ഇന്ത്യാ ഉപഭൂഖണ്ഡം കൊടുംചൂടിൽ തിളച്ചുമറിയുകയാണ്. മറ്റെല്ലാ ദുരന്തങ്ങളെയും പോലെ, വർധിച്ചുവരുന്ന തീവ്രമായ ഉഷ്ണതരംഗങ്ങളുടെ ആഘാതങ്ങൾ ഉത്തരേന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളും കടുത്ത സാമൂഹിക‑സാമ്പത്തിക അസമത്വങ്ങളെ വെളിപ്പെടുത്തുന്നു. അടുത്തിടെ ബിഹാറിൽ, തീവ്രമായ താപനില നിരവധി വിദ്യാർത്ഥികൾക്ക് ക്ഷീണത്തിനും സൂര്യാഘാതത്തിനും ഇടയാക്കിയെന്ന വാര്‍ത്ത പുറത്തുവന്നു. കഠിനമായ ചൂടില്‍ കുട്ടികൾ ക്ലാസുകളിൽ ബോധരഹിതരായതായും റിപ്പോർട്ടുണ്ടായിരുന്നു. ഉഷ്ണതരംഗം ദാരുണമായ മരണങ്ങൾക്കും കാരണമായി. ഷെയ്ഖ്പുരയിലെ ഒരു വിദ്യാർത്ഥിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ നിരവധിയാളുകള്‍ക്കും ജീവന്‍ നഷ്ടമായി.
കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും ദരിദ്രജനവിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് ഇത്തരം സംഭവങ്ങൾ വെളിച്ചംവീശുന്നു. കഠിനമായ ചൂട് കുറയ്ക്കാനുള്ള സൗകര്യം ദുർബലസമൂഹങ്ങൾക്കില്ല. ഉഷ്ണ തരംഗങ്ങൾമൂലമുള്ള ഒരു വ്യക്തിയുടെ അപകടസാധ്യതയുടെ പ്രാഥമിക ഘടകം സാമ്പത്തിക നിലയാണെന്ന് ഞങ്ങൾ കരുതുന്നു. ഡെലിവറി ജോലിക്കാർ, കൊറിയര്‍ ജീവനക്കാര്‍ തുടങ്ങി താഴ്ന്നവരുമാനക്കാരായ ഗിഗ് തൊഴിലാളികളെ ഡൽഹിയിലെ വായു ഗുണനിലവാരം ഉയർന്ന വരുമാനക്കാരെക്കാൾ ബാധിക്കുന്നതിന്റെ ഗുരുതരാവസ്ഥ മുമ്പൊരു ലേഖനത്തിൽ ചർച്ച ചെയ്തിരുന്നു. തൊഴിൽ ഉല്പാദനക്ഷമതയും കാർഷികോല്പാദനവും കുറയുന്നതുമൂലം സാമ്പത്തിക നഷ്ടം അനുഭവിക്കുന്ന ദരിദ്ര ഭൂപ്രദേശങ്ങളെ എങ്ങനെയാണ് ആരോഗ്യ പ്രത്യാഘാതങ്ങള്‍ കൂടുതൽ ബാധിക്കുന്നത് എന്നാണിവിടെ ചർച്ച ചെയ്യുന്നത്.
