Site iconSite icon Janayugom Online

ഷേഖ് ഹസീനയുടെ ബെയ്ജിങ് സന്ദര്‍ശനം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സമീപകാല ചൈനാ സന്ദർശനം, പ്രാദേശികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് — പ്രത്യേകിച്ച് ഇന്ത്യയുമായി ബന്ധപ്പെട്ടുള്ളത് — ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നു. ഈ വർഷം രണ്ടുതവണ ഇന്ത്യ സന്ദർശിച്ച ഷേഖ് ഹസീന, ജൂലൈ എട്ട് മുതൽ 10 വരെയുള്ള ചെെനായാത്രയ്ക്ക് മുമ്പ് അഞ്ച് വർഷം ആ രാജ്യത്തേക്ക് പോയിരുന്നില്ല. ഇപ്പോഴത്തെ സന്ദർശനം ബംഗ്ലാദേശും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇന്ത്യയിലും ഉയർത്തി. എന്നാല്‍ അത്തരം ഊഹാപോഹങ്ങൾക്ക് അടിസ്ഥാനം നൽകുന്ന ഒന്നും കൂടിക്കാഴ്ചയിലുണ്ടായിട്ടില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രധാനമന്ത്രി ലി ക്വിയാങ്ങുമായിട്ടായിരുന്നു പ്രധാന ആശയവിനിമയങ്ങൾ നടന്നത്. വാണിജ്യം, നിക്ഷേപ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവയ്ക്കുന്നതിലേക്ക് ചർച്ചകൾ നയിച്ചു. വ്യാപാരവും നിക്ഷേപവും, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യ വികസനം, ദുരന്തനിവാരണ പിന്തുണ, ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാമത്തെയും ഒമ്പതാമത്തെയും സൗഹൃദ പാലങ്ങളുടെ നിർമ്മാണം, ബംഗ്ലാദേശിൽ നിന്നുള്ള കാർഷികോല്പന്നങ്ങളുടെ കയറ്റുമതി തുടങ്ങിയ മേഖലകളിലാണ് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.

ഇങ്ങനെയാെക്കെയാണെങ്കിലും ബംഗ്ലാദേശ് ഭരണാധികാരി അതൃപ്തിയോടെയാണ് മടങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷേഖ് ഹസീന ഷെഡ്യൂൾ ചെയ്തതിലും മണിക്കൂറുകൾക്ക് മുമ്പേ ബെയ്ജിങ്ങിൽ നിന്ന് പുറപ്പെട്ടത് നയതന്ത്രപരമായ വിഷയങ്ങളെക്കാൾ വ്യക്തിപരമായ കാരണങ്ങളാൽ, പ്രത്യേകിച്ച് മകളുടെ ആരോഗ്യപ്രശ്നം കാരണമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിൽ അവർ അസ്വസ്ഥയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹസീനയുടെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ലീ ക്വിയാങ് സംഘടിപ്പിക്കുന്ന വിരുന്ന് ഉൾപ്പെടുത്തിയിരുന്നു. 500 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ബംഗ്ലാദേശ് പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ചൈന ഏകദേശം 125 ദശലക്ഷം ഡോളർ മാത്രമാണ് വാഗ്ദാനം ചെയ്തത്. സാമ്പത്തിക കാര്യങ്ങളിൽ ചൈനയുടെ നിയന്ത്രിതമായ സമീപനം, ശ്രീലങ്കയുമായും മറ്റ് അയൽക്കാരുമായും ഉള്ള ഇടപാടുകളെ അനുസ്മരിപ്പിക്കുന്നു. ഉഭയകക്ഷി അടുപ്പം കണക്കിലെടുക്കാതെ സാമ്പത്തിക സഹായത്തിനുമേല്‍ ബിസിനസ് പങ്കാളിത്തത്തിനാണവര്‍ ഊന്നൽ നൽകുന്നത്. ചൈനയുടെ വിദേശ ഇടപെടലുകളുടെ മുഖമുദ്രയായ ഈ നയം, സ്ഥിരമായ സാമ്പത്തിക സഹകരണത്തിനുള്ള തന്ത്രമാണ്. ഷേഖ് ഹസീനയുടെ കീഴിലുള്ള ബംഗ്ലാദേശിന്റെ വിദേശനയം ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങളെ തന്ത്രപരമായാണ് കെെകാര്യം ചെയ്യാന്‍ ശ്രമിച്ചിരുന്നത്. ഒരു സന്തുലിത സമീപനമാണവര്‍ ലക്ഷ്യമിട്ടിരുന്നത്. പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് ബംഗ്ലാദേശിനെ ഈ സന്തുലിത നയതന്ത്രം സഹായിച്ചിട്ടുണ്ട്. ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധം നിലനിർത്താനുള്ള കഴിവ് അതിന്റെ വിദേശനയ വിജയത്തിന്റെ ആണിക്കല്ലാണ്.

