Site iconSite icon Janayugom Online

സനാതന ധർമ്മവും നാരായണ ധർമ്മവും

കേരളത്തിൽ ഇപ്പോൾ ഒരു പ്രധാനപ്പെട്ട ചർച്ച നടന്നുവരികയാണ്. നാരായണഗുരു സനാതന ധർമ്മിയോ നവലോക ധർമ്മിയോ എന്നതാണ് ചർച്ചാ വിഷയം. ചാതുർവർണ്യാധിഷ്ഠിതമായി വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും ക്രമീകരിക്കലാണ് സനാതനധർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ, നാരായണഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല. എന്തുകൊണ്ടെന്നാൽ ചാതുർവർണ്യത്തിന്റെ സംരക്ഷകനല്ല ഗുരു. പക്ഷേ നാരായണഗുരു സ്ഥാപിച്ച ‘ശ്രീനാരായണ ധർമ്മ പരിപാലന യോഗം‘എന്ന സംഘടനയുടെ പേരിൽ തന്നെ ‘ധർമ്മ’ ശബ്ദമുണ്ട്- അതെന്തിനെ സൂചിപ്പിക്കുന്നുവെന്നതില്‍ വ്യക്തത വരുത്താതെ നാരായണ ധർമ്മവും സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസം എന്തെന്നതിനെ കുറിച്ച് നിർണയത്തിൽ എത്താനാവില്ല.
‘ദ്വിവിധോ ഹി വേദോക്തോ ധർമ്മഃ പ്രവൃത്തി ലക്ഷണോ നിവൃത്തി ലക്ഷണശ്ച ജഗതഃ സ്ഥിതി കാരണം. പ്രാണിനാം സാക്ഷാദഭ്യുദയ നിഃശ്രേയസഹേതുർയഃ സ ധർമ്മോ ബ്രാഹ്മണാദൈൃർവർണിഭിരാശ്രമിഭിശ്ചശ്രേയോർത്ഥിഭിരനുഷ്ഠീയ മാനഃ’ എന്നാണ് ശ്രീശങ്കരൻ ഗീതാഭാഷ്യത്തിന്റെ ഉപോദ്ഘാതത്തിൽ എഴുതിയിരിക്കുന്നത്. ‘ലോകത്തിന്റെ നിലനില്പിനായിക്കൊണ്ട് ധർമ്മ തത്വങ്ങൾ രണ്ടു പ്രകാരത്തിലുണ്ട്. ഒന്ന് പ്രവൃത്തി ലക്ഷണമായതും മറ്റേത് നിവൃത്തി ലക്ഷണമായതുമാണ്. ജനങ്ങളുടെ ലൗകികമായ അഭ്യുദയത്തിനും പാരത്രികമായ ശ്രേയസിനും സാക്ഷാൽ കാരണഭൂതമായിരിക്കുന്ന ആ ധർമ്മം, ബ്രാഹ്മണർ മുതലായ വർണാശ്രമികളാലും ശ്രേയസ് ആഗ്രഹിക്കുന്നവരാലും അനുഷ്ഠിക്കപ്പെടേണ്ടതാകുന്നു’. ഇതാണ് ശ്രീശങ്കരവാക്യങ്ങൾക്ക് നൽകാനാവുന്ന വിവർത്തനം. ഇവിടെ വ്യക്തമായും ബ്രാഹ്മണ മേൽക്കോയ്മാപരമായ ആചാരാനുഷ്ഠാന വ്യവസ്ഥകളിലൂന്നിയ ലൗകികതയും ആത്മീയതയും ആണ് ധർമ്മം എന്നാണ് ശങ്കര വിവക്ഷ എന്നു കാണാം. 

