Site iconSite icon Janayugom Online

മാര്‍ക്സിനെ സ്മരിക്കുമ്പോള്‍

മാര്‍ക്സും ഏംഗല്‍സും ചേര്‍ന്നെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് ഇങ്ങനെയാണ്- “യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. ഈ ഭൂതത്തിന്റെ ബാധ ഒഴിവാക്കാന്‍ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം — മാര്‍പ്പാപ്പയും സര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിഹും ഗിസോയും ഫ്രെഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മ്മന്‍ പൊലീസ് ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നു.” 

ബൂര്‍ഷ്വകളും തൊഴിലാളികളും എന്ന ശീര്‍ഷകത്തിന്റെ ചുവടെ നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗസമര ചരിത്രമാണെന്ന് അടയാളപ്പെടുത്തുന്നു. സാമൂഹ്യോല്പാദനോപാധികളുടെ ഉടമകളും കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനിക മുതലാളികളുടെ വര്‍ഗത്തെയാണ് ബൂര്‍ഷ്വാസി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉല്പാദനോപാധികളൊന്നും സ്വന്തമായി ഇല്ലാത്തതിനാല്‍ ഉപജീവനാര്‍ത്ഥം തങ്ങളുടെ അധ്വാനശക്തി വില്‍ക്കാന്‍ നിര്‍ബന്ധിതരായ ആധുനിക കൂലിവേലക്കാരുടെ വര്‍ഗത്തെയാണ് തൊഴിലാളിവര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടക്കത്തിലേ വെളിപ്പെടുത്തുന്നു. തൊഴിലാളിവര്‍ഗത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട, 1848ല്‍ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പിന്നീടെഴുതിയ മൂലധനവും കാള്‍ മാര്‍ക്സിന്റെ ബൗദ്ധിക സംഭാവനകളാണ്. അതില്‍ സുഹൃത്തായ ഏംഗല്‍സിന്റെ സംഭാവനകളും അനിഷേധ്യമാണ്. മാര്‍ക്സിസം പ്രകൃതിയുടെയും മനുഷ്യ സമുദായത്തിന്റെയും വികാസ നിയമങ്ങളുടെ ശാസ്ത്രമാണ്. വര്‍ഗസമരങ്ങളുടെ ചരിത്രമാണ്. സോഷ്യലിസ്റ്റ് ആശയമാണ് അത് പങ്കുവയ്ക്കുന്നത്, ആത്യന്തികമായി കമ്മ്യൂണിസവും. മാര്‍ക്സിന് മുമ്പും സമത്വചിന്തകളുണ്ടായിരുന്നു. സ്നേഹത്തിന്റെയും നീതിയുടെയും കരുണയുടെയും ലോകം സ്വപ്നംകണ്ട കാല്പനികരായ റോബര്‍ട്ട് ഓവന്‍, ഫോറിയോ സൈമണ്‍ എന്നിവര്‍. ഹെഗല്‍ എന്ന ജര്‍മ്മന്‍ ദാര്‍ശനികന്‍ വിരുദ്ധശക്തികളുടെ സംഘട്ടനത്തിന്റെ ഫലമായിട്ടാണ് പുരോഗതിയുണ്ടാകുന്നതെന്ന കാഴ്ചപ്പാട് പങ്കുവച്ചു. എന്നാല്‍ ഹെഗലിന്റെ ദര്‍ശനം ആത്മീയവാദത്തെ അടിസ്ഥാനപ്പെടുത്തിയ ആശയവാദമായിരുന്നു. 

