Site iconSite icon Janayugom Online

എതിര്‍ ശബ്ദങ്ങളെ തകര്‍ക്കാന്‍ റെയ്ഡ് രാജ്

രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമാണ്. ഭീതി സൃഷ്ടിച്ച് സ്വന്തം അജണ്ട നടപ്പിലാക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നീക്കം നടത്തുന്നു. പൊലീസിനെയും ഇഡിയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും അഴിച്ചുവിട്ട് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നു. മാധ്യമങ്ങളുടെ നാവ് പിഴുതെടുക്കുന്നു. എതിര്‍ശബ്ദം ആവശ്യമില്ല. ഒരു ശബ്ദം, ഒരു രാജ്യം, ഒരു നേതാവ്. മോഡിയും മോഡിയുടെ ശബ്ദവും മാത്രം മതി. മറ്റ് ശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കുവാന്‍ അവകാശമില്ല. സംഭവങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യരുത്. ഭരണകൂട താല്പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ വാര്‍ത്തകള്‍ പുറത്തുവരാവൂ. ഒരു കേന്ദ്രത്തില്‍ നിന്നും സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പകര്‍ത്തി പ്രസിദ്ധീകരിക്കുന്നതാണ് മാധ്യമ ധര്‍മ്മം എന്ന മോഡി നയം നടപ്പിലാക്കുകയാണ്.
മലയാളം ചാനലായ മീഡിയാ വണ്‍ പൂട്ടിച്ചു. നിയമയുദ്ധത്തിലൂടെയാണ് അവര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ന്യൂസ് ക്ലിക്ക് എന്ന വെബ് പോര്‍ട്ടലിനെ അടച്ചുപൂട്ടി. രാജ്യദ്രോഹകരമായ വാര്‍ത്തകള്‍ നല്‍കിയെന്നാണ് അവരുടെമേല്‍ ചാര്‍ത്തിയ കുറ്റം. ചൈനയ്ക്കുവേണ്ടി പ്രചരണം നടത്തിയെന്നതാണ് പ്രധാന ആരോപണം. മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അച്ചടി-ദൃശ്യ‑വെബ് മാധ്യമങ്ങള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേരിനു തന്നെ കളങ്കം ചാര്‍ത്തുന്നു. ഫാസിസത്തിന്റെ അടിസ്ഥാനനയം എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മാധ്യമവേട്ട ശക്തിപ്പെടുത്തുകയാണ്. ന്യൂസ് ക്ലിക്കിനെതിരായ നടപടി മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് കല്‍ത്തുറുങ്കിലാണ് താമസം എന്ന സന്ദേശം നല്‍കുന്നു.
രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും വേട്ടയാടലിനെ എത്രത്തോളം ഗൗരവമായി കണ്ടു? അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ ഭരണകൂടഭീകരതയെ വിമര്‍ശിച്ചവരാണ് ഇന്ത്യയിലെ പത്രങ്ങളും എഡിറ്റര്‍മാരും പത്രപ്രവര്‍ത്തകരും. വാര്‍ത്തകള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ മുഖപ്രസംഗം എഴുതാതെ ഒഴിച്ചിട്ട് പ്രതിഷേധം രേഖപ്പെടുത്തി. ആ ചങ്കൂറ്റം കാണിക്കാന്‍ ഇന്ന് ഇന്ത്യയിലെ എത്ര മാധ്യമങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്? ഭരണകൂടഭീകരതയോട് സൗഹൃദ നിലപാട് സ്വീകരിക്കുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മരണമാണ് ഉണ്ടാകുന്നത്. ഭരണകൂടത്തിന്റെ ചങ്ങാത്തം അതിലൂടെ ലഭിക്കുമെന്നത് മിച്ചമായിരിക്കും.

 


ഇതുകൂടി വായിക്കൂ; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ബഹുസ്വര ജനാധിപത്യത്തിന്റെ പരീക്ഷണം


ഇന്ത്യ സഖ്യം രൂപീകൃതമായതിലൂടെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയും വേട്ടയാടുകയാണ്. എന്‍ഡിഎ ദുര്‍ബലമാകുന്നു എന്ന തിരിച്ചറിവ് വേണ്ടത് നരേന്ദ്രമോഡിക്കാണ്. ഭയപ്പാട് സൃഷ്ടിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നാടകങ്ങള്‍. ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ ഇന്ത്യയിലെ ജനാധിപത്യ, മതേതര, ദേശാഭിമാന, ഇടതുപക്ഷ ശക്തികള്‍ പരാജയപ്പെടുത്തുകതന്നെ ചെയ്യുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. നരേന്ദ്രമോഡി അധികാരത്തില്‍ വന്നതുമുതല്‍ ഇഡിയെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ അട്ടിമറി മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടതാണ്. പാര്‍ട്ടികളെ പിളര്‍ക്കുന്നതിനും എംഎല്‍എമാരെ ഭയപ്പെടുത്തി തങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ഇഡിയുടെ നേതൃത്വത്തിലാണ് ആ ഓപ്പറേഷനെല്ലാം നടത്തുന്നത്. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അതാണ് വ്യക്തമാക്കുന്നത്.
2014–18 കാലഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളുമായി ബ ന്ധപ്പെട്ടാണ് പശ്ചി മ ബംഗാളില്‍ ഇഡി റെയ്ഡ് നടത്തിയത്. തൊഴില്‍ നല്‍കുന്നതില്‍ കോഴവാങ്ങി എന്ന പരാതി എഴുതിവാങ്ങിച്ചാണ് പശ്ചിമബംഗാള്‍ സ ര്‍ക്കാരിനെതിരെയുള്ള നീക്കങ്ങള്‍. മദ്യനയത്തിന്റെ പേരില്‍ ഇഡിയും സിബിഐയും ഡല്‍ഹി എഎപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ പേരില്‍ കേസെടുത്ത് ജയിലില്‍ അടച്ചു.

