ബിഹാറിലെ മോശം പ്രകടനത്തിന് ശേഷം, ഉത്തർപ്രദേശിലെ പഞ്ചായത്ത് — തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രമായി മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. 2027ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സമാജ്‌വാദി പാർട്ടി പുനർവിചിന്തനം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബഹുജൻ സമാജ് പാർട്ടി ഇന്ത്യ സഖ്യത്തില്‍ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് യുപി കോൺഗ്രസ് അധ്യക്ഷന്‍ അവിനാശ് പാണ്ഡെ എസ്‌പിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. “രാഷ്ട്രീയം ഒരിക്കലും അതിന്റെ വാതിലുകൾ പൂർണമായും അടയ്ക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻസി — എസ്‌പി സഖ്യത്തെക്കുറിച്ചുള്ള തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ്. അതേസമയം, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര സംസ്ഥാനത്ത് കൂടുതൽ സജീവമാകുമെന്ന് പാര്‍ട്ടി സൂചന നൽകിത്തുടങ്ങിയിട്ടുണ്ട്. ഏതാനും വർഷങ്ങളായി, യുപിയിൽ അവർ ചില ചുമതലകൾ വഹിക്കുന്നുണ്ട്. പക്ഷേ കൃത്യമായൊരു സംഘടനാ ചുമതല അവർക്കില്ല. അടുത്തിടെ അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റി ചെയർപേഴ്സണായി പ്രിയങ്കയെ നിയമിച്ചതും യുപിയിൽ മുൻനിരയിൽ നിർത്താനുള്ള തീരുമാനവും, സംസ്ഥാനത്ത് സംഘടനാ ഉത്തരവാദിത്തങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനവ്യാപകമായി നിരവധി പരിപാടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സംഘടനയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ സന്ദേശങ്ങള്‍ക്ക് ശക്തി കൂട്ടാനുമുള്ള ശ്രമമായാണ് ഇവ അവതരിപ്പിക്കുന്നത്. ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’ ആണ് പരിപാടികളില്‍ പ്രധാനം. ജനുവരി 24ന് സീതാപൂരിൽ നിന്ന് ആരംഭിക്കുന്ന ഇത്തരം 30ലധികം പരിപാടികൾ നടത്താനാണ് പദ്ധതിയിടുന്നത്. ഗ്രാമീണ തൊഴിലും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമായി ഇതിനെ ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ്, എംജിഎൻആർഇജിഎ ബച്ചാവോ സംഗ്രാമുമായി ബന്ധപ്പെട്ട പുതിയ പ്രക്ഷോഭവും പ്രഖ്യാപിച്ചു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഉത്സവങ്ങളും രാഷ്ട്രീയ ആകർഷണങ്ങളായി മാറിയിരിക്കുന്നു. സാമൂഹിക നീതി, സമത്വം, വ്യത്യസ്തമായ സാംസ്കാരിക സ്വത്വം എന്നിവയുടെ “ദ്രാവിഡ ഉത്സവം” ആയി പൊങ്കലിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഭരണകക്ഷിയായ ഡിഎംകെ വിവാദങ്ങൾക്ക് തുടക്കമിട്ടു. അതേസമയം, ഹിന്ദു മത വിഭാഗങ്ങളുടെ വിളവെടുപ്പ് ഉത്സവം ഇല്ലാതാക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുവെന്ന് ബിജെപിയും എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെയും ആരോപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശപ്രകാരം ഡിഎംകെ “ദ്രാവിഡ പൊങ്കൽ” ആഘോഷിക്കുകയും തമിഴ് സംസ്കാരം, സ്വത്വം, പ്രാദേശിക അഭിമാനം, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ദീർഘകാല രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തുകയും ചെയ്തിരിക്കുകയാണ്. മറുവശത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയില്‍ കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിൽ പൊങ്കൽ ആഘോഷിക്കുകയും വിളവെടുപ്പ് ഉത്സവത്തെ സൂചിപ്പിക്കുന്ന പരമ്പരാഗത ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു, ഇത് തമിഴ് സമൂഹത്തെ സ്വാധീനിക്കാനുള്ള ശ്രമമായി കണക്കാക്കപ്പെടുന്നു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം ഒറ്റയ്ക്ക് മെനയുന്ന ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതി, രാജ്യത്ത് നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി. തന്റെ എഴുപതാം ജന്മദിനത്തിൽ ലഖ്നൗവിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ്, ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രമായി മത്സരിക്കുന്നതും ഒരു പാർട്ടിയുമായും ഒരു തരത്തിലുള്ള സഖ്യത്തിലേർപ്പെടാതിരിക്കുന്നതുമാണ് കൂടുതൽ ഉചിതമെന്ന പാർട്ടി തീരുമാനം മായാവതി ഉറപ്പിച്ചത്. ബിഎസ്‌പി അധികാരത്തിൽ വന്നാൽ ബ്രാഹ്മണ സമൂഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെയോ ബിജെപിയുടെയോ സമാജ്‌വാദി പാർട്ടിയുടെയോ സ്വാധീനത്തിൽ വീഴരുതെന്ന് ബ്രാഹ്മണർക്ക് അവർ മുന്നറിയിപ്പ് നൽകി.
ഉത്തർപ്രദേശിലുടനീളം മായാവതിയുടെ 70-ാം പിറന്നാല്‍ ‘ജൻ കല്യാണ്‍കാരി ദിവസ്’ ആയി ബിഎസ്‌പി ആചരിച്ചു.
മകരസംക്രാന്തിയോടനുബന്ധിച്ചുള്ള പരമ്പരാഗത ‘ദഹി-ചുഡ’ വിരുന്ന് ബിഹാറിൽ പുതിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുന്നു. ആചാരപരമായ ഈ ഒത്തുചേരൽ നടത്താത്തതിനും പരിപാടി സംഘടിപ്പിച്ച തന്റെ ജ്യേഷ്ഠൻ തേജ് പ്രതാപ് യാദവിനെ പ്രശംസിക്കാത്തതിനും തേജസ്വി യാദവിനെ മുതിർന്ന ആർജെഡി നേതാവ് ശിവാനന്ദ് തിവാരി പരസ്യമായി വിമർശിച്ചു. ജനശക്തി ജനതാദൾ നേതാവായ തേജ് പ്രതാപ് യാദവ് സംഘടിപ്പിച്ച ദഹി-ചുഡയില്‍ ആർജെഡി പ്രസിഡന്റും പിതാവുമായ ലാലു പ്രസാദ് പങ്കെടുത്തു. എന്നാല്‍ ലാലുവും റാബ്രി ദേവിയും തേജസ്വി യാദവിനാപ്പം താമസിക്കുന്ന പട്നയിലെ 10 സർക്കുലർ റോഡ് ബംഗ്ലാവിൽ അത്തരമൊരു വിരുന്ന് സംഘടിപ്പിച്ചില്ല. സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം പരമ്പരാഗതവും പ്രാധാന്യമുള്ളതുമായ ദഹി-ചുഡ സംഘടിപ്പിച്ച മൂത്ത മകനെ, പരിപാടിയില്‍ പങ്കെടുത്ത ലാലു പ്രശംസിച്ചു. എന്നാല്‍ ഇളയ സഹോദരൻ തേജസ്വി യാദവും അമ്മ റാബ്രി ദേവിയും പരിപാടിയില്‍ പങ്കെടുത്തില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍, ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാർ സിൻഹ, ജനതാദൾ (യുണൈറ്റഡ്) നേതാവും മന്ത്രിയുമായ അശോക് ചൗധരി എന്നിവരും വിരുന്നിൽ പങ്കെടുത്തു.

