Site iconSite icon Janayugom Online

കനല്‍വഴികള്‍ താണ്ടിയ സമരവീര്യം

കനല്‍വഴികള്‍ താണ്ടിയ കേരളചരിത്രത്തിലെ രക്തത്തുള്ളിയാണ് പുന്നപ്ര – വയലാർ സമരം. 1946 ഒക്ടോബർ 24ന് പുന്നപ്രയിലും 27ന് വയലാറിലുമുണ്ടായ രക്തച്ചൊരിച്ചിലിൽ എത്രപേർ മരിച്ചെന്ന് ഇന്നും വ്യക്തമായ കണക്കില്ല. ‘രാജവാഴ്ച അവസാനിപ്പിക്കും, ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളില്‍ മൂലധനശക്തികള്‍ക്കും ജന്മിമാര്‍ക്കുമെതിരെ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കയര്‍, മത്സ്യ, ചെത്തുതൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര‑വയലാര്‍ എന്ന ജ്വലിക്കുന്ന ചരിത്രമായി മാറിയത്.
1946 ജനുവരി 15ന് അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുറന്ന സമരത്തിലേക്കിറങ്ങുന്നത്. തുടര്‍ച്ചയായ പണിമുടക്കുകള്‍ കയര്‍ത്തൊഴിലാളികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാഗത്തുനിന്നുണ്ടായി. രണ്ടാം ലോക‌യുദ്ധത്തിന്റെ ഫലമായി ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും, മുതലാളിമാരുടെ തൊഴിലാളിവര്‍ഗത്തോടുള്ള നിലപാടുകളും ജനങ്ങളെ അസ്വസ്ഥരാക്കിയ കാലം. ആലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ സ്ഥിതി അതിരൂക്ഷമായിരുന്നു. ജന്മിമാരും, നാട്ടുപ്രമാണിമാരും, മുതലാളിമാരും കൂലി കൂടുതല്‍ ചോദിച്ച തൊഴിലാളികളെ ഗുണ്ടകളെവിട്ട് ആക്രമിക്കുകയും, വീടുകള്‍ നശിപ്പിക്കുകയും, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, കുടിയൊഴിപ്പിക്കുകയുമുള്‍പ്പെടെ ചെയ്തിരുന്നു.
പൊറുതിമുട്ടിയ തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ച് സമരം നയിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നിട്ടിറങ്ങി. എല്ലാ മേഖലകളിലുള്ള തൊഴിലാളികളെയും സംഘടിതരാക്കി വ്യത്യസ്ത തൊഴിലാളി യൂണിയനുകളുണ്ടാക്കി. സംഘം ചേര്‍ന്ന തൊഴിലാളികള്‍ അവകാശം ചോദിച്ചു വാങ്ങാന്‍ തുടങ്ങിയത് മുതലാളിമാരെയും നാട്ടുപ്രമാണിമാരെയും ചൊടിപ്പിച്ചു. യുദ്ധാനന്തരകാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും, വിലക്കയറ്റവും, ഭക്ഷ്യക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തെ രൂക്ഷമാക്കുകയും ചെയ്തു.
1930കളിൽ പി കൃഷ്ണപിള്ള മുൻകയ്യെടുത്ത് ആലപ്പുഴയിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. 1934ല്‍ തൊഴിലാളികളുടെ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം രാജാവിന് സമർപ്പിക്കാൻ തീരുമാനിച്ചു. 1937ൽ കൃഷ്ണപിള്ളയുടെ തന്നെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകൾ പൊതുപണിമുടക്കിന് ആഹ്വാനം നല്‍കി. അതിനിടെ ആർ സുഗതൻ ഉൾപ്പെടെയുള്ള നേതാക്കള്‍ അറസ്റ്റ്ചെയ്യപ്പെട്ടു. അവരെ വിട്ടയയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് സൗത്ത് പൊലീസ് സ്റ്റേഷൻ സമരക്കാര്‍ വളഞ്ഞു. മൃഗീയമായ ലാത്തിച്ചാർജിനിടയിൽ ബാവ എന്ന സഖാവ് കൊലചെയ്യപ്പെട്ടു.
