സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഈ മേഖലയിൽ സിബിഐക്ക് അന്വേഷണം നടത്താനാകുമോ? ഫെഡറലിസത്തിന്റെ അടിസ്ഥാനശിലയിലേക്ക് കടന്നുചെല്ലുന്ന ഒരു സുപ്രധാനവിധിയിൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനെച്ചൊല്ലി പശ്ചിമ ബംഗാൾ ഫയൽ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന കേന്ദ്ര സർക്കാരിന്റെ എതിർപ്പ് സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. 2018 നവംബർ 16ന് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചിട്ടും സിബിഐ എടുത്ത നടപടി ഭരണഘടനാ ലംഘനമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. 1946ലെ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (ഡിഎസ്‌പിഇ) പ്രകാരമാണ് സിബിഐ രൂപീകരിച്ചത്. ഡിഎസ്‌പിഇ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം, സിബിഐയുടെ അധികാരങ്ങളും അധികാരപരിധിയും സംസ്ഥാനങ്ങളുടെ സമ്മതത്തോടെ മാത്രമേ വിപുലീകരിക്കാൻ കഴിയൂ. ഒരു സംസ്ഥാനം സെക്ഷൻ ആറ് പ്രകാരമുള്ള സമ്മതം പിൻവലിച്ചാല്‍, കേന്ദ്രസര്‍ക്കാര്‍ മുഖേന സിബിഐക്ക് തുടരാനാകുമോ എന്ന നിയമപ്രശ്നം ഹര്‍ജി ഉന്നയിക്കുന്നതായി ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2021ലാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം പശ്ചിമ ബംഗാൾ സര്‍ക്കാര്‍ പ്രതിയായ യൂണിയൻ ഓഫ് ഇന്ത്യക്കെതിരെ ഒരു കേസ് ഫയൽ ചെയ്തത്. ഡിഎസ്‌പിഇ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം വിജ്ഞാപനം പിൻവലിച്ചതിന് ശേഷം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന വിധിയും ഡിക്രിയും പാസാക്കുക, സംസ്ഥാനം പൊതുസമ്മതം പിൻവലിച്ചതിന് ശേഷം പശ്ചിമ ബംഗാൾ അതിര്‍ത്തിക്കുള്ളിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നതിനോ അന്വേഷിക്കുന്നതിനോ പ്രതിയെ (കേന്ദ്രം-സിബിഐ) തടയുക. ഇപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്ന നടപടി ഇന്ത്യൻ ഭരണഘടനയുടെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വത്തിന്റെയും ലംഘനമാണെന്ന് പ്രഖ്യാപിക്കുക, പൊതുസമ്മതം പിൻവലിച്ചതിനുശേഷം സിബിഐ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും റദ്ദാക്കുക, അവയുടെ രേഖകൾ സംസ്ഥാന പൊലീസിന് കെെമാറുക തുടങ്ങിയ ആവശ്യങ്ങളാണ് കോടതിയില്‍ ഉന്നയിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 131, ഫെഡറൽ സര്‍ക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ തീർപ്പാക്കുന്നതിനുള്ള അധികാരം സുപ്രീം കോടതിക്ക് നൽകുന്നു. ഇന്ത്യൻ സർക്കാരും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മില്‍, അല്ലെങ്കിൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന നിയമപരമായ തര്‍ക്കങ്ങള്‍ അനുച്ഛേദം 131 പ്രകാരം തീരുമാനിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ബംഗാള്‍ സര്‍ക്കാരിന്റെ വാദത്തെ എതിർത്തു. സിബിഐ ഒരു സ്വതന്ത്ര ഏജൻസിയായതിനാൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കേന്ദ്ര സർക്കാരിന് പങ്കില്ല എന്ന് അദ്ദേഹം വാദിച്ചു. കേന്ദ്രത്തിനെതിരെ അനുച്ഛേദം 131 പ്രകാരം ഒരു കേസിന് ആധാരമായ നടപടിയുടെ കാരണങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും മേത്ത സമർത്ഥിക്കാന്‍ ശ്രമിച്ചു. കേസുകളുടെ അന്വേഷണത്തിന് അധികാരപരിധിയില്ലാത്ത സിബിഐയുമായി ബന്ധപ്പെട്ടാണ് എല്ലാ ഇളവുകളും ബംഗാള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വാദിച്ചു.