മാര്‍ക്സും ഏംഗല്‍സും ഹെഗലിന്റെ തലകുത്തി നില്‍ക്കുന്ന തത്വശാസ്ത്രത്തെ നിവര്‍ത്തി നിര്‍ത്തി. അങ്ങനെ വൈരുധ്യാധിഷ്ഠിത ഭൗതികവാദമെന്ന ദര്‍ശനവും പ്രയോഗവും മാര്‍ക്സ് ഉയര്‍ത്തിക്കൊണ്ടുവന്നു. ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടചരിത്രം രചിച്ച മാര്‍ക്സിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. തൊഴിലാളികളുടെ അധ്വാനഭാരത്തെ ചൂഷണം ചെയ്യുന്ന മുതലാളിക്ക് കിട്ടുന്ന ലാഭമാണ് മുതലാളിത്ത ചൂഷണത്തിന്റെ അടിസ്ഥാനമെന്ന് മാര്‍ക്സ് സമര്‍ത്ഥിച്ചു.
ലോക ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും അവിസ്മരണയീയവും ചരിത്രപ്രധാനമെന്നും ലെനിന്‍ വിശേഷിപ്പിച്ച മാര്‍ക്സ് — ഏംഗല്‍സ് കൂട്ടായ്മയുടെ ഫലമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനമെന്ന ഗ്രന്ഥവും. ഇതില്‍ മൂലധനത്തിന്റെ ഒന്നാം വോള്യത്തിന്റെ ജോലി മാത്രമേ മാര്‍ക്സിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. രണ്ടും മൂന്നും വോള്യങ്ങള്‍ പ്രസിദ്ധീകരണ യോഗ്യമാക്കിയത് ഏംഗല്‍സാണ്. മാര്‍ക്സിന്റെ പല കുറിപ്പുകളും ഏംഗല്‍സിന് സഹായകരമായി. ലോക ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന് മാര്‍ക്സ് അഭിദര്‍ശിച്ചിട്ടുണ്ട്. 1848ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ തൊഴിലാളിവര്‍ഗത്തിന്റെ സമരചരിത്രം അനാവരണം ചെയ്യാന്‍ മാര്‍ക്സിന് സാധിച്ചു. രാഷ്ട്രമീമാംസകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍, രാഷ്ട്രീയ നിരീക്ഷകന്‍, കവി, ആക്ടിവിസ്റ്റ് അങ്ങനെ സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വ്യാപരിച്ച വിപ്ലവകാരിയായിരുന്നു കാള്‍ മാര്‍ക്സ്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് പറയുന്നു — “മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ റൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും മുതലാളിത്തം ബാക്കിവച്ചില്ല.” ബൂര്‍ഷ്വാസിയും തൊഴിലാളികളുമായുള്ള വര്‍ഗസമരം മാര്‍ക്സ് വിഭാവനം ചെയ്തു. ബൂര്‍ഷ്വാ സമൂഹത്തില്‍ ജീവിക്കുന്ന തൊഴിലാളിക്ക് തന്റെ അധ്വാനം, സംഭൃതമായ അധ്വാനത്തെ വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ അധ്വാനം തൊഴിലാളിയുടെ ജീവിതത്തെ വിശാലമാക്കാനും സമ്പുഷ്ടമാക്കാനും വികസിപ്പിക്കാനുമുള്ള മാര്‍ഗമാണ്. ബൂര്‍ഷ്വാസി ഭിഷഗ്വരനെയും അഭിഭാഷകനെയും പുരോഹിതനെയും കവിയെയും ശാസ്ത്രജ്ഞനെയുമെല്ലാം സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി മാറ്റി. എന്നാല്‍ മുതലാളിത്തം അതിന്റെ ആന്തരിക വൈരുധ്യങ്ങളാല്‍ നശിക്കുമെന്ന് മാര്‍ക്സ് വിഭാവനം ചെയ്തു. 1818 മേയ് അഞ്ചിന്, ജര്‍മ്മനിയില്‍ അഭിഭാഷകനായിരുന്ന ഹെന്‍റീഹ് മാര്‍ക്സിന്റെയും ഹെന്‍റിയത്തയുടെയും എട്ട് മക്കളില്‍ മൂത്തവനായി കാള്‍ മാര്‍ക്സ് ജനിച്ചു. 1835ല്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. സ്വന്തം പിതാവില്‍ നിന്ന് വോള്‍ട്ടയറെയും റൂസോയെയും കുറിച്ച് പഠിച്ച കാള്‍, ഹോമറെയും ഷേക്‌സ്പിയറെയും ഗൊയ്ഥെയെയും പഠനവിധേയമാക്കി. 1841ല്‍ ജേന സര്‍വകലാശാല­യില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. പി ഗോവിന്ദപിള്ള എഴുതിയ പോലെ സര്‍വകലാശാല പഠനകാലത്ത് 1837–39ലാണ് മാര്‍ക്സ് തന്റെ കവിതകള്‍ മിക്കതും രചിച്ചത്. അതായത് 19 — 21വയസിനിടയ്ക്ക്. കവിതകളില്‍ പലതും പ്രണയിനിയായ, പിന്നീട് ഭാര്യയായ ജെന്നിയ്ക്ക് സമര്‍പ്പിതമായ രചനകളാണ്. ഒഎന്‍വി, മാര്‍ക്സിന്റെ ഇരുപതോളം കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1983ല്‍ മാര്‍ക്സിന്റെ ചരമശതാബ്ദി ആചരണവേളയില്‍ മാര്‍ക്സിനൊരു ഗീതം എന്ന ശീര്‍ഷകത്തില്‍ ഒരു കവിത ഒഎന്‍വി എഴുതി. ആ രചന തുടങ്ങുന്നത് ഇങ്ങനെയാണ് -
“ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും
ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു.”

