ഇറാനിലെ ടെഹ്റാൻ നഗരത്തിൽ ആരംഭിച്ച ജനകീയ പ്രതിഷേധങ്ങളും പണിമുടക്കുകളും രാജ്യവ്യാപകമായി പടർന്നിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പ്രതിഷേധം അതിവേഗം വ്യാപിച്ചു. സ്വേച്ഛാധിപത്യ ഭരണകൂടത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് ഈ ജനമുന്നേറ്റം. ഭരണം നടത്തുന്ന സ്വേച്ഛാധിപതിയുടെ അവകാശവാദങ്ങൾ പോലെ ഈ ജനകീയ പ്രതിഷേധ പ്രസ്ഥാനം യുഎസ് സാമ്രാജ്യത്വത്തിന്റെയോ വംശഹത്യ നടത്തുന്ന ഇസ്രയേലി ഭരണകൂടത്തിന്റെയോ സൃഷ്ടിയല്ല. മറിച്ച് ഭരണകക്ഷിയായ മഹാ മുതലാളിത്ത വ്യവസ്ഥയുടെ വിനാശകരമായ സാമ്പത്തിക നയങ്ങളുടെയും ഭരണകൂട നേതാക്കളും അവരുടെ കൂട്ടാളികളും രാഷ്ട്രത്തിന്മേൽ അടിച്ചേല്പിച്ച വ്യാപകമായ അഴിമതിയുടെയും അരക്ഷിതാവസ്ഥയുടെയും അടിച്ചമർത്തലിന്റെയും നേരിട്ടുള്ള പ്രതിഫലനമാണ്. ഇറാന്റെ സമകാലിക ചരിത്രത്തിലുടനീളം — അരനൂറ്റാണ്ടിലേറെ നീണ്ട പഹ്‌ലവി രാജവാഴ്ച (1925 – 1979) ഉൾപ്പെടെ അത്തരം അടിച്ചമർത്തലുകളുടെയും അഴിമതിയുടെയും കൊള്ളയുടെയും അതിന് കാരണക്കാരായ ഭരണകൂടങ്ങളുടെ അന്ത്യത്തിന്റെയും എണ്ണമറ്റ ഉദാഹരണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭരണകൂടം നിഷ്ഠുരമായി അടിച്ചമർത്താൻ ശ്രമിച്ചിട്ടും രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് നഗരങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾ വീരോചിത പോരാട്ടത്തിനിറങ്ങിയത്, ഭൂരിപക്ഷ ഇറാനിയൻ ജനത അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ നിലവിലെ സർക്കാരിന്റെ തുടർച്ച ആഗ്രഹിക്കുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. നവ ഉദാരവൽകൃത നയങ്ങളുടെയും നവലിബറൽ ഷോക്ക് തെറാപ്പി എന്ന് വിളിക്കപ്പെടുന്ന സാമ്പത്തിക പ്രക്രിയ നടപ്പിലാക്കുന്നതിലൂടെയും ഭരണകൂടം ദശലക്ഷക്കണക്കിന് ഇറാനികളെ ദാരിദ്ര്യരേഖയ്ക്ക് താഴെയാക്കി. തൊഴിലാളികളുടെയും മറ്റുള്ളവരുടെയും ഉപജീവനമാർഗങ്ങൾ വളരെ മോശം അവസ്ഥയിലെത്തിക്കുകയും ചെയ്തു. അവരുടെ വേതനവും വരുമാനവുംകൊണ്ട് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകുന്നില്ല.
