ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാർഷികം രാജ്യമെങ്ങും ആഘോഷിക്കപ്പെടുകയാണ്. ഓരോ പൗരനും ഭരണഘടന നൽകിയിട്ടുള്ള സുരക്ഷിതത്വവും അവകാശങ്ങളും കൊണ്ടാടപ്പെടുന്ന വേളയിൽത്തന്നെ, ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള മുറവിളിയും രാജ്യമെങ്ങും ഉയരുന്നു. കർഷകർ തങ്ങളുടെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിൽ വിലപിച്ച് കൃഷിയിടത്തിൽ നിന്നും തെരുവുകളിലേക്ക് പ്രക്ഷോഭവുമായി കൂട്ടമായെത്തുന്നു. ഇതിനിടയിലാണ്, 2024 ഡിസംബർ 17ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും മുമ്പാകെ, കൃഷി-മൃഗ സംരക്ഷണം-ഭക്ഷ്യസംസ്കരണ വകുപ്പുകൾക്കു വേണ്ടിയുള്ള പാർലമെന്റ് സ്ഥിരം സമിതി, ശ്രദ്ധേയമായ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. കാർഷിക മേഖലയുടെ പിന്നോക്കാവസ്ഥയ്ക്കു നിദാനമായ വസ്തുതകൾ വിലയിരുത്തിയും പുത്തൻ നയരൂപീകരണത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകിയും, ബഹുമുഖ സ്പർശിയായ ഒരു റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ കാർഷികമേഖലയുടെ പ്രാധാന്യം, കുറഞ്ഞുവരുന്ന ബജറ്റ് വിഹിതം, നിയമ പിൻബലത്തോടെ വിളകളുടെ താങ്ങുവില പദ്ധതി ദൃഢമാക്കേണ്ടതിന്റെ ആവശ്യകത, കർഷകരുടെ വരുമാനവർധന, ചെറുകിട കർഷകർക്ക് വേണ്ടിയുള്ള നിർബന്ധിത ഇൻഷുറൻസ് പദ്ധതി, കാർഷിക കടം എഴുതിത്തള്ളൽ, കർഷക തൊഴിലാളികളുടെ ക്ഷേമവും മിനിമം വേതനവും ഉറപ്പാക്കൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം തുടങ്ങി, സമിതി നൽകിയിട്ടുള്ള എല്ലാ ശുപാർശകളും സുപ്രധാനമാണെന്നു മാത്രമല്ല, രാജ്യത്തെ കർഷകർ ഉയർത്തുന്ന മിക്ക ആവശ്യങ്ങളോടും നീതി പുലർത്തുന്നവയാണെന്നുള്ളതും ഏറെ പ്രസകതമാണ്. പഞ്ചാബിൽ നിന്നുള്ള ലോക്‌സഭാംഗവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത്ത് സിങ് ചന്നി അധ്യക്ഷനായ പാർലമെന്റ് സ്ഥിരം സമിതിയിൽ, 21 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമാണുള്ളത്. കേരളത്തിൽ നിന്നുള്ള പി പി സുനീർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഈ സമിതിയിൽ അംഗങ്ങളാണ്.
സ്ഥിരം സമിതിയുടെ ശുപാർശകളിൽ ഏറ്റവും പ്രധാനം, വിളകൾക്കുള്ള താങ്ങുവില സംബന്ധിച്ചുള്ളതാണ്. താങ്ങുവില നിശ്ചയിക്കുന്നതിന് ഇപ്പോൾ പിന്തുടരുന്ന അശാസ്ത്രീയവും കർഷകവിരുദ്ധവുമായ മാനദണ്ഡങ്ങൾ ഒഴിവാക്കി, കൃഷിഭൂമിയുടെ വിലയോ പാട്ടത്തുകയോ കണക്കുചേർത്തുള്ള ഉല്പാദനചെലവും, ഒപ്പം 50ശതമാനം തുക അധികമായി വകയിരുത്തിയുമുള്ള താങ്ങുവില നിശ്ചയിക്കണമെന്ന എം എസ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനും താങ്ങുവില നൽകി കർഷകരിൽനിന്നും ഉല്പന്നങ്ങൾ സംഭരിക്കുന്നത് സർക്കാരിന്റെ നിയമപരമായ ബാധ്യതയായി മാറ്റുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭം കർഷകർ ദീർഘനാളായി തുടരുകയാണ്. നിയമ പിൻബലമുള്ള അത്തരത്തിലൊരു താങ്ങുവില സംവിധാനം, കർഷക ക്ഷേമത്തിന് മാത്രമല്ല, ഗ്രാമീണ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അത്യന്താപേക്ഷിതമാണെന്നാണ് സമിതി അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ എത്ര വലുതായാലും, നേട്ടങ്ങൾ അതിനു മീതെ ആയിരിക്കുമെന്നും രാജ്യത്തിന് വഴിത്തിരിവായി മാറുമെന്നും സമിതി വ്യക്തമാക്കുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാകുമ്പോൾ, കാർഷികമേഖലയിൽ കൂടുതൽ മുതൽ മുടക്കിനു കർഷകർ തയ്യാറാവുകയും അത് വിളകളുടെ ഉയർന്ന ഉല്പാദന ക്ഷമതക്കും സുസ്ഥിര കാർഷിക വളർച്ചക്കും സഹായകമാകുമെന്ന് സമിതി വിലയിരുത്തുന്നു.
വിപണി വിലയിലെ ചാഞ്ചാട്ടത്തേയോ വരുമാനത്തെ പറ്റിയോ ഭയാശങ്കകളില്ലാതെ കാർഷികവൃത്തിയിൽ ഏർപ്പെടുവാൻ കർഷകർ തയ്യാറാകുന്നതോടെ, ഉല്പാദന സ്ഥിരത കൈവരിക്കുന്നതിനും പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും കഴിയും. പെരുകുന്ന കർഷക ആത്മഹത്യകൾ ഇല്ലാതാക്കുന്നതിനും കടബാധ്യതകൾ കുറച്ചുകൊണ്ടുവരുന്നതിനും മാത്രമല്ല, കർഷകരുടെ മാനസിക വ്യഥകൾ ഒഴിവായി മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നതിനും ഇത് സഹായകമാകുമെന്ന് സമിതി വ്യക്തമാക്കുന്നു. താങ്ങുവില സംബന്ധിച്ച ശുപാർശ നടപ്പിലാക്കുന്നതിനാവശ്യമായ റോഡ് മാപ്പ് അടിയന്തിരമായി പ്രഖ്യാപിക്കുവാൻ കൃഷിമന്ത്രാലയം തയ്യാറാകണമെന്ന് ശക്തമായ ഭാഷയിലാണ് സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രധാനമായ മറ്റൊരു ശുപാർശ, കർഷക തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ചാണ്. വകുപ്പിന്റെ പേരുതന്നെ ‘കാർഷിക, കർഷക — കർഷക തൊഴിലാളി ക്ഷേമ വകുപ്പ്’ എന്നാക്കി മാറ്റണമെന്നാണ് നിർദേശം. നിലവിൽ കൃഷിയും തൊഴിലും വ്യത്യസ്ത മന്ത്രാലയങ്ങൾ കൈകാര്യം ചെയ്തുവരുന്ന സാഹചര്യത്തിൽ, വകുപ്പിന്റെ പേരുമാറ്റം എത്രമാത്രം പ്രയോഗികമാകുമെന്ന സംശയം നിഴലിക്കാമെങ്കിലും, ദൃഢമായ നിലപാടാണ് ഇക്കാര്യത്തിൽ സമിതി സ്വീകരിച്ചിട്ടുള്ളത്. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള നയസമീപനമാണ് കാർഷികമേഖലയുടെ സമഗ്രമായ മുന്നേറ്റത്തിനും ഭരണനിർവഹണത്തിനും അനിവാര്യമെന്നാണ് സമിതിയുടെ കണ്ടെത്തൽ. കാർഷികവൃത്തിയിൽ കർഷകർക്കൊപ്പം അധ്വാനിക്കുന്ന തൊഴിലാളികളെയും അവരുടെ പ്രശ്നങ്ങളെയും മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതുണ്ടെന്നു സമിതി വിലയിരുത്തുന്നു. കർഷകത്തൊഴിലാളികളുടെ സാമ്പത്തികവരുമാന സ്ഥിരതയും അവരുടെ ക്ഷേമം ഉറപ്പാക്കലും പ്രധാനപ്പെട്ട ഘടകമാണ്. അതിനാൽ, കർഷക തൊഴിലാളികൾക്ക് കുറഞ്ഞ ജീവന വേതനം ഉറപ്പു വരുത്തുവാൻ ദേശീയ കമ്മിഷനെ നിയമിക്കണമെന്നാണ് സമിതി ശുപാർശ ചെയ്തിട്ടുള്ളത്. കർഷകർക്ക് നൽകുന്ന ഇൻസെന്റീവുകൾ പാട്ടക്കൃഷിക്കാർക്കും കർഷകത്തൊഴിലാളികൾക്കും ബാധകമാക്കണമെന്ന നിർദേശവും സമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കാണാത്തത്, ആശങ്കയോടെയാണ് സമിതി വിലയിരുത്തുന്നത്. നബാർഡിന്റെ 2022–23ലെ ഗ്രാമീണ സാമ്പത്തിക സർവേ പ്രകാരം, ഗ്രാമീണ ഭവനങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം, 2016–17 ൽ 8,059 രൂപയായിരുന്നത്, അഞ്ച് വർഷത്തിനിപ്പുറം 2021–22ൽ വെറും 12,698 രൂപയായി മാത്രമാണ് വർധിച്ചിട്ടുള്ളത്. (57.6ശതമാനം). അതേസമയം, ഇതേ കാലയളവിലെ പ്രതിമാസ കുടുംബച്ചെലവ് 69.4ശതമാനം വർധിച്ചു. ഇതിനർത്ഥം, വരുമാനത്തേക്കാൾ നിത്യച്ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് ഗ്രാമീണ കുടുംബങ്ങൾ എന്നുള്ളതാണ്. കടമെടുത്ത് മുന്നോട്ടുപോകുന്ന കുടുംബങ്ങളുടെ എണ്ണം 47.4ൽ നിന്നും 52 ശതമാനമായും ഉയർന്നിട്ടുണ്ട്. അതിനാൽ, കർഷകർ കടക്കെണിയിലും കള്ളക്കെണികളിലും വീഴാതിരിക്കുവാൻ കൃഷിവകുപ്പ് ജാഗ്രത കാട്ടണം. കടം എഴുതിത്തള്ളുന്നതിന് സർക്കാർ തയ്യാറാകണമെന്നും ഇതിനായി പ്രത്യേക പദ്ധതിക്ക് രൂപം കൊടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതുപോലെ, 2019ൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരമുള്ള ആനുകൂല്യം, പ്രതിവർഷം 6000 രൂപ എന്ന നിരക്കിൽ തന്നെ തുടരുകയാണ്. ഇത് 12000 രൂപയാക്കണമെന്നും സമിതി ശുപാർശ ചെയ്തു.
കേന്ദ്രസർക്കാരിന്റെ മൊത്തം ബജറ്റിൽ കാർഷികമേഖലയ്ക്ക് നീക്കിവയ്ക്കുന്ന തുകയിൽ തുടർച്ചയായി കുറവ് സംഭവിക്കുന്നുവെന്നത് വലിയ പ്രാധാന്യത്തോടെ സമിതി രേഖപ്പെടുത്തി. രാജ്യത്തെ ജനങ്ങളിൽ 54.6 ശതമാനവും തൊഴിലെടുക്കുന്നത്, കാർഷിക മേഖലയിലാണ്. 2022–23ലെ കണക്കുകൾ പ്രകാരം, മൊത്തം സാമ്പത്തിക മൂല്യത്തിൽ (ജിവിഎ), കാർഷികമേഖലയുടെ പങ്ക് 18.4ശതമാനമാണ്. എന്നാൽ, 2024–25 വർഷം വകുപ്പിന് നീക്കിവച്ചിരിക്കുന്ന വിഹിതം 1.22 ലക്ഷം കോടിയാണ്. മൊത്തം ബജറ്റിന്റെ 2.54 ശതമാനം മാത്രം. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് (1.4 ശതമാനം) കഴിഞ്ഞ വർഷം കാർഷികമേഖല രേഖപ്പെടുത്തിയത്. മുൻവർഷം ഇത് 4.7 ശതമാനമായിരുന്നു.