സിബിഐയുടെ പ്രവർത്തന മേൽനോട്ടം കേന്ദ്ര വിജിലൻസ് കമ്മിഷനാണ് (സിവിസി). ഒരു സ്വതന്ത്ര കൊളീജിയം നിയമിച്ച സ്വതന്ത്ര സ്ഥാപനമാണ് സിവിസി. സിബിഐയെ സംബന്ധിച്ചിടത്തോളം ഒരു നിയന്ത്രണവും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമല്ല. സംസ്ഥാന സർക്കാർ വസ്തുതകൾ മറച്ചുവയ്ക്കുകയാണ്. ഹർജിയിൽ പറഞ്ഞിരിക്കുന്ന കേസുകളിൽ ഭൂരിഭാഗവും ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മേത്ത ആരോപിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ നഖശിഖാന്തം എതിര്‍ത്തു. ഡിഎസ്‌പിഇ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം സിബിഐ അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങള്‍ വ്യക്തമാക്കുന്നത് കേന്ദ്ര സർക്കാരാണ്. 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ മാത്രമേ ഡിഎസ്‌പിഇയുടെ ചുമതല സിവിസിയിൽ നിക്ഷിപ്തമായിട്ടുള്ളൂവെന്ന് സെക്ഷൻ നാല് പരാമർശിച്ച് സിബൽ പറഞ്ഞു. സെക്ഷൻ നാല് ഉപവകുപ്പ് (3) പ്രകാരം, പ്രസ്തുത പൊലീസ് സേനയുടെ ഭരണം ഇതിനായി കേന്ദ്രസർക്കാർ നിയോഗിച്ച ഒരു ഉദ്യോഗസ്ഥനാണ്. സിബിഐയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ഉദ്യോഗസ്ഥനെ നിയോഗിക്കാൻ അർഹതയുണ്ട്. ഒരു സംസ്ഥാനത്തെ പൊലീസ് സേനയെ സംബന്ധിച്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിന്റെ അധികാരങ്ങളായിരിക്കും ഈ ഉദ്യോഗസ്ഥനെന്നും കപില്‍ സിബല്‍ വാദിച്ചു. സിബിഐയുടെ അധികാരപരിധി മറ്റ് മേഖലകളിലേക്ക് നീട്ടുന്നതിന് കേന്ദ്ര സർക്കാരിന് ലഭ്യമായ അധികാരം ആ സംസ്ഥാന സർക്കാരിന്റെ സമ്മതത്തിന് വിധേയമാണ്. ഒരു സംസ്ഥാനം അനുമതി നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്താൽ, ആ സംസ്ഥാനത്ത് അധികാരം വിനിയോഗിക്കാൻ സിബിഐക്ക് അധികാരമില്ല. ഡിഎസ്‌പിഇ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം സമ്മതം നൽകുകയെന്നത് പ്രത്യേകാവകാശവും സംസ്ഥാനത്തിന്റെ വിവേചനാധികാരത്തില്‍ പെട്ടതുമാണ്. സമ്മതം പിൻവലിച്ചതിനുശേഷം, പശ്ചിമ ബംഗാളിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ സിബിഐയെ ചുമതലപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നതാണ് കേസിന് ആധാരമെന്നും അദ്ദേഹം സമർത്ഥിച്ചു.
കേന്ദ്ര സര്‍ക്കാരിന് സിബിഐയുടെ മേൽ നിയന്ത്രണമില്ലെന്ന മേത്തയുടെ വാദം കേട്ട ബെഞ്ച് ഡിഎസ്‌പിഇ നിയമത്തിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ചു. സെക്ഷൻ മൂന്ന് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ഏതെങ്കിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി പ്രത്യേക പൊലീസ് സേന രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് അർഹതയുണ്ടെന്ന് കണ്ടെത്തി. ഡിഎസ്‌പിഇ ആക്ടിലെ സെക്ഷൻ 4(1) ചൂണ്ടിക്കാട്ടിയ ബെഞ്ച്, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡിഎസ്‌പിഇയുടെ മേൽനോട്ടം സിവിസിക്ക് മാത്രമായിരിക്കുമെന്ന് പറഞ്ഞു. എന്നാല്‍ മറ്റ് കുറ്റകൃത്യങ്ങളിൽ സിബിഐയുടെ ചുമതല കേന്ദ്ര സർക്കാരിന് നിക്ഷിപ്തമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മതമില്ലാതെ റെയിൽവേ മേഖലകളുൾപ്പെടെ ഒരു സംസ്ഥാനത്തെ ഒരു പ്രദേശത്തേക്കും സിബിഐയുടെ അധികാരവും അധികാരപരിധിയും വ്യാപിപ്പിക്കാനാകില്ലെന്നും ബെഞ്ച് വിധിച്ചു.
പൊതുസമ്മതം പിന്‍വലിച്ചശേഷം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാനും ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ആറാം വകുപ്പിനു വിരുദ്ധമായ കേസുകള്‍ അന്വേഷിക്കാനും സിബിഐക്കു കഴിയുമോയെന്ന ഹര്‍ജി നിയമപ്രശ്നം ഉയര്‍ത്തുന്നതായി സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി നിലനില്‍ക്കുമെന്നും ഇപ്പോഴത്തെ വിലയിരുത്തലുകള്‍ അത് നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കാന്‍ മാത്രമുള്ളതാണെന്നും അന്തിമവിധിയുടെ കാര്യത്തില്‍ ബാധകമാവില്ലെന്നും ബെഞ്ച് പറഞ്ഞു. വിഷയം ഓഗസ്റ്റ് 13ന് കോടതി വീണ്ടും പരിഗണിക്കും. വിധിനിർണയത്തിനുള്ള വിഷയങ്ങൾ എന്തൊക്കെയെന്നതിൽ തീരുമാനമെടുക്കുന്നതിന് അന്ന് ബംഗാളിന്റെയും കേന്ദ്ര സർക്കാരിന്റെയും അന്തിമവാദം കോടതി കേൾക്കും.
(ന്യൂസ് ക്ലിക്ക്)