Site iconSite icon Janayugom Online

വിരാധ വധവും രണ്ട് രാമായണങ്ങളും

അരണ്യകാണ്ഡത്തിൽ രാമൻ ആദ്യം വധിക്കുന്ന രാക്ഷസ സത്വം വിരാധനാണെന്നു വാല്മീകി രാമായണത്തിലും അധ്യാത്മരാമായണത്തിലും ഒരുപോലെ പറയുന്നുണ്ട്. പക്ഷേ വാല്മീകി രാമായണത്തിൽ വിരാധനെ, രാമന് ആയുധങ്ങളാൽ കൊല്ലാനാകുന്നില്ല. രാമ‑ലക്ഷ്മണർ ചേർന്ന് കുഴിവെട്ടി അതില്‍ മൂടുകയാണ് ചെയ്തത് എന്നാണ് വാല്മീകി രാമായണം പറയുന്നത്. എന്നാൽ, അധ്യാത്മരാമായണത്തിൽ ‘അർധ ചന്ദ്രാകൃതിയിലുള്ള ഒരു അമ്പുകൊണ്ട് വിരാധന്റെ വലിയ തല പിളർന്നു. തൽക്ഷണം ചോരയൊലിപ്പിച്ചുകൊണ്ട് രാക്ഷസൻ നിലംപതിച്ചു ’ എന്നാണ് വിവരണം. രാമ‑ലക്ഷ്മണന്മാർ കൊല്ലാനാകാതെ കുഴിവെട്ടി മൂടി എന്ന് വാല്മീകി രാമായണം പറയുന്ന വിരാധനെ അധ്യാത്മരാമായണത്തിൽ രാമൻ അമ്പെയ്ത് തലയറുത്തു വീഴ്ത്തിയതായി പറയുന്നു. ഇത്തരം മാറ്റങ്ങൾ ഒരു കഥാസന്ദർഭത്തില്‍ തന്നെ രണ്ടു രാമായണങ്ങൾ തമ്മിലുണ്ടെന്നത് തെളിയിക്കുന്നത് നിരവധി പാഠഭേദങ്ങൾക്ക് വിധേയമായ സാഹിത്യ സംഭവമാണ് രാമായണ വാങ്മയങ്ങൾ എന്നാണ്. ഇതിലേതെങ്കിലും ഒരു പാഠം മുറുകെപ്പിടിച്ച് ഇതരപാഠങ്ങളെയെല്ലാം പുറന്തള്ളുന്ന രീതി രാമായണത്തെ മതഗ്രന്ഥമാക്കി ചുരുക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വഭാവമാണ്. രാമായണത്തെ മതഗ്രന്ഥമാക്കി ചുരുക്കാതെ സാഹിത്യ സംഭവമാക്കി നിലനിർത്താൻ ശ്രമിക്കുന്ന ഏതൊരു സഹൃദയമാനവനും രാമായണത്തിന്റെ പാഠഭേദങ്ങളോരോന്നും ആസ്വദനീയങ്ങളായ വാങ്മയാവിഷ്കാരങ്ങൾ മാത്രമായിരിക്കും. 

അധ്യാത്മരാമായണത്തിലെ വിരാധനും വാല്മീകി രാമായണത്തിലെ വിരാധനും തമ്മിൽ വേറെയും വ്യത്യാസങ്ങളുണ്ട്. അതിൽ എടുത്തുപറയേണ്ടത് വിരാധന്റെ രാക്ഷസപൂർവ ഭാവമാണ്. അധ്യാത്മരാമായണത്തിൽ വിരാധൻ അകാരണമായി കോപിക്കൽ സ്വഭാവമായ ദുർവാസാവിനാൽ ശപിക്കപ്പെട്ടു രാക്ഷസനാകേണ്ടി വന്ന ഒരു വിദ്യാധരനാണ്. രാമൻ വിരാധനെ വധിച്ചതും രാക്ഷസീയതയിൽ നിന്നു ശാപമുക്തനായി തേജോരൂപിയായ വിദ്യാധരൻ ഉയിർത്തെഴുന്നേറ്റതായാണ് അധ്യാത്മരാമായണം വിവരിക്കുന്നത്. എന്നാൽ വാല്മീകി രാമായണത്തിലെ വിരാധന്റെ പൂർവാവസ്ഥ ഇങ്ങനെയാണ്;
‘അഭിശാപാദഹം ഘോരാം പ്രവിഷ്ടോ രാക്ഷസീം തനും
തുംബുരുർനാമ ഗന്ധർവഃ ശപ്തോ വൈശ്രവണേന ഹി’ (വാല്മീകി രാമായണം; അരണ്യകാണ്ഡം; സർഗം നാല്; ശ്ലോകം16) ‘ഞാൻ വൈശ്രവണനാൽ ശാപഗ്രസ്തനായി രാക്ഷസ രൂപം പൂണ്ട തുംബുരു എന്ന ഗന്ധർവനാണ്’ എന്നാണ് ശ്ലോകതാല്പര്യം.
ഇത്തരം വ്യത്യാസങ്ങൾ കൗതുകകരങ്ങളും അതേസമയം ഇനിയും ഇനിയും ഗവേഷകരുടെ ചിന്തയ്ക്ക് വിഷയീഭവിക്കേണ്ടതുമാണ്. എന്തായാലും ഇന്ത്യയിൽ ‘വാല്മീകിയുടെ രാമായണം തിരുത്തുന്നോടോ’ എന്നു ചോദിച്ച് ഒരു ഹനുമൽ സേനക്കാരും അധ്യാത്മരാമായണ കർത്താക്കളെ ആക്രമിച്ചതായി കേട്ടുകേൾവിപോലും ഇല്ല. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാമായണത്തെക്കുറിച്ച് എന്തെഴുതാനും എവിടെ എഴുതാനും ചില സംഘിമാടമ്പിമാരുടെ തിരുവുള്ള സമ്മതി വാങ്ങണമെന്ന സ്ഥിതി ഉണ്ടായി വന്നിട്ടുണ്ട്. ഈ പ്രവണത രാമായണ സാഹിത്യ ചരിത്രത്തിനു തന്നെ വിരുദ്ധമാണ്.
അക്രമകാരികളെ സ്വജീവരക്ഷാർത്ഥം വധിക്കുന്നത് ഇന്നത്തെ നിയമവ്യവസ്ഥയിൽ പോലും ഇളവുകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. രാമൻ വധിച്ച വിരാധൻ രാമനെയും സീതാലക്ഷ്മണരെയും കൊന്നു തിന്നാൻ പാഞ്ഞടുത്തപ്പോഴാണ് യുദ്ധവും വധവും ഉണ്ടാവുന്നത്. അന്യരെ അകാരണമായി ഉപദ്രവിച്ചു ജീവനാശം വരുത്തുന്ന അമിത ബലമാണ് രാക്ഷസീയത. ആ രാക്ഷസീയത എല്ലാകാലത്തും അമർച്ച ചെയ്യപ്പെടേണ്ട സാമൂഹിക വിപത്താണ്. 

Exit mobile version