അതുപോലെ, കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സുസ്ഥിര കാർഷികവികസനം സാധ്യമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും കർഷകർക്ക് നൽകേണ്ടതുണ്ട്. വർധിച്ചുവരുന്ന പ്രകൃതിക്ഷോഭത്തിന്റെയും വിളനാശത്തിന്റെയും പശ്ചാത്തലത്തിൽ, രണ്ടു ഹെക്ടറിൽ താഴെമാത്രം കൃഷിഭൂമിയുള്ള എല്ലാ ചെറുകിട കർഷകരെയും നിർബന്ധമായും ഒരു“സമ്പൂർണ വിള ഇൻഷുറൻസ്” പദ്ധതിയുടെ കീഴിൽ കൊണ്ടുവരുവാൻ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള പ്രതിരോധം ഉയർത്തി, ചെറുകിട കർഷകർക്ക് ആത്മവിശ്വാസത്തോടെയും സാമ്പത്തിക സുരക്ഷിതത്വത്തോടെയും കാർഷിക വൃത്തിയിൽ ഏർപ്പെടുവാൻ ഇത് അനിവാര്യമാണെന്ന് സമിതി വിലയിരുത്തുന്നു.
കാർഷികമേഖലയിലെ അടിസ്ഥാന വികസനം ലോക നിലവാരത്തിലേക്ക് ഉയർത്തണമെങ്കിൽ, കൂടുതൽ സാമ്പത്തിക നിക്ഷേപം സാധ്യമാക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി. കാർഷികോല്പന്നങ്ങളുടെ അന്താരാഷ്ട്ര കയറ്റുമതിയും ഇറക്കുമതിയും സംബംന്ധിച്ച നയരൂപീകരണത്തിന് ‘അഗ്രിക്കൾച്ചറൽ കോസ്റ്റ് ആന്റ് പ്രൈസസ് കമ്മീഷൻ’ പോലെ, ഒരു സ്ഥിരം സംവിധാനത്തിനു രൂപം കൊടുക്കേണ്ടതുണ്ടെന്നും ഇതിൽ കാർഷിക വിദഗ്ധരെയും കർഷക പ്രതിനിധികളെയും ഉൾപ്പെടുത്തേണ്ടതാണെന്നുള്ള നിർദ്ദേശവും സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. നിയമ നിർമാണത്തിലും നയരൂപീകരണത്തിലും പാർലമെന്റിന്റെ ഇരുസഭകളെയും സഹായിക്കുവാൻ രൂപം കൊടുത്തിട്ടുള്ള വിവിധ സമിതികൾക്ക്, വലിയ ചുമതലകളാണ് നമ്മുടെ പാർലമെന്ററി സമ്പ്രദായത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ വകുപ്പുതല സമിതികൾ മിക്കപ്പോഴും നോക്കുകുത്തികളായി മാറുന്ന അനുഭവമാണ് സമകാലീന ചരിത്രം നമുക്ക് വെളിവാക്കി തരുന്നത്. അതിനാൽ, കൃഷി-മൃഗ സംരക്ഷണം- ഭക്ഷ്യസംസ്കരണ വകുപ്പുകൾക്കു വേണ്ടിയുള്ള പാർലമെന്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ പ്രവർത്തികമാകുന്നതിന് പാർലമെന്ററിനകത്തും പുറത്തും ശക്തമായ പൊതുജനാഭിപ്രായം ഉയർന്നു വരേണ്ടത് അനിവാര്യമാണ്.