ശങ്കരാചാര്യരുടെ സന്യാസ പരമ്പര പോലും ബ്രാഹ്മണ മേൽക്കോയ്മാപരമായ വർണവ്യവസ്ഥയെ അനുസരിച്ചിരുന്നു എന്നതിനാലാണ് അദ്ദേഹത്തിന് ഒരൊറ്റ അബ്രാഹ്മണ ശിഷ്യൻ പോലും ഉണ്ടാവാതെ പോയത്. എന്നാൽ നാരായണഗുരു ശ്രീശങ്കരാചാര്യർ അവലംബിച്ച പോലെ ബ്രാഹ്മണ മേൽക്കോയ്മയിലൂന്നിയ അധ്യാത്മിക ലൗകിക ധർമ്മവ്യവസ്ഥയെ പിന്താങ്ങിയിരുന്നില്ല എന്നു മാത്രമല്ല നിരന്തരം ഉല്ലംഘനം ചെയ്യുകയാണ് ചെയ്തിരുന്നത്. ജാതി — മതാതീതമായ മാനവികതയുടെ മാതൃകാസ്ഥാനമായി സ്വരാജ്യത്തെ മാറ്റുവാൻ, ബാഹ്യവും ആഭ്യന്തരവുമായി മനുഷ്യജീവിതം നന്നാക്കാൻ വേണ്ടുന്ന ധാരണകളുടെയും പ്രവർത്തനങ്ങളുടെയും ആകെത്തുകയായിരുന്നു ശ്രീനാരായണ ധർമ്മം. ധർമ്മം അനുഷ്ഠിക്കേണ്ടവർ ചെയ്യേണ്ടത് എന്തെല്ലാം എന്നതിലേക്ക് വിരൽചൂണ്ടുന്ന 10 കല്പനകളും നാരായണ ഗുരു പുറപ്പെടുവിച്ചിട്ടുണ്ട്. 1. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, 2. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, 3. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത്, 4 മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്, 5. വിദ്യകൊണ്ട് പ്രബുദ്ധരാവുക, 6. സംഘടനകൊണ്ടു ശക്തരാവുക, 7. പന്തിഭോജനവും മിശ്രവിവാഹവും പ്രോത്സാഹിപ്പിക്കുക, 8. വ്യവസായം കൊണ്ടു ധനാഭിവൃദ്ധി നേടുക, 9. ആചാര മര്യാദകളിൽ മിതത്വം പാലിക്കുക, 10. മിതവ്യയം ശീലിക്കുക. ഈ 10 കല്പനകൾ അനുസരിച്ചാൽ ഏതു വ്യക്തിയും ശ്രീനാരായണ ധർമ്മിയായി. അതിനാൽ ശങ്കരൻ സ്ഥാപിച്ച ധർമ്മവും നാരായണ ഗുരു ചിന്തിച്ചതും പറഞ്ഞതും നടപ്പിൽവരുത്തിയതുമായ ധർമ്മവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
നാരായണ ഗുരു ധർമ്മ ശബ്ദം ഉപയോഗിച്ചതിന് ചേർച്ചയുള്ളത് ബുദ്ധൻ ധർമ്മ ശബ്ദം ഉപയോഗിച്ചതിനോടാണ്; ശ്രീശങ്കരൻ വർണധർമ്മം എന്നു ഉപയോഗിച്ചതിനോടല്ല. നാരായണ ഗുരു അദ്വൈതം അംഗീകരിച്ചിരുന്നില്ലേ, അതുവഴി ശ്രീശങ്കരനെയും എന്നു ചോദിക്കാം. നാം തേങ്ങയുടെ കാമ്പും നീരും കഴിക്കുന്നു എന്നതിനർത്ഥം ചിരട്ടയും ചകിരിയും തിന്നാറുണ്ടെന്നല്ലല്ലോ. ഇതുപോലെ അദ്വൈതം അംഗീകരിച്ചിരുന്നു എന്നതിനർത്ഥം ചാതുർവർണ്യം അംഗീകരിച്ചിരുന്നു എന്നല്ല. ഗാന്ധിജി ചാതുർവർണ്യം അംഗീകരിച്ചിരുന്നതിനാലാണ് സനാതന ഹിന്ദുവാണ് താനെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. നാരായണഗുരു ശ്രീശങ്കരനെയോ ഗാന്ധിജിയെയോ പോലെ ചാതുർവർണ്യത്തെ അംഗീകരിക്കുകയോ സ്വയം സനാതന ഹിന്ദു എന്നു പ്രഖ്യാപിക്കുകയോ ചെയ്തിരുന്നില്ല. 

ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ‘ഷർട്ട് ധരിച്ചും അമ്പലത്തിൽ പ്രവേശിക്കാൻ തടസമില്ലാത്ത നില ഉണ്ടാക്കണം’ എന്നു പറഞ്ഞതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്താങ്ങിയത് ശരിയായില്ല എന്നാണ് എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ പറയുന്നത്. എന്നാൽ ഷർട്ടോടെ പുരുഷന്മാർ കയറുന്നത് പതിവായ വിശ്വമഹാക്ഷേത്രമാണ് ശബരിമല അയ്യപ്പക്ഷേത്രം. അനേകായിരങ്ങൾ ഷർട്ടിട്ടു കയറി തൊഴുതിട്ടും ശബരിമലയിൽ ഉണ്ടാവാത്ത ചൈതന്യക്ഷയം മറ്റുക്ഷേത്രങ്ങളിൽ ഉണ്ടാവുന്നതെങ്ങനെ ?
അമ്പലത്തിൽ ഷർട്ടിട്ടു കയറാം എന്നു പറയുന്നത് ഹിന്ദു ആചാരങ്ങൾക്കുമേലുള്ള കുതിരകയറ്റമാണെന്നൊക്കെ പറയുന്ന ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാരം, അവർ നടത്തുന്ന എറണാകുളം കലൂരിലുള്ള പാവക്കുളം ക്ഷേത്രത്തിൽ ഷർട്ടിട്ടു കയറുന്നത് ആചാരലംഘനമാണെന്നു പറയുമോ ? ഇതൊക്കെ ചോദിക്കുമ്പോൾ മുസ്ലിങ്ങളുടെ ആചാരത്തിൽ മാറ്റം വരുത്തണം എന്നു പറയാൻ ധൈര്യമുണ്ടോ എന്ന മറുചോദ്യമാണ് സംഘപരിവാരം ഉന്നയിക്കുന്നത്. ആരാന്റെ അമ്മയുടെ പ്രാന്തിനല്ല അവനവന്റെ അമ്മയുടെ പ്രാന്തിനാണ് അമ്മയെ സ്നേഹിക്കുന്ന മക്കൾ ആദ്യം പ്രതിവിധി തേടേണ്ടത് എന്നുമാത്രമേ ഇത്തരം വർഗീയ യുക്തിവാദങ്ങളോട് തല്‍ക്കാലം മറുപടി പറയുന്നുള്ളൂ. 

Exit mobile version