Site iconSite icon Janayugom Online

പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനം തൃശൂരിൽ വിരമിച്ചവരുടെ അവകാശ സംരക്ഷണവും കടമകളും

കേരളത്തിലെ സർക്കാർ ട്രഷറികളിൽ നിന്ന് പ്രതിമാസ പെൻഷൻ വാങ്ങുന്ന അഞ്ചര ലക്ഷത്തിലധികം വരുന്ന സർവീസിൽ നിന്ന് വിരമിച്ചവരുടെ സംഘടിത ശക്തിയായി വളരാൻ ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞ പ്രസ്ഥാനമാണ് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ. ഇരുപത്തിയഞ്ചും മുപ്പതും അതിലധികവും കാലം സർക്കാർ സർവീസിൽ സേവനം ചെയ്ത ശേഷം വിരമിച്ചവർ നേരിടുന്നത് ഒട്ടേറെ പ്രശ്നങ്ങളാണ്. പ്രതിമാസ വരുമാനം വലിയ തോതിൽ കുറയുന്നതിന്റെ ഭാഗമായി കുടുംബാന്തരീക്ഷത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, പൊതുരംഗത്ത് പരിഗണിക്കപ്പെടാത്ത അവസ്ഥ, ജീവിത ശൈലി രോഗങ്ങൾ പ്രയാസപ്പെടുത്തുന്ന സാഹചര്യം എന്നിങ്ങനെ വളരെ പ്രയാസങ്ങൾ നേരിടുന്നവരാണ് ഏറെയും. പ്രതിമാസം പതിനായിരം രൂപയോ അതിൽ താഴെയോ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം ഈ അഞ്ചര ലക്ഷത്തിൽ നല്ലൊരു ശതമാനം ഉണ്ട്.

സർവീസ് കാലത്തിന് ശേഷം മറ്റൊരു തൊഴിൽ മേഖല കണ്ടെത്താനാകാതെ പ്രയാസമനുഭവിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഈ മേഖല പഠന വിധേയമാക്കുകയും സർവീസ് പെൻഷൻകാരുടെ സേവന മേഖലയിലെ പുനരധിവാസം, സന്തോഷഭരിതമായി ശിഷ്ടകാലം കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ദീർഘവീക്ഷണമുള്ള ഒരു സംഘടന ഈ മേഖലയിൽ അനിവാര്യമായിരുന്നു. ഇതര പ്രസ്ഥാനങ്ങൾ ഉള്ളപ്പോഴും അതിനൊന്നും ലക്ഷ്യബോധമുള്ള പ്രവർത്തന പരിപാടി ഇല്ലാതെ പോയതിന്റെ നിരാശ പെൻഷൻകാരിൽ പ്രകടമായിരുന്നു. മാത്രമല്ല സാമ്പത്തിക ചൂഷണത്തിന് ഉൾപ്പെടെ വലിയ തോതിൽ വിധേയമാകുന്നതിന്റെ അസന്തുഷ്ടിയും നിലനിന്നു.

ഈ മേഖലയിലെ ജനവിഭാഗങ്ങളെ സംഘടിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനുമുള്ള, സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മാർഗനിർദേശമാണ് സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിൽ എന്ന പ്രസ്ഥാനത്തിന് 2022 ൽ ജന്മം നൽകിയത്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ഏറ്റവും ഉത്തരവാദിത്ത ബോധമുള്ള പെൻഷൻകാരുടെ പ്രസ്ഥാനമായി വളരാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. കോവിഡാനന്തരം പല സംസ്ഥാന സർക്കാരുകളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും വലിയ തോതിൽ വെട്ടിക്കുറവ് വരുത്തി. കാലാകാലങ്ങളിൽ വർധിച്ച ജീവിത ചെലവ് നേരിടുന്നതിന് അനുവദിച്ചിരുന്ന ക്ഷാമബത്ത ഉൾപ്പെടെ ആനുകൂല്യങ്ങൾ നിഷേധിച്ചു. സമയ ബന്ധിത സാമ്പത്തിക പരിഷ്കരണങ്ങളെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാതെയായി. സാഹചര്യങ്ങൾ ഇത്ര രൂക്ഷമായില്ലെങ്കിലും കേരളത്തിലും, ജീവനക്കാരും പെൻഷൻകാരും സാമ്പത്തിക പരിഷ്ക്കരണങ്ങളിൽ നിന്ന് കുറച്ചധികം കാലം ഒഴിവാക്കപ്പെട്ടു. ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിക്കാതെ 22% വരെ കുടിശികയായി.