1938ൽ കെ കെ കുഞ്ഞൻ, കെ വി പത്രോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പണിമുടക്കിന് ഒരുക്കങ്ങളാരംഭിച്ചു. 25 ദിവസം നീണ്ടുനിന്ന പണിമുടക്കിനെ നേരിടാൻ പൊലീസ് തോക്കെടുത്തപ്പോൾ വാരിക്കുന്തവുമായി തൊഴിലാളികൾ പ്രതിരോധിച്ചു. മൂന്ന് തൊഴിലാളികൾ രക്തസാക്ഷികളായി. മേലില്‍ കൂലി വെട്ടിക്കുറയ്ക്കില്ലെന്ന് മുതലാളിമാർക്ക് ഈ പണിമുടക്കോടെ അംഗീകരിക്കേണ്ടിവന്നു. പുന്നപ്ര‑വയലാർ സമരത്തിന് മുമ്പുണ്ടായ തൊഴിലാളി സമരമുന്നേറ്റങ്ങളാണിവയെല്ലാം.
പുന്നപ്ര — വയലാര്‍ സമരത്തിനു മുന്നോടിയായി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ തുടങ്ങിയിരുന്നു. രണ്ടാം ലോകയുദ്ധത്തെ തുടർന്ന് പട്ടാളത്തിൽ നിന്നും പിരിഞ്ഞവർ കേഡർമാർക്ക് പരിശീലനം നൽകി. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന സി കെ കുമാരപ്പണിക്കർ, എംഎൻ, കെ സി ജോർജ്, ടി വി തോമസ്, എം ടി ചന്ദ്രസേനൻ, എ ആർ ശ്രീധരൻ, കെ പി പത്രോസ്, എൻ പി തണ്ടാർ, ആർ സുഗതൻ തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയ പ്രധാന നേതാക്കൾ.
1946 മാർച്ചിൽ ഓൾ ട്രാവൻകൂർ ട്രേഡ് യൂണിയനെ (എടിടിയുസി) അമർച്ച ചെയ്യാനുള്ള ക്രൂരമായ ശ്രമങ്ങൾ തിരുവിതാംകൂർ പൊലീസ് തുടങ്ങി. അതേസമയം മറുവശത്ത് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ കൂടുതല്‍ കരുത്തു നേടുകയായിരുന്നു. ആ വര്‍ഷം ജൂലൈയിൽ മുഹമ്മയിലും ചേർത്തലയിലും മൂന്ന് ദിവസം പണിമുടക്ക് നടന്നു. തൊഴിലാളിമുന്നേറ്റം മണത്തറിഞ്ഞ സിപിയുടെ പട്ടാളം മർദനമുറകൾ ആരംഭിച്ചു. ഒക്ടോബർ അഞ്ചിന് ആലപ്പുഴയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. അതിന്റെ തുടർച്ചയെന്നോണം സൈന്യം അമ്പലപ്പുഴ, ചേർത്തല പ്രദേശം വളഞ്ഞു. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട വയലാറിനെ ഒറ്റപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞു. തിരുവിതാംകൂറിലെ നാവികസേനയും ശക്തമായി രംഗത്തുണ്ടായിരുന്നു. സൈന്യവും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ നടന്ന സംഘർഷങ്ങളിൽ 500ലധികം കമ്മ്യൂണിസ്റ്റുകാർ രക്തസാക്ഷികളായി.
