12 ദിവസങ്ങൾ, 44 മണ്ഡലങ്ങളിലൂടെ 800ലധികം കിലോമീറ്റർ കാൽനടയായി സിപിഐ സംഘടിപ്പിച്ച പ്രജാ പോരു യാത്ര സംസ്ഥാനത്തെ പുതിയകാല സമര ചരിത്രത്തിൽ വേറിട്ട അധ്യായമായി. തെലങ്കാന സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന എല്ലാ ഭവന — ഭൂരഹിതർക്കും വീടും ഭൂമിയും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിന്റെ വർഗീയ നയങ്ങൾ തുറന്നുകാട്ടിയുമാണ് പദയാത്ര ഗ്രാമ നഗരങ്ങളിലൂടെ സഞ്ചരിച്ചത്. മാർച്ച് 25ന് ബയ്യാറാം മണ്ഡലത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണ വേളയിൽ ബയ്യാറാമിലായിരുന്നു വൻകിട സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ ഇതുവരെയും അത് നടപ്പിലാക്കുകയോ അതിനുവേണ്ടിയുള്ള നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പദയാത്രയുടെ ഉദ്ഘാടന സമ്മേളനം പ്രദേശത്തിന്റെ വികസനം സ്വപ്നം കാണുന്ന സാധാരണക്കാരുടെ സംഗമ വേദി കൂടിയായി.
ഇതുപോലെ നടപ്പിലാകാതെ പോയ നിരവധി വാഗ്ദാനങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. കാസിപേട്ടയിൽ റെയിൽവേ ഫാക്ടറിയും മുലുഗുവിൽ ആദിവാസി സർവകലാശാലയും സ്ഥാപിക്കുമെന്ന പ്രഖ്യാപനങ്ങൾ അതിൽ പ്രധാനപ്പെട്ടവയായിരുന്നു. ഇത്തരം വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നും സംസ്ഥാനത്തോട് സാമ്പത്തികമായും സാമൂഹ്യമായും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നുമായിരുന്നു പദയാത്രയിൽ പ്രധാനമായും ആവശ്യപ്പെട്ടത്. അതോടൊപ്പം സംസ്ഥാനത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളും ഉന്നയിക്കപ്പെട്ടു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പദ യാത്രയിൽ ഉന്നയിച്ചു. വീടിനും ഭൂമിക്കും വേണ്ടിയുള്ള സമരം സിപിഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരികയാണ്. നൈസാമിന്റെ ഭരണത്തിലായിരുന്ന തെലങ്കാന ഇന്ത്യയോട് ചേർന്നപ്പോൾ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് സർക്കാരിലേക്ക് വന്നു ചേർന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ തരിശായി കിടക്കുന്ന ഈ ഭൂമി കച്ചവട മാഫിയയുടെ കയ്യേറ്റത്തിനിരയായി കൊണ്ടിരിക്കുകയാണ്.അത്തരമൊരു സാഹചര്യത്തിൽ തരിശായി കിടക്കുന്ന സർക്കാർ ഭൂമി ഭൂരഹിത — ഭവന രഹിതരായവർക്ക് പതിച്ചു നല്കണമെന്നാവശ്യപ്പെട്ട് ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടിയുള്ള സമരം തുടരുന്നു.
ഇതുകൂടി വായിക്കു;‘മാ! നിഷാദ’ എന്ന് ഉച്ചത്തില്‍ ഉണര്‍ത്തേണ്ട കാലമിത്
പ്രധാനമായും വാറങ്കൽ, നൽഗോണ്ട ജില്ലകളിലാണ് ഈ സമരം നടക്കുന്നത്. ഒരു ഡസനിലധികം പ്രദേശങ്ങളിൽ കുടിൽ കെട്ടി സമരം ഒരു വർഷത്തോളമായി തുടരുകയാണ്. സിപിഐ നേതൃത്വത്തിൽ പിടിച്ചെടുത്ത് കുടിൽ കെട്ടിയ സ്ഥലങ്ങളിൽ ആയിരത്തോളം കുടുംബങ്ങൾ പാർക്കുന്നു. ആകെ ഇരുപതിനായിരത്തിലധികം പേർ ഈ സമര കേന്ദ്രങ്ങളിലാണ് അന്തിയുറങ്ങുന്നത് എന്ന് പറയാം. ഇത്തരം സമരങ്ങളുടെ അനുഭവ പശ്ചാത്തലവും സംസ്ഥാന വ്യാപകമായി പ്രജാ പോരു യാത്രയെന്ന പേരിലുള്ള പദയാത്ര സംഘടിപ്പിക്കുന്നതിന് പ്രചോദനമായിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഈ ലേഖകന്റെ നേതൃത്വത്തിൽ ആയിരുന്നു പദയാത്ര പര്യടനം നടത്തിയത്. ഓരോ ദിവസവും 200 പ്രവർത്തകർ സ്ഥിരമായി യാത്രയിൽ സഞ്ചരിച്ചു. ആയിരക്കണക്കിന് പേർ അനുഗമിച്ചു. ഇപ്റ്റയുടെ കീഴിലുള്ള നാട്യപ്രജാ മണ്ഡലിന്റെ 30 അംഗങ്ങൾ അടങ്ങിയ കലാസംഘവും പ്രജാ പോരു യാത്രയോടൊപ്പമുണ്ടായിരുന്നു. നാടൻ പാട്ടുകളും നൃത്ത്യങ്ങളും ലഘു നാടകങ്ങളുമായി ഈ കലാകാരന്മാർ അവതരിപ്പിച്ച പരിപാടികൾ നിരവധി പേരെയാണ് ആകര്‍ഷിച്ചത്.