1883 മാര്‍ച്ച് 14ന് മാര്‍ക്സ് അന്തരിച്ചു. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ ജീവിതം ലോക തൊഴിലാളിവര്‍ഗത്തിന് സമര്‍പ്പിതമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും രോഗവും മാര്‍ക്സിനെയും കുടുംബത്തെയും നിരന്തരം വേട്ടയാടി.
മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത വര്‍ഗരഹിത സമൂഹം സമകാലീന ലോകത്തിലും സാര്‍ത്ഥകമാണ്. സാമ്രാജ്യത്വവും മുതലാളിത്തവും മുമ്പെന്നത്തെക്കാള്‍ അക്രമാത്മകമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്താകട്ടെ വര്‍ഗീയ ഫാസിസവും നവലിബറല്‍ നയങ്ങളും അടിസ്ഥാന വിഭാഗങ്ങളെ, തൊഴിലാളികളെ അടിച്ചമര്‍ത്തി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം മുമ്പെന്നത്തെക്കാള്‍ ഇന്ന് പ്രസക്തമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പഠനക്കുറിപ്പില്‍ ഐജാസ് അഹമ്മദ് എഴുതിയതുപോലെ, ‘തൊഴിലാളിവര്‍ഗ ഐക്യം സാക്ഷാത്കരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന വിധത്തിലുള്ള തൊഴിലാളിവര്‍ഗത്തിനകത്തെ ചേരിതിരിവിന് പുറമെ മറ്റ് പല ഘടകങ്ങളുമുണ്ട്.’ സുരക്ഷിതമായ മുഴുവന്‍സമയ തൊഴിലിന് പകരം കാഷ്വല്‍ — താല്‍ക്കാലിക തൊഴിലിന്റെ വര്‍ധമാനമായ തോത്, സംഘടിതമായതിനെക്കാള്‍ അസംഘടിത മേഖലയുടെ വര്‍ധിച്ചുവരുന്ന ഭാരം, തൊഴില്‍ സേനയുടെ കൂടുതലായ ചലനാത്മകതയും അസ്ഥിരതയും, മൂലധനത്തിന്റെ തന്നെ ചലനാത്മകത എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു എന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കാള്‍ മാര്‍ക്സിന്റെ 143-ാം ചരമവാര്‍ഷിക ദിനം കടന്നുവരുന്നത്. 

Exit mobile version