2021ൽ, ചൂട് കാരണം ഇന്ത്യക്ക് 16,720 കോടി തൊഴിൽ സമയം നഷ്ടപ്പെട്ടതായി ഒരു പഠനം കണ്ടെത്തി. ദേശീയ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉല്പാദനം) ഏകദേശം 5.4 ശതമാനത്തിന് തുല്യമായ നഷ്ടം. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും സാധാരണയായി കോളനികളില്‍ കൂട്ടമായാണ് താമസിക്കുന്നത്. വേണ്ടത്ര വായുസഞ്ചാരമില്ലാത്ത വീടുകളിൽ, വൈദ്യുതിയോ വെള്ളമോ ശീതീകരണ സംവിധാനങ്ങളുടെ ലഭ്യതയോ അവര്‍ക്കുണ്ടാകാറില്ല. മാത്രമല്ല, അവരുടെ ഉപജീവനമാർഗം പലപ്പോഴും പുറത്തോ എയർകണ്ടീഷൻ ചെയ്യാത്ത ചുറ്റുപാടുകളിലോ ആയിരിക്കും. ഇത് ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. സമ്പന്നര്‍ക്ക് സാധാരണയായി ശീതീകരണ സാങ്കേതികവിദ്യ ലഭ്യമായിരിക്കും. കടുത്ത ചൂടിൽ വീടിനുള്ളിൽ തങ്ങുകയോ വേണമെങ്കില്‍ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് താൽക്കാലികമായി മാറുകയോ ചെയ്യാം. ഇത് അവരുടെ അപകടസാധ്യത കുറയ്ക്കുന്നു.
ദരിദ്രവിഭാഗങ്ങൾക്കിടയിലെ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെയും മരണങ്ങളുടെയും ഉയർന്നനിരക്ക് ഈ അസമത്വം പ്രതിഫലിക്കുന്നു. അവർക്ക് പലകാരണങ്ങളാല്‍ ഉയർന്നചൂടില്‍ ദീർഘനേരം കഴിയേണ്ടിവരുന്നു. നഗരത്തിലെ ‘ഹീറ്റ് ഐലൻഡ് ഇഫക്ട്’ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. തിരക്കേറിയ നഗരപ്രദേശങ്ങളുടെ സമീപത്തെ പാവപ്പെട്ടവരുടെ ചേരികളില്‍, ഗ്രാമീണ ചുറ്റുപാടുകളെക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുന്നു. സസ്യങ്ങളുടെ അഭാവവും കോൺക്രീറ്റ്, ടാര്‍ തുടങ്ങി ചൂട് ആഗിരണം ചെയ്യുന്ന വസ്തുക്കളുടെ സാന്ദ്രതയും പ്രദേശങ്ങളിലെ ഉയർന്ന താപനിലയ്ക്ക് കാരണമാകുന്നു. ഈ ‘ഹീറ്റ് ഐലൻഡ്’ പ്രഭാവം, പച്ചപ്പ് കുറഞ്ഞ ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരില്‍ താപതരംഗങ്ങളുടെ ആഘാതം തീവ്രമാക്കുന്നു. സാമ്പത്തിക പരിമിതികളാൽ നട്ടംതിരിയുന്ന ചേരിനിവാസികള്‍ക്ക് ചൂട് കാരണം അധിക ആരോഗ്യ അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.
ഇന്ത്യയിലെ 85 ശതമാനം തൊഴിലാളികളും അനൗപചാരിക ജോലിക്കാരാണ്. അവർക്ക് തൊഴിൽ സംരക്ഷണം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയില്ല. പലപ്പോഴും മതിയായ സുരക്ഷാ നടപടികളില്ലാതെ ദുരിതപൂര്‍ണമായ തൊഴിൽ സാഹചര്യങ്ങൾ സഹിക്കുന്നു. ഇത് ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. നിർമ്മാണ‑കർഷകത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ അപകടസാധ്യത കൂടുതൽ സങ്കീർണമാണ്. തുറന്നസ്ഥലത്തും ഉയർന്ന ചൂടിലും ദീർഘനേരം ജോലി ചെയ്യേണ്ടിവരുന്ന ഈ തൊഴിലാളികൾക്ക്, പ്രധാനമായും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവർക്ക്, സംരക്ഷണ നടപടികളും മതിയായ വിശ്രമ സമയങ്ങളും ഇല്ല. ചൂടിന്റെ സമ്മർദവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും വലുതാണ്. സാമൂഹിക‑സാമ്പത്തിക നിലയും തൊഴിൽ സാഹചര്യങ്ങളും കാലാവസ്ഥാ ദുരന്തത്തിന്റെ ആഘാതങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നര്‍ത്ഥം.
ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) നടത്തിയ ഒരു പഠനം, ആരോഗ്യപരിരക്ഷാ ലഭ്യതയിലെ പരിമിതി പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ താപതരംഗങ്ങളുടെ ആരോഗ്യ ആഘാതങ്ങൾ വർധിപ്പിക്കുന്നതായി കണ്ടെത്തി. ഇത് ആരോഗ്യരംഗത്തെ കൂടിയ നിക്ഷേപങ്ങളുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, വൃദ്ധർ, മറ്റ് താഴ്ന്ന വരുമാനമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങൾക്ക് പലപ്പോഴും ചികിത്സാ സൗകര്യങ്ങളുടെയും ആരോഗ്യ സേവനങ്ങളുടെയും ലഭ്യത പരിമിതമാണ്. ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള ചികിത്സയിലെ കാലതാമസം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോര്‍ട്ട് പ്രകാരം, അസംഘടിത മേഖലയില്‍ സാമൂഹിക സംരക്ഷണത്തിന്റെയും തൊഴിലവകാശങ്ങളുടെയും അഭാവം ഈ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു. സമഗ്രമായ നയ നടപടികളിലൂടെ ഈ പോരായ്മ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രതികൂല തൊഴിൽ സാഹചര്യങ്ങള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമപ്പുറം പൊതുസ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പഠനത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. ഇത്തരം സ്കൂളുകൾക്കും കോളജുകൾക്കും സർവകലാശാലകൾക്കും കഠിനമായ ചൂടിൽ, സുരക്ഷിതമായ പഠനാന്തരീക്ഷമൊരുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. മതിയായ എയർ കണ്ടീഷനിങ്ങും ശരിയായ വായുസഞ്ചാരവുമില്ലാതെ, ക്ലാസ്‌മുറികളിലെ അസഹനീയമായ ചൂട് വിദ്യാർത്ഥികളുടെ ശ്രദ്ധയെ തടസപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസ സൗകര്യങ്ങളെ ആശ്രയിക്കുന്ന താഴ്ന്ന സാമൂഹിക‑സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളെയാണ് ഈ സാഹചര്യം ബാധിക്കുന്നത്. അസഹ്യമായ ചൂട്, ഹാജര്‍ നില കുറയുക, തുടര്‍പഠനം തടസപ്പെടുക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
താപ തരംഗങ്ങൾ വൈജ്ഞാനിക പ്രവർത്തനത്തെ തടസപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനത്തെ കുറയ്ക്കുന്നു. പൊതുസ്ഥാപനങ്ങളിലെ ശീതീകരണ സൗകര്യങ്ങളുടെ അഭാവം, വ്യത്യസ്ത സാമൂഹിക‑സാമ്പത്തിക സമൂഹങ്ങള്‍ തമ്മിലുള്ള വിദ്യാഭ്യാസ വിടവ് വർധിപ്പിക്കുന്നു. പരീക്ഷാ കാലയളവിലാണ് പ്രശ്നം വർധിക്കുക. കടുത്ത ചൂടില്‍ പരീക്ഷയെഴുതുന്നതിന്റെ സമ്മർദവും ശാരീരിക അസ്വാസ്ഥ്യവും കുറഞ്ഞ മാര്‍ക്കിനും പരാജയനിരക്ക് വർധനയ്ക്കും ഇടയാക്കും. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികള്‍ക്കുണ്ടാകുന്ന ഈ പോരായ്മ, വിദ്യാഭ്യാസ‑സാമൂഹിക‑സാമ്പത്തിക അസമത്വത്തിന്റെ വിടവ് നിലനിര്‍ത്തുകയും ചെയ്യുന്നു.
