Site iconSite icon Janayugom Online

കാണം വിൽക്കാതെ ഓണമൂട്ടും ജനപക്ഷ സർക്കാർ

രോ നാടിനും ഓരോ ജനതയ്ക്കും അവരുടെ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. അവ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഭാഗവുമാണ്. ദുരിതങ്ങളും പ്രയാസങ്ങളും നിറഞ്ഞ നിത്യജീവിതത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷയും പ്രത്യാശയുമാണ് അത്തരം സന്ദർഭങ്ങളെ ആകർഷകമാക്കുന്നത്. എന്നാൽ ആധുനിക കാലത്തെ ഉത്സവവേളകൾ വിപണിയുടെ നിർദയ ചൂഷണത്തിന്റേത് കൂടിയാണ്. എല്ലാ സമയത്തുമെന്നതുപോലെ ഇത്തരം സവിശേഷ സന്ദർഭങ്ങളിലും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും സ്വാഭാവികമോ അല്ലാത്തതുമായ വിലക്കയറ്റത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് തടയുകയും ചെയ്യേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിലെ സർക്കാരിന്റെ കടമയാണ്. ഈ ഓണക്കാലത്ത് കേരളത്തിലെ എൽഡിഎഫ് സർക്കാർ ആ കടമ ഫലപ്രദമായി നിർവഹിക്കുകയും മഹാഭൂരിപക്ഷം ജനങ്ങളും അതിന്റെ പ്രയോജനം അനുഭവിക്കുകയും ചെയ്തു. 

കേരളം ഒരു ഭക്ഷ്യക്കമ്മി സംസ്ഥാനമാണ്. ഒരു ഉപഭോക്തൃ സംസ്ഥാനവുമാണ്. ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങൾക്കും രാജ്യത്തെ ഉല്പാദക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് സ്വാഭാവികമായും വലിയ തോതിലുള്ള വിലക്കയറ്റത്തിന് വിശേഷിച്ചും ഉത്സവ കാലങ്ങളിൽ, ഇടയാക്കാൻ സാധ്യതയുണ്ട്. സമ്പന്നരെയോ ഉയർന്ന വരുമാനമുള്ള ഇടത്തരക്കാരെയോ ഈ സ്ഥിതി കാര്യമായി ബാധിക്കില്ല. എന്നാൽ അതല്ല സാധാരണക്കാരുടെയും താഴ്ന്ന വരുമാനക്കാരുടെയും അവസ്ഥ. അവരുടെ ഉത്സവവേളയുടെ തന്നെ ശോഭ കെടുത്തുന്ന ഒരു സ്ഥിതി വിശേഷമായി ഇത് കാലാകാലങ്ങളിൽ മാറിയിട്ടുണ്ട്. ഇത്തരമൊരു പ്രശ്നത്തെ തിരിച്ചറിയുകയും കാര്യക്ഷമമായി വിപണിയിടപെടൽ നടത്തുകയും ചെയ്യുക മാത്രമേ ഒരു സർക്കാരിന് ചെയ്യാൻ കഴിയുകയുള്ളൂ. സർക്കാർ അവശ്യ വസ്തുക്കളുടെ ഉല്പാദകരല്ല. നിയമപരമായ ഉത്തരവിലൂടെ വില നിശ്ചയിക്കാനുള്ള അധികാരവും സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്ന നമ്മുടെ രാജ്യത്തില്ല. ഈ പരിമിതികളെയെല്ലാം മറികടന്നാണ് കേരളം മാതൃകാപരമായ ഒരു സംവിധാനം ഒരുക്കിയിട്ടുള്ളത്. അത് പ്രവർത്തനക്ഷമമാണ് എന്ന് ഈ ഓണക്കാലവും തെളിയിച്ചു. 

പരിമിതികളെ മറികടന്നു എന്നത് ആലങ്കാരികമായി പറയുന്നതല്ല. ഈ ഓണത്തിന് ടൈഡ് ഓവർ വിഹിതത്തിന്റെ വിലയായ 8.30 രൂപയ്ക്ക് കേരളത്തിന് അധിക അരി വിഹിതം നൽകണമെന്ന് ജൂലൈ ഒന്നാം തീയതി കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടെങ്കിലും ഒരു മണി അരിപോലും അധികമായി നൽകാനാകില്ലെന്ന നിലപാടാണെടുത്തത്. സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ വാങ്ങാവുന്ന ഒഎംഎസ്എസ് നിരക്കിൽ വേണമെങ്കിൽ എടുക്കാം എന്നും അറിയിച്ചു. എന്നാൽ വരാനിരിക്കുന്ന മാസങ്ങളിലെ വിഹിതം മുൻകൂറായി വിട്ടെടുപ്പ് നടത്തി ഓണത്തിന് സ്പെഷ്യൽ അരി സംസ്ഥാന സർക്കാർ ലഭ്യമാക്കി. വെള്ള, നീല, പിങ്ക് കാർഡുകാർക്ക് യഥാക്രമം 15, 10, അഞ്ച് കിലോഗ്രാം വീതം 10.90 രൂപയ്ക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്തു. ഭക്ഷ്യക്കമ്മി സംസ്ഥാനമെന്നത് പരിഗണിച്ച് 1965 മുതൽ സാർവത്രിക റേഷനിങ് കേരളത്തിൽ നിലനിന്നിരുന്നു. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമം കേരള ജനസംഖ്യയിലെ 57% വരുന്ന മുൻഗണനേതര വിഭാഗത്തെ റേഷൻ പരിധിക്ക് പുറത്താക്കി. പരിമിതമായി ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഈ വിഭാഗത്തിന് റേഷൻ നൽകി വരുന്നു. എന്നാൽ ഈ ഓണക്കാലത്ത് ആ വിഹിതം മതിയാവുകയില്ല എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഭാഗത്തിനുൾപ്പെടെ സ്പെഷ്യൽ അരി വിതരണം ചെയ്തത്. ഇതു കൂടാതെ സപ്ലൈകോ വില്പനശാലകൾ വഴി 25 രൂപ നിരക്കിൽ കാർഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ ഇഷ്ടാനുസരണം ഉപഭോക്താക്കൾക്ക് നൽകി. സബ്സിഡിയായി സപ്ലൈകോ സാധാരണയായി നൽകിവരുന്ന എട്ട് കിലോ ഗ്രാമിന് പുറമെയാണിത്. ഇപ്രകാരം വിപണിയിൽ അരി ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റം തടയാനുള്ള നടപടികൾ സ്വീകരിച്ചു. 