സർക്കാർ രാജ്യത്തിന്റെ ഉല്പാദന സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചു. ഇസ്ലാമിക വിപ്ലവം കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സാഹസിക വിദേശനയത്തിന്റെ ഫലമായി വിദേശ ഇടപെടലിനും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾക്കും ഇറാനെ കൂടുതൽ ഇരയാക്കി. 17 രാഷ്ട്രീയ, പൗര പ്രവർത്തകർ നടത്തിയ സമീപകാല പ്രസ്താവനയിൽ പറഞ്ഞതുപോലെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ജനങ്ങളുടെ മുന്നേറ്റവും സ്വന്തം ഭാവി നിർണയിക്കാനുള്ള അവരുടെ അവകാശവുമാണ്. ദേശസ്നേഹികൾ, സ്വാതന്ത്ര്യസ്നേഹികൾ പുരോഗമന സാമൂഹിക ശക്തികൾ എന്നിവയുടെ സജീവവും ഫലപ്രദവുമായ സഹകരണത്തിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഈ ഭാവി കൈവരിക്കാനും ഇറാനിയൻ ജനതയുടെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന അഭിലാഷം സാക്ഷാത്കരിക്കാനും കഴിയൂ. നിലവിലെ ജനകീയ പ്രക്ഷോഭം നേരിടുന്ന ഗുരുതര വെല്ലുവിളി, ഒരു വശത്ത് സ്ഥിരതയുള്ളതും പുരോഗമനപരവുമായ ദേശീയ നേതൃത്വത്തിന്റെ അഭാവവും മറുവശത്ത് ബിബിസി പോലുള്ള സാമ്രാജ്യത്വ മാധ്യമങ്ങളുടെയും ഇറാൻ ഇന്റർനാഷണൽ, മനോട്ടോ തുടങ്ങിയ മാധ്യമ പ്ലാറ്റ്ഫോമുകളിലെ പിന്തിരിപ്പൻ സാമ്രാജ്യത്വ ഏജന്റുമാരുടെയും കുപ്രചരണങ്ങളുമാണ്. ഈ സംഭവവികാസങ്ങളെക്കുറിച്ച് തെറ്റായ വിവരണങ്ങൾ ചമച്ച് പ്രചരിപ്പിക്കാനുള്ള വലിയ ശ്രമങ്ങളാണ് അവർ നടത്തുന്നത്. സമീപ ദിവസങ്ങളിൽ, രാജവാഴ്ചക്കാർക്ക് വ്യാജമായ നിയമസാധുത നൽകാൻ ചില മാധ്യമങ്ങൾ ശ്രമിച്ചത് നാം കണ്ടു. പ്രതിഷേധ വീഡിയോകളിൽ കൃത്രിമം കാണിച്ചതും ദൃശ്യങ്ങൾ പരസ്പരം ചേർത്തതും ഇതിൽ ഉൾപ്പെടുന്നു.
രാജവാഴ്ച പുനഃസ്ഥാപിക്കുകയെന്നത് ഈ ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിക്കുന്നു. നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ, അതായത് ദിവ്യാധിപത്യമുതലാളിത്ത സ്വേച്ഛാധിപത്യത്തെ, ഒരു രാജവാഴ്ചമുതലാളിത്ത വ്യവസ്ഥ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിലൂടെ ഇറാനെ വീണ്ടും ഈ മേഖലയിലെ സാമ്രാജ്യത്വത്തിന്റെ സൈനിക താവളമാക്കി മാറ്റുമെന്നാണ് തൂദെ പാർട്ടി ആശങ്കപ്പെടുന്നത്. പുരാതന അടിച്ചമർത്തൽ ഭരണം (1979ന് മുമ്പുണ്ടായിരുന്നത്) പുനഃസ്ഥാപിക്കുക, അതുവഴി, ഇറാന്റെ എണ്ണയും മറ്റ് പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുക എന്നിവയുമുൾപ്പെടുന്നു. സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിതമാകുന്നതുകൊണ്ടുമാത്രം ഭാവി സ്വതന്ത്രമാക്കുന്നതിനോ യഥാർത്ഥ സാമൂഹിക നീതിയിലേക്ക് മാറുന്നതിനോ തുല്യമാകില്ല. അർധ ഫാസിസ്റ്റ് ട്രംപ് ഭരണകൂടത്തിലും ഇറാനെ മോചിപ്പിക്കാനെന്ന പേ രിൽ വംശഹത്യ നടത്തുന്ന ഇസ്രായേൽ ഗവൺമെന്റിലും പ്രതീക്ഷകൾ അർപ്പിക്കുന്ന മുന്നേറ്റങ്ങളെയും ശക്തികളെയും സ്വതന്ത്രവും സമ്പന്നവുമായ ഒരു ഇറാന്റെ മുന്നോടിയാണെന്ന് യാഥാർത്ഥ്യബോധത്തോടെ കണക്കാക്കാനുമാകില്ല. ഇറാഖിലെയും ലിബിയയിലെയും ആഭ്യന്തര കാര്യങ്ങളിൽ നേരിട്ടുള്ള സാമ്രാജ്യത്വ ഇടപെടലുകളെത്തുടർന്നുണ്ടായ വേദനാജനകമായ അനുഭവങ്ങൾ രാജ്യത്തെ എല്ലാ പുരോഗമന, സ്വാതന്ത്ര്യ സ്നേഹികളായ ശക്തികൾക്കും ഗുരുതരമായ മുന്നറിയിപ്പും അപകടസൂചനയുമായി കാണുകയും വേണം. എങ്കിലും ഈ ജനകീയ പ്രക്ഷോഭം വ്യാപിപ്പിക്കുകയും വിജയം വരെ തുടരുകയും ചെയ്യുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നും പ്രഹരശേഷി പ്രകടിപ്പിക്കണമെന്നുമാണ് തൂദെ പാർട്ടി നിലപാട്. നിലവിലുള്ള ജനകീയ പ്രസ്ഥാനത്തിൽ തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും വിരമിച്ചവരുടെയും സിവിൽ സർവീസുകാരുടെയും ബുദ്ധിജീവികളുടെയും, സമൂഹത്തിലെ മധ്യനിരയിലെ ദേശസ്നേഹികളുടെയും നേരിട്ടുള്ള സാന്നിധ്യവും വിശാലമായ പങ്കാളിത്തവും അതിന്റെ കരുത്ത് വർധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ പോരാട്ടത്തിൽ എല്ലാ പുരോഗമന സാമൂഹിക ശക്തികൾക്കിടയിലും ഐക്യദാർഢ്യവും പ്രവർത്തന ഐക്യവും കെട്ടിപ്പടുക്കുന്നതിനും പാർട്ടി ശ്രമിക്കുകയാണ്.
ഇരട്ട ദൗത്യമാണ് ജനങ്ങൾക്ക് നിർവഹിക്കാനുള്ളത്. സ്വേച്ഛാധിപത്യ ഭരണകൂടത്തെയും അതേസമയം യുഎസ് സാമ്രാജ്യത്വ ഭീഷണികളെയും ഒരേസമയം നേരിടുക. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണം തുടരുന്നത് നിയന്ത്രിക്കുന്നതിനും ഒടുവിൽ പൂർണമായും തകർക്കുന്നതിനുമായി ഒരു രാജ്യവ്യാപക പൊതു പണിമുടക്ക് സംഘടിപ്പിക്കുന്നതിലേക്കും രാജ്യത്തിന്റെ ഭാവിപാത നിർണയിക്കാൻ സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു അഭിപ്രായസർവേ നടത്തി ഒരു പരിവർത്തന ദേശീയജനപ്രിയ ഗവൺമെന്റ് സ്ഥാപിക്കുന്നതിലേക്കും നീങ്ങുക എന്നതായിരിക്കണം ഇപ്പോഴത്തെ സാഹചര്യത്തിൽ പിന്തുടരേണ്ട പ്രധാന തന്ത്രങ്ങളിൽ ഒന്ന്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിവേചനം, അടിച്ചമർത്തൽ എന്നിവയ്ക്കെതിരെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടത്തിന് ശക്തി പകരേണ്ടതുണ്ട്. സൈനിക, സുരക്ഷാ സേനകളിലെ അംഗങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമാണ് എന്നതിനാൽ അവരും സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ ജനകീയ പോരാട്ടത്തിൽ പങ്ക് ചേരണം. പ്രതിഷേധിക്കുന്ന ആളുകൾക്കുനേരെയുള്ള രക്തരൂക്ഷിതവും അക്രമാസക്തവുമായ അടിച്ചമർത്തൽ അവസാനിപ്പിക്കുകയും വേണം. മെഡിക്കൽ സെന്ററുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്, ഈ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഇപ്പോഴത്തെ ജനകീയ മുന്നേറ്റത്തിൽ പങ്കെടുത്തതിന് ജയിലിൽ അടച്ച എല്ലാ തടവുകാരെയും ഉടനടി നിരുപാധികമായി വിട്ടയ്ക്കണം. രാജ്യവ്യാപക തൂദെ പാര്‍ട്ടി പൊതുപണിമുടക്കിന് തയ്യാറെടുക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
(ഇറാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ തൂദെ പാർട്ടിയുടെ പ്രസ്താവന)