12 ദിവസത്തെ പര്യടനത്തിനിടയിൽ ആറ് കേന്ദ്രങ്ങളിൽ മഹാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം നടന്ന ബയ്യാറാമിന് പുറമേ മെഹബൂബാബാദ്, വാറങ്കൽ, മുക്കന്നൂർ, ജനകം, ഭൂപൽപള്ളി എന്നിവിടങ്ങളിലായിരുന്നു ഈ റാലികൾ നടന്നത്. സാധാരണ സമാപനങ്ങളെക്കാൾ വലിയ ആൾക്കൂട്ടങ്ങളെ അണിനിരത്തിയുള്ള ഈ റാലികൾ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി സന്തോഷ് കുമാർ എംപി, ചഢ വെങ്കിട്ടറെ ഡ്ഡി, സംസ്ഥാന സെക്രട്ടറി കുലമേനി സാംബശിവറാവു തുടങ്ങിയ നേതാക്കളാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസത്തെയും സമാപന സമ്മേളനത്തിന് പുറമേ നൂറിലധികം സ്വീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ പദയാത്രയ്ക്ക് ലഭിച്ചത്. രണ്ട് ലക്ഷത്തിലധികം പേരോട് നേരിട്ട് സംസാരിച്ചാണ് ഏപ്രിൽ അഞ്ചിന് പ്രജാ പോരു യാത്ര ഹനുമകൊണ്ടയിൽ സമാപിച്ചത്. വൻ റാലിയോടെയായിരുന്നു ഇവിടുത്തെ സമാപനം. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തെലങ്കാനയിലെ ഐതിഹാസിക സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന പാർട്ടിയാണ് സിപിഐ എന്നും അതിന്റെ ഭാഗമായാണ് പ്രജാ പോരു യാത്ര പോലുള്ള ക്യാമ്പയിനെന്നും ബിനോയ് വിശ്വം പറഞ്ഞു. ഭൂമിക്കും വീടിനും വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പിന് പരിഹാരം തേടിയാണ് സിപിഐ മോഡി ഹഠാവോ, ദേശ് ബച്ചാവോ എന്ന ക്യാമ്പയിന് നേതൃത്വം നല്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കു;കോടതി വിധികള്‍ മൂലം നഷ്ടമാകുന്ന ചുമട് ജീവിതം
സിപിഐ സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു അധ്യക്ഷനായി. ചഢ വെങ്കിട്ട റെഡ്ഡി, അസീസ് പാഷ, പി വെങ്കിട്ട റാവു, ടി ശ്രീനിവാസ റാവു, എം രവി തുടങ്ങിയവർ സംസാരിച്ചു. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ, പ്രതിപക്ഷ പാർട്ടിയുടെ നേതൃത്വത്തിലാണ് ഭരണമെന്നതിനാൽ തെലങ്കാനയോട് അവഗണനാ പൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്. വാഗ്ദാനം ചെയ്ത പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള സമീപനങ്ങൾ സ്വീകരിക്കുന്നില്ല. പുതിയ പദ്ധതികൾ അനുവദിക്കുന്നതിന് തയ്യാറാകുന്നുമില്ല. സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കുന്നതിലും വീഴ്ച വരുത്തുന്നു. അതോടൊപ്പം സംസ്ഥാനത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും പരിഹാരമില്ലാതെ അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തിയ പ്രജാ പോരു യാത്ര സംഘടിപ്പിച്ചത്. വലിയ ജനമുന്നേറ്റം സൃഷ്ടിച്ചാണ് യാത്ര ഹനുമകൊണ്ടയിൽ സമാപിച്ചത്. അടുത്ത ഘട്ടമെന്ന നിലയിൽ വിവിധ ക്യാമ്പയിനുകൾക്ക് സിപിഐ രൂപം നല്കും.