വെളിച്ചെണ്ണ വിലവർധനയിൽ സപ്ലൈകോ ഇടപെടൽ വളരെ ഫലപ്രദമായിരുന്നു എന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നത്. ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലയിൽ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നൽകിയിരുന്നു. ഓഗസ്റ്റ് 25 മുതൽ 457ൽ നിന്നും 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില സപ്ലൈകോ കുറച്ചു. നേരത്തെ ഒരു ബില്ലിന് ഒരു ലിറ്റർ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മാറ്റി. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകിയിരുന്നത് ഇപ്പോൾ 339 ആയും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429ൽ നിന്നും 389 രൂപയായും കുറവു വരുത്തിയാണ് വില്‍ക്കുന്നത്. ഈ നടപടിയിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താൻ കഴിഞ്ഞു. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ 1500 രൂപയുടെയോ അതിലധികമോ സബ്സിഡിയിതര ഉല്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ കൂടി സബ്സിഡി നിരക്കിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഇനിയും കുറവ് വരുത്താൻ സാധിക്കും എന്നതിൽ സംശയമില്ല. 14 ജില്ലാ ഫെയറുകൾ ഉൾപ്പെടെ 140 നിയോജക മണ്ഡലങ്ങളിലും സപ്ലൈകോ ഓണച്ചന്ത സംഘടിപ്പിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ എത്തിച്ചേരുന്ന സഞ്ചരിക്കുന്ന ഓണച്ചന്തകളും പ്രവർത്തിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റുവരവിൽ, പൊതുജനങ്ങൾ സപ്ലൈകോയിൽ അർപ്പിക്കുന്ന വിശ്വാസം പ്രകടമാണ്. ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉല്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കൾ ജൂലൈ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. 

ഓഗസ്റ്റിൽ സർവകാല റെക്കോഡുകൾ തകർക്കുന്ന രീതിയിലുള്ള വില്പനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി നടക്കുന്നത്. ഓഗസ്റ്റ് 31വരെ വിറ്റുവരവ് 297.3 കോടി രൂപയാണ് എന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്. ഓഗസ്റ്റ് 11, 12 തീയതികളിൽ പ്രതിദിന വിറ്റുവരവ് 10 കോടി കവിഞ്ഞ് ക്രമാനുഗതമായി വർധിച്ച് ഓഗസ്റ്റ് 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ പ്രതിദിന റെക്കോഡ് വിറ്റുവരവായ 15.70 കോടിയിലെത്തി (ഇതിനു മുമ്പുള്ള പ്രതിദിന വിറ്റുവരവ് 15.37 കോടിയായിരുന്നു). ഓഗസ്റ്റ് 29ന് ഈ റെക്കോഡ് ഭേദിച്ച് 17.91, ഓഗസ്റ്റ് 30ന് 19.4, സെപ്റ്റംബർ ഒന്നിന് 22.2, സെപ്റ്റംബർ രണ്ടിന് 25 കോടി വീതം കടന്നു. ഇന്നലെ വരെ ആകെ ഈ ഓണക്കാലത്ത് 354 കോടി രൂപയുടെ വില്പനയാണ് നടന്നത്. 51.87 ലക്ഷം ഉപഭോക്താക്കള്‍ — അതായത് അത്രയും കുടുംബങ്ങള്‍ — സപ്ലൈകോയുടെ സേവനം സ്വീകരിച്ചു. കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളില്‍ രണ്ട് കോടിയിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമടക്കം 14 ഇനങ്ങളടങ്ങിയ 6,14,217 സൗജന്യ ഭക്ഷ്യക്കിറ്റുകളാണ് ഇക്കുറി ഓണത്തിന് നൽകുന്നത്. സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമാശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെ അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന ക്രമത്തിൽ നൽകാനാണ് തീരുമാനമെടുത്തിരുന്നത്. ഇതിനു പുറമെ ചെങ്ങറ സമര ഭൂമിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് കൂടി കിറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പായി അർഹരായ മുഴുവനാളുകൾക്കും വിതരണം ചെയ്യും. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലുള്ള സംസ്ഥാനത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ജനപക്ഷ സർക്കാർ നടത്തിയ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകൾ വിജയം കണ്ടു എന്നത് നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിൽ ആവേശവും പ്രതീക്ഷയും പകരുന്നു. 

Exit mobile version