പ്രതിമാസം വെട്ടിക്കുറവുകളില്ലാതെ ശമ്പളവും പെൻഷനും ലഭിച്ചിട്ടുണ്ട് എന്നത് വലിയ ആശ്വാസമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ മുന്നിൽ എത്തി നിൽക്കുന്ന സാമ്പത്തികാവശ്യങ്ങൾ വളരെയേറെ വർധിച്ചിരുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വില കേന്ദ്രസർക്കാർ ഉയർത്തിയതോടെ നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലവർധനവുണ്ടായി. ഔഷധങ്ങൾക്ക് തീ വിലയായി. ബാങ്ക് വായ്പാ തിരിച്ചടവ് ഉൾപ്പെടെ ജീവിതത്തെ വരിഞ്ഞു മുറുക്കി. ലഭിക്കുന്ന വരുമാനത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു, മുന്നിൽ. ശാസ്ത്രീയ പൊതുവിതരണ സമ്പ്രദായമുൾപ്പെടെ കേരള സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ് കാര്യങ്ങൾ കൈവിട്ടു പോകാതെ നിലനിർത്തിയത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട മുറയ്ക്ക് ഇതര മേഖലകളിലേക്ക് അനുവദിക്കുന്ന ക്ഷേമാശ്വാസ പ്രവർത്തനങ്ങളും ധന വിനിയോഗവും പെൻഷൻകാരിലേക്ക് എത്താത്ത സാഹചര്യത്തിലാണ് പെൻഷൻകാർക്കും ജീവിക്കണമെന്നും സർക്കാരിന്റെ പരിഗണനയിൽ ഉൾപ്പെടണമെന്നും ആവശ്യപ്പെട്ട് പെൻഷൻകാർക്ക് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നത്. കഴിഞ്ഞ രണ്ടര വർഷങ്ങൾ പെൻഷനേഴ്സ് കൗൺസിലിനെ സംബന്ധിച്ചിടത്തോളം നിരന്തര പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു.

രണ്ട് സെക്രട്ടേറിയറ്റ് മാർച്ചുകൾ, നൂറുകണക്കിന് പെൻഷൻകാരെ അണിനിരത്തി രണ്ട് തവണ നിയമസഭയ്ക്ക് മുന്നിൽ പ്രക്ഷോഭം, മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പണം, ജനകീയ സദസ് സംഘടിപ്പിച്ച് പെൻഷൻകാർക്കുവേണ്ടി പൊതുബോധം വളർത്താനുള്ള പരിശ്രമം തുടങ്ങി ഒട്ടേറെ സമരങ്ങൾ. അവ ജില്ലാ തലത്തിലും താഴെ മണ്ഡലം യൂണിറ്റ് തലങ്ങൾ വരെ നീണ്ടു. പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാനത്തെ പെൻഷൻകാരെ നേരിട്ട് സന്ദർശിച്ച് ഭീമഹർജിയിൽ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതായിരുന്നു ഇതിൽ ഏറ്റവും ജനകീയമായത്. നിവേദനം ഏറ്റുവാങ്ങി, പ്രശ്നങ്ങൾ സർക്കാരിന് അറിയാമെന്നും പരിഹരിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. ഇടതുപക്ഷ മുന്നണി സർക്കാരിന്റെ രണ്ടാമൂഴത്തിലെ അവസാന ബജറ്റ് പ്രസംഗത്തിൽ പെൻഷനേഴ്സ് കൗൺസിൽ ഉന്നയിച്ച പല ആവശ്യങ്ങൾക്കും ഉത്തരമുണ്ട്. ഇടതുമുന്നണി സർക്കാരാണ് പെൻഷൻ പരിഷ്കരണവും ക്ഷാമാശ്വാസ കുടിശികയും ഉറപ്പ് നൽകിയത് എന്നതുകൊണ്ടുതന്നെ അത് പ്രാവർത്തികമാവുമെന്ന കാര്യത്തിൽ സംശയമില്ല. ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാണ് ഭൂരിപക്ഷം വിരമിച്ചയാളുകളും. പലരും നിരന്തര ചികിത്സയ്ക്ക് വിധേയരാകുന്നവർ. മെഡിസെപ് പദ്ധതി ഇടതുമുന്നണി സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. എന്നാൽ അതിന്റെ ആദ്യഘട്ടം അപാകതകൾ നിറഞ്ഞതായി. പോരായ്മകൾ പരിഹരിച്ച് കൂടുതൽ ആനുകൂല്യങ്ങളോടെ രണ്ടാം ഘട്ടം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസ പ്രീമിയം വർധനവ്, ലഭിക്കുന്ന സേവനത്തിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നു.

