Site iconSite icon Janayugom Online

മധുരം നഷ്ടപ്പെട്ട് ശരദ് പവാര്‍; പോരടിച്ച് സേനകള്‍

ശരദ് പവാറും അനന്തരവൻ അജിത് പവാറും വീണ്ടും പരസ്പരം മത്സരിക്കാനൊരുങ്ങിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയ രംഗം ഒരു വഴിത്തിരിവിന് സാക്ഷ്യം വഹിക്കുന്നു. മറാത്തിയിലെ മലേഗാവ് സഹകരണ പഞ്ചസാര മിൽ തെരഞ്ഞെടുപ്പിൽ, ഉപമുഖ്യമന്ത്രി അജിത് പവാർ, നീലകണ്ഠേശ്വർ പാനലിന്റെ തലവനായി, ചെയർമാൻ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മറുവശത്ത്, ബലിരാജ സഹകാരി ബച്ചാവ് പാനലിന്റെ പ്രതിനിധിയായി ശരദ് പവാറും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ജൂൺ 22ന് നടന്ന തെരഞ്ഞെടുപ്പില്‍ അജിത് പവാറിനായിരുന്നു വിജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അനന്തരവനുമായി സഖ്യത്തിനുള്ള സാധ്യത ശരദ് പവാർ നിരസിച്ചതോടെയാണ് “പവാറും പവാറും” തമ്മിലുള്ള ശക്തിപരീക്ഷണം ഉറപ്പായത്. അതേസമയം, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും മഹാ വികാസ് അഘാഡി (എംവിഎ) കക്ഷികളുമായുള്ള സഖ്യം തുടരുമെന്ന് എൻസിപി മേധാവി ശരദ് പവാർ സൂചിപ്പിച്ചു. മുംബൈയിലെ ശക്തിയനുസരിച്ച്, ശിവസേനയ്ക്ക് (യുബിടി) അർഹമായ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രകടിപ്പിച്ചു. ഉത്തർപ്രദേശില്‍ 2027ന് നടക്കാനിരിക്കുന്ന നിയമസഭാ വോട്ടെടുപ്പിന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. കോൺഗ്രസുമായുള്ള സഖ്യം തുടരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുമെന്നും ഭിന്നത സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സമാജ്‌വാദി പാർട്ടി (എസ്‌പി) യും വ്യക്തമാക്കി. ഇന്ത്യ സഖ്യം ശക്തമായി തുടരുമെന്നും അഖിലേഷ് യാദവ് ഉറപ്പിച്ചുപറഞ്ഞു. ഉത്തർപ്രദേശിൽ രാഷ്ട്രീയമാറ്റം കൊണ്ടുവരുന്നതിലും ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലും സഖ്യം സുപ്രധാന പങ്ക് വഹിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സമാജ്‌വാദി പാർട്ടിയിൽ നിന്ന് സീറ്റ് തേടുന്ന യാചകരല്ല തങ്ങള്‍ എന്ന കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അഖിലേഷിന്റെ അഭിപ്രായപ്രകടനം. ബിജെപിയെ എതിര്‍ക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച ഇന്ത്യ സഖ്യത്തിലെ പ്രധാന അംഗങ്ങളാണ് ഇരു പാർട്ടികളും. അവ തമ്മിലുള്ള സഖ്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കും വ്യക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേഷിന്റെ പരാമർശങ്ങളെന്ന് എസ്‌പി വൃത്തങ്ങൾ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ എസ്‌പി — കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 17 സീറ്റുകളിൽ ആറെണ്ണം കോൺഗ്രസ് നേടിയത് സാഹചര്യങ്ങള്‍ മാറ്റിമറിച്ചു. 37 സീറ്റുകളുമായി ബിജെപിക്കെതിരെ പ്രധാന ശക്തിയായി എസ്‌പി ഉയർന്നുവന്നെങ്കിലും, പാര്‍ട്ടിയുടെ പുനരുജ്ജീവനം അസാധ്യമല്ലെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. കോൺഗ്രസ് — എസ്‌പി സഖ്യം ഐക്യത്തോടെ നില്‍ക്കുമോ അധികാരമോഹത്താല്‍ വിഘടിക്കുമോ എന്ന് അടുത്ത വർഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ തെളിയിക്കും.

ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ, തന്റെ ബന്ധുവായ രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിർമ്മാൺ സേനയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ ശ്രമിച്ചതിന് ബിജെപിയെ പഴിച്ചു. മുംബൈയിൽ നടന്ന പാർട്ടിയുടെ 59-ാമത് സ്ഥാപകദിന റാലിയിൽ സംസാരിക്കുകയായിരുന്നു ഉദ്ധവ്. മൂന്ന് വർഷം മുമ്പ് പാര്‍ട്ടി പിളര്‍ത്തി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഗദ്ദാറുകൾ (രാജ്യദ്രോഹികൾ) എന്ന് വിമർശിച്ചു. മറുപടിയായി, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉദ്ധവിനെ വഞ്ചനയുടെയും അധികാര ദാഹത്തിന്റെയും പ്രതീകമെന്ന് തിരിച്ചടിച്ചു. “നിങ്ങൾ ബാല്‍­താ­ക്കറെയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു, കോൺഗ്രസുമായും എൻസിപിയുമായും ബന്ധം സ്ഥാപിച്ചു, അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടിയത് ഇതേ ആളുകൾക്കെതിരെയായിരുന്നു”വെന്നും ഷി­ന്‍ഡെ പറഞ്ഞു. 1966ൽ ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ 59-ാം സ്ഥാപക ദിനം ആഘോഷിക്കുന്നതിനായി മുംബെെയില്‍ ചേര്‍ന്ന യോഗങ്ങളില്‍ അവരവരുടെ പാർട്ടികളുടെ റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വോർളിയിലെ എൻ‌എസ്‌സി‌ഐ ഡോമിൽ പരിപാടി നടത്തിയപ്പോൾ, സയൺ(ശിവ) പ്രദേശത്തെ ഷൺമുഖനന്ദ ഹാളിലായിരുന്നു സേന (യുബിടി) റാലി. മുംബൈയിലും മറാത്തി വോട്ടർമാർക്കും മേലുള്ള നിയന്ത്രണത്തിനായി ഇരുസേനകളും കൊണ്ടുപിടിച്ച പോരാട്ടത്തിലാണ്.
ഒക്ടോബർ — നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ തയ്യാറെടുക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പട്നയിലെ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തതോടെ ബിഹാറിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ചൂടുപിടിക്കുന്നു. തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കപ്പെടുമെന്ന് പട്നയിൽ നടന്ന പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലാലു പറഞ്ഞു. 

ആർജെഡിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മംഗനി ലാൽ മണ്ഡലിനെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ സംസാരിച്ച സംസ്ഥാന പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി ടിക്കറ്റുകളെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കി ഇന്ത്യ സഖ്യത്തെ അധികാരത്തിലെത്തിക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കണമെന്ന് പാർട്ടി നേതാക്കളോട് ആഹ്വാനം ചെയ്തു. പട്നയിലെ ഗ്യാൻ ഭവനിൽ നടന്ന ആർജെഡിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് മംഗനി ലാൽ മണ്ഡലിനെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. പട്ടികജാതി, മുസ്ലിം, പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സംസ്ഥാന പ്രസിഡന്റുമാർ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് പാർട്ടി ഇ‌ബി‌സി സമുദായത്തിൽ നിന്നുള്ള ഒരു പ്രസിഡന്റിനെ നിയമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ 55-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഒരു തൊഴിൽ മേള സംഘടിപ്പിച്ചു. ഐ‌വൈ‌സിയുടെ കണക്കനുസരിച്ച്, 8,500ലധികം യുവാക്കൾ മേളയ്ക്കായി രജിസ്റ്റർ ചെയ്തു. അതില്‍ 7,500 പേരുമായി അഭിമുഖം നടത്തുകയും 3,500 പേര്‍ക്ക് നിയമനക്കത്തുകൾ നല്‍കുകയും ചെയ്തു. ചിലരെ കമ്പനികളുടെ എച്ച്ആർ പ്രതിനിധികൾ രണ്ടാംഘട്ട അഭിമുഖത്തിനായി വിളിച്ചിട്ടുണ്ട്. 170 കമ്പനികൾ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു.
(ഐപിഎ)

Exit mobile version