താപനില ഉയരുമ്പോൾ, ഭരണകൂടങ്ങളും ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പ് നൽകാറുണ്ട്. കൗതുകകരമായ വസ്തുത, ഈ മുന്നറിയിപ്പുകളും സമൂഹത്തിലെ അസമത്വങ്ങളെ ചൂണ്ടിക്കാണിക്കുന്നുവെന്നതാണ്. ഈ നിർദേശങ്ങളിൽ ഏറ്റവും സാധാരണമായത് ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിലുള്ള സൂര്യപ്രകാശം ഒഴിവാക്കുകയെന്നതാണ്. ഇളം നിറമുള്ള, അയഞ്ഞ പരുത്തിവസ്ത്രങ്ങൾ ധരിക്കുക, പതിവായി വെള്ളം കുടിക്കുക, വീട്ടിലുണ്ടാക്കുന്ന പാനീയങ്ങൾ ഉപയോഗിച്ച് ജലാംശം നിലനിർത്തുക, അസ്വസ്ഥത തോന്നിയാല്‍ ഉടൻ ഡോക്ടറെ സമീപിക്കുക, കൂടാതെ കർട്ടനുകളും ഷട്ടറുകളും കൊണ്ട് വീടിനെ ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുക എന്നിവയാകും നിര്‍ദേശങ്ങള്‍. ഇവയില്‍ മിക്കവയും ദരിദ്രർക്കും തൊഴിലാളിവർഗത്തിനും പൂര്‍ണമായി സ്വീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ശുപാർശകൾ പ്രയോജനകരമാണെങ്കിലും, മെട്രോ പൊളിറ്റൻ പ്രദേശങ്ങളിലെ വിവിധ സാമൂഹിക‑സാമ്പത്തിക സമൂഹങ്ങളുടെ പ്രശ്നങ്ങളെ യാഥാർത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുന്ന തരത്തില്‍ രൂപപ്പെടുത്തേണ്ടതുണ്ട്.
നയങ്ങളും ഇടപെടലുകളും കൂടുതൽ പേര്‍ക്ക് സ്വീകാര്യമായതും ഉൾക്കൊള്ളാവുന്നതുമായ പരിഹാരങ്ങൾ നൽകുന്നതാവണം. തെരുവ് കച്ചവടക്കാർക്കായി തണലുള്ള പ്രദേശങ്ങൾ നിര്‍മ്മിക്കുക, ചേരികളിൽ ജലവിതരണം ഉറപ്പാക്കുക, ആരോഗ്യ സംരക്ഷണ ലഭ്യത മെച്ചപ്പെടുത്തുക, ചൂട് പ്രതിരോധിക്കുന്ന ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്നിവയുണ്ടാകണം. സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, നിർബന്ധിത ഇടവേളകൾ, ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ തൊഴിലാളികൾക്ക് സംരക്ഷണത്തിനുള്ള സംവിധാനം എന്നിവ വേണം. മൊബൈൽ ഹെൽത്ത് ക്ലിനിക്കുകൾ, തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണ ചെലവുകളില്‍ സബ്‌സിഡി, ഉഷ്ണതരംഗങ്ങളിൽ, പ്രത്യേകിച്ച് താഴ്ന്നവരുമാനക്കാരുടെ പ്രദേശങ്ങളിൽ ദ്രുതഗതിയിലുള്ള സഹായത്തിന് അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവയും ശക്തിപ്പെടുത്തണം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നീതിപൂർവകമായ നടപടി, പാർശ്വവൽക്കൃത സമൂഹങ്ങളിലെ പ്രതികൂല ഫലങ്ങൾ ഗണ്യമായി കുറയ്ക്കുകയും, പ്രതിരോധശേഷിയും സുസ്ഥിരതയും വളർത്തുകയും ചെയ്യും. അനൗപചാരിക തൊഴിൽ ചെയ്യുന്നവരുൾപ്പെടെ, ഏറ്റവും ദുർബലരായവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ, മാറുന്ന കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയും.
(അവലംബം: ന്യൂസ് ക്ലിക്ക്)