പെൻഷൻകാർക്ക് ലഭിക്കുന്ന മെഡിസെപ് സേവനങ്ങളുടെ കാര്യത്തിൽ പ്രത്യേക പരിഗണന വേണം. രണ്ടാളും പെൻഷൻകാരാണെങ്കിൽ അവരിൽ ഒരാൾ പ്രീമിയം അടച്ചാൽ മതിയാകുമെന്ന നിബന്ധന ഉൾപ്പെടെ വരണം. പെൻഷൻ ഔദാര്യമല്ലെന്നും മാറ്റിവയ്ക്കപ്പെട്ട ശമ്പളമാണെന്നും ഇന്ത്യയുടെ പരമോന്നത നീതിപീഠം തന്നെ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബിജെപി, കോൺഗ്രസ് സർക്കാരുകളുടെ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു പാർലമെന്റ് പാസ്സാക്കിയ പിഎഫ്ആർഡിഎ ബില്ലും പങ്കാളിത്ത പെൻഷനും. ഉമ്മൻ ചാണ്ടി നേതൃത്വം കൊടുത്ത യുഡിഎഫ് സർക്കാർ 2013ൽ കൊണ്ടുവന്ന പങ്കാളിത്ത പെൻഷനെതിരെ കേരളത്തിൽ ഉജ്വല സമരം നടന്നത് ചരിത്രം. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അത് പിൻവലിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അതുണ്ടായില്ല. പകരം തമിഴ്‌നാട് മോഡലിൽ അഷ്വേഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50% തുക പെൻഷനായി ഉറപ്പാക്കുന്ന പദ്ധതിയാണത്. പങ്കാളിത്ത പെൻഷൻ ഈ ഉറപ്പുനൽകുന്നില്ല. പണം നിക്ഷേപിക്കുന്ന ഷെയർ മാർക്കറ്റിൽ ലാഭമാണെങ്കിൽ മെച്ചപ്പെട്ട പെൻഷൻ ലഭിക്കുമെന്ന ഉറപ്പേ അവിടെയുള്ളു. അതു കൊണ്ടുതന്നെ അഷ്വേഡ് പെൻഷനെ പെൻഷനേഴ്സ് കൗൺസിൽ പിന്തുണയ്ക്കുകയാണ്. എന്നാൽ ജീവനക്കാരിൽ നിന്ന് പ്രതിമാസ അടവ് വ്യവസ്ഥ സർക്കാർ പുനഃപരിശോധിക്കാനും റദ്ദ് ചെയ്യാനും തയ്യാറാകണമെന്നാണ് ആവശ്യപ്പെടുന്നത്. സാമ്പത്തിക അവകാശങ്ങൾ പ്രക്ഷോഭത്തിലൂടെ നേടിയെടുക്കുക മാത്രമല്ല ലക്ഷ്യമെന്ന് സംഘടനയ്ക്ക് ഉത്തമ ബോധ്യമുണ്ട്. വയനാട് മുണ്ടക്കൈ — ചൂരൽമല ദുരന്തബാധിതർക്ക് ആശ്വാസമെത്തിക്കാൻ പെൻഷനേഴ്സ് കൗൺസിലുമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി. അരക്ഷിതരായ പെൻഷൻകാരുടെ പുനരധിവാസം ഉൾപ്പെടെ ഒട്ടേറെ പ്രവർത്തന പരിപാടികൾ സംഘടന ആ­ലോചിക്കുന്നു. പെൻഷനുവേണ്ടി സമരം ചെയ്യുന്ന എല്ലാ വിഭാഗങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രസ്ഥാനമാണിത്. രാജ്യത്താകെ മുതിർന്നവരുടെ ജനസംഖ്യ വർധിച്ചു വരികയാണ്. 2036 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയിൽ 23%ത്തിലധികവും മുതിർന്ന പൗരന്മാരായിരിക്കുമെന്നാണ് ജനസംഖ്യാ വിദഗ്‌‌ധർ പറയുന്നത്. അവരുടെ ക്ഷേമത്തെക്കുറിച്ച് കേരള സർക്കാരിന് ജാഗ്രതയുള്ളതുകൊണ്ടാണ് വയോജന കമ്മിഷൻ ഉൾപ്പെടെ രൂപീകരിച്ചത്. തീർച്ചയായും പെൻഷൻകാരെയും അവരുൾപ്പെടുന്ന മുതിർന്നവരും വിദ്യാസമ്പന്നരുമായ സമൂഹത്തെയും കുറിച്ച് ജാഗ്രതയുള്ള ഇടതുപക്ഷ മുന്നണിയുടെ ഭരണ തുടർച്ചയും രണ്ടാം സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കുമ്പോൾ പെൻഷനേഴ്സ് കൗൺസിൽ ഉത്തരവാദിത്തബോധത്തോടെ പ്രധാന പ്രവർത്തനമായി ഏറ്റെടുക്കുമെന്ന് തീർച്ചയാണ്. (സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി)

Exit mobile version