ബംഗ്ലാദേശ് ഇന്ത്യയെ ഒരു നിർണായക കയറ്റുമതി വിപണിയായി കണക്കാക്കുകയും കിഴക്കൻ അയൽക്കാരുമായി സന്തുലിത ബന്ധം നിലനിർത്തുകയും ചെയ്യുന്നു. എങ്കിലും ചൈനയുടെ പ്രാധാന്യവും ആ രാജ്യം അംഗീകരിക്കുന്നു, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനത്തിലുള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ. ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകൾക്ക് വായ്പയും സഹായവും നൽകിയതിന്റെ ചരിത്രം ചൈനയ്ക്കുണ്ട്. ഷേഖ് ഹസീന ഇന്ത്യയുടെ ഉറച്ച സുഹൃത്തായി നിലകൊള്ളുകയായിരുന്നു. പ്രത്യേകിച്ച് ദക്ഷിണേഷ്യയിലുടനീളം ചൈനയുടെ സ്വാധീനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. ഇന്ത്യയുമായുള്ള സജീവമായ ഇടപെടലും ചൈനയുമായി സന്തുലിതാവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങളും ഇന്ത്യയുടെ വിദേശനയത്തിനും തന്ത്രപരമായ പ്രാധാന്യം നൽകുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ബെയ്ജിങ്ങിൽ നിന്നുള്ള പെട്ടെന്നുള്ള വിടവാങ്ങലിനെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളും സ്വാധീനിച്ചിരിക്കാം. അടുത്തിടെ നടപ്പാക്കിയ നിയമന നയത്തിനെതിരെ ബംഗ്ലാദേശിലെ സർവകലാശാലാ വിദ്യാർത്ഥികൾ വലിയ തോതിൽ തെരുവിലിറങ്ങി. യുദ്ധവീരന്മാരുടെ മക്കൾക്ക് മുൻഗണന നൽകുന്നതാണ് നയം. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിനായി വാദിക്കുന്ന പ്രതിഷേധക്കാർ ഈ നീക്കത്തെ വിമർശിച്ചു. പ്രധാനമന്ത്രിയുടെ ഭരണത്തെ പിന്തുണയ്ക്കുന്നവർക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ സംവിധാനമെന്നും വിമർശകർ ആരോപിച്ചു. പരമോന്നത കോടതിയുത്തരവിലൂടെ താൽക്കാലികമായി തടയപ്പെട്ടെങ്കിലും വിവാദ നയം ശാശ്വതമായി നിർത്തലാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ തുടരുകയാണ്. സുസ്ഥിരമായ തൊഴിലും ആകർഷകമായ ആനുകൂല്യങ്ങളും ബംഗ്ലാദേശില്‍ സർക്കാർ ജോലി ഏറെ ആകര്‍ഷകമായി ഉദ്യോഗാര്‍ത്ഥികള്‍ കാണുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും തുടർന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും വിദ്യാർത്ഥി പ്രതിഷേധങ്ങൾ ചരിത്രപരമായി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് സംഘർഷം വർധിക്കാനും പൊതുക്രമം തകർക്കാനും സാധ്യതയുള്ളതിനാൽ ഏതൊരു വിദ്യാർത്ഥി പ്രക്ഷോഭത്തെയും ഗൗരവമായാണ് സര്‍ക്കാര്‍ കാണുക.

(ഐപിഎ)

Exit mobile version