Site iconSite icon Janayugom Online

സ്വിറ്റ്സര്‍ലന്‍ഡില്‍ ചുവപ്പുതരംഗം

പ്രായേണ യാഥാസ്ഥിതിക മുതലാളിത്ത രാജ്യമായ സ്വിറ്റ്സര്‍ലന്‍ഡില്‍‍ ചുവപ്പുകൊടുങ്കാറ്റ് വീശുന്നു. 82 വര്‍ഷത്തെ നിരോധനത്തിനുശേഷം ഇക്കഴിഞ്ഞ മേയില്‍ ബേണിലെ ബര്‍ഗ്‌ഡ്രോഫില്‍ പുനരുജ്ജീവിക്കപ്പെട്ട സ്വിറ്റ്സര്‍ലന്‍ഡ് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിയാര്‍ജിച്ച് വരികയാണ്. 312 പ്രതിനിധികളാണ് പാര്‍ട്ടിയുടെ പുനരുജ്ജീവന സമ്മേളനത്തില്‍ പങ്കെടുത്തത്. തൊഴിലാളികളും സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ വ്യവസായമായ ചോക്ലേറ്റ്, വാച്ച് നിര്‍മ്മാണശാലകളിലെ തൊഴിലാളികളുമടങ്ങുന്ന രാജ്യത്തിന്റെ ഒരു പരിച്ഛേദമായിരുന്നു നിരോധനത്തിനുശേഷമുള്ള ഈ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. വരിഞ്ഞുമുറുക്കി നിര്‍ത്തിയിരുന്ന ജനരോഷത്തിന്റെ അണമുറിച്ചുള്ള പ്രകടനമായി സമ്മേളനം മാറിയത് കമ്മ്യൂണിസത്തിന്റെ മിന്നും മുന്നേറ്റമായി. ഇനി സ്വിറ്റ്സര്‍ലന്‍ഡ് ചുവപ്പിന്റെ മനംമാറ്റക്കാലമായാണ് അടയാളപ്പെടുത്താന്‍ പോകുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദെര്‍സു ഫെറി പറയുന്നു, ഒക്ടോബര്‍ വിപ്ലവത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് തൊട്ടുപിന്നാലെ രൂപീകൃതമായ സ്വിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കുമ്പോള്‍ പാര്‍ട്ടിയില്‍ അംഗങ്ങളായിരുന്നത് 6000ത്തില്‍പരം പേര്‍. പാര്‍ലമെന്റിലും പ്രാദേശിക ഭരണകൂടങ്ങളിലും അംഗത്വമുണ്ടായിരുന്ന പാര്‍ട്ടിയുടെ അന്നത്തെ വോട്ടുവിഹിതം 24 ശതമാനമായിരുന്നു. എന്നാല്‍ പുനരുജ്ജീവനത്തിനുശേഷം ഓഗസ്റ്റിലെത്തിയപ്പോള്‍ അംഗങ്ങളുടെ സംഖ്യ 37,000ത്തില്‍പരമായി. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് ഇത് 44,000 കടന്നു. യൂറോപ്പില്‍ മറ്റൊരു രാഷ്ട്രീയ കക്ഷിക്കും ചരിത്രത്തില്‍ അവകാശപ്പെടാനില്ലാത്ത ഉജ്വല മുന്നേറ്റമാണിതെന്ന് ദെര്‍സു ഹെറി പറയുന്നു.

ആറ് സര്‍വകലാശാലാ യൂണിയനുകളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റ് ചുണക്കുട്ടികളാണ്. ബേണിലും ജനീവയിലും സൂറിച്ചിലും സോകോര്‍സ്കിയിലും നടന്ന തൊഴിലാളി പണിമുടക്കുകളും സ്വിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനും തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും അടിമക്കൂലി വ്യവസ്ഥയ്ക്കുമെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്ന പ്രകടനങ്ങള്‍ പാര്‍ട്ടിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ പ്രതീകങ്ങളായി. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്ന കര്‍ഷകര്‍ കൃഷിഭൂമിക്ക് വേണ്ടി ആരംഭിച്ച പ്രക്ഷോഭങ്ങളും സ്വിറ്റ്സര്‍ലന്‍ഡിലെ പതിവ് കാഴ്ചയല്ലായിരുന്നു. വനാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളും സമരപഥത്തിലെത്തിയത് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള സംഭവവികാസം.
സ്വാഭാവികമായും നവജാത കമ്മ്യൂണിസ്റ്റ് ശിശുവിനെ മുക്കിക്കൊല്ലാനുള്ള സംഘടിത ശ്രമവും മുതലാളിത്ത മാധ്യമക്കൂട്ടത്തില്‍ നിന്ന് ഉണ്ടായിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയ ങ്ങളില്‍ അന്ധാളിച്ച മുതലാളിത്ത സമൂഹം അലമുറയിട്ടത്, ‘യൂറോപ്പിനെ ഒരു ഭൂതം ആവേശിച്ചിരിക്കുന്നുവെന്നാ‘യിരുന്നു. കമ്മ്യൂണിസ്റ്റ് ഭൂതം ഇപ്പോള്‍ സ്വിസ്-പാശ്ചാത്യമാധ്യമങ്ങളെയും ഗ്രസിച്ചിരിക്കുന്നു. സിഐഎയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പടയോട്ടമാണിതെന്നാണ് സ്വിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘ദി കമ്മ്യൂണിസ്റ്റ്’ പ്രതികരിച്ചത്. പാര്‍ട്ടി മുഖപത്രത്തിന്റെ പ്രചാരം 1300ല്‍ നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ 47,000 ആയി കുതിച്ചുയര്‍ന്നതും മുതലാളിത്ത മാധ്യമങ്ങള്‍ക്ക് പ്രകോപനമായി.

ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘സ്പാര്‍ക്ക്’ പറഞ്ഞത് ‘കമ്മ്യൂണിസ്റ്റ് വിപ്ലവം സ്വിറ്റ്സര്‍ലന്‍ഡില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു, ലെനിന്‍ ഈ രാജ്യത്ത് ഉദിച്ചുയര്‍ന്നുകഴിഞ്ഞു‘വെന്നായിരുന്നു. 300 കമ്മ്യൂണിസ്റ്റുകള്‍ ചേര്‍ന്ന് ആരംഭിച്ച ഈ പ്രസ്ഥാനം ഇനിയും രാഷ്ട്രശരീരത്തിനുമേല്‍ പടര്‍ന്നു കയറാതിരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ ‘ബ്ലിക്കി‘ന്റെ മുറവിളി. എന്നാല്‍ ഈ മാധ്യമങ്ങളെല്ലാം ഒരുകാര്യം സമ്മതിക്കുന്നു.’ സ്വിസ് കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ വളമിട്ടു കൊടുത്തത് മുതലാളിത്ത സംവിധാനം തന്നെയാണെന്ന്. സമൃദ്ധിയുടെ മടിത്തട്ടിലാണ് രാജ്യമെങ്കിലും ആ സമ്പന്നത മുഴുവന്‍ കയ്യടക്കി വച്ചിരിക്കുന്നത് ഒരുപിടി സ്വിസ്, വിദേശ ബഹുകോടീശ്വരന്മാരാണ്. തൊഴിലില്ലായ്മയിലും പണപ്പെരുപ്പത്തിലും ആരോഗ്യ സംരക്ഷണ പദ്ധതികളില്ലാതെയും ദാരിദ്ര്യത്തിലും വലയുന്ന സമൂഹം തിരിച്ചടിക്കുകയും ചെയ്യുക സ്വാഭാവികമാണെന്നും ബ്ലിക്ക് വിലയിരുത്തുന്നു.
കാലഹരണപ്പെട്ട മുതലാളിത്തത്തെ പിഴുതെറിഞ്ഞ് പുതിയൊരു ബദല്‍ സംവിധാനം കൊണ്ടുവരണമെന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ശൃംഖലയായ എസ്ആര്‍എഫ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയത്. ഇവരില്‍ 27 ശതമാനവും പകരം വയ്ക്കാനുള്ളത് കമ്മ്യൂണിസമാണെന്ന് രേഖപ്പെടുത്തിതെന്നതും ശ്രദ്ധേയം. ജനസമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്ന നിരാശാബോധം പടരുന്നതിന്റെ പ്രത്യാഘാതമാണ് ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് അനുകൂല മനോഭാവം വളര്‍ന്നുവരാന്‍ മൂലകാരണമെന്നും ടെലിവിഷന്‍ ശൃംഖല അഭിപ്രായപ്പെടുന്നു.
നിശബ്ദമായ ഒരു സാമൂഹ്യവിപ്ലവത്തിനാണ് സ്വിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തേരുതെളിക്കുന്നതെങ്കിലും ഈ മുന്നേറ്റത്തിനിടെ നടക്കുന്ന സമരരൂപങ്ങളെ കരിവാരിത്തേക്കാനും ബഹുജന മധ്യത്തില്‍ ഭീതി പടര്‍ത്താനുമാണ് മുതലാളിത്ത മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇത്തരം സമരങ്ങള്‍ ക്രമേണ രക്തരൂക്ഷിതസമരങ്ങളും ഗറില്ലാ യുദ്ധങ്ങളുമായി പരിണമിക്കുമെന്നാണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍ പേടിപ്പിക്കുന്നത്. പ്രചണ്ഡമായ ഈ പ്രചാരണയുദ്ധത്തിനിടയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദെര്‍സു ഹെറി ആത്മവിശ്വാസത്തോടെ പറയുന്നു; ‘ഞങ്ങള്‍ക്ക് പത്ത് വര്‍ഷം തരൂ. ഞങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിനെയാകെ ചുവപ്പിച്ചുകാണിച്ചുതരാം.’

Exit mobile version