ഈ സമരത്തോടെ ദിവാൻ ഭരണം തകർന്നു. ആർഎസ്‌പിക്കാരനായ കെ സി എസ് മണിയുടെ വെട്ടേറ്റ് മൂക്കുമുറിഞ്ഞ ദിവാൻ സി പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിൽ നിന്നും പലായനം ചെയ്തു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമരങ്ങളായ തെലങ്കാന, തേഭാഗാ കലാപങ്ങൾക്കൊപ്പം നിൽക്കുന്ന പുന്നപ്ര‑വയലാർ സമരം കേരള ചരിത്രത്തിന്റെ ഗതിമാറ്റുന്നതിൽ നിർണായക പ്രാധാന്യമുള്ളതായി. കലാപാനന്തരം, കേരളത്തിലെ സംഘടിത കർഷകത്തൊഴിലാളി വിഭാഗങ്ങൾ പൂർവാധികം ശക്തിയോടെ ഉയർന്നുവരികയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകാരുടെ കഥകഴിക്കുമെന്നാണ് നിയമസഭയിൽ സിപി പ്രസംഗിച്ചിരുന്നത്. എന്നാൽ പുന്നപ്ര‑വയലാർ സമരത്തോടെ കേരളത്തിലെ ഏറ്റവും ഉജ്വലമായ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർന്നുവന്നു. സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957ൽ നിലവിൽ വന്നതോടെ, അത് പ്രത്യക്ഷത്തിൽ സ്ഥിരീകരിക്കപ്പെട്ടു.
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പണയംവച്ചു കൊണ്ട് ദിവാൻപടയ്ക്കു നേരെ പോരാട്ടം നടത്തിയ ധീര സഖാക്കളുടെ ചരിത്രത്തെ സ്വാതന്ത്ര്യാനന്തരം കേന്ദ്രം ഭരിച്ച സർക്കാരുകൾ നിരാകരിക്കുന്ന സ്ഥിതിയായിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പുന്നപ്ര‑വയലാർ പോരാട്ടത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി തമസ്കരിക്കാന്‍ ശ്രമിച്ചു. സമുന്നത സിപിഐ നേതാവും മികച്ച പാർലമെന്റേറിയനുമായ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് 1998ൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പുന്നപ്ര‑വയലാറിനെ ഔദ്യോഗികമായി അംഗീകരിച്ചതും സമരസേനാനികള്‍ക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകാൻ തീരുമാനിച്ചതും.
ഇന്ത്യ ഹിന്ദുത്വ ഫാസിസമെന്ന ഭീഷണിയെ അഭിമുഖീകരിക്കുമ്പോൾ പുന്നപ്ര‑വയലാർ സമരത്തെക്കുറിച്ചുള്ള ആവേശ്വോജ്വല സ്മരണകൾ നമുക്ക് കൂടുതൽ കരുത്തു നൽകും. സംഘ്പരിവാര്‍ ഭരണകൂടം ചരിത്രത്തെ, അവരുടെ പ്രത്യയശാസ്ത്ര വൈകൃതങ്ങൾക്കും പ്രതിലോമാശയങ്ങൾക്കുമനുസരിച്ച് തിരുത്തിയെഴുതുന്നു. യഥാര്‍ത്ഥ ചരിത്രത്തെ അവര്‍ ഭയപ്പെടുന്നു. തങ്ങളുടെ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന രക്തരൂഷിതമായ കലാപങ്ങളെ വീണ്ടും ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക അവരിൽ ഭയവും വിഭ്രാന്തിയും സൃഷ്ടിക്കുന്നു.
ഏകാധിപതിയും ജനവിരുദ്ധനുമായ ദിവാൻ സിപിക്കെതിരെ പുന്നപ്ര‑വയലാറിലെ സഖാക്കൾ നടത്തിയ ത്യാഗോജ്വല പോരാട്ടത്തിലെ ഉന്നതമായ രാഷ്ട്രീയമൂല്യങ്ങളും അനീതിക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറായ സമരവീര്യവും, ഫെഡറലിസവും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും തകർക്കുന്ന സംഘ്പരിവാർ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്താനും വിജയിപ്പിക്കാനും നമുക്ക് ഊർജം പകരും. 

Exit mobile version