻ പെരിയോർ ഇവിആറിനെ പ്രേരിപ്പിച്ചതും രാമചിന്തയുടെ ദ്രാവിഡവിരുദ്ധത മൂലമുണ്ടായ മനുഷ്യനിരാസമാണ്. മനുഷ്യപക്ഷവും പ്രകൃതിപക്ഷവുമൊന്നും രാമപക്ഷമല്ല. രാമന്റെ പക്ഷത്താണോ സീതയുടെ പക്ഷത്താണോ എന്നൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ, കുമാരനാശാന്റെ സീതാകാവ്യം പിറന്ന മണ്ണിലെ മുഴുവൻ മനുഷ്യരുടെയും ഉത്തരം സീതയുടെ പക്ഷത്താണ് എന്നായിരിക്കും. രാമായണം വായിച്ച കവികൾ സീതയുടെയും താരയുടെയും താടകയുടെയും ഊർമ്മിളയുടെയും പക്ഷത്തായിരിക്കും. രാമന്റെ പക്ഷത്തായിരിക്കില്ല. 

Exit mobile version