സിസോദിയ മദ്യനയത്തിന്റെ പേരില്‍ പണം വാങ്ങിയതിന് തെളിവ് എവിടെയെന്ന് സുപ്രീം കോടതി ഇഡിയോടും സിബിഐയോടും ചോദിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരം നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കഴിഞ്ഞില്ല. തെളിവ് സ്ഥാപിക്കുവാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി ഭാട്ടി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. നരേന്ദ്ര മോഡിയോടൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് തെലങ്കാനയില്‍ ബിആര്‍എസിനെതിരെ ഇഡി അന്വേഷണം. പാര്‍ട്ടി എംഎല്‍എ മഗന്തി ഗോപിനാഥിനെതിരായി നിരവധി സ്ഥലങ്ങളില്‍ ഇഡിയും ആദായനികുതി വകുപ്പം ചേര്‍ന്ന് റെയ്ഡ് നടത്തി. ഭയപ്പാട് സൃഷ്ടിച്ച് ബിആര്‍എസിനെ പിളര്‍ത്താന്‍ ശ്രമം നടത്തുകയാണ്. മഹാരാഷ്ട്രയില്‍ എന്‍സിപിയെയും ശിവസേനയെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തിയാണ് പിളര്‍ത്തിയത്.
കര്‍ണാടകയില്‍ വീണ്ടും ഇഡി രംഗത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, കര്‍ണാടകയില്‍ നടത്തിയ റെയ്ഡുകള്‍ ഏറെ ചര്‍ച്ചാവിഷയമായതാണ്. രാഷ്ട്രീയ പ്രേരിതമായിരുന്നു അന്വേഷണങ്ങള്‍ എന്ന് വ്യക്തമായ ജനങ്ങള്‍ ബിജെപിക്കെതിരെ വിധിയെഴുതുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആര്‍ എം മഞ്ചുനാഥ് ഗൗഡയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യംവച്ചാണ്. 2014ല്‍ ശിവമോഗ ജില്ലയിലെ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഇപ്പോള്‍ രംഗത്തുള്ളത്.

 


ഇതുകൂടി വായിക്കൂ; രോഗി, രോഗം, ചികിത്സ


 

തമിഴ്‌നാട് സര്‍ക്കാര്‍ ബിജെപിക്കെതിരായി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ആ സര്‍ക്കാരിനെ നരേന്ദ്രമോഡി തങ്ങളുടെ ശത്രുവായിട്ടാണ് കാണുന്നത്. ബിജെപിയുടെ രാഷ്ട്രീയ തന്ത്രമൊന്നും ആ നാട്ടില്‍ വേരുപിടിക്കുന്നില്ല. നടുമ്പോള്‍ത്തന്നെ വാടിപ്പോകുകയാണ്. അതിന്റെ പ്രതികാരമെന്ന നിലയില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. ഡിഎംകെ ലോക്‌സഭാംഗം എസ് ജഗത് രക്ഷകനെ കേസില്‍ക്കുടുക്കാന്‍ നിരവധി സ്ഥലങ്ങളില്‍ ഇഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയലക്ഷ്യത്തോടെ ഇഡിയും മറ്റ് അന്വേഷണ ഏജന്‍സികളും നടത്തിയ നീക്കം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇടതു-ജനാധിപത്യ പ്രസ്ഥാനം അതിനെതിരായി അതിശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം കൈവരിച്ചത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തിക്കൊണ്ടാണ്. സംഘ്‌പരിവാര്‍ സംഘടനകളുടെ നേതൃത്വമായ ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ആര്‍എസ്എസ് നിശ്ചയിക്കുന്ന അജണ്ടകളാണ് നരേന്ദ്രമോഡി നടപ്പിലാക്കുന്നത്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം എളുപ്പമല്ല എന്ന തിരിച്ചറിവ് സംഘ്പരിവാറിനുണ്ട്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കി അതിനെ മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അന്വേഷണ നാടകങ്ങള്‍. ഭയം സൃഷ്ടിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭിന്നിപ്പിന്റെ പ്രേരണ നല്‍കുക, എന്‍ഡിഎയിലെ ഘടകകക്ഷികളെ കൂടെ നിര്‍ത്തുക എന്നതാണ് ലക്ഷ്യം.
ബിജെപി നേതൃനിരയില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജെയും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരാണ് എന്ന വാര്‍ത്തകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ബിജെപിയിലെ അസംതൃപ്തരായവര്‍ക്കുകൂടിയുള്ള സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളിലെ ഇഡിയുടെ നീക്കങ്ങള്‍. ‘ഇന്ത്യ’ സഖ്യം രാജ്യത്ത് ബദല്‍ശക്തിയായി ഉയര്‍ന്നതോടെ പ്രതിപക്ഷത്തെ സര്‍വശക്തിയും ഉപയോഗിച്ച് തകര്‍‍ക്കാനാണ് നരേന്ദ്രമോഡിയും കേന്ദ്ര സര്‍ക്കാരും രംഗത്തുള്ളത്. അതിനെയെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ ഒന്നിച്ച് പരാജയപ്പെടുത്തുകതന്നെ ചെയ്യും.

Exit mobile version